ദന്താരോഗ്യം സ്ത്രീകളിൽ
text_fieldsസ്ത്രീയുടെ ദന്താരോഗ്യവും പരിചരണവും ഏറെ പ്രാധാന്യം അർഹിക്കുന്നു. അവളുടെ വായ്ക്കുള്ളിൽ അണുബാധയുണ്ടാകാനുള്ള സാഹചര്യങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ദന്താരോഗ്യ പരിപാലനത്തിന് സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കേണ്ട ചില സമയങ്ങളുണ്ട്. ദന്തരോഗങ്ങൾ ഉണ്ടാവുന്നതിലും അവ പടരുന്നതിലും വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നാണ് ഹോസ്റ്റ് റെസ്പോൺസ്. ഹോസ്റ്റ് എന്നാൽ ആതിഥേയൻ എന്നർഥം. ഇവിടെ ശരീരം ആതിഥേയനും രോഗാണു അതിഥിയുമാണ്.
ഓരോ ശരീരവും വ്യത്യസ്തമായ രീതിയിലാണ് രോഗാണുവിനോട് ‘പെരുമാറുന്നത്’. ഓരോ വ്യക്തിയുടെയും ഭക്ഷണരീതി, ശുചിത്വ നടപടികൾ മുതലായവ അണുക്കളോടുള്ള സമീപനത്തിൽ വ്യത്യാസങ്ങളുണ്ടാക്കും. അതുപോലെ രോഗാണുവിെൻറ ശക്തിയെ തകർത്തുകളയാനുള്ള പ്രതിരോധശേഷിയും വ്യത്യസ്തമായിരിക്കും. സാധാരണ സ്ത്രീക്കുള്ള പ്രതിരോധശേഷി, ഒരു വൃദ്ധക്കോ ഗർഭിണിക്കോ ഉണ്ടാകണമെന്നില്ല. രോഗിയുടെ ജനിതകഘടന മുതൽ ഹോർമോണുകൾ അടക്കം പലവിധ കാര്യങ്ങളെ ആശ്രയിച്ചിരിക്കും ഈ ഹോസ്റ്റ് റെസ്പോൺസ്.
പ്രായപൂർത്തിയാകുമ്പോൾ
പ്രായപൂർത്തിയാകുന്നതോടെ പെൺകുട്ടികളുടെ ശരീരത്തിൽ സ്ത്രൈണ ഹോർമോണുകളുടെ ചരടുവലി തുടങ്ങുകയായി. ഇവ അണ്ഡാശയത്തിലും ഗർഭപാത്രത്തിലും മാത്രമല്ല, വായ്ക്കുള്ളിലെ ഉമിനീരിൽവരെ ചലനങ്ങളുണ്ടാക്കുന്നു. ഉമിനീരിൽ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളുടെ അളവുകളിൽ മാറ്റങ്ങൾ വരുത്താൻ ശക്തിയുള്ളവരാണ് ഈ ഹോർമോണുകൾ. പല പെൺകുട്ടികൾക്കും സ്ത്രീകൾക്കും മെൻസസിനോടൊപ്പം വായ്പുണ്ണുണ്ടാകുന്നു. മേജർ ആഫ്ത്തേ ഇനത്തിൽപെട്ട നീളവും വീതിയും എണ്ണവും കൂടുതലുള്ള വമ്പൻ പുണ്ണുകളാണ് അത്തരം സന്ദർഭങ്ങളിൽ കാണുന്നത്. വായിൽ എരിവും ചൂടും കൊള്ളാൻ ബുദ്ധിമുട്ടുണ്ടാവുന്നു. പേസ്റ്റോ ബ്രഷോ തട്ടിയാൽ നീറ്റലും വേദനയും ഉണ്ടാവും. ബ്രഷ് ചെയ്യാനോ ഭക്ഷണം കഴിക്കാനോ വയ്യാതെ സ്ത്രീകൾ കഷ്ടപ്പെടും.
മാസമുറയോടടുപ്പിച്ച് വായ് ഉപ്പിട്ട ചെറുചൂടുവെള്ളംകൊണ്ട് കഴുകുന്നതും മൗത്ത് വാഷ് ചെയ്യുന്നതും ഫലപ്രദമാണ്. കൂടെ അൽപം ബി വിറ്റമിനുകളും. അതിശക്തരായ ഹോർമോണുകളെ തോൽപിക്കാൻ ഇവർക്കൊന്നും കഴിയാതെ വരാറുണ്ട്. ബ്രഷിങ്ങിെൻറ കാര്യത്തിൽ ഒരു വീഴ്ചയും വരാതിരിക്കാൻ ശ്രദ്ധിക്കുക. ഭീമൻ പുണ്ണുകളിന്മേൽ ഇത്തരം അവസരങ്ങളിൽ അനെസ്തറ്റിക് ജെല്ലുകളോ മൗത്ത്വാഷുകളോ ഭക്ഷണത്തിനും ബ്രഷിങ്ങിനും മുമ്പ് ഉപയോഗിക്കുകയാണെങ്കിൽ ബുദ്ധിമുട്ടുകൾ കുറക്കാവുന്നതാണ്. ബ്രഷിങ്ങിന് അൽപം ശ്രദ്ധക്കുറവോ മടിയോ ഉള്ളവരിൽ ഈ സമയം പല്ല് കേടുവരുത്തുന്ന അണുക്കൾക്ക് പെറ്റുപെരുകാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഉണ്ടായിരിക്കും. വായ്നാറ്റവും ഉണ്ടാവും.
ഗർഭനിരോധന ഗുളികകൾ കഴിക്കുേമ്പാൾ
സ്ത്രീശരീരം യൗവനത്തിലേക്ക് കടന്നു എന്നിരിക്കട്ടെ. സ്ത്രൈണ ഹോർമോണുകളിൽ സ്വാധീനം ചെലുത്തുന്ന ഗർഭനിരോധന ഗുളികകൾ, വന്ധ്യത ചികിത്സകൾ എന്നിവയെല്ലാം അവരുടെ അണുബാധയോടുള്ള ഹോസ്റ്റ് റെസ്പോൺസിനെ ബാധിക്കുന്നു. ശരീരത്തിലെ കാൽസ്യത്തിെൻറ അളവിലും വ്യതിയാനങ്ങളുണ്ടാവാം. അത് പല്ലുകൾ കൂടുതലായി കേടുവരാൻ ഇടയാക്കുന്നു. അതുകൊണ്ട് ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്നവർ ദന്തപരിപാലനത്തിന് കൂടുതൽ ശ്രദ്ധ നൽകുക. ആറു മാസത്തിലൊരിക്കലെങ്കിലും ഡെൻറിസ്റ്റിനെ കണ്ടിരിക്കണം. പല്ലുകളിൽ വരുന്ന പോടുകൾ തുടക്കത്തിലേതന്നെ അടക്കാൻ ഇതുമൂലം സാധിക്കും. ചെക്കപ്പിനോടൊപ്പം ആവശ്യമെങ്കിൽ ക്ലീനിങ്ങും ചെയ്ത് ബാക്ടീരിയൽ ഇൻസൽട്ട് അഥവാ രോഗാണുവിെൻറ ആക്രമണോത്സുകത കുറക്കുന്നതും നല്ലതാണ്. മാർക്കറ്റിൽ ലഭിക്കുന്ന നല്ലയിനം പേസ്റ്റുകൾ ഡെൻറിസ്റ്റിനോട് ചോദിച്ചറിഞ്ഞ് ഉപയോഗിക്കുക.
ഗർഭകാലത്ത്
ഗർഭകാലം പല്ലുകളുടെ കാര്യത്തിൽ പഞ്ഞകാലമാണ്. സ്ത്രീയുടെ ശരീരത്തിൽ കാൽസ്യത്തിെൻറ അമിത ആവശ്യങ്ങൾ നേരിടുന്ന സമയം. തനിക്കും കുഞ്ഞിനും വേണ്ട കാൽസ്യം ഭക്ഷണത്തിലൂടെയോ കാൽസ്യംഗുളികയിലൂടെയോ അവൾ കണ്ടെത്തണം. ഗർഭകാലത്തുതന്നെ പിറക്കാൻ പോകുന്ന കുഞ്ഞിെൻറ മുളച്ചുവരാൻ പോകുന്ന പല്ലിെൻറ ഉറപ്പും ബലവും നിർണയിക്കപ്പെടുന്നതിനാൽ ഗൈനക്കോളജിസ്റ്റ് കുറിച്ചുതരുന്ന കാൽസ്യം ഗുളികകൾ പ്രസവംവരെ മുടങ്ങാതെ കഴിച്ചിരിക്കണം. പ്രസവം കഴിഞ്ഞ് ആറു മാസം വരെ അത് തുടർന്നാൽ ആ കാലയളവിൽ അമ്മയുടെ പല്ലുകളിൽ ഉണ്ടാവാൻ സാധ്യതയുള്ള റീമിനറലൈസേഷനെ ഒരു പരിധി വരെ തടയാം.
ഗർഭിണികളും ഗർഭം ധരിക്കാൻ ഉദ്ദേശിക്കുന്നവരും പല്ലുകൾ പോടടക്കാനും ക്ലീൻ ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കുക. ഗർഭകാലത്ത് മൂന്നു മുതൽ ഏഴു മാസം വരെയുള്ള കാലയളവിൽ പല്ലുപറിക്കൽ അടക്കം മിക്കവാറും എല്ലാ ദന്തചികിത്സകളും ഗൈനക്കോളജിസ്റ്റിെൻറ സമ്മതത്തോടെ ചെയ്യാവുന്നതാണ്. പ്രസവം കഴിഞ്ഞ് നാൽപത് (ദിവസം) വരെയും തൊണ്ണൂറ് വരെയും ദന്തചികിത്സ നീട്ടിവെക്കുന്നതിലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല.
ഗർഭിണികളിൽ ഉണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങൾ ചില പ്രത്യേകതരം മോണരോഗങ്ങൾക്ക് കാരണമാകുന്നു. Pregnancy gingivitis എന്നു വിളിക്കുന്ന ഈ അസുഖം മോണയിൽനിന്ന് ബ്രഷ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും രക്തം വരാൻ കാരണമാകുന്നു. മാത്രമല്ല, മോണവീക്കം ഉണ്ടാകാനും ചില സ്ത്രീകൾക്ക് മോണയിൽ ചെറിയ വളർച്ച ഉണ്ടായിവരാനും സാധ്യതയുണ്ട്. ഇതിനെ പ്രഗ്നൻസി ട്യൂമർ (Pregnancy tumour) എന്നാണ് പറയുക. ഇവയിൽനിന്ന് കഠിനമായ ബ്ലീഡിങ് ഉണ്ടാകാനും സാധ്യതയുണ്ട്. ഭക്ഷണസാധനങ്ങൾ ചവക്കുമ്പോൾ വേദനയോടുകൂടി ഇവയിൽനിന്ന് രക്തം വരും. മിക്കവാറും ഇവ പ്രസവം കഴിയുന്നതോടെ തനിയെ ചെറുതായി ഇല്ലാതാകാറുണ്ട്. ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെങ്കിൽ ഇവയെ നീക്കം ചെയ്യണ്ടതായിവരും. ഇതെല്ലാം അധികമായി കാണുന്നത് ദന്തശുചിത്വം കുറവുള്ള ഗർഭിണികളിലാണ്. അതുകൊണ്ട് ഗർഭകാലത്ത് വായ്, ദന്ത ശുചിത്വത്തിന് ഊന്നൽ നൽകേണ്ടതും ഡെൻറിസ്റ്റിനെ കണ്ട് ക്ലീനിങ് ചെേയ്യണ്ടതും അത്യാവശ്യമാണ്.
ഗർഭിണികളിൽ കാണുന്ന മറ്റു രണ്ടു പ്രശ്നങ്ങളാണ് വായ്നാറ്റവും പല്ലിന് പുളിപ്പും. തുടർച്ചയായ ഛർദിയുള്ളവരിൽ പല്ലുകളുടെ ഇനാമലിന് ഡീമിനറലൈസേഷൻ ഉണ്ടാവുന്നതുകൊണ്ട് പുളിപ്പുണ്ടാകാനുള്ള സാധ്യത കൂടുതലുണ്ട്. ഗർഭകാലത്ത് റീമിനറലൈസേഷൻ പേസ്റ്റ് ശീലമാക്കുന്നത് ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരമാവും. രണ്ടു നേരത്തെ ബ്രഷിങ്ങും മൗത്ത്വാഷിെൻറ ഉപയോഗവും വായ്നാറ്റം കുറക്കും.
ആർത്തവ വിരാമത്തിൽ
ചെറുപ്പകാലവും യൗവനവും കഴിഞ്ഞാലും സ്ത്രീയുടെ വായ് ഹോർമോണുകളുടെ പിടിയിൽനിന്ന് രക്ഷപ്പെടാറില്ല. മെനോപോസിനുശേഷം അധികം സ്ത്രീകളിലും കാണുന്ന പ്രശ്നങ്ങളാണ് മോണരോഗവും വായ്ക്കുള്ളിലെ നിർജലീകരണവും. കാൽസ്യം ശരീരത്തിൽ കുറഞ്ഞുവരുന്നതോടെ മോണക്ക് കേടുപാടുകൾ തുടങ്ങുന്നു. പല്ലുകൾ അകലുക, ഇളകുക, തള്ളിവരുക ഇതൊക്കെ സാധാരണം. പതിയെ മോണപ്പഴുപ്പ് വരുകയും മോണരോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു. ചെറുപ്പകാലത്ത് നേരേത്ത പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രായമാകുേമ്പാൾ ഇത് ഒഴിവാക്കാം.
എല്ലിനും പല്ലിനും ബലം നിലനിർത്താൻ കാൽസ്യം നിറഞ്ഞ ഭക്ഷണങ്ങളും ആവശ്യമെങ്കിൽ കാൽസ്യം ഗുളികകളും കഴിക്കാം. ഉറക്കക്കുറവും അമിതാശങ്കകളും ഒഴിവാക്കാൻ ശ്രമിക്കണം. വ്യായാമം മുടങ്ങാതെ ചെയ്യുക. ഇടക്ക് വായ് വല്ലാതെ ഉണങ്ങുന്നുണ്ടെങ്കിൽ വ്യായാമത്തിനിടയിൽ ഒാരോ ച്യൂയിംഗം ചവക്കുന്നതും നല്ലതാണ്. സ്ഥിരമായി ഡെൻറിസ്റ്റിനെ കണ്ട് പല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്താം. ക്ലീനിങ് ചെയ്യുന്നതിലൂടെ മോണക്ക് ആരോഗ്യം നിലനിർത്തുന്നതോടെ വെപ്പുപല്ലുകൾ ഇല്ലാതെ ജീവിക്കാൻ സഹായിക്കും. ഇനി പല്ലുകൾ നഷ്ടപ്പെട്ടാലും അവ തിരികെ പിടിപ്പിക്കാൻ എത്രയോ മാർഗങ്ങളുണ്ട്. താടിയെല്ലുകൾ ശോഷിച്ച് കവിളുകൾ ഒട്ടിപ്പോകാതിരിക്കാൻ പല്ലുകൾ തിരിച്ചുപിടിപ്പിച്ചേ മതിയാകൂ.
സ്ത്രീ പലഘട്ടങ്ങളിലൂടെ കടന്നുപോകുന്നവളാണ്. അതനുസരിച്ചുള്ള മാറ്റങ്ങളും അവളുടെ ശരീരത്തിൽ ഉണ്ടാവുന്നു. സ്വന്തം ശരീരത്തെ അറിഞ്ഞ് ജീവിക്കുകയാണെങ്കിൽ പ്രായമാകുന്ന ടെൻഷൻ ഇല്ലാതെ ചുറുചുറുക്കോടെ മുന്നേറാം. നന്നായി ശ്രദ്ധിച്ചാൽ എല്ലാഘട്ടങ്ങളിലും പ്രസരിപ്പോടെയും ആത്മവിശ്വാസത്തോടെയും ചിരിച്ചുകൊണ്ട് നീങ്ങാം.
തയാറാക്കിയത്: ഡോ. സ്മിത റഹ്മാൻ BDS
സീനിയർ ഡെൻറൽ സർജൻ
മൗലാന ഹോസ്പിറ്റൽ
പെരിന്തൽമണ്ണ, മലപ്പുറം
smitharahman@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.