തൈറോയ്ഡ് രോഗങ്ങളെ അറിയാം...
text_fieldsശരീരത്തിലെ മുഴുവന്‍ ഉപാപചയ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന സുപ്രധാന ഹോര്‍മോണ്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന്‍െറ മുന്‍ഭാഗത്ത് ചിത്രശലഭത്തിന്‍െറ ആകൃതിയില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥിക്ക് 20ഗ്രാം ഭാരം ഉണ്ടാകും. മനുഷ്യന്‍െറ ശാരീരിക വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തൈറോയ്ഡ് ഗ്രന്ഥിയുടെ സ്വാധീനമുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ഊര്‍ജത്തിനുമെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയേ തീരൂ. നമുക്ക് ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കുന്നത് തൈറോയ്ഡ് ഹോര്‍മോണുകളാണ്. ശരീരകോശങ്ങളുടെ വളര്‍ച്ചയെയും വിഘടനത്തേയും നിയന്ത്രിക്കുന്നതും ഈ ഹോര്‍മോണുകള്‍തന്നെ.
തൈറോയ്ഡും രോഗങ്ങളും
ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയായതിനാല്‍ തൈറോയ്ഡിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍പോലും വലിയ അസ്വസ്ഥതകള്‍ക്കിടയാക്കാറുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും തൈറോയ്ഡ് രോഗങ്ങള്‍ ബാധിക്കാറുണ്ട്. എങ്കിലും, സ്ത്രീകളില്‍ രോഗസാധ്യത കൂടുതലാണ്. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവര്‍ത്തിക്കുക, പാരമ്പര്യം, അയഡിന്‍െറ കുറവ്, അണുബാധ, പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ പ്രശ്നങ്ങള്‍, മാറിയ ജീവിതശൈലി തുടങ്ങിയ ഘടകങ്ങള്‍ വിവിധ തൈറോയ്ഡ് രോഗങ്ങള്‍ക്കിടയാക്കുന്നു. വിഭിന്ന ലക്ഷണങ്ങളോടെയാണ് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രകടമാകുക.
തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിച്ചാല്‍
തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിക്കുന്നത് ഹോര്‍മോണ്‍ നില കൂടാനിടയാക്കും. അമിതമായ ചൂട്, വിയര്‍പ്പ്, അമിത വിശപ്പ്, മെലിച്ചില്‍, കൈകാല്‍ വിറയല്‍, കണ്ണുകള്‍ പുറത്തേക്ക് തുറിച്ചുനില്‍ക്കുക, ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുക, ചൂട് സഹിക്കാനാവകാതെ വരുക,അസ്ഥികള്‍ ശോഷിക്കുക, ചര്‍മം മൃദുവാകുക, ദേഷ്യവും ആകാംക്ഷയും കൂടുക തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുന്നത് ഇടയാക്കും. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ പ്രതികരണങ്ങളില്‍ ഉണ്ടാകുന്ന പിശകുകള്‍ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവില്‍ വ്യതിയാനം വരുത്തുന്ന പ്രധാന ഘടകമാണ്.
തവിടുകളയാത്ത ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, നട്സ്, കരള്‍, ബീന്‍സ് ഇവ ഭക്ഷണത്തില്‍ പെടുത്തുന്നത് ഹോര്‍മോണ്‍ നില കൂടുന്നവരില്‍ നല്ല ഫലം തരും. ഒൗഷധത്തോടൊപ്പം ലഘു വ്യായാമം ശീലമാക്കുകയും വേണം.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍...
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍ ഹോര്‍മോണുകളുടെ അളവിലും കുറവുണ്ടാകും. പല ശാരീരിക പ്രവര്‍ത്തനങ്ങളുടെയും വേഗം കുറക്കാന്‍ ഇതിടയാക്കും. മന്ദത, ആലസ്യം, അമിതവണ്ണം, മുടികൊഴിച്ചില്‍, ഉത്കണ്ഠ, വിഷാദം, വരണ്ട ചര്‍മം, തുടുത്ത കവിള്‍, ഓര്‍മക്കുറവ് തുടങ്ങിയവക്കിത് വഴിവെക്കാറുണ്ട്. തവിടോകൂടിയ ധാന്യങ്ങള്‍, രാജ്മ പയര്‍, കടല, മഞ്ഞള്‍, കുരുമുളക് ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ ഇവര്‍ക്ക് ഗുണകരമാകാറുണ്ട്. ഒൗഷധത്തോടൊപ്പം വ്യായാമവും അനിവാര്യമാണ്.
ഗോയിറ്റര്‍
തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കംമൂലം കഴുത്തില്‍ മുഴപോലെ തോന്നുന്ന അവസ്ഥയാണ് ഗോയിറ്റര്‍. ഒരു മുഴ മാത്രമായോ പല മുഴകളായോ ഇത് ഉണ്ടാകാം. കഴുത്തിന്‍െറ കീഴ്ഭാഗത്തുള്ള വീക്കം ആണ് പ്രധാന ലക്ഷണം. എല്ലാ ഗോയിറ്ററും ലക്ഷണമുണ്ടാക്കാറില്ല. ഭക്ഷണമിറക്കാന്‍ പ്രയാസം. ശ്വസിക്കാന്‍ പ്രയാസം, ശബ്ദ വ്യത്യാസം, ചുമ ഇവ ചിലരില്‍ കാണാറുണ്ട്. ഭക്ഷണത്തിലെ അയഡിന്‍െറ കുറവാണ് ഗോയിറ്ററിനിടയാക്കുന്ന പ്രധാന കാരണം. അയഡിന്‍െറ അഭാവവും അമിതോപയോഗവും ഗ്രന്ഥിയെ ബാധിക്കാറുണ്ട്.
കടല്‍വിഭവങ്ങളും ഇലക്കറികളും പച്ചക്കറികളും ധാന്യങ്ങളും അയഡിന്‍െറ മികച്ച സ്രോതസ്സുകള്‍ ആണ്.
തൈറോയ്ഡ് കാന്‍സര്‍
വളരെ ചുരുക്കമായി മാത്രമേ തൈറോയ്ഡ് ഗ്രന്ഥയിലെ മുഴകള്‍ അര്‍ബുദമായി പരിണമിക്കാറുള്ളൂ. വേറിട്ട് മുഴച്ച് നില്‍ക്കുന്ന മുഴകള്‍, വേഗത്തില്‍ വളരുന്ന മുഴകള്‍, ശബ്ദവ്യതിയാനം, വേദന, കഴലവീക്കം തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുത്. പ്രത്യേകിച്ച് പുരുഷന്മാരിലെ കഴുത്തിലെ മുഴകള്‍ ശ്രദ്ധയോടെ കാണണം.
ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും...
ഗര്‍ഭധാരണത്തിന് മുമ്പും ഗര്‍ഭിണിയായിരിക്കുമ്പോഴും തൈറോയ്ഡിന്‍െറ പ്രവര്‍ത്തനം ഏറ്റവും സന്തുലിതമായിരിക്കേണ്ടതാണ്. സ്ത്രീകളില്‍ വന്ധ്യതക്കും തൈറോയ്ഡ് പ്രശ്നങ്ങള്‍ ഇടയാക്കാറുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന് ആദ്യ മൂന്നു മാസം സ്വന്തമായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയില്ല. ഈ സമയം കുഞ്ഞ് പൂര്‍ണമായും മാതാവിന്‍െറ രക്തത്തില്‍നിന്ന് പൊക്കിള്‍ക്കൊടി വഴി കിട്ടുന്ന തൈറോയ്ഡ് ഹോര്‍മോണിനെ ആശ്രയിച്ചാണിരിക്കുന്നത്. അമ്മയുടെ തൈറോയ്ഡ് ഹോര്‍മോണിന്‍െറ അളവില്‍ വരുന്ന ചെറിയ അപര്യാപ്തതപോലും കുഞ്ഞിന്‍െറ നാഡീവ്യൂഹത്തിന്‍െറ ശരിയായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കൂടാതെ, ഗര്‍ഭസ്ഥ ശിശുവിന്‍െറ മരണം, ജന്മനാ ബധിരനാവുക, കോങ്കണ്ണ്, കൈകാല്‍ തളര്‍ച്ച, ഗര്‍ഭഛിദ്രം, ബുദ്ധിമാന്ദ്യം, ശാരീരിക വൈകല്യങ്ങള്‍ തുടങ്ങിയവക്കും ഇടയാക്കാറുണ്ട്.
നവജാത ശിശുക്കളിലും തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാണാറുണ്ട്. എപ്പോഴും ഉറക്കം, കരയാതിരിക്കുക, കൈകാലുകള്‍ അനക്കാതിരിക്കുക, തൊണ്ടയില്‍ മുഴ, ശരിയായി പാല്‍ വലിച്ചുകുടിക്കാതിരിക്കുക ഇവ അവഗണിക്കരുത്.
അതിനാല്‍, ഗര്‍ഭധാരണത്തിന് മുമ്പുതന്നെ തൈറോയ്ഡ് ഹോര്‍മോണിന്‍െറ അളവ് പരിശോധിക്കുകയും മരുന്ന് കഴിച്ച് ഹോര്‍മോണ്‍ ക്രമപ്പെടുത്തിയശേഷം മാത്രം ഗര്‍ഭം ധരിക്കുകയുമാണ് എന്തുകൊണ്ടും ഉചിതം. ഒപ്പം ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്ന് കഴിക്കാനും ശ്രദ്ധിക്കണം.
ചികിത്സ
ഒൗഷധത്തോടൊപ്പം ലേപനം, ഉദ്യര്‍ത്തനം, സ്വേദനം, ഉപനാഹം, വിമ്ളാപനം തുടങ്ങിയ ചികിത്സകളാണ് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദം നല്‍കുന്നത്. ചുവന്ന മന്ദാരം, അമുക്കുരം, തുളസി, തഴുതാമ, ശംഖുപുഷ്പം, കണിക്കൊന്ന, നെല്ലിക്ക, നീര്‍മാതളം, മുന്തിരിങ്ങ, തിപ്പലി, കരിമ്പിന്‍ വേര്, നറുനീണ്ടി, ചെറുപുള്ളടി, ഇരട്ടിമധുരം, പാല്‍മുതക്ക്, കറിവേപ്പില ഇവ വിവിധ തൈറോയ്ഡ് പ്രശ്നങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന ഒൗഷധികളില്‍പ്പെടുന്നു. ഒൗഷധങ്ങള്‍ക്കൊപ്പം മത്സ്യാസനം, ശലഭാസനം ഇവ ശീലമാക്കുന്നതും നല്ല ഫലം തരും.
തവിടുകളയാത്ത ധാന്യങ്ങള്‍, കോഴിയിറച്ചി, വിവിധ പച്ചക്കറികള്‍, പാല്‍, കൂണ്‍ വര്‍ഗങ്ങള്‍, മാങ്ങ, വാഴപ്പഴം, ഉരുളക്കിഴങ്ങ്, ചെറുപയര്‍, കടല, സൂര്യകാന്തി എണ്ണ, വെളിച്ചെണ്ണ ഇവയൊക്കെ ഉള്‍പ്പെട്ട ഭക്ഷണം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തില്‍പെടുത്തണം. കാബേജ്, ബ്രോക്കോളി, കോളിഫ്ളവര്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയും വേണം. അമിത കൊഴുപ്പും നിറവും ചേര്‍ത്ത ഫാസ്റ്റ് ഫുഡുകള്‍, കോളകള്‍ ഇവ ഒഴിവാക്കുന്നതും തൈറോയ്ഡിന്‍െറ ആരോഗ്യം മെച്ചപ്പെടുത്തും.
ഡോ. പ്രിയ ദേവദത്ത്
കോട്ടക്കല്‍ ആര്യവൈദ്യശാല,
മാന്നാര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.