നേരത്തെ കണ്ടെത്താം, ചികിത്സിക്കാം, പ്രതിരോധിക്കാം...
text_fieldsദിനം പ്രതി കാൻസർ രോഗികള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നാമറിയേണ്ട ഒരു പ്രധാന കാര്യമുണ്ട്; കാൻസർ തടയാവുന്ന രോഗമാണ്. ചികിത്സാരംഗത്ത് വന്ന പുരോഗതി മൂലം മാരകരോഗമെന്ന നിലയില്‍ നിന്ന് മാറ്റാവുന്ന രോഗമെന്ന നിലയിലേക്ക് കാൻസർ മാറിയിട്ടുണ്ട്. ക്രിക്കറ്റിന്‍റെ യുവത്വം യുവരാജ് സിങ്, പ്രിയ നടി മംമ്ത എന്നിവര്‍ രോഗം മാറിയതിനു തെളിവായി നമ്മുടെ മുന്നില്‍ തിളങ്ങുന്നു. രോഗത്തിനെതിരെ പൊരുതി ജീവിക്കുന്ന ഇന്നസെന്‍്റ് കാൻസറിനെ ഭയക്കാതിരിക്കാന്‍ നമുക്ക് പ്രേരണ നല്‍കും.
കാൻസർ തടയാവുന്ന രോഗമാണ്. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. ആഗോള തലത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വായിലെ കാന്‍സറിെൻറ 86 ശതമാനവും ഇന്ത്യയിലാണ് എന്നതാണ്. 2020 ഓടെ 70 ശതമാനം കാന്‍സറുകളും വികസ്വര-–അവികസിത രാജ്യങ്ങളിലായിരിക്കുമത്രേ. അതില്‍ അഞ്ചിലൊന്നും ഇന്ത്യയിലായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇന്ത്യയില്‍ കാണുന്ന പ്രധാന കാന്‍സറുകള്‍ വദനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം, സ്തനാര്‍ബുദം എന്നിവയാണ്. ഏറ്റവും രസകരം ഇവ വേഗത്തില്‍ കണ്ടത്തെി ചികിത്സിക്കാവുന്നതും പിടിപെടാനുള്ള സാധ്യത തന്നെ ഇല്ലാതാക്കാവുന്നവയുമാണ് എന്നതത്രേ. പക്ഷേ, ഗുരുതരാവസ്ഥയിലത്തെിയതിനു ശേഷമാണ് ചികിത്സ തേടി ആളുകള്‍ വരുന്നത്. ഇത് അര്‍ബുദമരണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്.
അര്‍ബുദം തടയാന്‍ പ്രധാനമായും വേണ്ടത് ബോധവത്കരണമാണ്. ലോകമൊട്ടുക്ക് ജനുവരി ഗർഭാശയഗള കാൻസർ ബോധവത്കരണമാസമായി ആചരിക്കുന്നു.
ഗര്‍ഭാശയഗള കാന്‍സര്‍
ഗർഭാശയത്തിനു താഴെയായി കാണുന്ന ഇടുങ്ങിയ ഭാഗമാണ് ഗർഭാശയഗളം. ഇന്ത്യന്‍ സ്ത്രീകളില്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍. വിദേശങ്ങളില്‍ മുന്‍കൂട്ടി ചികിത്സ നടത്തി രോഗം ബാധിക്കാനുള്ള സാധ്യത 70 ശതമാനം കുറച്ചുവെന്ന് പഠനങ്ങള്‍ പറയുന്നു.
പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന കാന്‍സറാണിത്.
- 16 വയസ്സാകുന്നതിനു മുമ്പ് ലൈംഗിക ബന്ധം തുടങ്ങിയവര്‍
- തനിക്കോ പങ്കാളിക്കോ ഒന്നിലധികം പങ്കാളികള്‍ ഉള്ളവര്‍
- ലൈംഗിക ശുചിത്വം സൂക്ഷിക്കാത്തവര്‍
- തുടരെത്തുടരെയുള്ള ഗര്‍ഭധാരണങ്ങളും അടുപ്പിച്ച പ്രസവങ്ങളും നടന്നവര്‍
എന്നിവര്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍ വരാന്‍ സാധ്യതയുണ്ട്.
രോഗ ലക്ഷണങ്ങൾ:
- രക്തം കലര്‍ന്ന വെള്ളപോക്ക്
- ക്രമം തെറ്റിയ ആര്‍ത്തവം
- ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വെള്ളപോക്ക്
- രക്തസ്രാവം എന്നിവ
എന്നാല്‍ കോശങ്ങളില്‍ കാൻസറിനു മുമ്പുണ്ടാകുന്ന വ്യതിയാനങ്ങള്‍ കണ്ടെത്തി രോഗം വരുന്നത് തടയാനാകുമെന്നതാണ് ഇതിെൻറ പ്രത്യേകത. പാപ് അല്ലെങ്കിൽ സ്മിയര്‍ ടെസ്റ്റ് എന്ന ലഘു പരിശോധന വഴിയാണ് ഇതു സാധ്യമാകുന്നത്. കാൻസർ കണ്ടെന്നുന്നതിനുള്ള പരിശോധനയാണിത്. മുപ്പതിനും അറുപതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധന നടത്തണം.
ഹ്യൂമന്‍ പാപ്പുലോമ വൈറസ് (എച്ച്. പി. വി) എന്ന വൈറസുകളാണ് രോഗകാരികള്‍. പുരുഷന്മാരിലും എച്ച്. പി. വി വൈറസ് കാണപ്പെടാറുണ്ടെങ്കിലും സ്ത്രീകളിലാണ് ഇത് രോഗകാരികളാവുന്നത്. ഗാര്‍ഡാക്സില്‍, സെര്‍വാക്സിസ് എന്നീ വാക്സിനുകള്‍ എച്ച്. പി. വി വൈറസിനെ പ്രതിരോധിക്കും. ആറുമാസത്തിനിടെ മൂന്നു തവണയായി എടുക്കേണ്ട ഇന്‍ജക്ഷനുകളാണിവ. ലൈംഗിക ബന്ധം തുടങ്ങുന്നതിനു മുമ്പ് സ്ത്രീകള്‍ ഈ പ്രതിരോധ വാക്സിന്‍ എടുക്കുന്നത് ഗര്‍ഭാശയഗള കാന്‍സര്‍ തടയുന്നതിന് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.