Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമൈക്രോവേവ് പാചകം ...

മൈക്രോവേവ് പാചകം ആരോഗ്യകരമോ?

text_fields
bookmark_border
മൈക്രോവേവ് പാചകം  ആരോഗ്യകരമോ?
cancel
അതിവേഗം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് 88 ശതമാനമാണ് കേരളത്തിന്‍െറ നഗരജനസംഖ്യയുടെ വര്‍ധന. ഈ തിരക്കിട്ട ജീവിതത്തിനിടയില്‍ കരിയിലും പുകയിലുംനിന്ന് പാചകം ചെയ്യാനോ നീണ്ട മണിക്കൂറുകള്‍ പാചകത്തിന് ചെലവഴിക്കാനോ നമുക്ക് കഴിയില്ല. ആധുനീകരണത്തിന്‍െറ ഭാഗമായി നമ്മുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു ‘മൈക്രോവേവ് ഓവന്‍’. പദാര്‍ഥങ്ങള്‍ എളുപ്പം ചൂടാക്കാന്‍ മാത്രമല്ല, എണ്ണയുടെ ഉപയോഗം കുറക്കാനും ആഹാരസാധനങ്ങള്‍ എളുപ്പം പാചകംചെയ്യാനും ഈ ഉപകരണം സഹായിക്കും. ഇതിന്‍െറ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നും അല്ലെന്നുമുള്ള അനേകം റിപ്പോര്‍ട്ടുകള്‍ നമുക്ക് ലഭ്യമാണ്. എന്താണ് സത്യം, ഏതിനെയാണ് വിശ്വസിക്കേണ്ടത് എന്നത് പലപ്പോഴും നമുക്ക് ആശയക്കുഴപ്പമുണ്ടാക്കും. അതിനാല്‍ ലോകാരോഗ്യ സംഘടന (World Health Organization) പുറത്തുവിട്ട വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.
വൈദ്യുതകാന്തിക തരംഗങ്ങള്‍ ഉപയോഗിച്ചാണ് മൈക്രോവേവില്‍ ആഹാരം പാചകംചെയ്യു'ന്നത്. ഇതേ വൈദ്യുത കാന്തിക തരംഗങ്ങള്‍തന്നെയാണ് നമ്മള്‍ വിമാനത്തിലും കപ്പലിലും ആശയവിനിമയത്തിനും റഡാറിലും മറ്റും ഉപയോഗിക്കുന്നത്. നമ്മുടെയൊക്കെ സന്തതസഹചാരിയായ സെല്‍ഫോണിലും വൈദ്യുതകാന്തിക തരംഗങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഇവയുടെയൊക്കെ ആവൃത്തിയില്‍ (Frequency) മാറ്റമുണ്ടാകാം. ഏകദേശം 2450 മെഗാ ഹെര്‍ട്സ് ആവൃത്തിയുള്ള തരംഗങ്ങളാണ് മൈക്രോവേവില്‍ ഉപയോഗിക്കുന്നത്. വൈദ്യുതിയുടെ ഉപയോഗം 500-1100 watts വരെയാണ്.
ലോഹംകൊണ്ടുള്ള ഒരു പെട്ടിയാണ് മൈക്രോവേവ് ഓവന്‍. ഇതിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ‘കാവിറ്റി മാഗ്നട്രോണ്‍’ എന്ന ഉപകരണം വൈദ്യുതിയെ മൈക്രോവേവ് ആയി മാറ്റുന്നു. പെട്ടിയുടെ മുന്‍വശത്തായി സുതാര്യമായ ലോഹത്തകിടോടുകൂടിയ ഒരു ഗ്ളാസ് വാതിലുണ്ട്. ഇത് മൈക്രോവേവിനെ പുറത്തേക്ക് വിടാതെ സംരക്ഷിക്കും. എക്സ്റേ കണ്ടുപിടിച്ചതുപോലെതന്നെ ആകസ്മികമായാണ് മൈക്രോവേവിനും പാചകംചെയ്യാന്‍ കഴിയുമെന്ന് 1947ല്‍ പേഴ്സി സ്പെന്‍സര്‍ എന്ന എന്‍ജിനീയര്‍ കണ്ടുപിടിച്ചത്.
ലോഹത്തകിടുകള്‍ ഈ മൈക്രോവേവ് തരംഗങ്ങളെ കടത്തിവിടില്ല. പകരം അതിനെ പ്രതിഫലിപ്പിക്കും. ചില പദാര്‍ഥങ്ങള്‍ ഈ വൈദ്യുതകാന്തിക തരംഗങ്ങളെ ആഗിരണം ചെയ്യുന്നു. അങ്ങനെ ഇതിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ള ഒരു പദാര്‍ഥമാണ് ജലം. അതിനാല്‍ ജലാംശമുള്ള ഏത് ആഹാരപദാര്‍ഥവും ഓവനില്‍ പാചകം ചെയ്യാം. അങ്ങനെ പാചകംചെയ്യുമ്പോള്‍ ഈ കാന്തികതരംഗങ്ങള്‍ ആഹാരപദാര്‍ഥത്തിന്‍െറ ഉള്ളില്‍ എത്തി അതിലെ മുഴുവന്‍ ജലതന്മാത്രകളെയും കമ്പനം ചെയ്യിപ്പിക്കുന്നു. ഈ തന്മാത്രകള്‍ തമ്മില്‍ ഉരസുമ്പോഴാണ് ചൂടുണ്ടാകുന്നത്. സാധാരണ നമ്മള്‍ പാചകം ചെയ്യുന്നതിനേക്കാള്‍ താഴ്ന്ന താപനിലയിലാണ് മൈക്രോവേവില്‍ ആഹാരപദാര്‍ഥങ്ങള്‍ പാചകംചെയ്യപ്പെടുന്നത്. കൂടാതെ, പാചകം ചെയ്യപ്പെടുന്ന വസ്തുവിന്‍െറ ഉള്ളുവരെ ഈ തരംഗങ്ങള്‍ എത്തുന്നതിനാല്‍ അതിന്‍െറ പുറവും അകവുമൊക്കെ ഒരുപോലെ വെന്തുകിട്ടും. പൊതുവെ പറഞ്ഞാല്‍, മൈക്രോവേവ് കുക്കിങ് ആരോഗ്യത്തിന് ഹാനികരമല്ല.
സാധാരണത്തേതിനേക്കാള്‍ സൗകര്യപ്രദമാണ് മൈക്രോവേവ് വഴിയുള്ള പാചകം; സമയക്കുറവും. ആഹാരപദാര്‍ഥങ്ങളുടെ പോഷകമൂല്യം ഒട്ടുതന്നെ നഷ്ടപ്പെടുകയില്ല. എന്നാല്‍, മൈക്രോവേവില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.
നല്ല ഓവനുകള്‍ മാത്രം ഉപയോഗിക്കുക. പൊട്ടിയതോ പഴകിയതോ ആയ മൈക്രോവേവ് ഓവനുകള്‍ ഉപയോഗിക്കരുത്.
ഓവന്‍ കേടായാല്‍, യോഗ്യതയുള്ള എന്‍ജിനീയര്‍മാരെക്കൊണ്ടുമാത്രം അറ്റകുറ്റപ്പണി നടത്തുക.
ലോഹപാത്രങ്ങള്‍ മൈക്രോവേവിനെ കടത്തിവിടില്ല. അതിനാല്‍ അതിനുള്ളില്‍ ആഹാരപദാര്‍ഥങ്ങള്‍ പാചകം ചെയ്യാന്‍ പാടില്ല, കഴിയില്ല.
അലൂമിനിയം ഫോയിലുകളില്‍ പൊതിഞ്ഞ് ആഹാരപദാര്‍ഥങ്ങള്‍ ചൂടാക്കാന്‍ ശ്രമിക്കരുത്. അവ മാറ്റിയതിനുശേഷം മാത്രം ഉള്ളില്‍വെച്ച് ചൂടാക്കുക.
മൈക്രോവേവ് ഓവന്‍െറ വാതില്‍ ഭദ്രമായി അടച്ചതിനുശേഷം മാത്രമേ അത് പ്രവര്‍ത്തിപ്പിക്കാവൂ. എപ്പോഴും ഓഫാക്കിയതിനുശേഷം മാത്രം വാതില്‍ തുറക്കുക.
നിര്‍മാതാക്കളുടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക.
മൈക്രോവേവ് ഓവനില്‍ പാചകം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ഗ്ളാസ് പാത്രങ്ങള്‍ അധികം ചൂടാകില്ല. എന്നാല്‍, പാചകം ചെയ്യപ്പെടുന്ന പദാര്‍ഥങ്ങള്‍ക്ക് നല്ല ചൂടായിരിക്കും. അവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പൊള്ളലേല്‍ക്കും.
Microwave safe എന്നെഴുതിയ ഗ്ളാസ് പാത്രങ്ങള്‍ മാത്രമേ പാചകത്തിനായി ഉപയോഗിക്കാന്‍ പാടുള്ളൂ. പ്ളാസ്റ്റിക് പോലുള്ളവ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം മാത്രമല്ല, ചിലപ്പോള്‍ തീപിടിത്തത്തിനും കാരണമായേക്കാം.
ഓവനില്‍ വെള്ളം ചൂടാക്കുമ്പോള്‍ സാധാരണ വെള്ളം തിളക്കുന്നതുപോലെ തിളക്കാറില്ല. എന്നാല്‍, ഈ വെള്ളം വെളിയിലെടുത്ത് അതിനുള്ളില്‍ ഒരു സ്പൂണോ മറ്റോ ഇട്ടാല്‍ ഉടനെ തിളച്ചുതുടങ്ങും. അതായത്, സാധാരണ തിളക്കുന്ന വെള്ളത്തേക്കാള്‍ ഇത് ചൂടായിരിക്കും. അതിനാല്‍ സൂക്ഷിക്കണം.
തോടോടുകൂടിയ മുട്ട, സോസേജ് തുടങ്ങിയവ ചിലപ്പോള്‍ പൊട്ടിത്തെറിക്കാം.
മുട്ട ബുള്‍സ്ഐ ഓവനില്‍ ഉണ്ടാക്കരുത്. പലപ്പോഴും അത് പൊട്ടിത്തെറിച്ച് കുട്ടികളുടെ കണ്ണുകള്‍ക്ക് തകരാറ് സംഭവിക്കാം.
എണ്ണയില്‍ മുക്കി വറുക്കുകയോ പൊരിക്കുകയോ ചെയ്യാന്‍ ഇത് ഉപയോഗിക്കരുത്.
അരി, പയര്‍, പരിപ്പ് മുതലായവ നന്നായി കുതിര്‍ത്തിട്ടുവേണം ഓവനില്‍ വേവിക്കാന്‍. ഇല്ലെങ്കില്‍ അവ ഇല്ലാതാകും.
മൈക്രോവേവില്‍ പാചകം ചെയ്ത ആഹാരപദാര്‍ഥങ്ങളില്‍ അണുവികിരണമില്ല. മറിച്ചുള്ളത് തെറ്റിദ്ധാരണ മാത്രം.
ഫ്രിഡ്ജില്‍നിന്ന് തണുത്ത ആഹാരപദാര്‍ഥങ്ങള്‍ എടുത്ത് അപ്പടി ചൂടാക്കരുത്. ആദ്യം അതിന്‍െറ തണുപ്പ് പോകാന്‍ അനുവദിക്കുക. ഇല്ലെങ്കില്‍ അവയില്‍ ബാക്ടീരിയ പെരുകാന്‍ ഇടവരും.
ആഹാരപദാര്‍ഥമോ വെള്ളമോ ഇല്ലാതെ മൈക്രോവേവ് ഓവന്‍ പ്രവര്‍ത്തിപ്പിക്കരുത്. മാഗ്നട്രോണ്‍ കേടാകും.
ചെറുചൂടുവെള്ളത്തില്‍ ചിരട്ടക്കരിയും നാരങ്ങാനീരും ചേര്‍ത്ത് ഓവനിനുള്ളില്‍വെച്ചാല്‍ ദുര്‍ഗന്ധം മാറിക്കിട്ടും. വിനഗര്‍ ഉപയോഗിച്ചും ഉള്‍ഭാഗം വൃത്തിയാക്കാം.
(ലേഖകന്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഫിസിഷ്യനാണ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story