Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമഴക്കാല രോഗങ്ങളെ...

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

text_fields
bookmark_border
മഴക്കാല  രോഗങ്ങളെ പ്രതിരോധിക്കാം
cancel

മഴക്കാലം വന്നതോടെ മഴക്കാല രോഗങ്ങളെപറ്റിയുള്ള ആധിയും ഏറുകയാണ്. എന്നാല്‍, കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ അവയെ പൂര്‍ണമായും തടയാനാന്‍ കഴിയും. പരിസരശുചിത്വവും വ്യക്തിശുചിത്വവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മഴക്കാല രോഗങ്ങളെ ജലജന്യം, കൊതുകുജന്യം, മറ്റുകാരണങ്ങള്‍ കൊണ്ടുണ്ടാക്കുന്നത് എന്നിങ്ങനെ മൂന്നായിതിരിക്കാം.

1) ജലജന്യ രോഗങ്ങള്‍
കുടിവെള്ളത്തിലൂടെയും മറ്റും രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് ഇവ ഉണ്ടാകുന്നത്. കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തരോഗങ്ങള്‍ (ഹൈപ്പറ്റൈറ്റിസ് A&E) അക്യൂട്ട്, ഡയേറിയല്‍ ഡിസീസ് (ADD) എന്നിവയാണ് ഇതില്‍  പ്രധാനപ്പെട്ടത്.
 a) ഛര്‍ദി, അതിസാരം (കോളറ)
 ‘വിബ്രിയോ കോളറെ’ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലത്തെുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്രകാരം അമിതമായതോതില്‍ ശരീരത്തിലെ ജലവും ലായകങ്ങളും നഷ്ടപ്പെടുകയാണെങ്കില്‍ അത് രോഗിയുടെ മരണത്തിനുവരെ ഇടയാക്കുന്നു. ഒ.ആര്‍.എസ് ലായനിയുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ നഷ്ടപ്പെട്ട ജലം ഒരളവ് വരെ നിലനിര്‍ത്താനാവും.
b) അക്യൂട്ട് ഡയേറിയല്‍ ഡിസീസ്
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്‍െറ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഓരോവര്‍ഷവും അഞ്ചു വയസ്സില്‍ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ഇതുകാരണം മരിക്കുന്നത്. ശരീരത്തില്‍ നിന്നുള്ള അമിതജലനഷ്ടമാണ് ഈ രോഗത്തെ ഇത്രയും മാരകമാക്കുന്നത്. ഒരുദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം.
c) ടൈഫോയിഡ്
‘സാല്‍മൊണെല്ല’ എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് പനി, മലിനജലത്തിലൂടെയും രോഗിയുടെ വിസര്‍ജ്യത്തിന്‍െറ അംശമടങ്ങിയ ഭക്ഷണപദാര്‍ഥത്തിലൂടെയുമാണ് പകരുന്നത്. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന കടുത്തപനി, നാസാരന്ത്രങ്ങളിലൂടെയുള്ള രക്തപ്രവാഹം, കടുത്ത വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുറസ്സായ സ്ഥലങ്ങളിലുള്ള വിസര്‍ജനം, വൃത്തിരഹിതമായ ജീവിതരീതി, കൈകഴുകാതെ ഭക്ഷണം കഴിക്കല്‍ എന്നിവ ഈ രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
d) മഞ്ഞപ്പിത്തരോഗങ്ങള്‍
 ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണു ശരീരത്തില്‍ കയറി രണ്ട്-ആറ് ആഴ്ച കഴിഞ്ഞാലേ രോഗലക്ഷണങ്ങള്‍ പൂര്‍ണമായും വെളിവാകൂ. ക്ഷീണം, പനി, ഓക്കാനം, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

2) കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധികള്‍

a) ചിക്കന്‍ ഗുനിയ
ഈ വാക്കിന് പുരാതന മകോണ്‍ഡെ ഭാഷയില്‍ വളഞ്ഞ് പുളയുക എന്നാണ്  അര്‍ഥം. വേദന കാരണം രോഗി ഇപ്രകാരം ചെയ്യുന്നതിനാലാണ് ആ പേര് ലഭിച്ചത്. ഈഡിസ് കൊതുകുകള്‍ വാഹകരായുള്ള ഈ രോഗത്തിന്‍െറ പ്രഥമലക്ഷണം മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനിയാണ്. തുടര്‍ന്ന് കൈകാലുകളിലെ  സന്ധികളില്‍ അസഹ്യമായ വേദന ഉടലെടുക്കുന്നു.
ആഴ്ചകളോ മാസങ്ങളോ ഈ വേദന നിലനില്‍ക്കാം.
b) ഡെങ്കിപ്പനി
 ‘ഈഡിസ് ഈജിപ്തി’ കൊതുകുകള്‍ പ്രധാന വാഹകരായുള്ള വൈറല്‍ പനിയാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, പേശിയിലേയും സന്ധിയിലേയും വേദന, തൊലിപ്പുറത്തെ തിണര്‍പ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
c) ജപ്പാന്‍ ജ്വരം
ജപ്പാന്‍ ജ്വരം പരത്തുന്ന ‘ഫ്ളാവി’ വൈറസിനെ ക്യൂലക്സ് കൊതുകുകളാണ് വഹിക്കുന്നത്. ശരീരപേശികള്‍ ഉറച്ച് പോവുക, പനി, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ശരീരോഷ്മാവ് ക്രമാതീതമായി ഉയരുക, കഴുത്തും മറ്റു സന്ധികളും ഇളക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, അപസ്മാരം പോലുള്ള ലക്ഷണം, പെരുമാറ്റ വ്യതിയാനം എന്നിവയാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്. കുട്ടികളില്‍ ഈ രോഗം ഉണ്ടാക്കുന്ന മരണനിരക്ക് വളരെ ഉയര്‍ന്നതാണ്.

3) മറ്റുകാരണങ്ങളാല്‍ ഉണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍

a) എലിപ്പനി
 എലികളാണ് ‘ലെപ്റ്റോ സ്പൈറ’ എന്നു ഈ രോഗാണുവിന്‍െറ പ്രധാന വാഹകര്‍. രോഗാണുക്കള്‍ എലിയുടെ മൂത്രത്തിലൂടെ വെള്ളത്തിലത്തെുന്നു. ആ വെള്ളം നമ്മുടെ വായിലൂടെയോ മുറിവിലൂടെയോ മറ്റോ ശരീരത്തിലത്തെുമ്പോള്‍ രോഗാണുവും ഉള്ളില്‍ പ്രവേശിക്കുന്നു. മൃഗങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ഇടയന്മാര്‍, മൃഗപരിപാലകര്‍, കര്‍ഷകര്‍, മലിനജലം വൃത്തിയാക്കുന്നവര്‍ എന്നിവരിലാണ് ഈ രോഗം വരാന്‍ കൂടുതല്‍ സാധ്യതയുള്ളത്. പനി, തലവേദന, കുളിരല്‍, ഛര്‍ദി, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ശരീരത്തില്‍ രോഗാണു പ്രവേശിച്ച് നാല് മുതല്‍ 14 ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.
b) പക്ഷിപ്പനി
 2009ല്‍ മാരകമായി പടര്‍ന്ന് പിടിക്കുകയും 2010 ആയപ്പോഴേക്കും 17,000ത്തോ ളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത  ഈ രോഗം ‘ഇന്‍ഫ്ളുവന്‍സ-A H1N1 എന്ന രോഗാണുവാണ് പരത്തുന്നത്. സാധാരണ ജലദോഷ പനിയുടെ ലക്ഷണങ്ങളില്‍ തുടങ്ങി ശ്വാസകോശങ്ങളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്നു. അപ്രകാരം  ശ്വാസതടസ്സം നേരിടുകയും അത് രോഗിയുടെ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍

1.തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക
2. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം പാടെ വര്‍ജിക്കുക.
3. പരിപൂര്‍ണ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
4. ഭഷണസാധനങ്ങള്‍ കഴുകിമാത്രം ഉപയോഗിക്കുക. അടച്ച് സൂക്ഷിക്കുക.
5. ജലസംഭരണികള്‍ അടച്ചു സൂക്ഷിക്കുക.
6. വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, ഉപയോഗശൂന്യമായ സംഭരണികള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക.
7. വെള്ളം കെട്ടിനിര്‍ത്തല്‍ അനിവാര്യമാണെങ്കില്‍ അതില്‍ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക. ഇവ കൊതുകിന്‍െറ കൂത്താടികളെ നശിപ്പിക്കുന്നു.
8. ഓടകളിലും അഴുക്കുചാലുകളിലും ഫോഗിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക
9) കൊതുകുനിവാരണം നടത്തുക, കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക.
10) മലിനജല സംസര്‍ഗം ഒഴിവാക്കുക.
11) H1N1 രോഗം സംശയിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂക്കും വായയും മൂടുക.
12) പകര്‍ച്ചവ്യാധികളുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍തന്നെ അംഗീകൃത ഡോക്ടര്‍മാരില്‍ നിന്നും ചികിത്സ തേടുക. സ്വയം ചികിത്സ തീര്‍ത്തും ഒഴിവാക്കുക.

(ന്യൂഡല്‍ഹി സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച് ഇന്‍ ഹോമിയോപതിയിലെ ഡാറ്റാമേഷന്‍ ഓഫിസറാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story