Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightനോമ്പ് കാലത്ത്...

നോമ്പ് കാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങൾ

text_fields
bookmark_border
നോമ്പ് കാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങൾ
cancel

റമദാൻ വ്രതം തുടങ്ങിക്കഴിഞ്ഞു. ജോലിത്തിരക്കിനിടയിലും ഉപവാസം അനുഷ്ഠിക്കുക എന്നത് മിക്കവർക്കും ശീലമായിക്കഴിഞ്ഞിട്ടുണ്ടാകും. വേനലിലെ ചൂടുള്ള പകലുകൾ ചിലരെയെങ്കിലും ക്ഷീണിപ്പിച്ചിട്ടുണ്ടാകും. ജീവിതശൈലി രോഗങ്ങളും ഗുരുതര രോഗങ്ങളുള്ളവരും നോമ്പെടുക്കുന്നവരിലുമുണ്ടാകും. അതിനാൽതന്നെ ആരോഗ്യകരമായ ഉപവാസമാണ് വേണ്ടത്. അതിനായി ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കാം.

പ്രഭാതത്തിന് മുമ്പുള്ള അത്താഴം ഒഴിവാക്കരുത്

നോമ്പുതുറവരെ ക്ഷീണം ഒഴിവാക്കാൻ അത്താഴം അനിവാര്യമാണ്. നോമ്പുതുറവരെ കൂടുതൽ സമയം പോഷകവും ഊർജവും പ്രദാനം ചെയ്യാൻ അത്താഴത്തിനാകും. മാത്രമല്ല വിശപ്പിനെത്തുടർന്ന് നോമ്പുതുറ സമയത്തെ അധികഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും നോമ്പാരംഭത്തിന് മുമ്പുള്ള ഭക്ഷണത്തിനാകും. നോമ്പ് തുറ സമയത്തെ അമിതഭക്ഷണം ശരീര ഭാരം വർധിപ്പിക്കാനിടയാക്കും.

അമിത ഭക്ഷണം അരുത്

നോമ്പുതുറയിൽ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് ഒരുക്കേണ്ടത്. കൂടാതെ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ദഹന തടസ്സത്തിനും ശരീരഭാരത്തിനും കാരണമാകാം. നിങ്ങളുടെ ഓരോ ഭക്ഷണവും സമയമെടുത്ത് കഴിക്കുകയും വേണം.

ഉപ്പും മധുരവും അമിതമായതും, എണ്ണയിൽ വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക

അനാരോഗ്യകരമായ ശരീരഭാരം കൂടാതെ, കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ പൊതുവിൽ ശരീരത്തിെൻറ പ്രവർത്തനങ്ങളിലെ മന്ദതയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു. ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക, പ്രത്യേകിച്ച് അത്താഴ സമയത്ത്. ഇത് ദാഹം വർധിപ്പിക്കാനിടയാകും. പകരം, എല്ലാ ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങളും നാരടങ്ങിയ ഭക്ഷണങ്ങളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുകയും വേണം.

വെള്ളം കൂടുതലായി കുടിക്കുക

നോമ്പുതുറക്കും പ്രഭാത ഭക്ഷണത്തിനുമിടയിൽ കഴിയുന്നത്ര വെള്ളം കുടിക്കുക, നോമ്പുകാലത്ത് ഡിഹൈഡ്രേഷൻ (നിർജ്ജലീകരണം) ഉണ്ടാകാൻ സാധ്യത വളരെയേറെയാണ്. അതിനാൽ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് ദ്രവ പദാർത്ഥങ്ങൾ കുടിക്കാൻ ശ്രമിക്കുക.


ജ്യൂസ്, പാൽ, സൂപ്പ് എന്നിവ ഇതിൽ ഉൾപ്പെടുത്താം. കാപ്പി, ചായ തുടങ്ങിയ കഫീൻ പാനീയങ്ങൾ പരമാവധി ഒഴിവാക്കണം. കാരണം ഇവ ശരീരത്തിലെ ധാതു-ലവണ നഷ്ടത്തിനിടയാക്കും.

അനിവാര്യമായ ഭക്ഷ്യ വിഭവങ്ങൾ

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ഉപവാസസമയത്ത് അവശ്യവസ്തുക്കളായതിനാൽ ഇവ മലബന്ധം തടയാൻ സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോകെമിക്കലുകളും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ ആഹാരം കഴിക്കുമ്പോളൊക്കെ പച്ചക്കറിയും പയവർഗങ്ങളും ഉൾപ്പെടുത്തേണ്ടതുമുണ്ട്. നോമ്പ് തുറക്ക് ആരംഭത്തിൽ കഴിക്കുന്ന ഈന്തപ്പഴം മികച്ച ഊർജ്ജദായക ഫലമാണ്. മാത്രമല്ല അവയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പേശികളും നാഡികളും നന്നായി പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു. ഈന്തപ്പഴത്തിൽ പഞ്ചസാരയുടെ അംശം കൂടുതലായതുകൊണ്ടുതന്നെ അമിതോപയോഗം നല്ലതുമല്ല.

അരിയോ അതുപോലുള്ള ഭക്ഷണ പദാർത്ഥങ്ങളോ

ധാരാളം ഫൈബർ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളായ തവിട്ട് അരി (ബ്രൗൺ റൈസ്), ഉണക്കല്ലരി, അവകൊണ്ടുണ്ടാക്കിയ ബ്രഡ് എന്നിവ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ ഉർജ്ജം കൂടുതൽ സമയം ശരീരത്തിന് നൽകാൻ സഹായകമാണ്.

മാംസവും ഇതര ഭക്ഷണങ്ങളും

ചിക്കൻ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ശരീര കോശങ്ങളുടെ പോഷണത്തിനും പുനർനിർമാണത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു. ഉയർന്ന കാൽസ്യം അടങ്ങിയ പാലുൽപന്നങ്ങൾ കഴിക്കുന്നത് അസ്ഥികളുടെ ബലം നിലനിർത്താനും സഹായിക്കും.

പ്രമേഹവും ഉപവാസവും

മരുന്നുപയോഗിക്കുന്നവർ ഉപവസിക്കുന്നത് സുരക്ഷിതമാണോയെന്നും പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ തടയാൻ എന്ത് മുൻകരുതലുകൾ എടുക്കണമെന്നും സംബന്ധിച്ച് വൈദ്യോപദേശം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഭക്ഷണത്തിൽ കൂടുതൽ നാരടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതും എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ശരീരത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനു സഹായകമാകും.

പ്രമേഹമുള്ളവർ ആരോഗ്യം നിലനിർത്താൻ പോഷകാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയോടുകൂടിയ കാർബോഹൈഡ്രേറ്റുകളായ തവിട്ട് അരി, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ ശുദ്ധീകരിച്ച ഭക്ഷണപദാർഥങ്ങളേക്കാൾ മികച്ച ഓപ്ഷനുകളാണ്.

മധുരപലഹാരങ്ങൾ ഇഫ്താറിലെ ജനപ്രിയ വിഭവങ്ങളാകാം, പക്ഷേ രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കി വേണം ഇവ കഴിക്കാൻ. അതിനാൽ ഇവ കുറഞ്ഞ അളവിൽ ഭക്ഷിക്കുന്നതാണ് നല്ലത്. പ്രോട്ടീൻ നല്ല ഊർജ്ജ സ്രോതസ്സാണ്, കാരണം കാർബോഹൈഡ്രേറ്റിനേക്കാൾ ഇവ സാവധാനത്തിൽ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. വൃക്ക തകരാറിലായതിന്റെ ലക്ഷണങ്ങളുള്ള ആളുകൾ ഇവ കഴിക്കുംമുമ്പ് വൈദ്യോപദേശം തേടണം.

വൃക്കരോഗികൾ അറിയേണ്ടത്

റമദാൻ വേളയിൽ ഗുരുതര വൃക്കരോഗമുള്ളവർക്ക് (ക്രോണിക് കിഡ്നി ഡിസീസ്) പ്രത്യേക മാർഗ നിർദ്ദേശങ്ങളൊന്നുമില്ല. എന്നിരുന്നാലും, പ്ലാസ്മ ക്രിയാറ്റിൻ അളവ് ബേസ് ലെവലിനേക്കാൾ മുപ്പത് ശതമാനത്തിൽ കുടുതലുള്ള രോഗികളോ പൊട്ടാസ്യം, സോഡിയം അളവ് സീറത്തിൽ കാര്യമായ വ്യതിയാനങ്ങൾ ഉള്ള രോഗികളോ ഉപവാസം അവസാനിപ്പിക്കേണ്ടതുണ്ട്. ഉപവാസമനുഷ്ഠിക്കുന്ന രോഗികൾ ആഴ്ചയിൽ രണ്ട് തവണ ആരോഗ്യനില പരിശോധിക്കുന്നത് ഉചിതമാണ്. കൂടാതെ, ശരീരഭാരം കൂടുന്ന അവസ്ഥ ( ബേസ്ലൈനിൽ നിന്ന് രണ്ട് കിലോ കൂടുതൽ), നീര്, ശ്വാസംമുട്ടൽ, തലകറക്കം, അനോറെക്സിയ അല്ലെങ്കിൽ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുകയും വേണം.

നോമ്പ് തുറ സമയത്ത്, പൊട്ടാസ്യം, ഫോസ്ഫറസ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും വെള്ളം കുടിക്കുന്നതും സംബന്ധിച്ച് ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശം തേടണം. ഡോക്ടറുടെയോ ന്യൂട്രീഷ്യനിസ്റ്റിെൻറയോ ഉപദേശപ്രകാരം വേണം നോമ്പ് അനുഷ്ഠിക്കാൻ.

സന്ധ്യ സുരേഷ്, ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ്, മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fastingRamadan
News Summary - Eating habits during fasting
Next Story