കേരളത്തിൽ അഞ്ചിലൊരാൾക്ക് പ്രമേഹം; കൂടുതൽ സ്ത്രീകളിൽ
text_fieldsതിരക്കേറിയ ജീവിതശൈലിയുടെ ഉൽപന്നമായ പ്രമേഹത്തെക്കുറിച്ച് രോഗമുള്ളവരിൽ പലരും അജ്ഞരെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഏറ്റവുമൊടുവിലായി കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ഡോക്ടർമാരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഡയബറ്റിക് ഫോറം നടത്തിയ പഠനത്തിലാണ് 100 രോഗികളിൽ എട്ടുപേരും തങ്ങൾക്ക് പ്രമേഹമുള്ളതിനെക്കുറിച്ച് ബോധവാന്മാരല്ലെന്ന് കണ്ടെത്തിയത്. ഇതിൽതന്നെ 80 ശതമാനം പേരും സ്ത്രീകളാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഏറെപ്പേരും അസുഖം അവഗണിക്കുന്നു.
ലോകത്തുതന്നെ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിൽ പ്രമേഹം ബാധിക്കുന്നുണ്ട്. ഇക്കാരണത്താലാണ് ഈ വർഷം പ്രമേഹരോഗം സ്ത്രീകളിൽ എന്ന പ്രമേയത്തിൽ പ്രമേഹദിനം ആചരിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്. സംസ്ഥാനത്ത് പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ അഞ്ചിലൊരാൾക്ക് പ്രമേഹമുണ്ടെന്ന് തിരുവനന്തപുരത്തെ അച്യുതമേനോൻ സെൻറർ ഈയിടെ കണ്ടെത്തിയിരുന്നു. ഈ പഠന പ്രകാരം 45-69 പ്രായപരിധിയിലുള്ള ആളുകളിൽ മൂന്നിൽ രണ്ടുപേരും (67.7) പ്രമേഹമുള്ളവരോ പ്രാഥമിക പ്രമേഹമുള്ളവരോ (പ്രമേഹത്തിനു തൊട്ടുമുമ്പുള്ള ഘട്ടം) ആണ്.
മുമ്പ് ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരുടെ അസുഖങ്ങളിലൊന്നായിരുന്നു പ്രമേഹമെങ്കിൽ ഇന്ന് കുറഞ്ഞ വരുമാനമുള്ളവരിലും രോഗം വ്യാപകമായിരിക്കുന്നു. സാമ്പത്തികശേഷി കുറഞ്ഞവർ കൂടിയവരെ ജീവിതശൈലിയിൽ മാതൃകയാക്കാൻ തുടങ്ങിയപ്പോൾ, പണക്കാർ ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും രോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കു പിന്നാലെയാണ്.
പ്രമേഹ രോഗത്തിനുള്ള മരുന്നുകളുടെ പാർശ്വഫലങ്ങൾ കുറഞ്ഞുവെന്നതാണ് അടുത്തകാലത്തുണ്ടായ ഗുണപരമായ മാറ്റങ്ങളിലൊന്നായി പ്രമേഹ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുമ്പ് പല മരുന്നുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒറ്റയടിക്ക് കുറക്കുന്നതായിരുന്നുവെങ്കിൽ ഇന്നിറങ്ങുന്ന മരുന്നുകൾക്ക് ഇത്തരമൊരു പ്രത്യാഘാതമില്ല. ഹൃദയത്തെ ബാധിക്കുന്നതിനുള്ള സാധ്യതയും പുതിയ മരുന്നുകൾക്ക് കുറവാണെന്ന് റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ആർ.എസ്.എസ്.ഡി.ഐ) സംസ്ഥാന ചെയർമാൻ ഡോ. പി.കെ. ജബ്ബാർ പറയുന്നു. പ്രമേഹത്തിെൻറ ജനിതക കാരണങ്ങളെക്കുറിച്ച് ആർ.എസ്.എസ്.ഡി.ഐയുടെ ഫണ്ടിങ്ങിലൂടെ ശിശുക്കളിൽ പഠനം നടത്താനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.