കുഞ്ഞുങ്ങളെ എപ്പോൾ മുതൽ പല്ലു തേപ്പിക്കാൻ തുടങ്ങാം ?
text_fieldsപല്ലുവേദന ഉണ്ടാകാത്തവർ വിരളമാണ്. എന്നാൽ പല്ല് പറിച്ചുകളയാൻ ഭയന്ന് വേദന സഹിച്ച് കഴിയുന്നവരാണ് പലരും. പല്ലിെൻറ ആരോഗ്യം സംരക്ഷിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം, കുട്ടികളുടെ പല്ല് നന്നാവാൻ എന്ത് ചെയ്യണം, എത്രവയസുമുതൽ പല്ലു തേപ്പിച്ചു തുടങ്ങാം എന്ന് തുടങ്ങി നിരവധി സംശയങ്ങൾ എല്ലാവർക്കുമുണ്ട്. ദന്താരോഗ്യത്തെയും ചികിത്സയെയും കുറിച്ചുള്ള അഞ്ചു പതിവു സംശയങ്ങൾക്ക് ഡോ.എസ്. ശ്രീ ജിത ഇൻഫോക്ലിനിക്കിൽ നൽകിയ മറുപടി :
1. പല്ലടക്കാനായി ഡോക്ടര്‍ പോട് വലുതാക്കുമോ ?
പോട് എന്നു നമ്മള്‍ സാധാരണയായി പറയുന്നത് പല്ലില്‍ ബാക്ടീരിയകളുടെയും ഭക്ഷണാവശിഷ്ടങ്ങളുടെയും പ്രതിപ്രവര്‍ത്തനം മൂലമുണ്ടാകുന്ന പല്ലു ദ്രവിക്കുന്ന അവസ്ഥയെയാണ്. ഇതിന്‍റെ വലിപ്പം പൊതുവെ പുറമെ നിന്ന് കാണാന്‍ കഴിയുന്നതിലും കൂടുതലാവാം. പല്ലിന്‍റെ ദ്രവിച്ച ഭാഗം പൂര്‍ണ്ണമായും നീക്കി വൃത്തിയാക്കിയതിനു ശേഷമേ പല്ലിന്‍റെ 'പോട് ' അടക്കാന്‍ പാടുള്ളൂ. അതിനായി ഉള്ളിലുള്ള ദ്രവിച്ച ഭാഗങ്ങളും നീക്കം ചെയ്യുകയാണ് ഡോക്ടര്‍ ചെയ്യുന്നത്.
ഇതിനുള്ളിലെ ഫില്ലിംഗ് നീണ്ട കാലം നില്‍ക്കുന്നതിനായി ചില നിശ്ചിത അളവുകളിലാണ് ഈ ഭാഗം (ക്യാവിറ്റി ) രൂപപ്പെടുത്തി എടുക്കുന്നത്. പല്ലിന്‍റെ ആരോഗ്യമുള്ള ഭാഗങ്ങളെ കഴിയാവുന്നിടത്തോളം നിലനിര്‍ത്തിക്കൊണ്ടാണ് ഇതു ചെയ്യുന്നത്.
2. വിസ്ഡം ടൂത്തും സര്‍ജറിയും
വിസ്ഡം ടൂത്ത് വന്നവരൊക്കെ അത് സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടി വരും എന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. വിസ്ഡം ടൂത്ത് അഥവാ മൂന്നാമത്തെ അണപ്പല്ല് എല്ലാവരിലും നീക്കം ചെയ്യേണ്ടതു പോലുമല്ല എന്നതാണു സത്യം.
വിസ്ഡം ടൂത്ത് നീക്കം ചെയ്യാനുള്ള ഏറ്റവും സാധാരണമായ മൂന്നു കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.
- ദന്തനിരയില്‍ ഏറ്റവും പിന്നിലുള്ള ഇതിന്‍റെ സ്ഥാനം മൂലം ശരിയായി ബ്രഷ് ചെയ്യാന്‍ കഴിയാതെ കേടു വരിക.
- കേടു വന്നാല്‍ തന്നെ ശ്രദ്ധയില്‍ പെടാതെ പോയി അതു വ്യാപിക്കുക.
- പകുതി പുറത്തെത്തിയ അവസ്ഥയില്‍ പലവിധ കാരണങ്ങള്‍ കൊണ്ട് ഇതിനു ചുറ്റും ഇന്‍ഫെക്ഷന്‍ ആകുക.
എന്നാലിവ നീക്കം ചെയ്യാന്‍ എല്ലായ്പ്പോഴും സര്‍ജറി വേണ്ടി വരാറില്ല. ചില പല്ലുകള്‍ താടിയെല്ലിനുള്ളില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തേക്ക് വരാതെ നില്‍ക്കുമ്പോഴോ തീരെ ദ്രവിച്ച അവസ്ഥയിലോ ഒക്കെ മാത്രമാണ് സര്‍ജറിയിലൂടെ ഇവ നീക്കം ചെയ്യേണ്ടി വരുന്നത്. കൂടുതലായും താഴത്തെ നിരയിലുള്ളവക്കാണ് ഇതു വേണ്ടി വരാറ്. അപൂര്‍വ്വം ചിലപ്പോള്‍ മാത്രം മുകളിലത്തേതിനും. ഒരു എക്സ്റേയിലൂടെ മിക്കപ്പോഴും നേരത്തെതന്നെ നിങ്ങളുടെ ഡോക്ടര്‍ക്ക് സര്‍ജറിയുടെ ആവശ്യകത നിശ്ചയിക്കാന്‍ കഴിയും.
3.പല്ലെടുത്താല്‍ കുളിക്കാമോ ?
ഇത് മെഡിക്കല്‍ വിഷയങ്ങളില്‍ പൊതുവായുള്ള അജ്ഞതയുടെ കൂടെ എങ്ങനെയോ കയറിക്കൂടിയതാവണം. ഇതിനു പ്രത്യേകിച്ച് ശാസ്ത്രീയ അടിത്തറയൊന്നും ഇതു വരെ നിലവിലില്ല. ഏതൊരു സമയത്തേയുമെന്ന പോലെ പല്ലെടുത്തു കഴിഞ്ഞാലും ശരീരം ശുചിയായി സൂക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പഴുപ്പോ അണുബാധയോ ഒക്കെ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ശരീരം വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
4. കുട്ടികളെ എത്ര വയസ്സു മുതല്‍ പല്ലു തേപ്പിക്കാം?
പല്ലിലെ ഭക്ഷണാവശിഷ്ടങ്ങള്‍ വായ്ക്കുള്ളിലെ ബാക്ടീരിയയുമായി നടത്തുന്ന പ്രതിപ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് പല്ലിനു കേടുണ്ടാവുന്നതെന്ന് നമ്മള്‍ മുകളില്‍ പറഞ്ഞുവല്ലോ. ഒന്നാമത്തെ പല്ല് മുളക്കുന്ന സമയം മുതലാണ് കുഞ്ഞിന്‍റെ പല്ല് വൃത്തിയാക്കി തുടങ്ങേണ്ട ശരിയായ സമയം. ഇത് ആറു മാസം മുതല്‍ ഒരു വയസ്സ് വരെ പലരിലും വ്യത്യസപ്പെട്ടിരിക്കും. തുടക്കത്തില്‍ വൃത്തിയുള്ള ഒരു പഞ്ഞിയോ മറ്റോ ഉപയോഗിച്ച് ഇത് ചെയ്യാം. പിന്നീട് പതിയെ കുട്ടികള്‍ക്കനുയോജ്യമായ തരത്തിലുള്ള ബ്രഷുകളിലേക്ക് മാറുക.മുതിര്‍ന്നവര്‍ കഴിക്കുന്ന ആഹാരം കുഞ്ഞ് കഴിച്ചുതുടങ്ങുമ്പോള്‍ മുതല്‍ ബ്രഷുപയോഗിച്ച് തന്നെ രാവിലെയും രാത്രി ഉറങ്ങുന്നതിനു മുന്‍പും പല്ലു തേപ്പിക്കുക.
5. ഉമിക്കരിയോ ടൂത്ത് പേസ്റ്റോ ?
'ഉമിക്കരിയുപയോഗിച്ചിട്ടുള്ള പൂര്‍വ്വികരുടെ തൊണ്ണൂറാം വയസ്സിലെ മുത്തുപോലുള്ള പല്ലുകള്‍ ' എന്നത് വെറുമൊരു പഴയകാല ഗീര്‍വ്വാണമായി മാത്രം കാണുക. പഴയ കാലത്തെ അമ്മൂമ്മ അഥവാ അപ്പൂപ്പന്‍ ഓര്‍മ്മകളില്‍ എത്ര പേര്‍ക്ക് വായില്‍ പല്ലുണ്ടായിരുന്നു എന്നൊന്നോര്‍ത്തു നോക്കൂ. ഇന്നത്തെ/നാളത്തെ അതേ പ്രായത്തിലുള്ളവര്‍ താരതമ്യേന ആരോഗ്യത്തോടെ ചിരിക്കുന്നുണ്ടെങ്കില്‍ അത് ശരിയായ ദന്താരോഗ്യ പരിപാലനം കൊണ്ട് മാത്രമാണ്.
ഉമിക്കരി എന്നത് ഒരു abrasive (തേയ്മാനമുണ്ടാക്കുന്നവ) ആണ്. അതിലെ തരികളുടെ വലിപ്പത്തിനോ രൂപത്തിനോ ഒന്നും കൃത്യമായ മാനദണ്ഡങ്ങളില്ലാത്തപ്പോള്‍ പ്രത്യേകിച്ചും.ഇതു പോലെ തന്നെയാണ് ഉപ്പും മറ്റേതൊരു പരുക്കന്‍ വസ്തുക്കളും. ഇത്തരം വസ്തുക്കള്‍ പല്ലിനു താത്കാലികമായ വെളുപ്പ് നിറം നല്‍കുന്നതായി തോന്നിയാല്‍ അത് ഏറ്റവും പുറത്തെ ലെയറായ ഇനാമലില്‍ വരുത്തുന്ന തേയ്മാനം കൊണ്ട് കൂടിയാണെന്നു മനസ്സിലാക്കുക. പല്ലിന്‍റെ ആരോഗ്യവും വെളുപ്പു നിറവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. പല്ലിന്‍റെ യഥാര്‍ത്ഥ നിറം തന്നെ മഞ്ഞ കലര്‍ന്ന വെളുപ്പാണ്.
തയാറാക്കിയത്: Dr. Sree Jitha
Info Clinic
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.