അണ്ഡാശയ മുഴകളും അണ്ഡാശയാർബുദവും
text_fieldsസ്ത്രീകളുടെ അണ്ഡാശയത്തിൽ പലതരത്തിലുള്ള മുഴകൾ ഉണ്ടാവാറുണ്ട്. മുഴകൾ പൊതുവെ രണ്ടുതരത്തിലുണ്ട്- അപകടകരമല്ലാത്തവയും അപകടകരമായ, അർബുദസാധ്യതയുള്ളവയും. അപകടകരമല്ലാത്ത മുഴകൾകൊണ്ട് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാവാറില്ല. അവ നീക്കംചെയ്താൽ രോഗം മാറുകയും ചെയ്യും. പക്ഷേ, അപകടകരമായ മുഴകൾ അർബുദമായി മാറുകയും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാനിടയുണ്ട്.
അപകടകരമല്ലാത്ത അണ്ഡാശയമുഴകൾ
ഇത്തരം അണ്ഡാശയമുഴകൾ വിവിധ തരത്തിലുള്ളതിനാൽ ഏത് പ്രായത്തിലും പ്രത്യക്ഷപ്പെടാം. ഇവക്ക് പലപ്പോഴും ലക്ഷണങ്ങളുണ്ടാവാറില്ല. ചില ലക്ഷണങ്ങൾ നിസ്സാരമായതോ മറ്റു രോഗലക്ഷണങ്ങളുമായി സാദൃശ്യമുള്ളതോ ആവാം. അതിനാൽ, രോഗം കണ്ടുപിടിക്കാൻ പലപ്പോഴും വൈകാറുണ്ട്.
ലക്ഷണങ്ങൾ: വയറ്റിൽ മുഴയാണ് ഏറ്റവുമധികം കാണപ്പെടുന്ന ലക്ഷണം. വയറ്റിൽ സമ്മർദമനുഭവപ്പെടുക, വയറുനിറഞ്ഞതുപോലെയോ വീർത്തതുപോലെയോ ഉള്ള തോന്നൽ, വയറിെൻറ വലുപ്പം കൂടുക, അരക്കുചുറ്റും വസ്ത്രം ഇറുക്കമുള്ളതാവുക, അടിവയറ്റിൽ ഭാരംപോലെ തോന്നുക, മലശോധനയിൽ ക്രമക്കേടുകൾ (ഉദാ: മലബന്ധം, ദഹനക്കേട്, ഒാക്കാനം, വയറ്റിൽ ഗ്യാസ് നിറയുക), വിശപ്പില്ലായ്മ, ഭക്ഷണം കുറച്ചു കഴിക്കുേമ്പാഴേക്കും വയറുനിറഞ്ഞ തോന്നൽ, മൂത്രമൊഴിക്കുന്നതിൽ ക്രമക്കേടുകൾ (ഉദാ: ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രം മൂത്രാശയത്തിൽ കെട്ടിക്കിടക്കുക), ആർത്തവ ക്രമക്കേടുകൾ (അമിത രക്തസ്രാവം, ആർത്തവമില്ലാതിരിക്കുക തുടങ്ങിയവ).
പുരുഷ ഹോർമോൺ ഉണ്ടാക്കുന്ന തരം മുഴകളാണെങ്കിൽ സ്ത്രീകളുടെ മുഖത്ത് പുരുഷന്മാരുടേതുപോലെ രോമം ഉണ്ടാവാം. കാലുകളിൽ നീര്, ശ്വാസതടസ്സം, വർധിച്ച നെഞ്ചിടിപ്പ്, നടക്കാൻ പ്രയാസം, വയറ്റിൽ നീര് എന്നിവയുമുണ്ടാകാം.
സങ്കീർണതകൾ: അണ്ഡാശയ മുഴകളിലൊന്നായ ഒാവേറിയൻ സിസ്റ്റ് പല സങ്കീർണതകളുമുണ്ടാക്കുകയും തദ്ഫലമായി രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാറുണ്ട്.
1. മുഴ സ്വയം ചുറ്റുക: മുഴ അതിെൻറ ഞെട്ടിലൂടെ സ്വയം ചുറ്റിത്തിരിയുന്നതിെൻറ ഫലമായി കടുത്ത വയറുവേദന, വയറ്റിൽ രക്തസ്രാവം, പഴുപ്പ്, വയറ്റിലെ മറ്റവയവങ്ങളുമായി ഒട്ടിച്ചേരുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം.
2. മുഴ പൊട്ടുക: മുഴ സ്വയം പൊട്ടുകയോ വയറ്റിലേൽക്കുന്ന ആഘാതംമൂലം പൊട്ടുകയോ ചെയ്യാം. തദ്ഫലമായി രക്തസ്രാവമുണ്ടാവാം.
സ്യൂഡോമിക്സോമ പെരിേട്ടാണിയം: അർബുദസ്വഭാവമുള്ള ചില മുഴകൾ പൊട്ടുേമ്പാൾ അതിനുള്ളിലെ വഴുവഴുപ്പുള്ള പദാർഥം വയറ്റിനുള്ളിലേക്ക് പുറന്തള്ളപ്പെടുകയും അേതാടൊപ്പം കുടൽ, കുടലിെൻറ ആവരണം എന്നിവയുമായി പരസ്പരം ഒട്ടിപ്പിടിക്കുകയും ചെയ്തേക്കാം.
3. പഴുപ്പ്: അപൂർവമായി മുഴയിൽ പഴുപ്പുണ്ടാവാം. ഇത് പൊട്ടുേമ്പാൾ വയറ്റിൽ പഴുപ്പ് നിറയും.
4. രക്തസ്രാവം: സ്വയം ചുറ്റിയതിനുശേഷം മുഴക്കുള്ളിൽ ചിലപ്പോൾ രക്തസ്രാവമുണ്ടാവാം. കടുത്ത വയറുവേദനയും മുഴ തൊടുേമ്പാൾ വേദനയും ഉണ്ടാവുന്നു. വയറ്റിനുള്ളിലേക്കാണ് രക്തസ്രാവമെങ്കിൽ രോഗി ‘ഷോക്ക്’ എന്ന ഗുരുതരാവസ്ഥയിലെത്തിയേക്കാം.
അർബുദമാറ്റം: തുടക്കത്തിൽ നിരുപദ്രവകരമായ മുഴകൾ ചിലപ്പോൾ അർബുദമായി രൂപം മാറിയേക്കാം
രോഗനിർണയവും ചികിത്സയും: മുഴകൾ ഏതു തരത്തിൽപെട്ടതാണ് എന്നതനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ശരീരപരിശോധന, രക്തപരിശോധന, അൾട്രാസൗണ്ട് പരിശോധന എന്നിവ നടത്തുന്നു. അതിനുപുറമെ വയറ്റിൽ ശസ്ത്രക്രിയ നടത്തി മുഴ പൂർണമായോ മുഴയുടെ ഭാഗങ്ങൾ, വയറ്റിലെ ദ്രാവകത്തിെൻറ സാമ്പിൾ എന്നിവയോ ശേഖരിച്ച് പരിശോധനക്കയക്കുന്നു. പത്തോളജി റിപ്പോർട്ടിനനുസരിച്ച് ചികിത്സ നടത്തും. മുഴ പൂർണമായി നീക്കംചെയ്യും. നിരുപദ്രവകാരിയായ മുഴയെന്ന് സ്ഥിരീകരിച്ചാലും രോഗി 40 വയസ്സിനു മുകളിലാണെങ്കിൽ അർബുദം വരുന്നത് തടയാനായി അണ്ഡാശയങ്ങൾ രണ്ടും നീക്കംചെയ്യാറുണ്ട്.
അണ്ഡാശയാർബുദം
കേരളത്തിൽ അടുത്ത കാലത്തായി അണ്ഡാശയാർബുദം വർധിച്ചുവരുന്നതായി കാണുന്നു. സ്ത്രീജനനേന്ദ്രിയ അർബുദങ്ങളിൽ രണ്ടാം സ്ഥാനത്താണ് അണ്ഡാശയാർബുദം (ഏകദേശം 10^15 ശതമാനം). പൊതുവെ കൗമാരത്തിലും ആർത്തവ വിരാമത്തിനു ശേഷവും കാണപ്പെടുന്ന അണ്ഡാശയമുഴകൾ മിക്കവാറും അർബുദമാവാനാണ് സാധ്യത. 60 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് അണ്ഡാശയാർബുദത്തിെൻറ 60 ശതമാനവും കാണുന്നത്. ഇതിൽ 60 ശതമാനം പേർ അഞ്ചുവർഷത്തിനുള്ളിൽ മരിച്ചുപോകാൻ സാധ്യതയുണ്ട്. അണ്ഡാശയാർബുദങ്ങളിൽ 80 ശതമാനം അണ്ഡാശയത്തിൽനിന്നുതന്നെ ഉണ്ടാവുന്നു. ബാക്കി 20 ശതമാനം സ്തനം, വൻകുടൽ, ആമാശയം, ഗർഭപാത്രം എന്നിവിടങ്ങളിലെ അർബുദങ്ങൾ അണ്ഡാശയത്തിലേക്ക് വ്യാപിച്ചതാവാം.
മുഴകളിൽ ആർത്തവത്തിനുമുമ്പ് 10 ശതമാനവും ആർത്തവമുള്ളവരിൽ 15 ശതമാനവും ആർത്തവവിരാമശേഷം 50 ശതമാനവും അർബുദമായിരിക്കാം. ഒന്നാം ഘട്ടത്തിൽ അണ്ഡാശയാർബുദം ഒന്നിലോ അല്ലെങ്കിൽ ഇരു അണ്ഡാശയങ്ങളിലോ മാത്രം കാണപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ അടിവയറ്റിനുള്ളിൽ ഗർഭപാത്രത്തിലേക്കും അണ്ഡവാഹിനിക്കുഴലുകളിലേക്കും വ്യാപിക്കും. മൂന്നാം ഘട്ടത്തിൽ അടിവയറ്റിൽനിന്ന് വയറ്റിലേക്കും ലിംഫ് ഗ്രന്ഥികളിലേക്കും വ്യാപിക്കുന്നു. നാലാം ഘട്ടമാകുേമ്പാൾ കരളും ശ്വാസകോശങ്ങളും രോഗാതുരമാകും.
അപായഘടകങ്ങൾ: അണ്ഡാശയാർബുദത്തിൽ 5-10 ശതമാനം പാരമ്പര്യമായി ലഭിച്ചതാവാം. 40 വയസ്സിനു മുകളിലുള്ളവർ, ആർത്തവവിരാമത്തെ തുടർന്ന് ഹോർമോൺ ചികിത്സ നടത്തിയവർ, ഗർഭമോ പ്രസവമോ നടക്കാതിരുന്നവർ, മദ്യപാനവും പുകവലിയും ശീലമാക്കിയവർ, വന്ധ്യത, അമിതവണ്ണം, കൊഴുപ്പുനിറഞ്ഞ ഭക്ഷണം കഴിക്കുന്നവർ, വ്യവസായങ്ങളുടെ ഫലമായുണ്ടാവുന്ന പരിസരദൂഷണം, അർബുദത്തിെൻറ കുടുംബചരിത്രമുള്ളവർ (അടുത്ത ബന്ധുക്കളിൽ അണ്ഡാശയാർബുദമുണ്ടെങ്കിൽ സാധ്യത കൂടുന്നു), ഗർഭാശയത്തിലോ സ്തനത്തിലോ മുമ്പ് അർബുദം ഉണ്ടായിട്ടുള്ളവർ എന്നിവയാണ് മറ്റു ചില രോഗസാധ്യതഘടകങ്ങൾ.
അർബുദ സാധ്യത കുറക്കാൻ സഹായിക്കുന്ന ഘടകങ്ങൾ:
- 21-25 വയസ്സിനിടക്ക് ആദ്യ ഗർഭധാരണം
- അനവധി ഗർഭങ്ങളും പ്രസവങ്ങളും
- മുലയൂട്ടൽ നീണ്ടുനിൽക്കുക
- അണ്ഡവാഹിനിക്കുഴലുകൾ അടച്ചുകൊണ്ടുള്ള വന്ധ്യംകരണ ശസ്ത്രക്രിയ
- ഗർഭാശയം നീക്കംചെയ്യൽ
ലക്ഷണങ്ങൾ: സാധാരണയായി അർബുദമുഴകൾ ഇരുവശത്തുമുള്ള അണ്ഡാശയങ്ങളിൽ കാണപ്പെടുന്നു. കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാത്തതിനാൽ അർബുദത്തിെൻറ ഒന്നും രണ്ടും ഘട്ടങ്ങളിൽ രോഗം കണ്ടുപിടിക്കാൻ വിഷമമായിരിക്കും. മൂന്നാം ഘട്ടത്തിൽ ചിലപ്പോൾ ലക്ഷണങ്ങൾ കണ്ടേക്കാം.
വയറ്റിൽ മുഴ, നീര്, നടുവേദന, കാലുവേദന, വയറുവേദന, വയറ്റിൽ അസ്വസ്ഥത, അടിവയറ്റിൽ ഭാരംപോലെ തോന്നുക, ക്ഷീണം, തൂക്കക്കുറവ്, അമിത രക്തസ്രാവം, ഇടക്കിടെ മൂത്രമൊഴിക്കൽ എന്നിങ്ങനെ പല ലക്ഷണങ്ങളും കാണാറുണ്ട്.
രോഗനിർണയം: രോഗിയുടെ ശരീര പരിശോധന, അൾട്രാസൗണ്ട് പരിശോധന, രക്തപരിശോധന, കോശപരിശോധന എന്നിവ അർബുദം നിർണയിക്കാൻ നടത്താറുണ്ട്. മുഴ അപകടകരമല്ലാത്തതാണോ അർബുദമാണോ എന്നും ഏതുതരത്തിൽപെട്ടതാണെന്നും മറ്റ് അർബുദങ്ങളിൽനിന്ന് വ്യാപിച്ചതാണോ എന്നും മനസ്സിലാക്കാൻ വയറിെൻറയും അടിവയറിെൻറയും എക്സ്റേ, ലാപ്രോസ്കോപിക് പരിശോധന, IVP (കിഡ്നിയുടെ അസുഖം കണ്ടുപിടിക്കാൻ), ബേരിയം മീൽ (ദഹനേന്ദ്രിയ വ്യവസ്ഥയിലെ അർബുദം കണ്ടെത്താൻ), വിവിധതരം CT, MRI പരിശോധനകൾ തുടങ്ങിയവയും നടത്താറുണ്ട്.
ചികിത്സ: ഘട്ടമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. സാധാരണയായി 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഏതെങ്കിലും കാരണവശാൽ ഗർഭപാത്രം നീക്കംചെയ്യേണ്ടിവന്നാൽ, അർബുദം വരുന്നത് തടയാനായി അണ്ഡാശയങ്ങളും നീക്കംചെയ്യാറുണ്ട്.
ശസ്ത്രക്രിയ: വയറ്റിൽ ശസ്ത്രക്രിയ നടത്തി അർബുദമുഴയും അണ്ഡാശയങ്ങളും നീക്കംചെയ്യുന്നു. അർബുദം കൂടുതൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ ഗർഭപാത്രവും ലിംഫ് ഗ്രന്ഥികളും കൂടി നീക്കംചെയ്യും.
കീമോ തെറപ്പി: അർബുദ ചികിത്സക്കുള്ള മരുന്നുകൾ ഞരമ്പുവഴി കൊടുക്കുകയോ വയറ്റിനുള്ളിലേക്ക് ഇൻജക്ഷൻ വഴി കൊടുക്കുകയോ രണ്ടുതരത്തിലും കൊടുക്കുകയോ ചെയ്യുന്നു.
റേഡിയോ തെറപ്പി: എക്സ്റേ വികിരണങ്ങൾ വഴി അർബുദകോശങ്ങളെ നശിപ്പിക്കുന്നു.
അർബുദം തടയാൻ ശ്രദ്ധിക്കുക
- അമിതവണ്ണം ഒഴിവാക്കുക. ശരീരഭാരം കൂടാതെ നോക്കുക.
- ആരോഗ്യകരമായ ഭക്ഷണരീതി: വർധിച്ച കൊഴുപ്പും എണ്ണപ്പലഹാരങ്ങളും ഒഴിവാക്കുക, പച്ചക്കറികളും പഴങ്ങളും നാരുള്ള ഭക്ഷണപദാർഥങ്ങളും നട്സും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
- വ്യായാമം ശീലമാക്കുക.
- പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളുണ്ടെങ്കിൽ നിർത്തുക.
- അനാവശ്യമായി എക്സ്റേ എടുക്കുന്നതും പരിസരദൂഷണവും അർബുദമുണ്ടാക്കാനിടയുള്ള പദാർഥങ്ങളും ഒഴിവാക്കുക.
- അർബുദത്തിെൻറ കുടുംബചരിത്രമുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.
- എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണിക്കുകയും അർബുദം കണ്ടുപിടിക്കാനുള്ള പരിശോധനകൾ നടത്തി വേഗം ചികിത്സ തുടങ്ങുകയും ചെയ്യേണ്ടതാണ്.
ഡോ. (മേജർ) നളിനി ജനാർദനൻ
ഫാമിലി മെഡിസിൻ സ്പെഷലിസ്റ്റ്, പുെണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.