Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപ്രമേഹരോഗികള്‍ക്ക്...

പ്രമേഹരോഗികള്‍ക്ക് നോമ്പെടുക്കാം; കരുതലോടെ

text_fields
bookmark_border
പ്രമേഹരോഗികള്‍ക്ക് നോമ്പെടുക്കാം; കരുതലോടെ
cancel

മിതാഹാരവും വ്യായാമവും പ്രമേഹരോഗ ചികിത്സയുടെ അടിസ്ഥാനതത്ത്വങ്ങളാണ്. പ്രമേഹമുള്ളവര്‍ വ്രതമനുഷ്ഠിക്കുന്നതും സല്‍ക്കാരങ്ങളില്‍ പങ്കെടുത്ത് അമിതാഹാരം കഴിക്കുന്നതും ശരിയല്ല. എന്നിരുന്നാലും, ലോകജനതയുടെ 25 ശതമാനത്തോളംവരുന്ന മുസ്ലിം ജനതക്ക് റമദാന്‍വിശുദ്ധ മാസമാണ്, വ്രതാനുഷ്ഠാനം ജന്മസാഫല്യവും. സ്വാഭാവികമായും രോഗികള്‍ക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമില്ളെങ്കിലും അതു  കണക്കിലെടുക്കാതെ വിശ്വാസികള്‍ നോമ്പെടുക്കുന്നതായാണ് കാണുന്നത്. മുസ്ലിം വിഭാഗത്തില്‍പെട്ട പ്രമേഹരോഗികളില്‍ 79 ശതമാനം ‘ടൈപ്പ് 2’ പ്രമേഹക്കാരും ടൈപ്പ് 1 പ്രമേഹക്കാരില്‍ 43 ശതമാനവും നോമ്പ് നോല്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ വ്രതമനുഷ്ഠിക്കുന്ന പ്രമേഹരോഗികളും അവരുടെ കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍ ഇവിടെ പ്രതിപാദിക്കാം.

പഞ്ചസാര കുറയുന്നത് അപകടം
ഏകദേശം 14 മണിക്കൂറോളം ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കുമ്പോള്‍ പ്രമേഹക്കാരില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞ് ‘ഹൈപ്പോഗൈ്ളസീമിയ’ എന്ന അവസ്ഥയില്‍ എത്തിച്ചേരാം. ചൂടു കാലാവസ്ഥയാണെങ്കില്‍ ശരീരത്തില്‍നിന്ന് ധാരാളം ജലം നഷ്ടപ്പെടുന്നതും ഹൈപ്പോഗൈ്ളസീമിയ സങ്കീര്‍ണമാക്കും.

ചികിത്സയില്‍ മാറ്റത്തോടെ
വ്രതമെടുക്കാം

പ്രമേഹം നന്നായി നിയന്ത്രണവിധേയമായ ടൈപ്പ് 2 രോഗികള്‍ പൊതുവെ വ്രതം അനുഷ്ഠിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍, വ്രതമെടുക്കുമ്പോള്‍ ചികിത്സ നിര്‍ത്തുന്നത് അപകടമുണ്ടാക്കും. റമദാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് പഞ്ചസാരയുടെ അളവും HbA1cയും ബി.പിയും പരിശോധിക്കണം. കുറച്ചുനേരംമാത്രം ശരീരത്തില്‍ തങ്ങുന്ന സ്വഭാവമുള്ള മരുന്നുകളിലേക്ക് മാറുക എന്നത് വ്രതകാലത്തെ ഏറ്റവും പ്രധാന കാര്യമാണ്. ഇത് പഞ്ചസാര ക്രമാതീതമായി കുറഞ്ഞുപോകുന്നത് തടയും. പുതിയ തരം ‘അനലോഗ്’ ഇന്‍സുലുകളിലേക്ക് മാറുന്നതും ഹൈപ്പോഗൈ്ളസീമിയ തടയുന്നതിന് ഉപകരിക്കും.
മരുന്നുകളുടെ സമയക്രമത്തിലും അനുയോജ്യമായ മാറ്റങ്ങള്‍ വേണ്ടിവരും. സാധാരണ രാവിലെ കഴിക്കുന്ന മരുന്നുകള്‍ നോമ്പ് തുറന്നതിനുശേഷമാണ് കഴിക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. രാത്രി കഴിക്കേണ്ടവ അത്താഴത്തോടൊപ്പവും. കൂടാതെ, മരുന്നിന്‍െറ അളവില്‍ അല്‍പം കുറവുണ്ടാകേണ്ടതുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത് ചെയ്യാവൂ.
നോമ്പുകാലത്ത് ഇടക്കിടെ പഞ്ചസാരയുടെ അളവ് സ്വയം പരിശോധിച്ച് സാധാരണനിലയിലെന്ന് ഉറപ്പുവരുത്തുക. അധികം കൂടുതലോ കുറവോ കണ്ടാല്‍ അത് സാധാരണ നിലയിലത്തെിക്കാനുള്ള മാര്‍ഗം തേടേണ്ടതാണ്. പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞുപോവുകയാണെങ്കില്‍ നോമ്പ് മുറിക്കുകയും എന്തെങ്കിലും ആഹാരം പെട്ടെന്ന് കഴിക്കുകയും വേണം. വിയര്‍ക്കുക, വിറയ്ക്കുക, വായ്ക്ക് ചുറ്റും തരിപ്പ് അനുഭവപ്പെടുക, വിശപ്പ് തോന്നുക, നെഞ്ചിടിപ്പ് കൂടുക, വെപ്രാളം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെന്നുവരാം. ചിലരില്‍ പ്രത്യേക രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ഇടക്കുള്ള രക്തപരിശോധകൊണ്ടുമാത്രമേ ഇത്തരക്കാരെ കണ്ടത്തൊനാകൂ (Hypoglycemia unawareness).
പഞ്ചസാര കുറഞ്ഞുപോയാല്‍ ഉടന്‍ കുറച്ച് ഗ്ളൂക്കോസ് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പഞ്ചസാര ദഹനത്തിനുശേഷം മാത്രമേ ശരീരത്തിന് ഉപയോഗിക്കാനാകൂ. ഗ്ളൂക്കോസ് ഇപ്പോള്‍ ഗുളികയായിട്ടും കിട്ടും. ഇത് സൂക്ഷിക്കാനും യാത്രപോകുമ്പോള്‍ കൊണ്ടുപോകാനും എളുപ്പമാണ്. ഗ്ളൂക്കോസിനോടൊപ്പം അല്‍പം അരിയാഹാരവും കഴിക്കണം. ഗ്ളൂക്കോസില്ളെങ്കില്‍ പഴജൂസുകളോ പഞ്ചസാരയോ ഉപയോഗിക്കാം. 10-15 മിനിറ്റുകള്‍ക്കുശേഷം തിരിച്ചും പഞ്ചസാരയുടെ അളവ് പരിശോധിക്കുക. കുറവാണെങ്കില്‍ വീണ്ടും കുറച്ചുകൂടി ഗ്ളൂക്കോസ് കഴിക്കുക. രോഗി അബോധാവസ്ഥയിലായാല്‍ എത്രയുംപെട്ടെന്ന് അടുത്ത ആശുപത്രിയിലത്തെിക്കുക. ഗ്ളൂക്കോസ് ഡ്രിപ് രൂപത്തില്‍ കൊടുക്കേണ്ടതായിവരും.
പഞ്ചസാരയുടെ അളവ് കുറയുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്. അത് അത്യാപത്ത് ക്ഷണിച്ചുവരുത്തും.

ഷുഗര്‍ കൂടുന്നതും ശ്രദ്ധിക്കണം
പഞ്ചസാരയുടെ അളവ് കുറയുന്നതുപോലെ വര്‍ധിക്കുന്നതും നോമ്പുകാലത്ത് പ്രശ്നങ്ങളുണ്ടാക്കും. അമിത ദാഹവും കൂടുതല്‍ മൂത്രം പോകുന്നതും ക്ഷീണവുമാണ് രോഗലക്ഷണങ്ങള്‍. ശ്രദ്ധിച്ചില്ളെങ്കില്‍ ശരീരത്തില്‍നിന്ന് ജലാംശം അമിതമായി നഷ്ടപ്പെടാനും മറ്റു ശരീരഭാഗങ്ങളെ ബാധിക്കാനും കാരണമാകും. മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതിലൂടെയും ധാരാളം വെള്ളം രാത്രിസമയത്ത് കുടിക്കുന്നതിലൂടെയും മധുരപലഹാരങ്ങള്‍ ഒഴിവാക്കിയും ഈ രോഗാവസ്ഥ തടയാന്‍ കഴിയും. പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നാല്‍ നോമ്പ് തുടരുന്നത് നന്നല്ല.

അമിതാഹാരം അപകടം
ഭക്ഷണത്തിന്‍െറ അളവ് നിയന്ത്രിക്കുക എന്നത് നോമ്പിന്‍െറ നന്മയാണ്. എന്നാല്‍,  പൊരിച്ചും അലങ്കരിച്ചും ഭക്ഷണം സാധാരണത്തെക്കാള്‍ കൂടുതലാവുന്നതായാണ് ഇപ്പോള്‍ കണ്ടുവരുന്നത്. റമദാന്‍ കഴിയുമ്പോള്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് അനുഭവം. നിയന്ത്രണവിധേയമായിരുന്ന പലരിലും രോഗം അപകടാവസ്ഥയില്‍ എത്തിയിട്ടുണ്ടാകും. പിന്നീടത് നോര്‍മലാക്കാന്‍ സമയമെടുക്കും; ചിലപ്പോള്‍ കഴിഞ്ഞില്ളെന്നും വരാം.
പ്രമേഹരോഗികള്‍ അമിതമായി ആഹാരം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതില്‍ കുടുംബാംഗങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. കൂടുതല്‍ അന്നജമടങ്ങിയ ആഹാരങ്ങള്‍ കഴിവതും കുറക്കുക. മധുരം പരമാവധി ഒഴിവാക്കുക. ജലാംശം കൂടുതലുള്ള തണ്ണിമത്തന്‍, പ്ളം, മുന്തിരി, ഓറഞ്ച് മുതലായവ ഒരു കൈക്കുള്ളില്‍ കൊള്ളുന്നത്രയും ദിവസവും കഴിക്കാം. കക്കരിയും സാലഡും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
വളരെ നേരത്തേ കഴിക്കാതെ, രാവിലത്തെ ഭക്ഷണം സൂര്യോദയത്തിന്/ബാങ്കിന് തൊട്ടു മുമ്പാകുന്നത് പകല്‍ പഞ്ചസാര കുറഞ്ഞുപോകാതെ തടയാന്‍ സഹായിക്കും.
ഒന്നോ രണ്ടോ മധുരം കുറഞ്ഞ ഈത്തപ്പഴമുപയോഗിച്ച് നോമ്പ് തുറക്കുക. ഈത്തപ്പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അധികം കഴിക്കരുത്.
പഞ്ചസാര ചേര്‍ക്കാത്ത മധുരം കുറഞ്ഞ തണ്ണിമത്തന്‍ ജൂസോ ഓറഞ്ച് ജൂസോ ഇളനീരോ കഴിക്കാം. ജൂസിന് ചെറിയ ഗ്ളാസ് (100 ml) ഉപയോഗിക്കുക.
ഭക്ഷണമുണ്ടാക്കാന്‍ പൊരിക്കുന്നതിനുപകരം ബേക്കിങ്ങും ഗ്രില്ലിങ്ങും പരീക്ഷിക്കാവുന്നതാണ്. എണ്ണ ഉപയോഗിച്ചുള്ള പാചകം കുറക്കുക. വെണ്ണ, നെയ്യ്, ഉപ്പ് എന്നിവയും കുറക്കണം. പൂരി, സമൂസ, മസാലദോശ, പഴംപൊരി, പഴം നിറച്ചത്, ഉന്നക്കായ, ചട്ടിപ്പത്തിരി തുടങ്ങിയ മധുര-എണ്ണപ്പലഹാരങ്ങള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

അല്‍പം ശ്രദ്ധിച്ചാല്‍
അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ഈ നോമ്പുകാലം ആരോഗ്യത്തോടെതന്നെ തരണംചെയ്യാനാവും. രോഗിയോടൊപ്പം കുടുംബാംഗങ്ങളും ബന്ധുക്കളുംകൂടി ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നുമാത്രം. വീട്ടില്‍ പ്രമേഹരോഗികളുണ്ടെങ്കില്‍ അവര്‍ക്കുകൂടി യോജിച്ച ഭക്ഷണരീതിയിലേക്ക് എല്ലാവരും മാറുന്നതാണ് ഏറ്റവും ഉത്തമം. അത് പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ചെയ്യുന്ന ത്യാഗം കൂടിയാവും. ചില വിശേഷദിവസങ്ങളില്‍മാത്രം പ്രത്യേക പലഹാരങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, ‘ഇന്നൊരു ദിവസം’ എന്നുപറഞ്ഞ് കഴിപ്പിക്കുന്നതിനുപകരം, അവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണം വേറെയുണ്ടാക്കണം. വിരുന്നുകള്‍ക്ക് പോകാതിരിക്കുന്നതാവും ഉത്തമം. പോയാല്‍ ‘നിഷിദ്ധ ഭക്ഷണങ്ങള്‍’ ആരു നിര്‍ബന്ധിച്ചാലും കഴിക്കാതിരിക്കുക. അതോടൊപ്പം, പ്രമേഹരോഗികള്‍ക്കുവേണ്ടി പ്രത്യേക ഭക്ഷണം കരുതാന്‍ ആതിഥേയര്‍ ശ്രദ്ധിക്കണം.
പാടില്ലാത്ത ഭക്ഷണം കഴിക്കാന്‍ ഒരിക്കലും രോഗികളെ നിര്‍ബന്ധിക്കരുത്. പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം കൊടുക്കുന്നത് വിഷംകൊടുക്കുന്നതിന് തുല്യമാണ് എന്നത് എല്ലാവരും ഓര്‍മിക്കുന്നത് നന്ന്.

മുന്‍കരുതലുകള്‍
•ഇടക്കിടെ ഗ്ളൂക്കോമീറ്റര്‍ ഉപയോഗിച്ച് സ്വയം രക്തപരിശോധന നടത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കുക. രക്തപരിശോധന ചെയ്യുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല.
•വല്ലാതെ ക്ഷീണം തോന്നിയാല്‍ ഉടന്‍ രക്തപരിശോധന ചെയ്യുക.
•പഞ്ചസാരയുടെ അളവ് 70 mg/dlന് താഴെയാണെങ്കില്‍ നോമ്പ് മുറിച്ച് ഹൈപ്പോഗൈ്ളസീമിയ ചികിത്സിക്കുക. ഗ്ളൂക്കോസോ ഗ്ളൂക്കോസ് ഗുളികയോ (Hypotab), ജൂസോ കഴിച്ച് താഴ്ന്ന പഞ്ചസാരയുടെ നില മെച്ചപ്പെടുത്താം.
•300mg/dl മുകളില്‍ പഞ്ചസാരയുടെ അളവ് ശ്രദ്ധയില്‍പെട്ടാലും നോമ്പ് മുറിച്ച് ചികിത്സ തേടണം. ഇല്ളെങ്കില്‍, ചിലപ്പോള്‍ നിര്‍ജലീകരണമോ അല്ളെങ്കില്‍, അതിലും ബുദ്ധിമുട്ടുള്ള ഡി.കെ.എ (Diabetic ketoacidosis) ഉണ്ടാകും.
•വളരെയധികം ദാഹവും ക്ഷീണവും തോന്നുന്നുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.
•ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ അത് നിര്‍ത്തരുത്. ഡോക്ടറുടെ അനുവാദത്തോടെ ഡോസില്‍ അല്‍പം കുറവു വരുത്താം.

വ്രതമനുഷ്ഠിക്കാന്‍ പാടില്ലാത്തവര്‍
1. ടൈപ്പ്1 പ്രമേഹമുള്ള കുട്ടികള്‍, പ്രമേഹരോഗം വളരെ കൂടുതലുള്ളവര്‍, വൃക്ക രോഗമുള്ളവര്‍, ദിവസവും മൂന്നും നാലും പ്രാവശ്യം ഇന്‍സുലില്‍ കുത്തിവെപ്പെടുക്കുന്നവര്‍.
2. ഗര്‍ഭിണികള്‍, കാലുകളില്‍ പ്രമേഹംമൂലം വ്രണമുണ്ടായവര്‍.
3. പഞ്ചസാരയുടെ അളവ് ഇടക്കിടെ ക്രമാതീതമായി കുറഞ്ഞുപോകുന്നവര്‍.
4. കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ പ്രമേഹം കടുത്ത് ആശുപത്രിയില്‍ കിടന്നവര്‍, ഹൃദയാഘാതവും പക്ഷാഘാതവും വന്നവര്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍.

(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ ഡയബറ്റോളജിസ്റ്റാണ് ലേഖകന്‍)

തയാറാക്കിയത്: എം. കുഞ്ഞാപ്പ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story