ഓര്‍മ്മകള്‍ മാഞ്ഞുപോകുമ്പോള്‍
text_fieldsസെപ്റ്റംബര്‍ 21. ലോക അല്‍ഷൈമേഴ്സ് ദിനം
പ്രായം ഓര്‍മകളെ തളര്‍ത്തുന്നത് സാധാരണ പ്രക്രിയയാണ്. ഒരു രോഗമായി ആരും ഇതിനെ പരിഗണിക്കാറില്ല. മറവി എതുപ്രായത്തിലും സംഭവിക്കുന്നതാണെങ്കലും പ്രായം കൂടുന്തോറും ഇതിന്‍െറ അളവും കൂടുന്നു. എന്നാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവിധം ഇതൊരു പ്രശ്നമായിത്തീരുമ്പോഴാണ് ഓര്‍മ്മക്കുറവ് ഒരു രോഗമായി മാറുന്നത്. മധ്യവയസ് കഴിഞ്ഞവരില്‍ ചെറിയതോതിലും വാര്‍ധക്യത്തിലത്തെിയവരില്‍ വലിയതോതിലും പല തരത്തിലുള്ള മറവിരോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് രോഗസാധ്യത വര്‍ധിച്ചുകൊണ്ടിരിക്കും. അറുപത് വയസ്സുള്ളവരില്‍ ഒരു ശതമാനം പേരിലെങ്കിലും ഈ രോഗം പ്രത്യക്ഷപ്പെടുമ്പോള്‍ 85 വയസ്സ് കഴിഞ്ഞവരില്‍ നാല്‍പ്പത് ശതമാനത്തോളം പേരും ഏറിയും കുറഞ്ഞും ഈ രോഗത്തിന്‍െറ പിടിയിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
പൊതുവില്‍ മറവിരോഗങ്ങള്‍ (Dementia) ബാധിക്കുന്നതോടെ ഒരു വ്യക്തിയുടെ സാധാരണ ജീവിതം താറുമാറാകുന്നു. കാര്യങ്ങള്‍ ഓര്‍മ്മിച്ചുവെക്കാനുള്ള കഴിവ് ഇല്ലാതാകുന്നതോടെയോ അത് ഒരു പരിധിക്കപ്പുറം കുറയുന്നതോടെയോ വ്യക്തിക്ക് ശ്രദ്ധ, കാര്യങ്ങള്‍ വിശകലം ചെയ്യാനും ആസൂത്രണം ചെയ്യാനുമുള്ള കഴിവ് എന്നിവ ഘട്ടം ഘട്ടമായി ഇല്ലാതാവുന്നു. ഇതോടെ നേരത്തെ അറിയാവുന്ന കാര്യങ്ങള്‍ മറന്നുപോകുകയും ദൈനംദിന ജീവിതത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ പോലും ചെയ്യാനാവാതെ ബുദ്ധിമുട്ടിലവുകയും ചെയ്യുന്നു. തുടര്‍ന്ന് പെരുമാറ്റ വൈകല്യങ്ങള്‍, സംസാര തടസ്സം എന്നിവയും പ്രത്യക്ഷപ്പെടും.
മറവിരോഗങ്ങള്‍ പലതരത്തിലുണ്ടെങ്കിലും അതില്‍ അല്‍ഷൈമേഴ്സ് ഡിസീസ് (Alzhemer's Disease) ആണ് പ്രധാനമായും കണ്ടുവരുന്നത്. മസ്തിഷ്കകോശങ്ങളെ ബാധിക്കുന്ന രോഗമാണിത്. ഡിമെന്‍ഷ്യ ബാധിതരില്‍ പകുതിയിലധികം പേര്‍ക്കും ആല്‍ഷൈമേഴ്സ് രോഗമാണുള്ളത്. ഇതിനു ഫലപ്രദമായ ചികിത്സ ഇനിയും കണ്ടത്തെിയിട്ടില്ല.
ചെയ്യുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക, മറവി ഒരു പതിവായിത്തീരുക, സാധനങ്ങള്‍ മറന്നുവെക്കുക, അക്കങ്ങളും അക്ഷരങ്ങളും മറന്നുപോകുന്നതോടെ എഴുതാനും വായിക്കാനും കണക്കുകൂട്ടുവാനും കഴിയാതിരിക്കുക, കൃത്യമായ വാക്കുകള്‍ കിട്ടാത്തത് മൂലം സംസാരം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതാവുക, ചിരപരിചിതമായ സ്ഥലങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിയാന്‍ കഴിയാതെ വഴിതെറ്റിപ്പോകുക, ഭക്ഷണം കഴിക്കാന്‍ പോലും മറന്നുപോകുക തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഈ രോഗത്തിന്‍െറ ഭാഗമായി കണ്ടുവരുന്നുണ്ട്. വിഷാദം, ഉത്കണ്ഠ, അമിതകോപം തുടങ്ങിയവയും ലക്ഷണങ്ങളില്‍ ഉള്‍പ്പെടും. ഈ ലക്ഷണങ്ങളില്‍ പലതും മറ്റ് മറവിരോഗങ്ങളുടെ കൂടി ലക്ഷണങ്ങളായതിനാല്‍ രോഗം അല്‍ഷൈമേഴ്സ് ആണെന്ന് സഥിരീകരിക്കുന്നതിന് വിശദമായ പരിശോധനകള്‍ ആവശ്യമാണ്. മസ്തിഷ്കത്തിന്‍െറ സ്കാനിങ്, ന്യൂറോസൈക്കൊളജിക്കല്‍ ടെസ്റ്റ്, രക്തപരിശോധന തുടങ്ങിയവയിലൂടെ രോഗം നിര്‍ണയിക്കാനാവും.
2012 മുതലാണ് ‘അല്‍ഷൈമേഴ്സ് ഡിഡീസ് ഇന്‍റര്‍നാഷണല്‍’ എന്ന സംഘടന എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തെ അല്‍ഷൈമേഴ്സ് മാസമായും സെപ്റ്റംബര്‍ 21 നെ അല്‍ഷൈമേഴ്സ് ദിനമായും ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന രോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍, ചികിത്സാരീതികള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഒരു വേദി എന്ന നിലക്കാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
ലോകത്താകമാനം 46.8 ദശലക്ഷം പേര്‍ നിലവില്‍ ഈ രോഗത്തിന്‍െറ പിടിയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും പുതിയതായി 9.9 ദശലക്ഷം പേര്‍ രോഗികളായി മാറിക്കൊണ്ടിരിക്കുകയാണെന്നും 2050 ഓടെ മൊത്തം രോഗികളുടെ എണ്ണം 131.5 ദശലക്ഷമായി വര്‍ധിക്കുമെന്നും അല്‍ഷൈമേഴ്സ് ഡിഡീസ് ഇന്‍റര്‍നാഷണല്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
വൈദ്യശാസ്ത്രം കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തില്‍ പൊതുവെ മരണനിരക്ക് കുറയുകയും വൃദ്ധജനങ്ങളുടെ എണ്ണം കൂടുകയും ചെയ്തതോടെ സ്വഭാവികമായും അല്‍ഷൈമേഴ്സ് രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. രക്തപ്രവാഹം കുറയുന്നത് മൂലം മസ്തിഷ്കത്തിന്‍െറ ചില പ്രത്യേക ഭാഗങ്ങള്‍ നശിച്ചുപോകുന്നതാണ് രോഗത്തിന്‍െറ പ്രധാന കാരണം. അതുകൊണ്ടുതന്നെ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ജനിതക കാരണങ്ങള്‍, തലച്ചോറിലെ ചില രാസവസ്തുക്കളുടെ വ്യതിയാനം, തലച്ചോറിലെ അമൈലോയിഡ് നിക്ഷേപം (Amyloid plaques) എന്നിവയാണ് പ്രധാനപ്പെട്ട രോഗകാരണങ്ങള്‍.
രോഗബാധിതരില്‍ 40 ശതമാനം പേര്‍ക്കും ജനിതക കാരണങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. ക്രോമോസോമുകളുടെ തകരാറുകള്‍ മൂലമുണ്ടാവുന്ന രോഗബാധ പലപ്പോഴും വാര്‍ധക്യത്തിന് മുമ്പുതന്നെ പ്രത്യക്ഷപ്പെടാറുണ്ട്.
ചിലരില്‍ മസ്തിഷ്കത്തിലെ അസറ്റൈല്‍ കോളിന്‍ (Acetyl choline) എന്ന രാസവസ്തുവിന്‍െറ കുറവ് മൂലമാണ് രോഗമുണ്ടാകുന്നുത്്. ഒരു തരം പ്രോട്ടീന്‍ സംയുക്തമായ അമൈലോയിഡുകള്‍ അടിഞ്ഞുകൂടി തലച്ചോറിലെ ന്യൂറോണുകളൂടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നതും രോഗത്തിന് കാരണമാവുന്നു.
മസ്തിഷ്ക കോശങ്ങളുടെ ജീര്‍ണതായാണ് മറ്റൊരു കാരണം. ഇതിന്‍െറ കാരണം കൃത്യമായി കണ്ടത്തെിയിട്ടില്ളെങ്കിലും അല്‍ഷൈമേഴ്സ് ഡിസീസ് രോഗികളില്‍ മസ്തിഷ്ക കോശങ്ങളുടെ അളവ് പകുതിയോളം കുറവാണെന്ന് കണ്ടത്തെിയിട്ടുണ്ട്.
രോഗത്തെ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാവില്ളെങ്കിലും ചില ഒൗഷധങ്ങള്‍ രോഗത്തിന്‍െറ തീവ്രത കുറക്കുന്നതായി കണ്ടിട്ടുണ്ട്. മസ്തിഷ്കത്തിലെ അസറ്റൈല്‍ കോളിന്‍ എന്ന രാസവസ്തുവിനെ വിഘടിപ്പിക്കുന്ന അസറ്റൈല്‍ കോളിന്‍ എസ്റ്ററേസ് എന്ന എന്‍സൈമിനെ തടസ്സപ്പെടുത്തുന്നതും മസ്തിഷ്കത്തിലെ ഗ്ളൂട്ടമേറ്റിന്‍െറ അളവിനെ കുറക്കാനുമുള്ള ഒൗഷധങ്ങളാണ് നിലവില്‍ ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. രോഗത്തോടനുബന്ധിച്ചുള്ള മാനസിക വിഭ്രാന്തികള്‍ കുറക്കുന്നതിന് മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന ചില ഒൗഷധങ്ങളും കുറഞ്ഞ അളവില്‍ നല്‍കാറുണ്ട്.
മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയോടൊപ്പം ഓര്‍മ്മകളെ ഉത്തേജിപ്പിക്കുന്ന പെരുമാറ്റ ചികിത്സാ രീതികളും നിലവിലുണ്ട്.
രോഗികളെ കൈകാര്യം ചെയ്യുന്നതിനായി കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വിദഗ്ദ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും അത്യാവശ്യമാണ്. പുറത്ത് പോയശേഷം സ്ഥലം മറന്നുപോകുന്നതിനാല്‍ തിരികെ വരാന്‍ കഴിയാതാവുന്നത് മൂലം രോഗികളെ കാണാതാവല്‍, ഭക്ഷണവും മരുന്നുകളും കഴിക്കാന്‍ മറന്നുപോകല്‍, ടോയ്ലറ്റുകളെ തിരിച്ചറിയാന്‍ കഴിയാത്തതുമൂലമുണ്ടാകുന്ന മല-മൂത്ര വിസര്‍ജന പ്രശ്നങ്ങള്‍, വസ്ത്രങ്ങള്‍ ധരിക്കാന്‍ മറന്നുപോകല്‍, സംശങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കല്‍, രോഗം രൂക്ഷമാവുന്ന അവസരങ്ങളില്‍ ആക്രമണ സ്വഭാവം തുടങ്ങി നിത്യജീവിതത്തിലെ നിരവധി പ്രശ്നങ്ങള്‍ നേരിടാന്‍ ബന്ധുക്കള്‍ ശാസ്ത്രീയ പരിശീലനം നേടുന്നതും രോഗിയുടെ ബുദ്ധിമുട്ടുകള്‍ കുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.