വേണം വിവാഹ പൂര്‍വ വൈദ്യപരിശോധന
text_fieldsവിവാഹം സ്വര്‍ഗത്തില്‍ നടന്നാലും ജീവിതം ഭൂമിയില്‍ത്തന്നെ ജീവിച്ചു തീര്‍ക്കേണമല്ളോ. നമ്മുടെ നാട്ടില്‍ ഏറെയും, മാതാപിതാക്കള്‍ തീരുമാനിച്ച് ഉറപ്പിക്കുന്ന വിവാഹങ്ങളാണ്. വളരെയധികം തിരച്ചില്‍ നടത്തി, മതവും, ജാതിയും, കണക്കിലെടുത്ത്, വിദ്യാഭ്യാസവും, സാമ്പത്തികനിലയും, ഗ്രഹനിലയും എല്ലാം പരിഗണിച്ച് ഉറപ്പിക്കുന്ന വിവാഹത്തില്‍ വരന്‍െറ അല്ലെങ്കില്‍ വധുവിന്‍െറ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതേയില്ല. മാനസികവും ശാരീരികവുമായ ആശങ്കകളെ അകറ്റിനിര്‍ത്തി വേണം വിവാഹവേദിയിലേയ്ക്ക് കാല്‍വെക്കാന്‍. എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്തിരിയണം എന്നല്ല, മറിച്ച് അത് വിലയിരുത്തി പരിഹാരം കാണണം എന്നു മാത്രമാണ്.
ഭാവിയില്‍ ഒരു വിവാഹ മോചനത്തിലേക്ക് തന്നെ വഴി തെളിച്ചേക്കാവുന്ന ചില പ്രശ്നങ്ങളെങ്കിലും വിവാഹ പൂര്‍വ കൗണ്‍സിലിങ്ങിലൂടെയും വൈദ്യ പരിശോധനയിലൂടെയും പരിഹരിക്കാന്‍ കഴിയും. വിവാഹ പൂര്‍വ ആരോഗ്യ പരിശോധനയുടെയും കൗണ്‍സിലിങ്ങിന്‍േറയും പ്രാധാന്യം വളരെയധികമാണ്. വിവാഹത്തിലേക്ക് കടന്നുവരുന്ന വ്യക്തിക്ക് സാധാരണയായി രോഗലക്ഷണങ്ങള്‍ ഒന്നും കാണുകയില്ല. എന്നാല്‍ ഗര്‍ഭധാരണത്തിന് ശേഷം ഇവ മറനീക്കി പുറത്തുവരാം. ഉദാഹരണത്തിന് പ്രമേഹം. ഗര്‍ഭിണിയായതിനു ശേഷമാവും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ സാന്നിധ്യം മനസ്സിലാക്കുന്നത്. അപ്പോഴേക്കും ചികിത്സ തുടങ്ങേണ്ട സമയം വൈകിയെന്നുമിരിക്കും.
നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ ഇപ്പോള്‍ അടുത്ത രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം അപൂര്‍വമാണ്. എങ്കിലും പൂര്‍ണമായി തുടച്ചു മാറ്റപ്പെട്ടിട്ടുമില്ല. ജനിതകമായ പല വൈകല്യങ്ങളും ഇങ്ങനെ ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തില്‍ കൂടുതലായി പ്രതിഫലിക്കാറുണ്ട്. വിശദമായ ജനിറ്റിക് കൗൺസലിങ്ങ് ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രയോജനപ്പെടാം. ഈ വൈദ്യപരിശോധനയില്‍ ആദ്യമായി ചെയ്യുന്നത് വ്യക്തിയുടേയും കുടുംബത്തിന്‍റേയും മെഡിക്കല്‍ ചരിത്രം പരിശോധിക്കുകയാണ്. പെണ്‍കുട്ടിയുടെ ആര്‍ത്തവ ചക്രവും ക്രമവും വിശകലനം ചെയ്യും. അതുവഴി, അണ്ഡവിസര്‍ജ്ജനത്തില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ കണ്ടുപിടിക്കാനും പരിഹരിക്കാനും സാധിക്കുന്നു. പ്രഥമിക ശരീര പരിശോധനയോടൊപ്പം തന്നെ രക്ത പരിശോധനയുമുണ്ട്. ശരീര ഭാരം, രക്തസമ്മര്‍ദ്ദം, വിളര്‍ച്ച തുടങ്ങിയ സാമാന്യ കാര്യങ്ങളും ആവശ്യാനുസരണം മറ്റു പരിശോധനകളും ഉണ്ടായിരിക്കും.
രക്തപരിശോധനയില്‍ ഹീമോഗ്ളോബിന്‍െറ അളവ്, പഞ്ചസാരയുടെ അളവ്, വ്യക്കകളുടെ പ്രവര്‍ത്തനം എന്നിവ പരിശോധിക്കും. അതോടൊപ്പം തന്നെ ചില വൈറസുകളുടെ സാന്നിധ്യവും പരിശോധിക്കും. ഉദാഹരണത്തിന് ഹെപ്പറ്ററ്റെറ്റിസ് ബി എന്ന രോഗം ഇല്ളെന്ന് ഉറപ്പ് വരുത്തും. രക്ത ഗ്രൂപ്പ് അറിയാത്തവര്‍ വിരളമാണ്. എങ്കില്‍ തന്നെയും ചിലപ്പോഴെങ്കിലും നെഗറ്റീവ് ബ്ളഡ് ഗ്രൂപ്പ് അറിയാതെ പോവാറുണ്ട്. ഇത് ചിലപ്പോള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അള്‍ട്രാസൗണ്ട് സ്കാന്‍ വഴി ഗര്‍ഭപാത്രത്തെയും അണ്ഡാശയത്തെയും പഠിക്കുവാന്‍ സാധിക്കും. ഗര്‍ഭാശയമുഴകള്‍ അണ്ഡാശയത്തില്‍ കാണപ്പെടുന്ന സിസ്റ്റ് എന്നിവ കണ്ടുപിടിച്ച് തക്കസമയത്ത് ചികിത്സ നേടുന്നത് നന്നായിരിക്കും.
ചില മരുന്നുകള്‍ ഗര്‍ഭസ്ഥ ശിശുവിന് ഹാനികരമായേക്കാം. ഉദാഹരണത്തിന് അപസ്മാരത്തിന് കഴിക്കുന്ന ചില ഗുളികകള്‍ ഗര്‍ഭിണി ആകുന്നതിന് മുല്‍പു തന്നെ ഇത്തരം മരുന്നുകള്‍ വിദഗ്ധ നിര്‍ദ്ദേശ പ്രകാരം മാറ്റി പകരം കൂടുതല്‍ സുരക്ഷിതമായ മരുന്നുകള്‍ തുടുങ്ങാവുന്നതാണ്. ഉടനെ കുട്ടികള്‍ വേണ്ട എന്നു കരുതുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ സാധിക്കും. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അത് ഉപയോഗിക്കുവാന്‍ പാടില്ലാത്ത എന്തെങ്കിലും സാഹചര്യം നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ലൈംഗിക ജീവിതത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും ഉള്ള അനാവശ്യമായ ആശങ്കകള്‍ നീക്കി, ആത്മവിശ്വാസത്തോടെ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ വിവാഹപൂര്‍വ മെഡിക്കല്‍ ചെക്കപ്പും കൗസിലിങ്ങും വളരെ സഹായകമാണ്.
(ലേഖിക കോട്ടയം കിംസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.