വാത രോഗികൾക്ക് ശീലമാക്കാൻ 10 ഭക്ഷണങ്ങള്‍
text_fieldsസന്ധികളിലുണ്ടാകുന്ന വീക്കത്തെയാണ് ആര്‍ത്രൈറ്റിസ് അഥവാ വാതം എന്നു പറയുന്നത്. പനി പോലെ രോഗ ലക്ഷണമാണ് ഇതും. വിവിധ സന്ധി രോഗങ്ങളുടെ സൂചനയാണിത്. പ്രായഭേദമന്യെ ആര്‍ക്കും ആര്‍ത്രൈറ്റിസ് വരാം. കേരളത്തില്‍ സാധാരണയായി കണ്ടുവരുന്നത് ആമവാതവും (റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്), സന്ധിവാതവും (ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്) ആണ്.
ഭാഗ്യവശാല്‍ ഭക്ഷണത്തിലൂടെയുള്ള രോഗനിയന്ത്രണം വാതത്തിലും സാധ്യമാണ്. പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാവില്ലെങ്കിലും രോഗാവസ്ഥ ലഘൂകരിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. മാംസാഹാരം ഒഴിവാക്കി സസ്യാഹാരം ശീലമാക്കുന്നതും പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുന്നതും പ്രൊബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതും വാതം കുറയ്ക്കാന്‍ സഹായകമാകുന്നു. കൂടാതെ, ചില ഭക്ഷണങ്ങള്‍ ശീലമാക്കുന്നതും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും വാത സംബന്ധിയായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. അവയെക്കുറിച്ച് അറിയാം...
1. ഒലീവ് ഓയില്‍
അണുബാധ പ്രതിരോധിക്കാന്‍ ഒലീവ് ഓയില്‍ വളരെ നല്ലതാണ്. വാതത്തെ പ്രതിരോധിക്കാനും സന്ധികളിലെ വീക്കം കുറയ്ക്കാനും എല്ലുകളുടെ തേയ്മാനവും അണുബാധയും കുറയ്ക്കാനും ഒലീവ് ഓയലിന്‍റെ ഉപയോഗം സഹായിക്കുമെന്ന് പഠനങ്ങളില്‍ കാണുന്നു.
2. മുന്തിരി
മുന്തിരി പോഷക സമൃദ്ധവും രോഗപ്രതിരോധ ശേഷിയുള്ളതുമാണ്.
ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കാനും മുന്തിരിക്കാകും. ഓക്‌സീകരണത്തെ തടയുന്ന പലതരം ഘടകങ്ങള്‍ മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് റിസ് വെറാട്രോള്‍ എന്ന ഘടകം മുന്തിരിയില്‍ കാണപ്പെടുന്നു.
3. സ്പിനാച്
സ്പിനാചില്‍ അടങ്ങിയ പോഷകങ്ങളില്‍ ചിലത് അണുബാധ പ്രതിരോധിക്കും. ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കുന്ന ഘടകങ്ങള്‍ കേംപ്‌ഫെറോള്‍ (Kaempferol) സ്പിനാചില്‍ അടങ്ങിയിരിക്കുന്നു.
4. ബെറീസ്
ധാരാളം ആന്റിഓക്‌സിഡന്‍സും വിറ്റാമിന്‍സും ധാതുക്കളും നിറഞ്ഞതാണ് ബെറീസ്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ബെറീസ് കഴിക്കുന്നവരില്‍ വാതത്തിന്റെ കാഠിന്യം കുറയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ശീലമാക്കുന്നത് വാതസംബന്ധിയായ അണുബാധ പ്രതിരോധിക്കാന്‍ സഹായകമാകുന്നു.
5. വാല്‍നട്ട്‌സ്
വാല്‍നട്ട്‌സില്‍ ഒമേഗ-3-ഫാറ്റി ആസിഡ് വളരെ കൂടുതലാണ്. ഇത് വാതസംബന്ധമായ രോഗലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു.
6. ബ്രൊക്കോളി
അണുബാധ കുറയ്ക്കുന്നതില്‍ ബ്രൊക്കോളിക്ക് പ്രധാന പങ്കുണ്ട്.
ബ്രൊക്കോളിയില്‍ അടങ്ങിയ സള്‍ഫൊറാഫേന്‍ (sulphoraphane) എന്ന ഘടകം വാതരോഗം കുറയ്ക്കുന്നു.
7. ഇഞ്ചി
ഇഞ്ചിയുടെ ഉപയോഗം സന്ധികളിലെ അണുബാധ കുറയ്ക്കാനും സന്ധികള്‍ ആയാസരഹിതമാക്കാനും സഹായിക്കുന്നു.
8. വെളുത്തുള്ളി
വിവിധ പഠനങ്ങളില്‍ വെളുത്തുള്ളിക്ക് സന്ധികളിലെ അണുബാധ കുറയ്ക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
9. മത്സ്യം
മത്തി (ചാള), അയല തുടങ്ങിയ കൊഴുപ്പുള്ള ചില മത്സ്യങ്ങളില്‍ ഒമേഗ-3-ഫാറ്റി ആസിഡും വിറ്റാമിന്‍-ഡിയും അടങ്ങിയിട്ടുണ്ട്. വാതസംബന്ധമായ രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇത് രണ്ടും സഹായിക്കുന്നു.
10. ഗ്രീന്‍ ടീ
ഓക്‌സീകരണം കുറയ്ക്കുന്ന ഘടകങ്ങള്‍ ഉള്ളതിനാല്‍ ഗ്രീന്‍ടീക്ക് ആമവാതത്തിന്‍റെ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.