Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2014 9:43 PM GMT Updated On
date_range 20 Jan 2014 9:43 PM GMTഅരുത് സ്വയംചികിത്സ
text_fieldsbookmark_border
ഒരു ചെറിയ തലവേദന വന്നാല്‍ ഉടന്‍ മെഡിക്കല്‍ഷോപ്പിലേക്ക് ഓടുന്ന ചിലരുണ്ട്. തനിക്കറിയാവുന്ന വേദനസംഹാരിയോ മെഡിക്കല്‍ഷോപ്പിലെ ഫാര്‍മസിസ്റ്റിന്‍െറ തീരുമാനപ്രകാരം ലഭിക്കുന്ന മരുന്നോ കഴിച്ചാല്‍ മിക്കവാറും തലവേദനകള്‍ പമ്പകടക്കും. ഇത് പതിവാക്കുന്നവരും തന്‍െറ ‘വൈദ്യം’ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നവരും ഇന്ന് സമൂഹത്തില്‍ കുറവല്ല. എന്നാല്‍, തലവേദനക്കായാലും പനിക്കായാലും സ്വയംചികിത്സ കൂടുതല്‍ ‘തലവേദന’ സൃഷ്ടിക്കാനേ ഉതകൂ. ഡോക്ടറെ കാണാനുള്ള സമയവും സാമ്പത്തിക ചെലവും ലാഭിച്ചെന്നോ സ്വയം ചികിത്സ ഫലപ്രദമായെന്നോ കരുതി സന്തോഷിക്കുമ്പോള്‍ ഓര്‍ക്കുക, ഇത്തരം ചികിത്സകള്‍ വലിയ അപകടങ്ങള്‍ക്കാണ് വഴിവെക്കുക.
പനിവന്നാല്‍ പാരസെറ്റമോളും വേദന വന്നാല്‍ പെയിന്‍ കില്ലറുകളും ഒരു നിയന്ത്രണവുമില്ലാതെ വാങ്ങിക്കഴിക്കുന്നവര്‍ ഇന്ന് ഏറെയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ‘കൗണ്ടര്‍ സെയില്‍’ മുഖേന വലിയ അളവില്‍ മരുന്നുകള്‍ ചെലവാകുന്നുണ്ടെന്ന് മെഡിക്കല്‍ഷോപ്പുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
സ്വയംചികിത്സകര്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്ന മരുന്നാണ് പാരസെറ്റമോള്‍. പനിയും തലവേദനയുമുള്ളപ്പോള്‍ ഒരു സംശയവും കൂടാതെ പാരസെറ്റമോള്‍ കഴിക്കുന്നത് താല്‍ക്കാലികമായി രോഗശമനമുണ്ടാക്കും. എന്നാല്‍ കൃത്യമായ രോഗനിര്‍ണയം നടത്താതെ മരുന്നുകഴിക്കുമ്പോള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയും രോഗം നാമറിയാതെ അധികരിക്കുകയും ചെയ്യും. ചില കേസുകളില്‍ രോഗം പെട്ടെന്ന് ഗുരുതരാവസ്ഥയിലാവുകയും ചെയ്യും. എലിപ്പനി, ഡെങ്കിപ്പനി, ചിലതരം പകര്‍ച്ചപ്പനികള്‍ എന്നിവ ഒന്നോരണ്ടോ ദിവസംകൊണ്ടുതന്നെ മാരകമാവുന്ന രോഗങ്ങളാണ്. പാരസെറ്റമോള്‍ അമിതമായ ഡോസില്‍ കഴിച്ചാല്‍ അത് കരളിന്‍െറ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും വൃക്കസ്തംഭനത്തിന് വരെ കാരണമാവുകയും ചെയ്യും.
ഇതിനെല്ലാം പുറമെ സ്വയംചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകള്‍ മൂലം രോഗലക്ഷണങ്ങളില്‍ മാറ്റങ്ങളുണ്ടാവുകയും പിന്നീട് ഡോക്ടറെ സമീപിക്കുമ്പോള്‍ ശരിയായ രോഗനിര്‍ണയം അസാധ്യമാവുകയും ചെയ്യും.
തലവേദനയും പല്ലുവേദനയും മറ്റ് ശരീരവേദനകളുമുണ്ടാവുമ്പോള്‍ ഇടക്കിടെ വേദനസംഹാരികള്‍ വാങ്ങി കഴിക്കുന്നതും അപകടം ചെയ്യും. വേദനസംഹാരികള്‍ തുടര്‍ച്ചയായി കഴിച്ചാല്‍ അത് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാവും. ആമാശയത്തില്‍ വ്രണങ്ങള്‍ അഥവാ അള്‍സര്‍, കുടലില്‍ രക്തസ്രാവം, ഛര്‍ദി, വിശപ്പില്ലായ്മ തുടങ്ങിയവ സാധാരണയായി കണ്ടുവരുന്ന പാര്‍ശ്വഫലങ്ങളാണ്. ചില മരുന്നുകളോടുള്ള അലര്‍ജി മൂലം ദേഹത്ത് കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തേക്കാം. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം വൃക്കരോഗങ്ങള്‍ക്കും ഇടയാക്കും. വേദനക്ക് കഴിക്കുന്ന ആസ്പിരിന്‍ ഗുളികകള്‍ ചിലരില്‍ കടുത്ത വയറുവേദനക്കും ഗുരുതരമായ ഉദര രക്തസ്രാവത്തിനും ഇടയാക്കും. പ്രായമേറിയവരും ആമാശയത്തില്‍ അള്‍സര്‍ ഉള്ളവരും ഇത്തരം ഗുളികകള്‍ വെറുംവയറ്റില്‍ കഴിച്ചാല്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
അതുപോലത്തെന്നെ ഗര്‍ഭിണികള്‍ ഒരിക്കലും ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ കഴിക്കരുത്. ഏതെങ്കിലും അസുഖത്തിന് ഡോക്ടറെ സമീപിക്കുമ്പോള്‍ ഗര്‍ഭിണിയാണെങ്കില്‍ ആ വിവരം ഡോക്ടറോട് നിര്‍ബന്ധമായും പറഞ്ഞിരിക്കണം. ഗര്‍ഭകാലത്ത് മിക്ക മരുന്നുകളും പൂര്‍ണമായി സുരക്ഷിതമല്ല. ഗര്‍ഭിണി കഴിക്കുന്ന പല മരുന്നുകളും കുഞ്ഞിന്‍െറ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. ഗര്‍ഭകാലത്തിന്‍െറ തുടക്കം മുതല്‍ രണ്ടുമാസം വരെ മരുന്നുകള്‍ കഴിക്കുമ്പോള്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്കും മേല്‍പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്. മാതാവ് കഴിക്കുന്ന മരുന്നുകളിലെ ചില ഘടകങ്ങള്‍ മുലപ്പാലിലൂടെ കുഞ്ഞുങ്ങളൂടെ ശരീരത്തില്‍ എത്താന്‍ സാധ്യതയുള്ളതിനാലാണിത്. മുലയൂട്ടുന്ന അമ്മമാരും രോഗവിവരങ്ങളുടെ കൂടെ ആ വിവരം ഡോക്ടറോട് പറയണം.
മരുന്നുകള്‍ സ്വയംവാങ്ങി കഴിക്കുന്നത് മാത്രമല്ല, ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ ഡോസുകള്‍ പൂര്‍ത്തിയാവാതെ നിര്‍ത്തുന്നതും രോഗശമനത്തെ പ്രതികൂലമായി ബാധിക്കും. രോഗാണുബാധക്ക് കഴിക്കുന്ന ആന്‍റിബയോട്ടിക്കുകള്‍ ഇതിന് ഉദാഹരണമാണ്. ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചുതുടങ്ങുമ്പോള്‍ തന്നെ ചില രോഗങ്ങള്‍ കുറഞ്ഞതായി അനുഭവപ്പെടും. എന്നാല്‍ രോഗം പൂര്‍ണമായി മാറിയിട്ടുണ്ടാവില്ല. പലപ്പോഴും രോഗാണുബാധ മൂലമുണ്ടാകുന്ന പനിക്കും വേദനക്കും ചുമക്കുമൊക്കെ ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചുതുടങ്ങിയാല്‍ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായി രോഗം മാറിയതുപോലെ അനുഭവപ്പെടും. ഈ അവസരത്തില്‍ മരുന്ന് നിര്‍ത്തുന്നവരുണ്ട്. ഡോക്ടര്‍ നിര്‍ദേശിച്ച അളവ് പൂര്‍ത്തിയാക്കാതെ മരുന്നുനിര്‍ത്തിയാല്‍ രോഗാണുക്കള്‍ മരുന്നിനെതിരെ പ്രതിരോധശക്തിയാര്‍ജിക്കുകയും പിന്നീടുള്ള ചികിത്സക്ക് ഈ മരുന്നുകള്‍ ഫലപ്രദമാകാതെ വരുകയും ചെയ്യും.
ചിലമരുന്നുകള്‍ കഴിച്ചുകഴിഞ്ഞാല്‍ അത് രോഗിയുടെ പ്രവര്‍ത്തനശേഷിയെ ബാധിച്ചേക്കാം. ഉദാഹരണത്തിന് തുമ്മല്‍, ജലദോഷം തുടങ്ങിയ അലര്‍ജി രോഗങ്ങള്‍ക്ക് കഴിക്കുന്ന ആന്‍റിഹിസ്റ്റമിനുകള്‍ രോഗിയില്‍ മയക്കമുണ്ടാക്കും. ഇത്തരം അവസ്ഥയില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതും വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നതും അപകടത്തിനിടയാക്കും. മാനസിക രോഗങ്ങള്‍ക്ക് കഴിക്കുന്ന ചിലമരുന്നുകളും രോഗിയില്‍ മയക്കമുണ്ടാക്കുന്നതാണ്.
ഭക്ഷണത്തിലെ ചില ഘടകങ്ങളുമായി മരുന്നുകള്‍ പ്രതിപ്രവര്‍ത്തനം നടത്തി ഉണ്ടാകുന്ന ചില സംയുക്തങ്ങള്‍ ശരീരത്തിലേക്ക് ആഗിരണംചെയ്യപ്പെടാതെ കിടന്നേക്കാം. ചില ആന്‍റിബയോട്ടിക്കുകളോടൊപ്പം പാല്‍ കുടിക്കുന്നത് ദോഷം ചെയ്യും. ഇത്തരം മരുന്നുകളിലെ ചില ഘടകങ്ങള്‍ പാലിലെ കാത്സ്യവുമായി ചേര്‍ന്നുണ്ടാക്കുന്ന സംയുക്തങ്ങള്‍ മരുന്നിന്‍െറ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടയുന്നു. ഈ ഗണത്തില്‍പ്പെടുന്ന മരുന്നുകള്‍ ഭക്ഷണത്തിന് മുമ്പ് വെറുംവയറ്റില്‍ കഴിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ഗുണം ചെയ്യുകയുള്ളൂ. മറ്റു ചില മരുന്നുകള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ആമാശയത്തിലെ ശ്ളേഷ്മസ്തരത്തിന് കേടുവരുത്തിയേക്കാം. ആസ്പിരിന്‍, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയ മരുന്നുകള്‍ ഇക്കൂട്ടത്തില്‍പെടുന്നവയാണ്. അതുകൊണ്ട് ഇവ ഭക്ഷണത്തിനുശേഷമേ കഴിക്കാവൂ. മരുന്നുകളുടെ അളവ് മാത്രമല്ല അത് കഴിക്കേണ്ടുന്ന വിധവും പ്രധാനമാണ്. ചില മരുന്നുകളുടെ ഉപയോഗം അലജിയുണ്ടാക്കുക മാത്രമല്ല ആസ്ത്മ, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. മരുന്നുകളുടെ അളവുകളും വളരെ പ്രധാനമാണ്. കുട്ടികളുടെ ശരീരഭാരത്തിനനുസരിച്ചാണ് ഡോക്ടര്‍ മരുന്നിന്‍െറ അളവ് നിശ്ചയിക്കുന്നത്. അതുകൊണ്ട് മുതിര്‍ന്നവര്‍ക്ക് നിര്‍ദേശിച്ച മരുന്നുകള്‍ ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്. ചുരുക്കത്തില്‍ ഒരു മരുന്നും സ്വന്തം ഇഷ്ടപ്രകാരം കഴിക്കരുത്. അത് രോഗശമനത്തിന് പകരം നിങ്ങളെ വലിയ രോഗിയാക്കി മാറ്റിയേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story