ടെന്ഷന് കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...!
text_fieldsഒരു ശരാശരി മലയാളി ഇന്ന് നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധനപ്പെട്ടതാണ് ടെന്‍ഷന്‍ അഥവാ മാനസിക സംഘര്‍ഷം. കേരളത്തെ ഒരു ‘ടെന്‍ഷന്‍ ഫാക്ടറി’ എന്നാണ് പ്രമുഖ മനോരോഗവിദഗ്ധനും കോളമിസ്റ്റുമായ ഡോ. സി.ജെ. ജോണ്‍ ഈയിടെ വിശേഷിപ്പിച്ചത്. ദൈനംദിന ജീവിതത്തിനിടയില്‍ ടെന്‍ഷനെക്കുറിച്ച് പരാതിപ്പെടാത്തവരുണ്ടാവില്ല. എല്‍.കെ.ജി ക്ളാസിലെ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറിയവര്‍ വരെ ടെന്‍ഷന്‍െറ പിടിയിലാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വകഭേദമില്ലാതെ ടെന്‍ഷനടിച്ചു കഴിയുന്നവരാണ് അധികപേരും.
എന്താണ് ടെന്‍ഷന്‍...? മാനസിക സംഘര്‍ഷം അഥവാ മനസ്സിന്‍െറ പിരിമുറുക്കമാണിത്. ഒരു വ്യക്തി നേരിടുന്ന ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് മനസ്സ് നിരന്തരം സംഘര്‍ഷഭരിതമാകുമ്പോള്‍, അത് ദൈനംദിന ജീവിതത്തെ ബാധിക്കാന്‍ തുടങ്ങുമ്പോള്‍ ആ വ്യക്തി ടെന്‍ഷന് വിധേയമായി എന്ന് കരുതാം.
ജീവിതത്തിന് വേഗമേറുകയും എല്ലാ രംഗത്തും മത്സരം ഉടലെടുക്കുകയും സമൂഹം പൊതുവെ സ്വാര്‍ഥതയിലേക്ക് വഴിമാറുകയും ചെയ്തതോടെയാണ് വ്യക്തികള്‍ ടെന്‍ഷന് അടിമപ്പെടാന്‍ തുടങ്ങിയതെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരും മന$ശാസ്ത്ര വിദഗ്ധരും കരുതുന്നത്. സഹവര്‍ത്തിത്വത്തിന് പകരം ഓരോരുത്തരും സ്വന്തംകാര്യം നോക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ പിന്തള്ളപ്പെടുമോ എന്ന ഭയം ഭൂരിപക്ഷത്തിനെയും ബാധിച്ചു തുടങ്ങി. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് തനിക്കങ്ങനെയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം താമസിയാതെ ടെന്‍ഷന് വഴിമാറുന്നു. തന്‍െറ കഴിവിനെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവുമ്പോള്‍, തനിക്ക് അര്‍ഹതയുള്ളതിനേക്കാള്‍ കൂടുതല്‍ ലഭിക്കണമെന്ന് ആഗ്രഹം ഉള്ളില്‍ വളരുമ്പോള്‍ ഒരു വ്യക്തി ടെന്‍ഷന്‍െറ പാതയിലേക്ക് പതുക്കെ നടന്നടുക്കുകയാണ്.
എല്ലാ ദാരിദ്ര്യങ്ങള്‍ക്കുമിടയിലും വൈകാരികമായ ഒരു സുരക്ഷിതത്വം പണ്ടുള്ളവര്‍ അനുഭവിച്ചിരുന്നു. ഒരു വ്യക്തിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ കുടുംബമോ സമൂഹമോ ഇടപെട്ടായിരുന്നു അതിനെ നേരിട്ടിരുന്നത്. എന്നാല്‍, ഇന്ന് കഥയാകെ മാറി. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാത്തവണ്ണം ഓരോരുത്തരും സ്വന്തം പ്രശ്നങ്ങളില്‍ പെട്ട് ഉഴറുകയാണ്.
കുടുംബത്തിനകത്തും തൊഴിലിടങ്ങളിലും പൊതുരംഗത്തും പ്രശ്നങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പരസ്പരം സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിന് പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് എല്ലായിടത്തും. വലിയൊരളവ് ദാമ്പത്യങ്ങളും പ്രശ്നകലുഷിതങ്ങളാണ്. അതുകൊണ്ടുതന്നെ മനസ്സിന്‍െറ സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. മറിച്ച് ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനും വെല്ലുവിളികളെ അതിജീവിക്കാനും വ്യക്തികള്‍ സജ്ജരാവുകയാണ് വേണ്ടത്.
ടെന്‍ഷനെ അതിജീവിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ടെന്‍ഷന്‍െറ കാരണം കണ്ടെത്തി അതിനെ വിശകലനം ചെയ്യുക എന്നതാണ്. കാരണം കണ്ടെത്തുന്നതോടെ പ്രശ്നപരിഹാരത്തിന് പലപ്പോഴും വഴിതെളിയാനുള്ള സാധ്യത വര്‍ധിക്കും. ഇതുതന്നെ ടെന്‍ഷന്‍ കുറയാന്‍ കാരണമായിത്തീരും. എന്തെങ്കിലും രീതിയില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ടെന്‍ഷന്‍ അതോടെ അവസാനിക്കുകയും ചെയ്യും. പരിഹരിക്കാന്‍ കഴിയില്ലെന്ന് തോന്നുന്ന പ്രശ്നങ്ങള്‍ വിശ്വസ്തരായ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പങ്കുവെച്ചാലും മനസ്സിന്‍െറ ഭാരം കുറയും. ജീവിതത്തില്‍ ഒറ്റക്കല്ലെന്ന തോന്നലുണ്ടാവുന്നതാണ് ഇവിടെ തുണയാവുന്നത്.
മനസ്സിന്‍െറ ഭാരംകുറക്കാന്‍ നൂറ്റാണ്ടുകളായി മനുഷ്യന്‍ പിന്തുടരുന്ന മാര്‍ഗമാണ് ഭക്തിയുടെ വഴി. വാര്‍ധക്യത്തില്‍ പലരും ഭക്തിയുടെ വഴി തേടുന്നത് ഒറ്റപ്പെടലും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്ന ടെന്‍ഷനുകളെ അതിജീവിക്കാനാണ്. തന്‍െറ പ്രശ്നങ്ങള്‍ ഈശ്വരനില്‍ അര്‍പ്പിക്കുക വഴി വലിയൊരു ആശ്വാസമാണ് ഇതിലൂടെ ലഭിക്കുക.
മനസ്സ് സംഘര്‍ഷങ്ങളില്‍ ഉഴറുമ്പോള്‍ സന്തോഷം നല്‍കിയ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നത് ആശ്വാസം നല്‍കുമെന്ന് മന$ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവിതത്തിലെ നേട്ടങ്ങളും വിജയങ്ങളും ആഹ്ളാദം നല്‍കുന്ന സംഭവങ്ങളും ഓര്‍ക്കുമ്പോള്‍ മനസ്സിന്‍െറ സമ്മര്‍ദം കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ശ്രുതിമധുരമായ ഗാനങ്ങള്‍ കേള്‍ക്കുന്നതും പ്രശ്നങ്ങളെല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് ഇഷ്ടപ്പെട്ടവരോടൊപ്പം ഉല്ലാസയാത്ര നടത്തുന്നതും ടെന്‍ഷന്‍െറ അളവ് കുറക്കും.
മനസ്സിന് പ്രയാസമുണ്ടാകുമ്പോള്‍ അറിയാതെ നെടുവീര്‍പ്പിട്ടുപോകുന്നത് സ്വാഭാവികമാണ്. യഥാര്‍ഥത്തില്‍ ഇത് അറിയാതെ സംഭവിക്കുന്ന കാര്യമല്ല. ടെന്‍ഷനെ നേരിടാനായി ശരീരം സൃഷ്ടിക്കുന്ന രക്ഷാമാര്‍ഗമാണിത്. നെടുവീര്‍പ്പിലൂടെ കൂടുതല്‍ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ അധികതോതില്‍ ഓക്സിജന്‍ ശ്വാസകോശത്തിലെത്തുകയും അത് ശരീരകോശങ്ങളിലെത്തി മനസ്സിന് ചെറിയതോതില്‍ ആശ്വാസം നല്‍കുകയും ചെയ്യും.
യോഗയിലൂടെയും പ്രാണായാമം പോലുള്ള ശ്വസന വ്യായാമത്തിലൂടെയും മനസ്സിന് വിശ്രാന്തി ലഭിക്കുമെന്ന് പറയുന്നതിന് പിറകിലെ ശാസ്ത്രം ഇതാണ്. ചിലതരം വ്യായാമ മുറകളും മനസ്സിനെ ശാന്തമാക്കാനുപകരിക്കും.
പൂച്ചെടികള്‍ നട്ടുവളര്‍ത്തുക, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുക, അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുക തുടങ്ങി അവരവര്‍ക്കിഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും ടെന്‍ഷന്‍ കുറക്കാന്‍ സഹായിക്കും.
ജീവിതത്തില്‍ സത്യസന്ധതയും ധാര്‍മികതയും വെച്ചു പുലര്‍ത്തുന്നവര്‍ക്കും മനസ്സില്‍ രഹസ്യങ്ങളില്ലാത്തവര്‍ക്കും ടെന്‍ഷനെ പേടിക്കേണ്ടെന്നാണ് മതഗ്രന്ഥങ്ങള്‍ പറയുന്നത്.
അതേസമയം, ടെന്‍ഷന്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും അത് നിത്യജീവിതത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ ഉടന്‍ ഒരു സൈക്കോളജിസ്റ്റിന്‍െറയോ സൈക്യാട്രിസ്റ്റിന്‍െറയോ സഹായം തേടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.