മാറ്റാം ജീവിതശൈലി; ഹൃദയത്തിന്‍െറ ആരോഗ്യത്തിനായി
text_fieldsസപ്തംബര്‍ 29
‘ലോക ഹൃദയദിനം’
കൃത്രിമ ആഹാരങ്ങള്‍, വ്യായാമരഹിത ജീവിതം, മാനസിക സംഘര്‍ഷം തുടങ്ങിയ കാരണങ്ങളാല്‍ നിരവധി ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമകളാണ് ഇന്നത്തെ മനുഷ്യര്‍, പ്രത്യേകിച്ച് പുതിയ തലമുറ. ഇത്തരം അശാസ്ത്രിയ ജീവിതശൈലി സൃഷ്ടിച്ച ഭീഷണികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍. ഹൃദയാഘാതം മൂലം മരിക്കുന്നവരൂടെ എണ്ണം കഴിഞ്ഞ ഏതാനും ദശകങ്ങളായി ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍, ലോകാരോഗ്യ സംഘടന, യുനെസ്കോ എന്നിവ ചേര്‍ന്ന് എല്ലാ വര്‍ഷവും സപ്തംബര്‍ 29 ‘ലോക ഹൃദയ ദിന’ മായി ആചരിക്കുന്നത്.
‘ഹൃദയത്തിന്‍െറ ആരോഗ്യത്തിനായി ആരോഗ്യകരമായ ചുറ്റുപാടുകള്‍’ എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം. അടുത്ത പതിറ്റാണ്ടിനിടെ ലോകത്തെ മൊത്തം ഹൃദ്രോഗ ബാധിതരുടെ എണ്ണത്തില്‍ 25 ശതമാനമെങ്കിലും കുറവുവരുത്തുക എന്നതും ഈ ദിനാചരണത്തിന്‍െറ ലക്ഷ്യമാണ്.
അടുത്ത കാലത്തായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളിലൂടെ വര്‍ത്തകളില്‍ സ്ഥാനം പിടിച്ച കേരളം പക്ഷെ ഹൃദായരോഗ്യത്തിന്‍െറ കാര്യത്തില്‍ ഏറെ പിറകിലാണ്. ഇന്ത്യയില്‍ ജീവിതശൈലി രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കേരളത്തില്‍ അതിന്‍െറ പ്രതിഫലനമായി ഹൃദയരോഗികളുടെ എണ്ണം കൂടുന്നത് സ്വാഭാവികമാണെങ്കിലും അടുത്തിടെ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ആശങ്കയുയര്‍ത്തുന്നവയാണ്. ഒരു വര്‍ഷത്തിനിടെ നമ്മുടെ കൊച്ചു സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലധികം പേര്‍ ഹൃദയാഘാതം മൂലം ചികിത്സ തേടുകയുണ്ടായി. ഇതില്‍ 40,000 പേരും മരണത്തിന് കീഴടങ്ങി.
സംസ്ഥാനത്തെ മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലടക്കം നിരവധി പേരാണ് ദിവസേന ഹൃദയ ശസ്ത്രക്രിയക്കും ആന്‍ജിയോപ്ളാസ്റ്റി പോലുള്ള വിലയേറിയ ചികിത്സകള്‍ക്കും വിധേയരാവുന്നത്. ചികിത്സാരംഗത്ത് ഏറെ മുന്നോട്ടു പോകുമ്പോള്‍തന്നെ പ്രതിരോധ രംഗത്ത് വളരെ പിറകിലാണ് മലയാളികള്‍.
രോഗം ബാധിച്ച ശേഷം ഏറ്റവും പ്രശസ്തമായ ആശുപത്രിയിലത്തെി മുന്തിയ ചികിത്സയെടുക്കാന്‍ കാണിക്കുന്ന നമ്മുടെ താല്‍പര്യം പക്ഷെ, ഒരിക്കലും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളില്‍ കാണിക്കാറില്ല.
ഇതര സംസ്ഥാനങ്ങളില്‍ അറിവിന്‍െറ കുറവ് മൂലം ജനങ്ങള്‍ അനാരോഗ്യത്തിന്‍െറ പാതയിലേക്ക് പോകുമ്പോള്‍ വിദ്യാസമ്പന്നരായ മലയാളികള്‍ അറിഞ്ഞു കൊണ്ടു തന്നെ രോഗങ്ങള്‍ വരുത്തിവെക്കുന്നവരാണ്. ബേക്കറി പലഹാരങ്ങള്‍, പാക്കറ്റ് ഫുഡുകള്‍, കൊഴുപ്പ് കലര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ തീന്‍മേശയിലെ നിത്യ വിഭവങ്ങളാക്കി മാറ്റിയതിന് പുറമെ ഒരു 100 മീറ്റര്‍ നടക്കാന്‍ പോലും മടിച്ച് ഓട്ടോറിക്ഷകളെ അഭയംപ്രാപിക്കുന്ന മടിയന്മാരായി മാറുകയാണ് നാം. ഒട്ടും വ്യായാമമില്ലാത്ത ജീവതരീതിക്കിടെയാണ് മലയാളി കുടിച്ചുവറ്റിക്കുന്ന മദ്യത്തിന്‍െറ കണക്കുകള്‍ പുറത്തുവരുന്നത്. ഇതിന് പുറമെയാണ് പുകവലി, മാനസിക സംഘര്‍ഷം എന്നിവ. ഇത്തരം അശാസ്ത്രീയ ജീവിതരീതികളുടെ ദോഷഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത് നമ്മുടെ ഹൃദയം തന്നെയാണ്.
ഹൃദയത്തിന്‍്റെ ഭിത്തികളിലെ (കൊറോണറി ധമനിയുടെയുള്ളില്‍ കൊഴുപ്പ് അടിയുന്നത് മൂലം ധമനികള്‍ പൂര്‍ണമായോ ഭാഗികമായോ അടയുകയും ഇതു വഴിയുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യുന്നതോടെയാണ് ഹൃദയരോഗങ്ങളുടെ ലക്ഷങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. രക്തയോട്ടം നിലക്കുന്നതോടെ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരികയും ഹൃദയത്തിന്‍െറ മാംസപേശികള്‍ തകരാറിലാവുകയും ചെയ്യും. തുടര്‍ന്ന് വേദന കൂടുകയും ഹൃദയഭാഗത്ത് കനത്ത ഭാരം അനുഭവപ്പെടുകയും ശ്വാസത്തില്‍ കിതപ്പ്, താടിയെല്ലില്‍ വേദന, ഇടതു കൈക്ക് തരിപ്പ്, അമിതമായി വിയര്‍ക്കല്‍, മനംപിരട്ടല്‍, ശ്വാസ തടസം എന്നിവ എന്നിവ പ്രത്യക്ഷപ്പെടുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.
ഇ.സി.ജി, എക്കൊടെസ്റ്റ്, ട്രെഡ്മില്‍ ടെസ്റ്റ്, ആന്‍ജിയോഗ്രാം എന്നിവയിലൂടെ രോഗ നിര്‍ണ്ണയം നടത്താം.
ഹൃദയത്തിന്‍െറ പ്രവര്‍ത്തനത്തിലെ പ്രാഥമിക തകരാറുകള്‍ ഇ.സി.ജിയിലൂടെ കണ്ടത്തെുമ്പോള്‍ ഹൃദയത്തിന്‍െറ പ്രവര്‍ത്തന ക്ഷമതയും വാല്‍വുകളുടെ പ്രവര്‍ത്തനവും എക്കൊടെസ്റ്റ് വഴി നിര്‍ണയിക്കാം. ഈ രണ്ടു ടെസ്റ്റുകളും രോഗിയുടെ വിശ്രമാവസ്ഥയില്‍ ചെയ്യുമ്പോള്‍ രോഗി ശാരീരികാധ്വാനം ചെയ്യുമ്പോഴുണ്ടാകുന്ന ഹൃദയത്തിന്‍െറ പ്രതികരണമാണ് ട്രെഡ്മില്‍ ടെസ്റ്റിലൂടെ നിര്‍ണയിക്കുന്നത്. ഹൃദയത്തിന്‍െറ മിടിപ്പ് കൂടുകയും രക്ത സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന തകരാറുകള്‍ ഈ ടെസ്റ്റിലുടെ കണ്ടത്തൊം.
ശരീരത്തിന്‍െറ പ്രധാന ഞരമ്പിലൂടെ പ്രത്യേക നിറം കലര്‍ന്ന ലായനി (ഡൈ) കടത്തിവിട്ട് നടത്തുന്ന പരിശോധനയാണ് ആന്‍ജിയോഗ്രാം ടെസ്റ്റ്. ഡൈ കടന്നു പോകാതെ തടസം സൃഷ്ടിക്കുന്ന ഭാഗം ഇങ്ങിനെ കൃത്യമായി കണ്ടത്തൊന്‍ സാധിക്കും. ഈ പരിശോധനയില്‍ ധമനികളിലെ തടസ്സം ഗുരുതരമാണെന്ന് കണ്ടത്തെിയാല്‍ രോഗിയെ ഉടന്‍ തന്നെ ആന്‍ജിയോപ്ളാസ്റ്റി എന്ന ചികിത്സക്ക് വിധേയമാക്കും. സ്റ്റെന്‍ഡ് എന്ന പേരിലുള്ള കൃത്രിമ ഉപകരണം ധമനികളിലെ തടസ്സമുള്ള ഭാഗത്ത് സ്ഥാപിച്ച് രക്തയോട്ടം സാധാരണ നിലയിലാക്കുകയാണ് ഇവിടെ ചെയ്യുന്നത്.
കൂടുതല്‍ ബ്ളോക്കുകളുണ്ടെങ്കില്‍ തുടര്‍ന്ന് ബൈപ്പാസ് സര്‍ജറി ചെയ്യണ്ടതായും വരുന്നു. ശരീരത്തിന്‍്റെ മറ്റു ചില ഇടങ്ങളില്‍ നിന്നെടുക്കുന്ന ധമനിയുടെയോ സിരകളുടേയോ ഒരു ഭാഗമെടുത്താണ് ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യുന്നത്. എന്നാല്‍ ആരംഭ ഘട്ടത്തില്‍ രോഗം കണ്ടത്തെിയാല്‍ മരുന്നുകള്‍ കഴിച്ചും ജീവിതശൈലി ക്രമപ്പെടുത്തിയും രോഗത്തെ അതിജീവിക്കാവുന്നതാണ്.
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവക്ക് പുറമെ പാരമ്പര്യവും രോഗകാരണമാണ്. ഹൃദയരോഗങ്ങള്‍ക്ക്
വഴിവെച്ചക്കോവുന്ന ഇത്തരം കാരണങ്ങള്‍ നേരത്തേ തന്നെ കണ്ടു പിടിച്ച് ചികിത്സിക്കേണ്ടതാണ്.
കൊളസ്‌ട്രോള്‍ സാധ്യതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് രോഗികള്‍ ആദ്യം ചെയ്യണ്ടത്. മാട്ടിറച്ചി, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ പോലുള്ള പഞ്ചസാര കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, കൃത്രിമ പാനിയങ്ങള്‍, അച്ചാര്‍, പപ്പടം, ഉണക്കമീന്‍ പോലുള്ള ഉപ്പ് അധികം അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ കഴിയുന്നത്ര ഒഴിവാക്കണം. പകരം മത്തി, അയല പോലുള്ള മത്സ്യങ്ങള്‍ കറി വച്ചു മാത്രം മിതമായതോതില്‍ കഴിക്കുകയും പച്ചക്കറികളും പഴ വര്‍ഗങ്ങളും ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും വേണം. ശാരീരികധ്വാനമില്ലാത്തവര്‍ ആവശ്യത്തിന് വ്യായാമം ചെയ്യുകയും മാനസിക സംഘര്‍ഷങ്ങള്‍ കുറക്കുന്ന വിനോദ ഉപാധികള്‍, യോഗ എന്നിവ പരിശീലിക്കുകയും ചെയ്താല്‍ ഈ രോഗത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.