Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightനട്ടെല്ലിന്‍റെ...

നട്ടെല്ലിന്‍റെ വൈകല്യങ്ങള്‍ ചികിത്സിച്ചുമാറ്റാം

text_fields
bookmark_border
നട്ടെല്ലിന്‍റെ വൈകല്യങ്ങള്‍ ചികിത്സിച്ചുമാറ്റാം
cancel

‘ഇവളോട് നേരേയിരിക്കാന്‍ ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാ, പക്ഷേ അവള്‍ അനുസരിക്കുന്നില്ല ഡോക്ടര്‍’ മകളെയും കൊണ്ട് ചികിത്സയ്ക്കത്തെിയപ്പോള്‍ മിസിസ് മേനോന് പറയാനുണ്ടായിരുന്ന ആദ്യ വാചകം ഇതായിരുന്നു. ‘ഇപ്പോഴവള്‍ക്ക് ഇതാ ചെറിയ കൂന് ഉണ്ടായിരിക്കുന്നു’ മകളെ ചൂണ്ടിക്കാട്ടി അവര്‍ തുടര്‍ന്നു. അമ്മക്ക് നിറുത്താന്‍ ഭാവമില്ളെന്നു കണ്ട മകളാകട്ടെ ചൂളി ഇരുന്നു. പരിശോധനകള്‍ക്കു ശേഷമെടുത്ത എക്സ്-റേയില്‍ നട്ടെല്ലിന് സ്കോളിയോസിസ് എന്നു വിളിക്കുന്ന ചെറിയ വൈകല്യമുണ്ടെന്നു കണ്ടത്തെി.

കശേരുക്കള്‍ (വെര്‍ട്ടിബ്ര) എന്നു വിളിക്കുന്ന ചെറിയ എല്ലുകള്‍ കൊണ്ടാണ് നമ്മുടെ നട്ടെല്ല് രൂപപ്പെടുത്തിയിരിക്കുന്നത്. പേശികളും ഞരമ്പുകളും കൊണ്ടാണ് അവയെ തമ്മില്‍ ചേര്‍ത്തു വച്ചിരിക്കുന്നത്. പരന്ന ഡിസ്കുകള്‍ ഓരോ വെര്‍ട്ടിബ്രയെയും തമ്മില്‍ വേര്‍തിരിക്കുകയും അവയ്ക്കിടയില്‍ ഒരു കുഷ്യന്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഓരോ വെര്‍ട്ടിബ്രയും വ്യത്യസ്തമായതിനാല്‍ നട്ടെല്ല് നല്ല വഴക്കമുള്ള അവയവമാണ്. മുന്നില്‍ നിന്ന് നോക്കിയാല്‍ നട്ടെല്ല് നേരേ നില്‍ക്കുകയാണെന്നു തോന്നും. എന്നാല്‍, വശത്തു നിന്നു നോക്കിയാല്‍, ആരോഗ്യമുള്ള ഒരു നട്ടെല്ലില്‍ വിവിധ വളവുകള്‍ കാണാന്‍ സാധിക്കും. കഴുത്തിന്‍്റെ (സെര്‍വിക്കല്‍) ഭാഗത്ത് നട്ടെല്ലിന് മുന്‍പോട്ട് അല്‍പം വളവുണ്ട്. നെഞ്ചിന്‍റെ (തൊറാസിക്) ഭാഗത്ത് നട്ടെല്ലിന് പിന്നോട്ടാണ് വളവ്. താഴെ ഭാഗത്താകട്ടെ (ലംബാര്‍) വളവ് മുന്നോട്ടാണ്.

നട്ടെല്ലിന്‍റെ സാധാരണ രൂപത്തിനു മാറ്റം വരികയും വളവുകള്‍ സാധാരണയിലും വലുതാവുകയും ചെയ്യുമ്പോള്‍ അതു പ്രശ്നമുണ്ടാക്കുന്നതാകും. രണ്ടു തരത്തിലാണ് നട്ടെല്ലിന്‍റെ വൈകല്യങ്ങള്‍ കാണപ്പെടുക. മുന്നില്‍നിന്നു നോക്കുമ്പോള്‍ വശങ്ങളിലേക്ക് വളവ് കാണപ്പെടുന്നതിനെ സ്കോളിയോസിസ് എന്നു പറയും. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ മുന്നില്‍ നിന്ന് പിന്നിലേക്കുള്ള കൂനുപോലെ കാണപ്പെടുന്നതിനെ കൈഫോസിസ് അല്ളെങ്കില്‍ ലോര്‍ഡോസിസ് എന്നും അറിയപ്പെടുന്നു. നട്ടെല്ലിന് ചെറിയ തോതിലുള്ള രൂപഭ്രംശം ഉണ്ടാകുന്നത് സാധാരണമാണെങ്കിലും അതു വലുതാകുകയാണെങ്കില്‍ മരുന്നു ചികിത്സയോ ശസ്ത്രക്രിയയോ വേണ്ടിവന്നേക്കാം.

നട്ടെല്ലിന്‍റെ വൈകല്യങ്ങള്‍ക്ക് പല കാരണങ്ങള്‍

നട്ടെല്ല് അസ്വാഭാവിക രീതിയില്‍ വളരാന്‍ ഇടവരുത്തുന്ന കാരണങ്ങള്‍ ജന്മനാ ഉണ്ടാകാം. ഇതിനെ കണ്‍ജനീറ്റല്‍ സ്കോളിയോസിസ് എന്നും കണ്‍ജനീറ്റല്‍ കൈഫോസിസ് എന്നും വിളിക്കുന്നു. നാഡിക്കോ പേശിക്കോ ഉണ്ടാകുന്ന രോഗങ്ങളും പരിക്കുകളും സെറിബ്രല്‍ പാള്‍സി പോലുള്ള അസുഖങ്ങളും കാരണമാണിത്. നട്ടെല്ലും സ്പൈനല്‍ കനാലും ജനനത്തിനു മുന്‍പേ അടയാത്തത് മെയ്ലോമെനിന്‍ജോസീല്‍ എന്ന അവസ്ഥയുണ്ടാക്കും. ഇതും നട്ടെല്ലിന്‍െറ വൈകല്യത്തിനിടയാക്കും. ഒരുതരം വാതം നട്ടെല്ലിനെ ബാധിക്കാം. അന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ് എന്നറിയപ്പെടുന്ന അവസ്ഥ മൂലം നട്ടെല്ലിന് ഒന്നിലധികം പരിക്കുകള്‍ ഉണ്ടാകാം. എന്നാല്‍, 80 ശതമാനം പേരിലും പൊതുവായി കാണപ്പെടുന്നത് പ്രത്യേകിച്ച് ഒരു കാരണമില്ലാതെ നട്ടെല്ലിന്‍െറ ശരിയായ വളര്‍ച്ചയെ ബാധിക്കുന്ന ഇഡിയോപ്പതിക്് സ്കോളിയോസിസ് എന്ന അവസ്ഥയാണ്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ നട്ടെല്ല് നേരെ വളരാതിരിക്കുന്നതാണ് ഈ അവസ്ഥ.

സ്കോളിയോസിസ് അപൂര്‍വമായ അവസ്ഥയല്ല. നൂറില്‍ മൂന്നു പേര്‍ക്ക് ഇതു കാണപ്പെടാറുണ്ട്. ആണ്‍കുട്ടികളേക്കാള്‍ അഞ്ചു മുതല്‍ എട്ടു മടങ്ങു വരെ പെണ്‍കുട്ടികളിലാണ് അവസ്ഥ കൂടുതലായി കാണുക. വൈകല്യമുള്ളത് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും വലിയ പ്രശ്നമായി തോന്നാറില്ല. എന്നാല്‍, നട്ടെല്ലിന്‍െറ വളവ് കൂടിവരുന്നത് നിരീക്ഷിക്കുകയും ചികിത്സിക്കുകയും വേണം. ചെറുപ്പത്തിലേ നട്ടെല്ലിന്‍െറ വളവ് കണ്ടത്തെി ചികിത്സിച്ചാല്‍ മുതിരുമ്പോള്‍ ഇതൊരു പ്രശ്നമാകുന്നതു തടയാന്‍ സാധിക്കും. ലഘുവോ ഗൗരവമുള്ളതോ ആയ സ്കോളിയോസിസ് ഉള്ള മുതിര്‍ന്നവര്‍ക്ക് നട്ടെല്ലിന്‍െറ വളവ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് വൈരൂപ്യത്തിനു മാത്രമല്ല, പുറം വേദനയ്ക്കുമിടയാക്കും. വളരെ ഗുരുതരമായ കേസുകളില്‍ ഇവര്‍ക്ക് ശ്വാസതടസമുണ്ടാകാനും സാധ്യതയുണ്ട്. ശൈശവത്തിലോ കൗമാരകാലത്തിന്‍െറ ആരംഭത്തിലോ ഫലിക്കുന്നതു പോലെ നട്ടെല്ലിന്‍െറ വളവിന്‍െറ ചികിത്സ മുതിര്‍ന്ന ശേഷം ഫലിക്കില്ല. ചെറുപ്പത്തിലേ ഇതു കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ മുതിര്‍ന്നശേഷം ഇതൊരു പ്രശ്നമാകുന്നതു തടയാനാവും.

ചികിത്സ

വളവിന്‍െറ സ്ഥാനവും ഗൗരവവും ആശ്രയിച്ചിരിക്കും ബാല്യകാലത്തും കൗമാരത്തിന്‍െറ തുടക്കത്തിലുമുള്ള ചികിത്സ.  നട്ടെല്ലിനെ നേരേ നില്‍ക്കാന്‍ സഹായിക്കുന്ന ബ്രേസ് കെട്ടിവയ്ക്കുന്നത് വഴി വളരുന്ന പ്രായത്തില്‍ വളവിന് പരിഹാരം കാണാനോ വളവ് കൂടി വരുന്നതു തടയാനോ സഹായിക്കും. മുതുകിലെ പേശികള്‍ക്ക് കരുത്ത് വര്‍ധിപ്പിക്കാനുള്ള വ്യായാമ പദ്ധതിയാണ് മറ്റൊരു മാര്‍ഗം. ചില കേസുകളില്‍ ബ്രേസ് ഇടുന്നതു കൊണ്ട് ഫലമില്ലാതെ വരികയോ വളവ് തുടര്‍ന്നും ഉണ്ടാവുകയോ ചെയ്താല്‍ ശസ്ത്രക്രിയയാണ് മാര്‍ഗം. 

വളവ് നിവര്‍ത്തുകയും നട്ടെല്ലിന്‍്റെ കശേരുക്കള്‍ വിട്ടുമാറാതെ ഉറപ്പിച്ചു നിറുത്തുകയുമാണ് ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. ദണ്ഡ് നട്ടെല്ലില്‍ ഘടിപ്പിച്ചാണ് കറക്ഷന്‍ വരുത്തുന്നത്. ധാരാളം ഹുക്കുകള്‍, സ്ക്രൂകള്‍, വയറുകള്‍ എന്നിവ ഉപയോഗിച്ചാണ് ദണ്ഡ് നട്ടെല്ലുമായി ഘടിപ്പിക്കുന്നത്. ഇങ്ങനെ ഘടിപ്പിക്കുന്നതിനെ ഇന്‍േറണല്‍ ഫിക്സേഷന്‍ എന്നു പറയും. ഫ്യൂഷന്‍ ഫലവത്തായി ഉറക്കുന്നതു വരെ ഫിക്സേഷന്‍ അതിന് താങ്ങായി ഉണ്ടാവും. എല്ലില്‍ നിന്നുള്ള ഗ്രാഫ്റ്റ് വസ്തുവാണ് ഫ്യൂഷനിലൂടെ കശേരുക്കള്‍ ഒട്ടിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുക.

മുതിര്‍ന്ന ശേഷമുണ്ടാകുന്ന സ്കോളിയോസിസ് കുട്ടിക്കാലത്തെ നട്ടെല്ല് വളവിന്‍െറ ബാക്കിയാവാം. ഡിസ്കിന്‍െറ ക്ഷയം, നട്ടെല്ലിന്‍െറ സന്ധിവാതം എന്നിവ മൂലം യൗവ്വനാരംഭത്തിലും വളവുണ്ടാകാം. മുതിര്‍ന്നവരില്‍ സ്കോളിയോസിസ് മൂലമുണ്ടാകുന്ന പുറംവേദന നിയന്ത്രിക്കാന്‍ മരുന്ന്, വ്യായാമം, ഫിസിക്കല്‍ തെറാപ്പി, ബ്രേസ് ഘടിപ്പിക്കല്‍, ശരീരഭാരം കുറക്കല്‍ എന്നിവ പരീക്ഷിക്കാറുണ്ട്. കടുത്ത വേദനയുണ്ടാവുക, അസ്ഥിവ്യുഹം പൂര്‍ണമായും വളര്‍ന്നശേഷവും വളവ് തുടര്‍ന്നുകൊണ്ടിരിക്കുക എന്നീ അവസ്ഥകളിലേ മുതിര്‍ന്നവരില്‍ സ്കോളിയോസിസിന് സര്‍ജറി നടത്താറുള്ളൂ.

ഓപ്പറേഷനു ശേഷം ഫ്യൂഷനിലൂടെ കശേരുക്കള്‍ പൂര്‍ണമായും ഒന്നിച്ചു ചേര്‍ന്നുവെന്ന് എക്സ്-റേ പരിശോധനയിലൂടെ വ്യക്തമായാലേ രോഗികള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാനാവൂ. അതിന് ഏതാനും മാസങ്ങള്‍ വേണ്ടിവരും. സ്കോളിയോസിസിന് സര്‍ജറി വിജയപ്രദവും ഫലവത്തുമാണ്. ഭൂരിപക്ഷം രോഗികള്‍ക്കും വേദനയില്‍ കാര്യമായ കുറവുണ്ടാവുകയും ആകാരഭംഗി തിരിച്ചുകിട്ടുകയും ചെയ്യും.

(ലേഖകന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഓര്‍ത്തോ, സ്പൈന്‍ സര്‍ജനാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:orthopedicspine problems
Next Story