ഭാരം കുറക്കാനും പ്രമേഹം ചെറുക്കാനും മൾട്ടി ഗ്രെയിൻ മാജിക്
text_fieldsഅമിതഭാരം?
പൊണ്ണത്തടി?
പ്രീ ഡയബെറ്റിസ്?
ഡയബെറ്റിസ്?
നിങ്ങളുടെ പ്രശ്‌നം ഇതിൽ ഏതു തന്നെ ആയാലും ഭക്ഷണത്തിൽ വരുത്തുന്ന ചില വിട്ടുവീഴ്ചകൾ കൊണ്ടു നല്ല മാറ്റം വരുത്താവുന്നതേയുള്ളു. ആവശ്യത്തിലേറെ ചോറും അരിപലഹാരങ്ങളും ചപ്പാത്തിയുമൊക്കെ അകത്താക്കുന്ന ശീലം മാറി പലതരം ധാന്യങ്ങളും പയർ വർഗ്ഗങ്ങളും ഉൾപ്പെടുത്തിയ പുതിയൊരു ഭക്ഷണ ശീലം രൂപപ്പെടുത്തിയാൽ മാറ്റം അത്ഭുതകരമാവും. കാരണം സിംപിൾ കാർബോഹൈഡ്രേറ്റുകളിൽ നിന്ന് കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളിലേക്കു മാറുമ്പോൾ ഗുണങ്ങൾ ഏറെയാണെന്ന് ഒരു പാട് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
നമ്മൾ ഉപയോഗിക്കുന്ന ഇന്നത്തെ അരി ഏറെയും തവിടു നീക്കിയതാണ്. ഗോതമ്പും സ്വന്തമായി പൊടിപ്പിച്ചില്ലെങ്കിൽ അതിലും തവിടിെൻറ അളവ് കുറവായിരിക്കും. തവിട് ഗുണമേറിയ നാരുകൾ നിറഞ്ഞതാണ്. അത് ഭക്ഷണത്തിെൻറ (glycemic index )GI കുറക്കാൻ സഹായിക്കും. കുറഞ്ഞ GI ഉള്ളവയാണ് മികച്ചത്. പതുക്കെ മാത്രം ദഹിക്കുകയും സാവധാനം രക്തത്തിലെ ഗ്ലൂക്കോസ് ഉയർത്തുകയും ചെയ്യുന്നവ.
ഒരു മൾട്ടി ഗ്രെയിൻ മാജിക്കൽ ഫോർമുല എന്നു പറയാവുന്ന തരത്തിൽ നമ്മുടെ പതിവ് പ്രാതൽ വിഭവങ്ങളെ മാറ്റിയെടുക്കാം. അതിെൻറ ഗുണം പരീക്ഷിച്ചറിയാം:
ചുമ്മാ തവിടില്ലാത്ത പച്ചരി കൊണ്ടോ ആട്ട കൊണ്ടോ മൈദാ കൊണ്ടോ ഒക്കെ തയാറാക്കുന്ന വിഭവങ്ങളെ മൾട്ടി ഗ്രെയ്‌ൻ വിഭവങ്ങൾ ആക്കുക. നാരുകൾ കൂടിയ ഭക്ഷണം വിശപ്പ് കുറയ്ക്കാൻ സഹായിക്കും.അതു കൊണ്ടു തന്നെ ഒരു ദിവസം ആകെ കഴിക്കുന്ന ഭക്ഷണത്തിെൻറ അളവ് കുറക്കാനാകും. അതു വഴി ഭാരം കുറഞ്ഞു വരാൻ ഇടയാകും. ഒപ്പം ചീത്ത കൊളെസ്റ്ററോൾ കുറയാനും ഇടയാക്കും.
ദോശക്കും ഇഡലിക്കും മാവ് തയാറാക്കാൻ ഉപയോഗിക്കുന്ന വെളുപ്പിച്ച പച്ചരിക്കു പകരം തവിടുള്ള ഉണക്കലരിയും, വെളുത്ത പുഴുക്കലരിക്ക് പകരം തവിടുള്ള പുഴുക്കലരിയും ഉപയോഗിച്ചുള്ള ഇഡലി. അതിനു ചന്തം കുറയും.പക്ഷേ നാവു പിണങ്ങിയാലും ശരീരം നിങ്ങളോടു നന്ദി പറയും.
പഴയ കാല വിഭവം ആയ അട ദോശയുടെ റെസിപ്പി പരിഷ്കരിച്ചു തയാറാക്കിയ ഈ ദോശ മാവു പരീക്ഷിക്കൂ. എന്നിട്ടു ഗ്ലൂക്കോസ് നിലയിൽ ഉണ്ടാക്കുന്ന മാറ്റം വിലയിരുത്തൂ.
മൾട്ടിഗ്രെയിൻ ദോശ
നാരുകളും പ്രോട്ടീനും നിറഞ്ഞ ആ ദോശയുടെ ചേരുവ പറയാം.
- അര ഗ്ലാസ് കടല,അര ഗ്ലാസ് ചെറുപയർ,അര ഗ്ലാസ് മുതിര,കാൽ ഗ്ലാസ് തവിടുള്ള അരി,കാൽ ഗ്ലാസ് ഗോതമ്പ്/ സൂചി ഗോതമ്പു നുറുക്ക്, 2 ടേബിൾ സ്പൂൺ റാഗി , 2 ടേബിൾ സ്പൂൺ ഉലുവ എന്നിവ എട്ടു മണിക്കൂറെങ്കിലും കുതിർത്തി ഒരുമിച്ചു അരച്ചെടുക്കുക.
- ഒരു ഗ്ലാസ് ഉഴുന്ന് കുതിർത്തിയത് വേറെ നന്നായി അരച്ച് ആദ്യം അരച്ച കൂട്ടിനൊപ്പം ചേർക്കുക.പുളിച്ചു പൊന്തിയ ശേഷം ഉപ്പും കായവും മഞ്ഞൾപ്പൊടിയും ചേർത്ത് ദോശ ചുടാം. ((ഗ്യാസ് അഥവാ അസിഡിറ്റി ഒഴിവാക്കാൻ ആണ് കായം ചേർക്കുന്നത്)
- ഇതിൽ ഇനിയും പല തരം പരിപ്പുകൾ ചേർക്കാം. എല്ലാം ഇല്ലെങ്കിലും കുഴപ്പമില്ല. അരിയും ഗോതമ്പും ചേർക്കാതെ കടല,ചെറുപയർ,ഉലുവ+ഉഴുന്ന് മാത്രമായി പോലും ആവാം.
- രാവിലെ ഇത്തരം ദോശയും നിറയെ പച്ചക്കറികൾ ഇട്ടു തയാറാക്കിയ സാമ്പാറും കഴിച്ചാൽ ആവശ്യത്തിന് അന്നജവും പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ പ്രാതൽ ആയി.
പതുക്കെ മാത്രം ദഹിക്കുക വഴി രക്തത്തിലേക്ക് കുറേശ്ശേ ഗ്ലൂക്കോസ് കടത്തി വിടുന്ന ഇത്തരം പ്രാതലുകൾ ആണ് വെളുത്ത ദോശ, പുട്ട്, ഇടിയപ്പം, അപ്പം എന്നിവയേക്കാളൊക്കെ മികച്ചത്. ദിവസം മുഴുവൻ വിശപ്പിനു നിയന്ത്രണം നൽകാൻ ഇത്തരമൊരു പ്രാതലിനു കഴിയും.
ചപ്പാത്തിക്കാണെങ്കിലും പല വിവിധ ധാന്യങ്ങൾ ചേർന്ന മൾട്ടി ഗ്രെയിൻ ആട്ട ആണ് മികച്ചത്. അപ്പവും പുട്ടും ഇടിയപ്പവുമൊക്കെ തവിടുള്ള അരിപ്പൊടി കൊണ്ടാവാം. തവിടുള്ള അരിപ്പൊടിയും ഗോതമ്പു പൊടിയും തുല്യമായി എടുത്തും ഉണ്ടാക്കാം. മൾട്ടിഗ്രെയിൻ ആട്ടയും തവിടുള്ള അരിപ്പൊടിയും തുല്യ അളവിൽ എടുത്തുണ്ടാക്കുന്ന പുട്ടും കടലക്കറിയും അല്പം വെജിറ്റബിൾ സലാഡും കൂടി പ്രാതലായി കഴിച്ചാൽ മികച്ച ഒരു പ്രാതൽ ആയി.
ഏതു നേരത്തെ ഭക്ഷണം ആവുമ്പോഴും അതിനൊപ്പം ആവശ്യത്തിന് പ്രോട്ടീൻ വിഭവങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ദിവസവും അല്പം പഴങ്ങളും കഴിക്കാൻ മറക്കണ്ട.വിറ്റാമിൻ സി കിട്ടാനായി പച്ചയായി കഴിക്കുന്ന പഴങ്ങളോ പച്ചക്കറികളോ കൂടിയേ തീരൂ. അതു കിട്ടിയാലേ നമ്മുടെ ഭക്ഷണത്തിലെ അയേൺ (ഇരുമ്പ്) ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടൂ. അയേൺ കിട്ടിയെങ്കിൽ മാത്രമേ വിളർച്ച (അനീമിയ) ഉണ്ടാകാതെ ഇരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.