Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2015 12:11 PM GMT Updated On
date_range 9 July 2015 12:11 PM GMTമദ്യപിക്കുന്നവരിലെ ഫാറ്റി ലിവര്‍
text_fieldsbookmark_border
അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് കരള്‍. ശരീരത്തിലെ രാസനിര്‍മാണശാലയും കരള്‍ തന്നെ. പിത്തരസത്തിന്‍െറ ഉല്‍പാദനം, ശരീരത്തിനാവശ്യമായ ഗ്ളൂക്കോസിന്‍െറ നിര്‍മാണം, ഭക്ഷണത്തിലൂടെ കൂടുതലായത്തെുന്ന ഗ്ളൂക്കോസിനെ കൊഴുപ്പും പ്രോട്ടീനുമായി മാറ്റി സംഭരിക്കുക, ഗ്ളൂക്കോസിനെ വിട്ടുകൊടുത്ത് ഗ്ളൂക്കോസ് നില ക്രമീകരിക്കുക എന്നിങ്ങനെ സംഭരണം, വിഘടനം, സംയോജനം എന്നീ തലങ്ങളിലൊക്കെയായി നിരവധി ധര്‍മങ്ങള്‍ ആരോഗ്യമുള്ള കരള്‍ ചെയ്യുന്നു.
30,000 കോടിയോളം വരുന്ന ഹെപ്പാറ്റോ സെല്ലുകള്‍കൊണ്ടാണ് കരള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പിത്തനീരും രക്തവും നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന കരളില്‍ പതിനായിരക്കണക്കിന് സൂക്ഷ്മനാളികളുമുണ്ട്. ‘യകൃത്’ എന്നാണ് കരളിനെ ആയുര്‍വേദം സൂചിപ്പിക്കുക, ചുവപ്പ് കലര്‍ന്ന ഇരുണ്ട തവിട്ട് നിറമാണ് കരളിന്.
ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഏറക്കുറെ സ്വയം പരിഹരിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള അപൂര്‍വമായ കഴിവുള്ള അവയവമാണ് കരള്‍. എന്നാല്‍, കരളിന്‍െറ ഇത്തരം ശേഷികള്‍ നഷ്ടപ്പെടുത്തുന്ന പ്രധാന ഘടകം മദ്യപാനമാണ്. കാര്യമായ ലക്ഷണങ്ങള്‍ പ്രകടമാക്കാത്തതിനാല്‍ മിക്ക കരള്‍രോഗങ്ങളും ഗുരുതരമായ ശേഷമാണ് പലരും തിരിച്ചറിയുക.
മദ്യവും കരളും
മദ്യത്തെ വിഷകരമായ രാസപദാര്‍ഥങ്ങളായി വിഘടിപ്പിക്കുന്നത് കരളാണ്. അതുകൊണ്ടുതന്നെ മദ്യം ഏറ്റവും ദോഷകരമായി ബാധിക്കുന്നതും കരളിനെയാണ്. മദ്യത്തിന്‍െറ ഉപാപചയപ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാകുന്ന രാസപദാര്‍ഥങ്ങളില്‍ ചിലത് മൂലം കരള്‍ നീര്‍കെട്ടി വീങ്ങും. ഈ അവസ്ഥ തുടരുന്നത് സിറോസിസിന് വഴിയൊരുക്കും. അതോടെ കരള്‍ വടുക്കള്‍ കെട്ടി, ചുരുങ്ങി കട്ടിയുള്ളതാകും. സിറോസിസ് മൂലം കേടായ കോശങ്ങളെ മാറ്റാനോ ഭേദപ്പെടുത്തനോ കരളിന് കഴിയാറില്ല. തുടര്‍ന്ന് രക്തം ശുദ്ധീകരിക്കാനോ ദോഷകരമായ വസ്തുക്കളെ നിര്‍വീര്യമാക്കാനോ അണുബാധകളെ തടയാനോ ഒന്നും കഴിയാതെ കരള്‍ പിന്‍വാങ്ങുന്നു.
ഫാറ്റി ലിവര്‍ മുതല്‍ സിറോസിസ് വരെ
മദ്യപാനത്തെ തുടര്‍ന്നുള്ള കരള്‍രോഗങ്ങള്‍ പൊതുവെ ഘട്ടംഘട്ടമായാണ് പ്രത്യക്ഷപ്പെടുക. മദ്യപാനികളില്‍ ആദ്യമത്തെുന്ന കരള്‍ രോഗം ഫാറ്റി ലിവറാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്‍െറ ശേഷി കുറയുന്ന അവസ്ഥയാണിത്. ആരംഭത്തിലേ കണ്ടത്തെുന്നതും ചികിത്സക്കൊപ്പം മദ്യപാനം നിര്‍ത്താനുമായാല്‍ കേടുപാടുകളില്ലാതെ കരളിനെ സംരക്ഷിക്കാനാകും. എന്നാല്‍, ജീവിതശൈലി മെച്ചപ്പെടുത്താതിരിക്കുകയും മദ്യപാനം തുടരുകയും ചെയ്യുമ്പോള്‍ കരള്‍ രോഗം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു. കൊഴുപ്പടിയലിന്‍െറ തോത് ഉയരുമ്പോള്‍ സ്വാഭാവികമായ തവിട്ട് കലര്‍ന്ന ചുവപ്പ് നിറം മാറി കരള്‍ വെളുക്കുന്നു.
കരളില്‍ കൊഴുപ്പടിയുമ്പോള്‍ ലക്ഷണങ്ങള്‍ പൊതുവെ കുറവാണെങ്കിലും വലതുവശത്ത് വാരിയെല്ലിന് താഴെ ഉണ്ടാകുന്ന വേദന, വിശപ്പില്ലായ്മ, ഓക്കാനം, കാലിലെ നീര് ഇവ സൂചനകളാണ്.
രണ്ടാംഘട്ടം
മദ്യപാനം തുടരുന്നവരില്‍ കരളിന്‍െറ കോശനാശം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, വയറുവേദന, കരളില്‍ നീര്‍വീക്കം, വെളുത്ത രക്താണുക്കള്‍ അടിയുക തുടങ്ങിയ പ്രശ്നങ്ങള്‍ രണ്ടാമത്തെ ഘട്ടത്തിന്‍െറ പ്രത്യേകതകളാണ്. മദ്യപാനം നിര്‍ത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുന്നത് കരള്‍രോഗം മാരകമാകാതെ തടയും.
സിറോസിസ് അഥവാ യകൃദുദരം
പരിഹരിക്കാന്‍ കഴിയാത്തവിധം കരളിനുണ്ടാകുന്ന കോശനാശമാണ് സിറോസിസ്. സിറോസിസ് ബാധിക്കാന്‍ ഇടയാക്കുന്ന പ്രധാന ഘടകം മദ്യപാനമാണ്. സിറോസിസ് തീവ്രമാകുമ്പോള്‍ വയര്‍ വീര്‍ക്കുക, വയറില്‍ വെള്ളം കെട്ടിനില്‍ക്കുക, തൂക്കം കുറയുക, മഞ്ഞപ്പിത്തം, വായിലൂടെയും മൂക്കിലൂടെയും മലത്തിലൂടെയും രക്തം വരുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും.
കരളിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുന്നതോടെ പല വിഷവസ്തുക്കളും മസ്തിഷ്കത്തെ ബാധിച്ച് രോഗിയെ അബോധാവസ്ഥയിലാക്കാറുണ്ട്. കരള്‍ കാന്‍സറിനും സിറോസിസ് ഇടയാക്കാറുണ്ട്.
സിറോസിസ് ബാധിക്കുന്നതോടെ, സ്വയം സുഖപ്പെടുത്താനാകുമെന്ന അസാധാരണ പ്രത്യേകത ഉള്‍പ്പെടെയുള്ള എല്ലാ കഴിവുകളും നഷ്ടപ്പെട്ട് കരള്‍ പരാജയപ്പെടുന്നു.
പരിഹാരങ്ങള്‍
ഒൗഷധങ്ങള്‍ക്കൊപ്പം നസ്യം, അഞ്ജനം, ലേപനം, തളം തുടങ്ങിയ വിശേഷ ചികിത്സകളും വിവിധ ഘട്ടങ്ങളില്‍ കരള്‍രോഗികള്‍ക്ക് നല്‍കാറുണ്ട്. വിവിധ തരം ഒൗഷധക്കഞ്ഞികളും ചികിത്സയുടെ ഭാഗമാണ്. കിരിയാത്ത്, മരമഞ്ഞള്‍, കീഴാര്‍നെല്ലി, പര്‍പ്പടകപ്പുല്ല്, കറ്റാര്‍വാഴ, മുന്തിരി, കടുക്രോഗിണി, മഞ്ഞള്‍, തഴുതാമ, നറുനീണ്ടി, ഇരട്ടിമധുരം, ഇലിപ്പ, പ്ളാശ് ഇവ കരള്‍ രോഗങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന ഒൗഷധികളില്‍ ചിലതാണ്. മദ്യപാനം ഒഴിവാക്കാതെയുള്ള ചികിത്സകളൊന്നുംതന്നെ കരളിന് ഫലപ്രദമാകാറില്ല. മദ്യപാനികള്‍ക്ക് ‘വിടുതല്‍ ചികിത്സകളും’ മദ്യത്തില്‍നിന്ന് മോചിതരാകാന്‍ നല്‍കാറുണ്ട്.
കരള്‍രോഗികള്‍ക്ക് പോഷകനില സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ ഒൗഷധത്തോടൊപ്പം അനിവാര്യമാണ്. ദഹിക്കുന്ന ഭക്ഷണം പലതവണയായി കഴിക്കുന്നതാണ് ഉചിതം. റാഗി, കഞ്ഞി, ഓട്സ്, മലര്, ചെറുപയര്‍, പച്ചക്കറി സൂപ്പുകള്‍, പഴച്ചാറുകള്‍, പടവലം, വാഴപ്പിണ്ടി, വെള്ളരി, കുമ്പളം, ഉരുളക്കിഴങ്ങ്, ഇലക്കറികള്‍ ഇവ മാറി മാറി ഭക്ഷണത്തില്‍ പെടുത്തണം. എന്നാല്‍, കൊഴുപ്പും കൃത്രിമ നിറങ്ങളും ചേര്‍ന്ന ഭക്ഷണം, കടുപ്പം കൂടിയ ചായ, കാപ്പി, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, അച്ചാറുകള്‍, പപ്പടം ഇവ ഒഴിവാക്കുകയും വേണം.
drpriyamannar@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story