Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightതുമ്മലും അലര്‍ജിയും...

തുമ്മലും അലര്‍ജിയും ആയുര്‍വേദവും

text_fields
bookmark_border
തുമ്മലും അലര്‍ജിയും ആയുര്‍വേദവും
cancel

അലര്‍ജി പലതരത്തില്‍ ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നു. പൊടി അലര്‍ജിയാണ് ഇതില്‍ പ്രധാനം. അലര്‍ജികൊണ്ടുണ്ടാകുന്ന തുമ്മല്‍ ഒരാളുടെ ജീവിതത്തെ ചിലപ്പോള്‍ ദുസ്സഹമാക്കാനിടയുണ്ട്. വര്‍ക്ക്ഷോപ് ജീവനക്കാരനായ ഒരു യുവാവിന്‍െറ അവസ്ഥ നോക്കുക. രാവിലെ ഉറക്കമുണര്‍ന്നാല്‍ അസഹ്യമായ തുമ്മല്‍  ഉറപ്പായതുകൊണ്ട് എന്നും  വെയിലുവന്നതിനുശേഷം മാത്രമേ അയാള്‍ എഴുന്നേല്‍ക്കുമായിരുന്നുള്ളൂ. അയാളുടെ മറ്റൊരു പരാതി തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാനാവുന്നില്ല എന്നതായിരുന്നു.  പെയിന്‍റിന്‍െറ മണമടിച്ചാല്‍ ഉടനെ അസഹ്യമായ തുമ്മല്‍ തുടങ്ങുകയായി. ഇതുപോലെ, തുമ്മല്‍ കാരണം ജീവിതം വഴിമുട്ടിയ അനേകര്‍ ഇന്നുണ്ട്.  

അലര്‍ജി എന്നാലെന്ത്?
അലര്‍ജിയെ ഡോക്ടര്‍മാര്‍ വിളിക്കുന്നത് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി (hyper sensitivtiy) എന്നാണ്. ഒരു തരം അതി വൈകാരികത എന്നുവേണമെങ്കില്‍ പറയാം. ഈ അതിവൈകാരികത നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ (immune system) ബാധിക്കുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. യഥാര്‍ഥത്തില്‍  അണുബാധ (infection)കളില്‍നിന്നും മറ്റും ശരീരത്തെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് നമ്മുടെ പ്രതിരോധ സംവിധാനം. സാധാരണ ഗതിയില്‍ നമുക്ക് കുഴപ്പമൊന്നുമുണ്ടാക്കാത്ത ഒന്നാണ് ഇത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍  പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.
പലതരം ലക്ഷണങ്ങള്‍ അലര്‍ജിയില്‍ കാണാം. ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തുമ്മല്‍ (sneezing), ശ്വാസം മുട്ടല്‍ (breathlessness) മുതലായ ലക്ഷണങ്ങളാണ് ഉണ്ടാവുക. കൂടാതെ, ത്വക്കില്‍ ചൊറിഞ്ഞ് തടിക്കുക മുതലായ ലക്ഷണങ്ങളോടുകൂടി  മാരകമായ രീതിയിലും അലര്‍ജി വരാറുണ്ട്. ആയുര്‍വേദത്തില്‍ അലര്‍ജിയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. രജ(പൊടി), ധൂമങ്ങള്‍(പുക) എന്നിവമൂലവും വിഷദ്രവ്യങ്ങള്‍ മൂലവുമുണ്ടാകുന്ന ശ്വാസകോശരോഗങ്ങള്‍ ആയുര്‍വേദത്തില്‍ വിവരിക്കുന്നുണ്ട്. ഇന്ന് ആയുര്‍വേദ ചികിത്സകര്‍ അലര്‍ജിയെ  രക്തദുഷ്ടിയുമായി ബന്ധപ്പെടുന്ന ഒരു രോഗമായിട്ടാണ് കണക്കാക്കുന്നത്. ശാസ്ത്രീയമായ ആയുര്‍വേദ ചികിത്സകൊണ്ട് പൂര്‍ണമായും മാറ്റിയെടുക്കാവുന്ന ഒരു രോഗമാണ് അലര്‍ജികൊണ്ടുള്ള തുമ്മല്‍.

ശ്വാസകോശ അലര്‍ജി (Respiratory allergy)
നമ്മുടെ നാട്ടുകാരില്‍ 20 ശതമാനത്തോളം ആള്‍ക്കാര്‍ അലര്‍ജികൊണ്ട് കഷ്ടപ്പെടുന്നവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിനെട്ട് ശതമാനത്തോളം പേര്‍ ശ്വാസകോശ അലര്‍ജി ഉള്ളവരാണ്. അലര്‍ജി നാള്‍ക്കുനാള്‍ കൂടി വരുകയുമാണത്രെ.

അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളെ അലര്‍ജനുകള്‍ (allergens)  എന്നാണ് വിളിക്കുന്നത്. ഈ അലര്‍ജനുകള്‍ ശരീരത്തില്‍ ഏതു ഭാഗവുമായാണോ ബന്ധപ്പെടുന്നത് അതിനനുസരിച്ചുള്ള ലക്ഷണമാണ് ഉണ്ടാകുന്നത്. ശ്വസനവ്യൂഹത്തില്‍ പ്രധാനമായും പോളനുകള്‍ ആണ് അലര്‍ജി ഉണ്ടാക്കുന്നത്. അലര്‍ജിജന്യ ജലദോഷത്തില്‍ പ്രധാനമായും മൂക്കില്‍ ചൊറിച്ചില്‍, തുമ്മല്‍, കണ്ണ് ചൊറിച്ചില്‍, കണ്ണ് ചുവക്കല്‍ എന്നിവയാണ് ലക്ഷണമായുണ്ടാകുക.  ശ്വാസകോശത്തില്‍ കഫം അധികമായി ഉല്‍പാദിപ്പിക്കപ്പെടുകയും ചുമ, ശ്വാസം മുട്ടല്‍, ശബ്ദത്തോടെയുള്ള ശ്വാസോച്ഛ്വാസം എന്നിവയുണ്ടാക്കുകയും ചെയ്യുന്നു. 
ഭക്ഷണം പലതരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാക്കുമെങ്കിലും (വയറിളക്കം, വയറുവേദന, ചൊറിച്ചില്‍ മുതലായവ) ശ്വസനാലര്‍ജികള്‍ ഉണ്ടാക്കുന്നത് പതിവില്ല. ശ്വസനാലര്‍ജികള്‍ പ്രധാനമായും മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അലര്‍ജനുമായി ശരീരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഉടനെ ലക്ഷണം തുടങ്ങുകയായി.   

കാരണങ്ങള്‍ 
അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങളെ പ്രധാനമായും ശാരീരിക ഘടകങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിങ്ങനെ തിരിക്കാം. 

ശാരീരിക കാരണങ്ങള്‍ പാരമ്പര്യം

ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇത്. അലര്‍ജി മിക്കപ്പോഴും പാരമ്പര്യമാണ്.  മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലുമൊക്കെ അലര്‍ജി ഉണ്ടായിരുന്നെങ്കില്‍ അത് മക്കളിലേക്കും വരാം. അതായത് അലര്‍ജി രോഗികള്‍ക്കുണ്ടാകുന്ന കുട്ടികളിലും അലര്‍ജി കാണപ്പെടാറുണ്ട് എന്നുമാത്രമല്ല അത് രോഗമില്ലാത്ത മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികളെക്കാള്‍ തീവ്രമായി അനുഭവപ്പെടുകയും ചെയ്യുന്നു.

പ്രായം 
ചെറിയ കുട്ടികളിലാണ് അലര്‍ജി അധികവും കാണപ്പെടാറ്. അലര്‍ജികൊണ്ടുണ്ടാകുന്ന ആസ്ത്മ കൂടുതലും കാണപ്പെടുന്നത് 10 വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ്. എന്നാല്‍, അലര്‍ജിക് ജലദോഷം ചെറുപ്പക്കാരിലാണത്രേ കൂടുതല്‍.

ലിംഗം 
ആണ്‍കുട്ടികളിലാണ് പെണ്‍കുട്ടികളെക്കാള്‍ അലര്‍ജി കൂടുതലായി കാണപ്പെടുന്നത്. ആസ്ത്മ കൂടുതല്‍ പെണ്‍കുട്ടികളിലും.

പ്രതികൂല ഘടകങ്ങള്‍
    പുകവലി,  രാസവസ്തുക്കള്‍, തണുത്ത അന്തരീക്ഷം,  എയര്‍ കണ്ടീഷനുകള്‍, അന്തരീക്ഷത്തിലെ ഈര്‍പ്പം, കാറ്റേല്‍ക്കുക, അന്തരീക്ഷ മലിനീകരണം, പുക എന്നിവ രോഗത്തിന് കാരണമാവുന്ന പ്രതികൂല ഘടകങ്ങളാണ്.

ലക്ഷണങ്ങള്‍
തുമ്മല്‍,  ജലദോഷം, മൂക്കടപ്പ് , മൂക്ക് ചൊറിച്ചില്‍, ചുമ, തൊണ്ടവേദന, കണ്ണ് ചൊറിച്ചില്‍, കണ്ണില്‍നിന്ന് വെള്ളം വരുക, കണ്ണിന് ചുറ്റും കറുത്ത പാട്, തലവേദന, ക്ഷീണം, തൊലിപ്പുറത്ത് ചൊറിച്ചിലും തടിപ്പുകളും വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രോഗ നിര്‍ണയം 
സാധാരണഗതിയില്‍  ദേഹപരിശോധനകൊണ്ട് രോഗം നിര്‍ണയിക്കാവുന്ന ഒന്നാണിത്.   ചിലപ്പോള്‍ പ്രത്യേക ടെസ്റ്റുകളും നടത്താറുണ്ട്.

സ്കിന്‍ പ്രിക് ടെസ്റ്റ്
രോഗിയുടെ ത്വക്ക് ചില പദാര്‍ഥങ്ങളുമായി  സമ്പര്‍ക്കത്തിലാകുമ്പോള്‍ ശരീരം അതിനോട് പ്രതികരിക്കുന്ന വിധം അളക്കുകയാണ് സ്കിന്‍ പ്രിക് ടെസ്റ്റിലൂടെ ചെയ്യുന്നത്. ഏതെല്ലാം വസ്തുക്കളോടാണ് രോഗിക്ക് അലര്‍ജി എന്ന് കണ്ടുപിടിക്കാന്‍ ഇത് സഹായകമാണ്. റേഡിയോ അലെഗ്രോ സോര്‍ബെന്‍ഡ് ടെസ്റ്റും ചിലര്‍ക്ക് നടത്താറുണ്ട്. ഇത് ശരീരത്തിലെ ഇമ്യൂണോ ഗ്ളോബുലിന്‍ഇ (IgE) എത്രയുണ്ട് എന്ന് അറിയുന്നതിനുവേണ്ടിയുള്ളതാണ്.
മറ്റൊരു പരിശോധനയായ ഈസിനോഫില്‍ കൗണ്ട് നിര്‍ണയത്തിലൂടെ രോഗിയുടെ രക്തത്തിലുള്ള വെളുത്ത രക്താണുക്കളുടെ എണ്ണം കണക്കാക്കുകയാണ് ചെയ്യുന്നത്. ശരീരത്തില്‍ അലര്‍ജിയോ അണുബാധയോ മൂലമുള്ള രോഗങ്ങളുണ്ടെങ്കില്‍ ഈസിനോഫില്‍ കൗണ്ട് ഉയര്‍ന്നു കാണപ്പെടുന്നു. അലര്‍ജിയുടെ ഒരു പ്രാഥമിക പരിശോധനയാണ് ഇത്. 
ഇതുകൂടാതെ മൂക്കില്‍ ദശ വളര്‍ച്ച, സൈനസൈറ്റിസ് എന്നിവ ഉണ്ടോ എന്ന് പരിശോധിക്കാനായി എക്സ്-റേ പോലെയുള്ള പരിശോധനകളും നടത്താറുണ്ട്.

ചികിത്സ  
സാധാരണയായി അലോപ്പതിയില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിസറ്റമൈന് എതിരായുള്ള മരുന്നുകളായ ആന്‍റീ ഹിസറ്റമൈനുകള്‍, മൂക്കടപ്പ് പെട്ടെന്ന് മാറാനും ലക്ഷണങ്ങള്‍ക്ക് വേഗം ശമനം ലഭിക്കാനും സഹായിക്കുന്ന സ്റ്റിറോയിഡുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.
അതേസമയം ആയുര്‍വേദ വീക്ഷണമനുസരിച്ച് അലര്‍ജിയുടെ കാരണങ്ങളെയാണ് പരിശോധിക്കുന്നത്. ഇവിടെ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളുമായുള്ള ബന്ധംമുറിക്കല്‍ മാത്രമല്ല, ആ വസ്തുക്കളോട് ശരീരത്തിനുണ്ടാകുന്ന ‘പക’ക്ക് എന്താണ് കാരണം എന്ന അന്വേഷണം കൂടിയാണ്. അലര്‍ജിക്ക് കാരണമാകുന്ന വാത,പിത്ത, കഫങ്ങളെ ഒൗഷധങ്ങള്‍കൊണ്ട് ക്രമീകരിക്കുകയോ ശോധന ചികിത്സകൊണ്ട് പുറന്തള്ളുകയോ ആണ് ചെയ്യുന്നത്. ദോഷത്തിന്‍െറ കാഠിന്യമനുസരിച്ചുള്ള മരുന്നുകളാണ് ചെയ്യേണ്ടത്. രോഗിയുടെ ലക്ഷണങ്ങളിലുള്ള വ്യക്തിഗതമായ വ്യത്യാസം മനസ്സിലാക്കി ദോഷത്തെയും അഗ്നിയെയും പ്രകൃതിയെയും അറിഞ്ഞാണ് ചികിത്സ.
രോഗിയുടെയും രോഗത്തിന്‍െറയും അവസ്ഥയനുസരിച്ച് ശോധനയോ ശമനമോ ചെയ്യുന്നു. ശോധനചികിത്സ ചെയ്തതിന് ശേഷം ഒൗഷധങ്ങള്‍ കൊണ്ട് ചികിത്സിക്കുന്നത് വേഗം ഫലം നല്‍കാറുണ്ട്. അഗ്നി വര്‍ധകമായ ചികിത്സയാണ് ആത്യന്തികമായി അലര്‍ജിക്ക് നല്‍കുന്നത്. വിഷപദാര്‍ഥങ്ങളെ നിര്‍വീര്യമാക്കാനുള്ള മരുന്നുകളും അതില്‍ പെടുന്നു. 
വമനത്തിലൂടെ ശരീരത്തിലെ കഫദോഷത്തെ പുറന്തള്ളുന്നു. ദോഷത്തിന്‍െറ കോപമനുസരിച്ച് മൃദു വമനമോ വമനമോ ചെയ്യാം. യുക്തമായ മരുന്നുകള്‍ കൊണ്ടാണ് വിരേചനം ചെയ്യേണ്ടത്. അധികമായ പിത്തദോഷത്തെ വിരേചനം കൊണ്ട് പുറന്തള്ളാം. അഗ്നിദീപനമുണ്ടാകുവാനും ശരീരം ശുദ്ധമാകുവാനും ഇത് സഹായിക്കുന്നു. നസ്യം സൈനസൈറ്റിസ്, മൂക്കില്‍ ദശവളര്‍ച്ച എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കഫം പുറത്തുകളയാന്‍ നല്ലതാണ്. നാസാനാളത്തെയും സൈനസുകളെയും ശുദ്ധീകരിക്കാന്‍ രോഗാനുസൃതമായിചെയ്യുന്ന നസ്യ ചികിത്സകൊണ്ട് സാധിക്കുന്നു. 
ഒൗഷധചികിത്സയില്‍ പ്രധാനമായും ത്രിദോഷഹരമായ മരുന്നുകള്‍ ഉപയോഗിക്കുന്നു.  രസായന പ്രയോഗങ്ങളും അവസ്ഥാനുസരണം ചെയ്യുന്നുണ്ട്. ശരിയായ ആയുര്‍വേദ ചികിത്സകൊണ്ട് അലര്‍ജി, തുമ്മല്‍ എന്നിവ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. മുകളില്‍പറഞ്ഞ സാമാന്യ ചികിത്സ രോഗത്തിനും രോഗിക്കുമനുസരിച്ച് വ്യത്യാസം വരുത്തിയാണ് ചികിത്സ. ആയുര്‍വേദം അനേക രോഗങ്ങളെ വേരോടെ പിഴുതെറിയാന്‍ കഴിവുള്ള ഒരു ചികിത്സ ശാസ്ത്രമാണ്. അതിലൊന്നാണ് അലര്‍ജ്ജിയും.

അലര്‍ജിയുള്ളവര്‍ ചെയ്യേണ്ടത്.

  •     തണുപ്പടിക്കുന്നത് ഒഴിവാക്കുക
  •     തുളസി, പനിക്കൂര്‍ക്ക, ആടലോടകം, കരുനൊച്ചി ഇവയുടെ കഷായം രാവിലെ കഴിക്കുക.
  •     പൊടി അടിക്കാതെ ശ്രദ്ധിക്കുക.
  •     വിരുദ്ധാഹാരം പകലുറക്കം എന്നിവ ഒഴിവാക്കുക
  •     നല്ളൊരു ആയുര്‍വേദ ചികിത്സകനെ കണ്ട് ചികിത്സ സ്വീകരിക്കുക. 


(ലേഖകൻ കാഞ്ഞങ്ങാട് പി.എൻ പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളെജിൽ അസി.പ്രൊഫസറാണ് )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allergy
Next Story