കുട്ടികളെ എങ്ങനെ നേർവഴിക്ക് നയിക്കാം...?
text_fieldsകുട്ടികളെ ശിക്ഷിക്കാൻ പാടുണ്ടോ? ഉണ്ടെങ്കിൽ തന്നെ ഏതുതരം ശിക്ഷകളാണ് കൂടുതൽ ഫലപ്രദമായിട്ടുള്ളത്? കുട്ടികളെ നമ്മുടെ വരുതിയിൽ നിർത്തേണ്ടതുണ്ടോ? നമുക്കെല്ലാം ഇടക്കിടെ തികട്ടിവരുന്ന ചോദ്യങ്ങളാണിവ. ഓരോ തവണ കുട്ടികളെ ശിക്ഷിക്കുമ്പോഴും മിക്കവാറും എല്ലാ രക്ഷിതാക്കളും പശ്ചാത്താപ ഭാരംകൊണ്ട് ഉള്ളിൽ വിങ്ങിപ്പൊട്ടും. കുട്ടികളെ എങ്ങനെ ‘നേർവഴി’ക്ക് കൊണ്ടുവരും, എങ്ങനെ അവരെ നമ്മുടെ ‘വരുതി’യിൽ നിർത്തും എന്നതെല്ലാം പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി വന്നു രക്ഷിതാക്കളുടെ ഉറക്കം കെടുത്താറുണ്ട്.
ഈയിടെയായി അതിരുകടന്ന ശിക്ഷാവിധികൾ മൂലം നാട്ടിൽ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വരെയുണ്ടായി. കുട്ടികൾ ജീവിതപ്പടവുകൾ പലതും തെറ്റിച്ചവിട്ടും എന്നുള്ളത് പ്രകൃതിനിയമമാണ്. തെറ്റുകൾ പലപ്പോഴും ആപേക്ഷികമാണെങ്കിലും കുട്ടികൾ വരുത്തുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കേണ്ടത് മുതിർന്നവരുടെ ചുമതലയാണ്.
പല യൂറോപ്യൻ രാജ്യങ്ങളിലും രക്ഷിതാക്കൾ കുട്ടികളെ അടിക്കുന്നത് കുറ്റകരമാണെങ്കിൽ ഇംഗ്ലണ്ടിൽ ഇതുവരെ അതു നിയമംമൂലം നിരോധിച്ചിട്ടില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ അച്ചടക്കവും നല്ല പെരുമാറ്റവും പഠിപ്പിക്കുന്നതിെൻറ ഭാഗമായി കാലിെൻറ പിറകിൽ വളരെ ചെറിയ രീതിയിൽ അടിക്കാം, ചെറിയ രീതിയിൽ വഴക്കുപറയാം എന്നൊക്കെ നിയമവിദഗ്ധർ പറയുന്നുണ്ട്. എന്നിരുന്നാലും, കുട്ടികൾ ഇത് സ്കൂളിലോ അല്ലെങ്കിൽ സോഷ്യൽ സർവിസിലോ പരാതിപ്പെട്ടാൽ രക്ഷിതാക്കൾക്ക് ശിക്ഷ കിട്ടാനുള്ള സാധ്യതയുമുണ്ട്. കുട്ടികളെ രക്ഷിതാക്കളിൽനിന്നും മാറ്റിപ്പാർപ്പിക്കുകയും ചെയ്യും.
കുട്ടികളെ ശാരീരികമായോ മാനസികമായോ മോശമായി ബാധിക്കുന്ന രീതിയിലുള്ള ശിക്ഷാവിധികൾ ഒഴിവാക്കണം എന്നതാണ് വിദഗ്ധർ പറയുന്നത്. പ്രബലർ അബലർക്കെതിരെ ഏതു രീതിയിലുള്ള ശക്തി പ്രയോഗിച്ചാലും അതിൽ അനീതിയുണ്ട്. കുട്ടികളെ ‘വരുതിയിൽ നിർത്തുക’ എന്നതും ഒഴിവാക്കേണ്ടതു തന്നെയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികൾക്ക് മാർഗനിർദേശം കൊടുക്കേണ്ടതും അവരെ ജീവിതത്തിലെ കാതലായ നിയമങ്ങൾ പഠിപ്പിക്കേണ്ടതും അവരിൽ കരുണയും വിനയവും വാർത്തെടുക്കേണ്ടതും രക്ഷിതാക്കളുടെ ചുമതലയാണ്. ചുരുക്കിപ്പറഞ്ഞാൽ അവരെ ശിക്ഷിച്ചു നന്നാക്കുക എന്ന നെഗറ്റിവ് രീതി ഒഴിവാക്കി, തെറ്റിൽനിന്ന് ഒഴിവാകാൻ അവർക്കു പ്രോത്സാഹനം കൊടുക്കുന്ന ഒരു പോസിറ്റീവ് സമീപനമാണ് രക്ഷിതാക്കൾ ഉൾക്കൊള്ളേണ്ടത്.
മുമ്പ് പറഞ്ഞതുപോലെ, കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റ് കാണുമ്പോൾ ആദ്യം അവർ ചെയ്തത് എന്താണെന്നും അത് എന്തുകൊണ്ട് ശരിയല്ല എന്നുംഅതിെൻറ അനന്തരഫലം എന്തായിരിക്കുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നിട്ടും അവർ അതേ കാര്യംതന്നെ വീണ്ടും ചെയ്യുന്നുണ്ടെങ്കിൽ അവർക്കു ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചുള്ള വാണിങ് കൊടുക്കാം. ഇതേ അവസരത്തിൽ തന്നെ, അവർ അതേ തെറ്റുകൾ വീണ്ടും ആവർത്തിച്ചില്ലെങ്കിൽ അവർക്കു ലഭിക്കാവുന്ന പ്രതിഫലങ്ങളെക്കുറിച്ചും അവരെ ഓർമിപ്പിക്കാം. വീണ്ടും അവർ ഇതേ കാര്യങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അവരുടെ പ്രായത്തിനും സാഹചര്യത്തിനും തെറ്റിെൻറ കാഠിന്യത്തിനും അനുസരിച്ചു ചെറിയ രീതിയിലുള്ള ശിക്ഷകൾ ആകാം.
ശിക്ഷകൾ ഒരിക്കലും കുട്ടികളുടെ ദേഹത്തു പാടുവീഴുന്ന രീതിയിലോ മനസ്സിൽ എെന്നന്നേക്കുമായി പോറൽ ഏൽപിക്കുന്ന രീതിയിലോ ആകരുത്. ശിക്ഷകൾ നടപ്പാക്കുമ്പോഴും നമ്മുടെ മനസ്സിെൻറയും ശരീരത്തിെൻറയും കടിഞ്ഞാൺ നമ്മുടെ കൈയിൽ ഭദ്രമായിരിക്കണം. ഇവിടെയെല്ലാം വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു ശിക്ഷാരീതിയാണ് ഗ്രൗണ്ടിങ്. എന്നുവെച്ചാൽ കുട്ടികൾക്ക് ഇഷ്ടമുള്ള കാര്യങ്ങളായ ടെലിവിഷൻ, കമ്പ്യൂട്ടർ, ടാബ്‌ലെറ്റ് എന്നിവയെല്ലാം കുറച്ചു സമയത്തേക്കോ കുറച്ചു ദിവസത്തേക്കോ നിരോധിക്കും. ഇങ്ങനെ നിരോധനം ഏർപ്പെടുത്തുന്നത് അവർക്ക് ഇഷ്ടമുള്ള ഏതെങ്കിലും കാര്യത്തിന് ആയിരിക്കണം. നേരത്തേ പറഞ്ഞുറപ്പിച്ച സമയം കഴിയുമ്പോൾ നിരോധനം പിൻവലിക്കുകയും വേണം. ചെറിയ കുട്ടികളിൽ ശിക്ഷകൾ തീർത്തും ഒഴിവാക്കി അവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് സ്റ്റിക്കർ, ചോക്ലറ്റ് എന്നിവ പ്രതിഫലമായി കൊടുക്കുന്ന റിവാർഡ് സിസ്റ്റം പരീക്ഷിക്കാവുന്നതാണ്.
ഇംഗ്ലണ്ടിലെ സ്കൂളുകളിലും ഇത്തരം സിസ്റ്റമാണ് നിലവിലുള്ളത്. അതായത് അവരുടെ നല്ല പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് പലരീതിയിലുള്ള അംഗീകാരം കൊടുക്കുകയും ചെയ്യും. സ്കൂളിലെ കുട്ടികളെ നാല് ഹൗസായി തിരിച്ച് ഓരോ കുട്ടിക്കും അവരുടെ വിവിധ പ്രവൃത്തികളെ ആസ്പദമാക്കി ഹൗസ് പോയൻറുകൾ ലഭിക്കും. പോയൻറ് ലഭിക്കാൻ ചെയ്യേണ്ടത് പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ്.
- ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും വായിക്കുക; വായിച്ചതിനെക്കുറിച്ച് റീഡിങ് ഡയറിയിൽ എഴുതുക
- വിനയമുള്ള പെരുമാറ്റം
- മറ്റു കുട്ടികളോട് കരുണയോടെയുള്ള പെരുമാറ്റവും ചങ്ങാത്തവും
- ക്ലാസ് റൂം വൃത്തിയായി സൂക്ഷിക്കൽ
- മറ്റുള്ളവരെ സഹായിക്കൽ
ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം ഹൗസ് പോയൻറ് ലഭിക്കും. അങ്ങനെ 50 ഹൗസ് പോയൻറ് ആകുമ്പോൾ ഹെഡ്മാസ്റ്ററുടെ വക അഭിനന്ദനവും സ്റ്റിക്കറും ലഭിക്കും. 100 ഹൗസ് പോയൻറ് ആകുമ്പോൾ ഹെഡ്മാസ്റ്ററുടെ കൂടെ വൈകീട്ട് ചായയും കേക്കും!
പിന്നെ എല്ലാ ആഴ്ചയിലും ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ ഹൗസ് പോയൻറ് ലഭിക്കുന്ന കുട്ടികളുടെ പേര് അസംബ്ലിയിൽ വിളിച്ചു പറഞ്ഞ് അനുമോദിക്കും. ഓരോ മാസവും ഏറ്റവും കൂടുതൽ ഹൗസ് പോയൻറ് ലഭിക്കുന്ന ഹൗസിനും പ്രത്യേകം പരാമർശമുണ്ട്.
കുട്ടികളുടെ മോശം സ്വഭാവങ്ങളെ നേരിടാനും അവർക്ക് പ്രത്യേക രീതികളുണ്ട്. ആദ്യം കുട്ടിയെ ആ കാര്യത്തിെൻറ ദോഷവശങ്ങളും ഗൗരവവും പറഞ്ഞു മനസ്സിലാക്കും. പിന്നെയും ആവർത്തിച്ചാൽ വാണിങ്ങും ചെറിയ രീതിയിലുള്ള വഴക്കും ലഭിക്കും. എന്നിട്ടും ആവർത്തിച്ചാൽ രക്ഷിതാക്കളെ അറിയിച്ചു കുട്ടികളോട് അതേക്കുറിച്ചു സംസാരിക്കാൻ അവശ്യപ്പെടും. കുട്ടികളെ അടിക്കുക എന്നുള്ളത് ഇവിടെ സ്കൂളുകളിൽ തീർത്തും നിരോധിച്ചിട്ടുണ്ട്. അടി നിരോധിച്ചതിനു ശേഷം കുട്ടികളുടെ സ്വഭാവം മോശമായിട്ടില്ല എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
പക്ഷേ, സ്കൂളുകളിൽ കുട്ടികളെ അടിക്കുന്നത് ആദ്യമായി നിരോധിച്ചത് ഇംഗ്ലണ്ടിലല്ല കേട്ടോ. അതു പറയണമെങ്കിൽ പോളണ്ടിനെക്കുറിച്ചു പറയേണ്ടിവരും. 1783ൽ പോളണ്ടിലെ സ്കൂളുകളിലാണ് കുട്ടികളെ അടിക്കുന്നത് ലോകത്തു തന്നെ ആദ്യമായി നിരോധിച്ചത്. ഏതു കാര്യത്തിലായാലും കുട്ടികളോട് സംസാരിക്കുമ്പോൾ ദേഷ്യപ്പെടാതെ സംസാരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. കഴിയുന്നതും അവരുടെ അടുത്തിരുന്ന് അവരുടെ മുഖത്ത് നോക്കി സംസാരിക്കുക എന്നുള്ളതും പ്രധാനമാണ്. ഒരിക്കലും ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കാതിരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പറഞ്ഞ കാര്യംതന്നെ വീണ്ടും വീണ്ടും പറഞ്ഞു കുട്ടികളെ കുത്തിനോവിക്കാതിരിക്കുക എന്നുള്ളതും.
കുട്ടിയുടെ അത്രത്തോളം വളരണം നമ്മള്‍
(കെ.കെ. സുബൈര്‍, തിരുവനന്തപുരം ജില്ല ശിശു സംരക്ഷണ ഓഫിസര്‍)
‘അഞ്ചു വര്‍ഷം ലാളിക്കുക, പത്തുവര്‍ഷം ചുട്ട അടി കൊടുക്കുക, 16 വയസ്സിലേക്ക് എത്തുമ്പോള്‍ കുട്ടിയെ മിത്രത്തെ പോലെ കൈകാര്യം ചെയ്യുക’-, ഇതായിരുന്നു നമ്മുടെ രാജ്യത്തില്‍ കുട്ടികളോട് പുലര്‍ത്തിയിരുന്ന പരമ്പരാഗത സങ്കല്പം. അതിനെ മറികടക്കാന്‍ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതേസമയം, പുതിയ പഠനക്രമങ്ങളും രീതികളും ലോകത്ത് ആകമാനം ഇന്ന് വ്യാപിക്കുന്നു. ശരവേഗത്തിലാണ് അതിെൻറ വികാസം. കുട്ടികളുടെ ബുദ്ധിയും വൈകാരികാവസ്ഥയും മുതിര്‍ന്നവരെ അപേക്ഷിച്ച് ഇന്ന് വളരെ കൂടുതലാണ്. കുട്ടികളുടെ ബുദ്ധിവികാസത്തിന് ഒപ്പം മാറാന്‍ മുതിര്‍ന്ന തലമുറക്ക് കഴിയുന്നേയില്ല.
എന്നാല്‍, കേരളം പരമ്പരാഗതമായ പഠന, വളര്‍ത്തല്‍ സങ്കല്പത്തില്നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്ന സംസ്ഥാനമാണ്. അതിെൻറ പരിവര്‍ത്തനകാലമാണ് ഇപ്പോള്‍. അതിെൻറ ഫലമായി ബുദ്ധിയിലും വൈകാരികാവസ്ഥയിലും ഉയര്ന്നുനില്ക്കുന്ന കുട്ടികളും അവരേക്കാള്‍ താഴ്ന്ന രക്ഷിതാക്കളും അധ്യാപകരും അടക്കമുള്ള മറ്റുള്ളവരും തമ്മിലെ സംഘര്‍ഷമാണ് ഇപ്പോള്‍ കാണുന്നത്.
ലോകത്തെ എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് കുട്ടികളെ വഴക്കുപറഞ്ഞും അടിച്ചും കുറ്റപ്പെടുത്തിയും ഇനിയുള്ള കാലം മാറ്റാന്‍ കഴിയില്ലെന്നാണ്. ഈ വസ്തുത മനസ്സിലാക്കുന്ന തരത്തില്‍ പാഠ്യക്രമമോ അധ്യാപക പഠന കോഴ്സുകളോ മാറിയിട്ടില്ല. മറ്റൊന്ന് പരമ്പരാഗത ബോധ്യത്തിന് അപ്പുറമുള്ള പാരൻറിങ് സമ്പ്രദായവും രക്ഷിതാക്കളിലേക്ക് എത്തിയിട്ടില്ല. എന്നാല്‍, കുട്ടികള്‍ പരമ്പരാഗത രീതികളെയെല്ലാം അതിവേഗം അതിജീവിക്കുന്നു. ഫലത്തില്‍ ഇത് കുട്ടികളും മുതിര്‍ന്നവരുമായുള്ള സംഘര്‍ഷമായി മാറുന്നു.
അതിനെ നമ്മള്‍ നേരിടുന്നത് അന്താരാഷ്ട്രതലത്തില്‍ കുട്ടികള്‍ക്കായി നിര്‍മിക്കപ്പെട്ട നിയമങ്ങള്‍ കൊണ്ടാണ്. അതായത് പശ്ചാത്യരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന കുട്ടിയെന്ന സങ്കല്പത്തില് ഊന്നിയാണ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ ഒക്കെ നിര്‍മിക്കപ്പെടുന്നത്. നമ്മുടേത് ആ പാശ്ചാത്യ കുട്ടിയെന്ന സങ്കല്പത്തില്നിന്ന് ഒരുപാട് മാറിയിട്ടുമാണ്. ഒരു കുട്ടിയെ വാക്കുകൊണ്ടോ ശാരീരികമായോ ഉപദ്രവിച്ചാല്‍ ആ സമയം കുട്ടി ആരുടെ നിയന്ത്രണത്തിലാണോ അയാള്‍ക്കുള്ള ശിക്ഷ ഇന്ത്യയിലും സ്വീഡനിലും ഒരുപോലെയാണ്.
കുട്ടികളും മുതിര്‍ന്നവരുമായുള്ള ഈ സംഘര്‍ഷം ഇല്ലാതാക്കാന്‍ പുതിയ കാലത്തിന് അനുസൃതമായ പാരൻറിങ് ഇവിടെ വ്യാപകമാകണം. വളരെ ബാല്യം മുതല്‍ തന്നെ വീട്ടില്‍ കുട്ടികളോട് കൂട്ടുകാരെപ്പോലെ പെരുമാറണം. അവരോട് സംവദിച്ച് കുറേനേരം ചെലവഴിക്കണം. ‘ഫാദര്‍ ഫിഗര്‍’ എന്ന ബോധ്യത്തില്‍ വീട്ടിലും സ്കൂളുകളിലും അടിച്ചും അടിച്ചമര്‍ത്തിയും പഠിപ്പിക്കുന്ന രീതി പാടെ മാറണം. അതൊന്നും ഇല്ലാതെ വേണം പഠിപ്പിക്കാന്‍. ലോകത്ത് അതിന് അനുഗുണമായി നിലനില്‍ക്കുന്ന മെത്തഡോളജി ഉപയോഗിച്ചേ മതിയാകൂ.
കുട്ടികള്‍ക്കുള്ള നിയമങ്ങള്‍
(അഡ്വ. ടി.പി.എ. നസീര്‍)
സുരക്ഷിതമായ ബാല്യം ഒാരോ കുട്ടിയുടെയും അവകാശമാണ്. ഇന്ത്യൻ ഭരണഘടനയും െഎക്യരാഷ്ട്രസഭയും ഇത് ശരിവെക്കുകയും ഇതിനായി നിയമനിർമാണങ്ങളും ഉടമ്പടികളും നടപ്പിൽവരുത്തുകയും ചെയ്തിട്ടുണ്ട്.
പ്രധാനമായും കുട്ടികൾക്ക് നാല് അവകാശങ്ങളാണ് നിയമം അനുശാസിക്കുന്നത്.
1. അതിജീവനം
2. ഉന്നമനം
3. സംരക്ഷണം
4. പങ്കാളിത്തം.
മാന്യമായി ജീവിക്കാനുള്ള, മികച്ച പോഷകാഹാര ലഭ്യതയോടുകൂടി ആരോഗ്യകരമായ ജീവിതം നയിക്കാനുമുള്ള അവകാശം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, പരിചരണം, വിശ്രമം, വിനോദം, സാംസ്കാരിക പ്രവർത്തനം തുടങ്ങിയവക്കുള്ള അവകാശം, ചൂഷണം, ദുരുപയോഗം, അവഗണന, മനുഷ്യത്വരഹിതമായ പെരുമാറ്റം എന്നിവയിൽനിന്നുള്ള സുരക്ഷിതത്വത്തിനുള്ള അവകാശം, അഭിപ്രായപ്രകടനത്തിനും സൗജന്യ-നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിനുമുള്ള അവകാശം തുടങ്ങിയവയും കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളായി കരുതപ്പെടുന്നു. ഇത്തരം അവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയും ഉറപ്പുവരുത്തുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന കുട്ടികളുടെ അവകാശങ്ങൾ
- സമത്വവും തുല്യവുമായ നിയമസംരക്ഷണത്തിനുള്ള അവകാശം (ആർട്ടിക്ൾ 14).
- വിവേചനത്തിനെതിരെയുള്ള അവകാശം (ആർട്ടിക്ൾ 15).
- വിൽപനയിൽനിന്നും നിർബന്ധിത തൊഴിലുകളിൽനിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം (ആർട്ടിക്ൾ 23).
- സാമൂഹിക അനീതികളിൽനിന്നുള്ള സംരക്ഷണ അവകാശം (ആർട്ടിക്ൾ 46).
- സൗജന്യ നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം (ആർട്ടിക്ൾ 21 എ).
- 14 വയസ്സുവരെ ആപൽക്കരമായ തൊഴിലുകളിൽ ഏർെപ്പടുന്നതിൽനിന്ന് സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം (ആർട്ടിക്ൾ 24).
ശാരീരികവും മാനസികവുമായ പീഡനം, അവഗണന, അശ്രദ്ധയോടെ കുട്ടികളെ കൈകാര്യം ചെയ്യുക, ലൈംഗികമായും അല്ലാതെയുമുള്ള ചൂഷണം. ഇതെല്ലാം കുട്ടികൾക്കെതിരെയുള്ള അതിക്രമമായി കരുതപ്പെടുന്നു. മാനസികമായി പ്രയാസമുണ്ടാക്കുന്നവിധം ചീത്തവിളിക്കുന്നതും ഭീഷണിെപ്പടുത്തുന്നതും കുറ്റപ്പെടുത്തുന്നതും മാറ്റിനിർത്തുന്നതും പരിഹസിക്കുന്നതും അതിക്രമങ്ങളായി പരിഗണിക്കുന്നു.
ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും തെളിയിക്കപ്പെട്ടാൽ 2012ൽ കൊണ്ടുവന്ന നിയമമായ പോക്സോ (The protection of children from Sexual offences Act). പ്രകാരം ഏഴുവർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതും രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷയും പിഴയും ലഭിക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 സെക്ഷൻ 75 പ്രകാരം ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തെളിയുകയാണെങ്കിൽ മൂന്നുവർഷം വരെ തടവ് വിഭാവനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.