വെജിറ്റബിൾ മുട്ടയുമായി ഡൽഹി ഐ.ഐ.ടി; ബീഫും മട്ടണും പിന്നാലെ എത്തും
text_fieldsന്യൂഡൽഹി: വെജിറ്റബിൾ മുട്ട വികസിപ്പിച്ചെടുത്ത് ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. മു ട്ടക്ക് പിന്നാലെ വെജിറ്റബിൾ ബീഫ്, മട്ടൺ, ചിക്കൻ തുടങ്ങിയവയും ഉടൻ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണിവർ. യഥാർഥ മു ട്ടയുടെയും ഇറച്ചിയുടെയും അതേ രുചിയാണ് ഇവക്കുണ്ടാവുകയെന്നും പ്രകൃതിസൗഹൃദപരമായ ആരോഗ്യശീലത്തിന് ഈ ഉൽപന്നങ്ങൾ വഴിയൊരുക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ചെറുപയറിൽ നിന്ന് ഉൽപ്പാദിപ്പിച്ച വെജിറ്റബിൾ മുട്ട 21ന് നടക്കുന്ന വാർഷിക ചടങ്ങിൽ പ്രദർശിപ്പിക്കും. സെന്‍റർ ഫോർ റൂറൽ ഡെവലപ്മെന്‍റ് ആൻഡ് ടെക്നോളജിയിലെ അസി. പ്രഫസർ കാവ്യ ദശോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
‘വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക് മാറാൻ ശ്രമിക്കുന്നവർക്ക് ഇറച്ചി ഒഴിവാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. മാംസത്തിന്‍റെ രുചിയും പ്രോട്ടീൻ മൂല്യവും പ്രധാനപ്പെട്ടതാണ്. എന്നാൽ, ഇവ രണ്ടും ഉറപ്പുവരുത്തിക്കൊണ്ടാണ് ഞങ്ങൾ പുതിയ ഉൽപ്പന്നങ്ങളിലേക്കെത്തിയത്. മുട്ടയ്ക്കായി പ്രോട്ടീൻ ഐസൊലേഷൻ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. എക്സ്ട്രൂഷനിലൂടെയാണ് കൃത്രിമ മാംസം സൃഷ്ടിക്കുന്നത്’ -കാവ്യ ദശോറ പറഞ്ഞു.
യഥാർഥ മുട്ടയുടേയും മാംസത്തിന്‍റെയും വിലയേ ഇവക്ക് ഉണ്ടാകൂവെന്ന് ഗവേഷകർ പറയുന്നു. കൊളസ്ട്രോൾ രഹിതമായ ഭക്ഷണമാവും ഇവ. മൃഗങ്ങളിൽ നിന്ന് പകരുന്ന അസുഖങ്ങളെ കുറിച്ചും ഭയക്കേണ്ടതില്ല. മൃഗങ്ങളോടുള്ള ക്രൂരതയും ഇതുവഴി തടയാനാവുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
ഐ.ഐ.ടിയിലെ ഗവേഷകർ ഒരു വർഷമായി വെജിറ്റബിൾ മുട്ടയും ഇറച്ചിയും ഉൽപ്പാദിപ്പിക്കാനുള്ള ഗവേഷണത്തിലാണ്. ഇവരുടെ വെബ്സൈറ്റിലൂടെ വെജിറ്റബിൾ മുട്ട, വെജിറ്റബിൾ പനീർ എന്നിവ വാങ്ങാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.