കീറ്റോ ഡയറ്റ് ഗുണമോ ദോഷമോ?
text_fieldsകുറെ കാലങ്ങൾക്കുശേഷം കഴിഞ്ഞദിവസം ഒരുസുഹൃത്തിനെ കാണാനിടയായി. കണ്ടാൽ ആകെ ഒരു വ്യത്യാസം. പണ്ട് തടിയുണ്ടായിരുന്നതാണ്. ഇപ്പോൾ മെലിഞ്ഞിരിക്കുന്നു. ഇഷ്ടമുള്ളതെല്ലാം കഴിച്ച് ശരീരഭാരം കുറച്ച കീറ്റോ ഡയറ്റിനെക്കുറിച്ചായി വാതോരാതെ അവളുടെ സംസാരം. കേൾക്കുമ്പോൾ ആർക്കും പിന്തുടരാൻ തോന്നും. കാരണം വിശപ്പ് സഹിക്കാതെ ശരീര ഭാരം കുറയ്ക്കാമെന്നത് ആരെയും മോഹിപ്പിക്കുമല്ലോ.
എന്താണ് കീറ്റോഡയറ്റ് അഥവാ എൽ.സി.എച്ച്.എഫ് ഡയറ്റ്?
ലളിതമായി പറഞ്ഞാൽ അന്നജത്തിന്‍റെ അളവ് വളരെ കുറവുള്ള ഒരു ഭക്ഷണരീതിയാണിത്. ഈ ഭക്ഷണരീതിയിൽ ശരീര ഉർജ്ജത്തിന്‍റെ 70-75 ശതമാനം കലോറി കൊഴുപ്പിൽനിന്നും 15-20 ശതമാനം മാംസ്യത്തിൽ നിന്നും 5-10 ശതമാനം അന്നജത്തിൽ നിന്നുമാണ്. (സാധാരണ ഭക്ഷണത്തിൽ 50-60 ശതമാനം ഊർജ്ജം അന്നജത്തിൽ നിന്നും 15-20 ശതമാനം മാംസ്യത്തിൽ നിന്നും ബാക്കി കൊഴുപ്പിൽനിന്നുമാണ്.) കീറ്റോ ഡയറ്റിൽ നിത്യേനയുള്ള അന്നജത്തിന്‍റെ ഉപയോഗം 50 ഗ്രാമിൽ താഴെയായിരിക്കും. 1970 കളിലാണ് ഈ ഭക്ഷണരീതിക്ക് പ്രചാരം കൂടിയത്. പണ്ട് അപസ്മാരമുള്ളവരിൽ പരീക്ഷിച്ചിരുന്ന ഈ ഭക്ഷണരീതി അവരുടെ ശരീരഭാരം കുറച്ചതായി തെളിഞ്ഞിരുന്നു.
എന്താണ് കീറ്റോസിസ്?
ശരീരത്തിന് ആവശ്യത്തിന് അന്നജം ലഭിക്കാതെവരുമ്പോൾ ഉണ്ടാവുന്ന ഒരു സാധാരണ പ്രക്രിയയാണ് കീറ്റോസിസ്. സാധാരണ ഭക്ഷണക്രമത്തിൽ ശരീരം വിഘടിച്ചുണ്ടാകുന്ന ഗ്ലൂക്കോസിനെയാണ് ശരീരകോശങ്ങൾ ഊർജോൽപാദനത്തിന് ഉപയോഗിക്കുന്നത്. തലച്ചോറിനൊക്കെ ഗ്ലൂക്കോസിനെ മാത്രമാണ് ഉപയോഗിക്കാനാവുക. ഭക്ഷണത്തിൽ അന്നജം കുറയുമ്പോൾ കരളിൽവച്ച് കൊഴുപ്പിനെ വിഘടിച്ച് ഫാറ്റി ആസിഡുകളും കീറ്റോൺ ബോഡികളും ഉണ്ടാവുന്നു. കീറ്റോൺ ബോഡികളാണ് ഊർജോൽപ്പാദനത്തിന് ഉപയോഗിക്കുന്നത്. ഇതുതന്നെയാണ് കീറ്റോഡയറ്റിലും സംഭവിക്കുന്നത്.
ശരീരഭാരം കുറയുന്നതെങ്ങനെ?
ഇതിന്ശരിയായ വിശദീകരണം നൽകാൻ ബുദ്ധിമുട്ടാണെങ്കിലും സഹായിക്കുന്ന ചില ഘടകങ്ങൾ പറയാനാകും. മാംസ്യം, കൊഴുപ്പ് തുടങ്ങിയവ കൂടുതലുള്ള ഭക്ഷണത്തിന്‍റെ ദഹനം പതുക്കെയായതിനാൽ വിശപ്പ്കുറയ്ക്കാൻ സഹായിക്കും. അന്നജം അടങ്ങിയ ഭക്ഷണം പെട്ടെന്ന് ദഹിക്കുന്നതിനാൽ പെട്ടെന്ന് വിശക്കും. പ്രോട്ടീനും കൊഴുപ്പും ഉളള ഭക്ഷണം കുറഞ്ഞ അളവിൽ തന്നെ തൃപ്തി നൽകുന്നു എന്നത് ഉപയോഗിക്കുന്ന മൊത്തം കലോറികുറയ്ക്കാൻ സഹായിക്കുന്നു. കൊഴുപ്പും മാംസ്യവും കൂടുതൽ ഊർജം നൽകും എന്നുമാത്രമല്ല ഇവയിൽനിന്നും ഊർജം ഉൽപാദിപ്പിക്കുവാൻ കൂടുതൽ ഊർജം ഉപയോഗിക്കേണ്ടിവരും എന്നതും ഗുണകരമാണ്.
ഡയറ്റിൽ എന്തൊക്കെ?
കൊഴുപ്പുകളും എണ്ണയും: പ്രകൃതിദത്തമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പുകൾ. പൂരിത/അപൂരിത കൊഴുപ്പുകൾ. ബട്ടർ, വെളിച്ചെണ്ണ, മുട്ടയുടെ മഞ്ഞ.
മാംസ്യം: പ്രോട്ടീൻ കൂടുതലുള്ള മൽസ്യം, റെഡ് മീറ്റ്, മുട്ടയുടെ വെള്ള, ചിക്കൻ, കൊഴുപ്പു കൂടിയ മീനുകൾ.
പച്ചക്കറികൾ: കിഴങ്ങു വർഗ്ഗങ്ങൾ ഒഴിവാക്കി ഇലവർഗങ്ങൾ. മധുരമുള്ള പഴങ്ങൾ കീറ്റോ ഡയറ്റിൽ ഇല്ല.
പാലും പാലുൽപ്പന്നങ്ങളും: അന്നജം കുറഞ്ഞ പാലുൽപന്നങ്ങൾ, മയോനൈസ്, ചീസുകൾ.
പാനീയങ്ങൾ: വെള്ളവും, അന്നജം കുറഞ്ഞ മറ്റു പാനീയങ്ങളും. ചായ, കാപ്പി, ജ്യൂസുകൾ കീറ്റോ ഡയറ്റിൽ ഇല്ല.
കഴിക്കാൻ പറ്റാത്തവ: അരി, ഗോതമ്പ്, രാഗി, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ, കപ്പ, ഉരുള കിഴങ്ങ്, മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങു വർഗങ്ങൾ, മധുരമുള്ള പഴങ്ങൾ, പഞ്ചസാര തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന മുഴുവൻ ഭക്ഷണങ്ങൾ.
പ്രയോജനം
- ശരീരഭാരം അതിവേഗം കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് ഏറ്റവും പ്രയോജനം. പ്രത്യേകിച്ച് കുടവയർ കുറയ്ക്കാൻ സഹായിക്കും.
- ഇൻസുലിൻ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കും. അതുകൊണ്ട് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
- അപസ്മാരം, അൽഷിമേഴ്സ് രോഗം തുടങ്ങിയവ ഉളളവർക്ക് ഫലപ്രദമാണ്.
- തലച്ചോറിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.
പാർശ്വഫലങ്ങൾ
- ചിലരിൽ വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾകണ്ടുവരുന്നു.
- കായികക്ഷമത കുറയാൻ സാധ്യതയുണ്ട്.
- കീറ്റോ അസിഡോസിസിനുള്ള സാധ്യതയുണ്ട്.
- അവശ്യപോഷകങ്ങളുടെ കുറവിനും സാധ്യത.
- പേശീപിണ്ഡം കുറയാൻ കാരണമാകാം.
- ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകാം.
- ശരീരത്തിന്‍റെ മെറ്റബോളിസം കുറയ്ക്കും.
- ക്ഷീണം, പേശീപിടിത്തം എന്നിവയ്ക്കുകാരണമാകാം.
- ശരീരത്തിലെ ജലാംശം കുറയുന്നതുകൊണ്ട് വൃക്കകൾക്ക് ദോഷകരമാവാം.
- സസ്യാഹാരികൾക്ക്പിന്തുടരാൻ ബുദ്ധിമുട്ടാണ്.
- നിർത്തിക്കഴിഞ്ഞാൽ ശരീരഭാരം വീണ്ടെടുക്കാം.
ഭാരംകുറയാൻ സഹായകമാണെങ്കിലും ദീർലകാലമായി ഈ രീതി പിന്തുടർന്നാലുണ്ടാകുന്ന ദോഷവശങ്ങൾ പഠന വിധേയമാക്കിയിട്ടില്ല എന്നതാണ് പ്രധാന ന്യൂനത. അധികമായാൽ അമൃതും വിഷം എന്നാണല്ലോ. കൂടിയ അളവിലുള്ള കൊഴുപ്പ് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളായാനാവില്ല. വൃക്കകളുടെ പ്രവർത്തനത്തെയും ഭോഷകരമായി ബാധിക്കാം എന്നും പഠനം പറയുന്നു.
കരളിൽകൊഴുപ്പടിഞ്ഞ് കരൾ രോഗ സാധ്യത വർധിപ്പിക്കുന്നതായും ചിലപഠനങ്ങൾ പറയുന്നു. ദീർഘകാലം ഭാരക്കുറവ് നിലനിർത്താൻ കീറ്റോ ഡയറ്റ് ഫലപ്രദമാണെന്നും സംശയാതീതമായി തെളിയിക്കപെട്ടിട്ടില്ല. ദീർഘകാലം ഈ ഭക്ഷണരീതി പിന്തുടർന്നാലുള്ള ദോഷവശങ്ങൾ അറിയാത്തതു തന്നെയാണ് ഇതിനു കാരണം. വളരെ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ശരീരഭാരം കുറയ്ക്കുന്നത് അത്രനല്ലതല്ല എന്നതും മറന്നുപോകരുത്.
പൂരിതകൊഴുപ്പുകൾ (Satured Fats) കൂടുതലായി ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പമില്ല എന്ന് കീറ്റോ ഡയറ്റുകാർ പറയുമെങ്കിലും ഗൈഡ് ലൈനുകൾ പ്രകാരം അതത്ര നല്ലതല്ല എന്നതാണ് വസ്തുത. അനുഭവങ്ങളും തെളിയിക്കുന്നത് അതാണ്. ഈ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന റെഡ് മീറ്റുകൾ പലതും അർബുദം വരുത്താവുന്നവയുമാണ്. ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്നതിനേക്കാൾ ആരോഗ്യകരമായ ഭക്ഷണം ശരിയായ അളവിൽ കഴിച്ച് ശരീരഭാരം ദീർലകാലത്തേക്ക് നിയന്ത്രിക്കുന്നതാണ് നല്ലതെന്ന കാര്യത്തിൽ സംശയമില്ല.
(സീനിയർ ഡയബറ്റോളജിസ്റ്റും സംസ്ഥാന ഹെൽത്ത് സർവീസിൽ മെഡിക്കൽ ഓഫീസറാണ് ലേഖിക)
drsheejasreenivaട@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.