പ്രകൃതിയോടിണങ്ങൂ, ആരോഗ്യത്തോടെയിരിക്കൂ...
text_fieldsപുരാതന കാലം മുതല്‍ ഓരോ കേരളീയനും പ്രകൃതിയോട് ചേര്‍ന്നാണ് ജീവിച്ചുവരുന്നത്. ദാഹം മാറ്റാന്‍ ഇളനീരും വിശപ്പുമാറ്റാന്‍ അടുക്കളത്തൊടിയിലെ നാടന്‍ ഫലവര്‍ഗങ്ങളും മലയാളി കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തി. അതുകൊണ്ടുതന്നെ മികച്ച ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ മരണനിരക്കുമുള്ള ഒരിടമായിരുന്നു കേരളം. എന്നാല്‍, കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളി വിവിധതരം രോഗങ്ങളുടെ പിടിയിലാണ്. ഹൃദയാരോഗ്യത്തെ തകര്‍ക്കുംവിധമുള്ള ജീവിതശൈലീ രോഗങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നു. ഇതിന്‍െറ കണക്കുകള്‍ വളരെയേറെ ആശങ്കപ്പെടുത്തുന്നതാണ്. ജീവിതത്തിലെ നൈമിഷിക സുഖങ്ങള്‍ക്കുവേണ്ടി ആരോഗ്യം തകരാറിലാക്കുന്ന ജീവിതചര്യയാണ് നാമിപ്പോള്‍ വെച്ചുപുലര്‍ത്തുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു: ‘ഓരോ കുഞ്ഞിന്‍െറയും ജനനം മുതലേ വിവിധതരം ശീലങ്ങള്‍ നാം പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. ഇവ അവരുടെ ജീവിതകാലം മുഴുവനും അവരോടൊപ്പം ഉണ്ടാകും. ഇങ്ങനെ ചെറുപ്പകാലങ്ങളില്‍ പകര്‍ന്നുനല്‍കുന്ന ശീലങ്ങള്‍ തെറ്റാണെങ്കില്‍ വലുതാകുമ്പോള്‍ ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ക്കിടവരുത്തും. പണ്ടൊക്കെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമാണ് അമ്മമാര്‍ നല്‍കിയിരുന്നത്. കുഞ്ഞിന്‍െറ ശാരീരിക-ബുദ്ധി വികാസത്തിന് ആവശ്യമായതെല്ലാം മുലപ്പാലില്‍ പ്രകൃതി നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ കാലത്ത് മുലപ്പാലിനുപകരം കൃത്രിമ ആഹാരങ്ങളാണ് നല്‍കുന്നത്. അവിടെ മുതല്‍ അനാവശ്യ ശൈലികള്‍ നാം കുട്ടികളില്‍ അടിച്ചേല്‍പിക്കുകയാണ്.’
മനുഷ്യന്‍െറ നിലനില്‍പിന് പ്രകൃതിതന്നെ ചില ചിട്ടകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും ഇതിനു വിഘാതം സൃഷ്ടിക്കുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നത്. ആഹാരത്തില്‍ അമിതമായി ഉപ്പും പഞ്ചസാരയും കൊഴുപ്പും ഉള്‍പ്പെടുത്തുന്നതിനാല്‍ രക്തധമനിരോഗങ്ങള്‍ മുതല്‍ അര്‍ബുദം വരെ ഉണ്ടാകുന്നു. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പു വരെ പച്ചക്കറികളായിരുന്നു മലയാളിയുടെ വിഭവങ്ങളില്‍ കൂടുതലും. പൂര്‍വികരുടേതായിരുന്നു ശരിയായ ജീവിതരീതി. മുളപ്പിച്ച ധാന്യങ്ങള്‍, വിവിധയിനം പഴവര്‍ഗങ്ങള്‍ എന്നിവക്കു പകരം ഫാസ്റ്റ്ഫുഡ് ഇടംപിടിച്ചു. ബിരിയാണിയും പൊറോട്ടയും കോളയുമെല്ലാം മലയാളിക്കിന്ന് ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ്. വളരെ നേര്‍പ്പിച്ച മൈദമാവാണ് പൊറോട്ട. ഇതിനു പോഷകമൂല്യം തുലോം കുറവും കലോറിമൂല്യം വളരെ കുറവുമാണ്. ഹൃദയത്തിന് ഹാനികരമായ കൊഴുപ്പാണ് ഇതില്‍ കൂടുതലും അടങ്ങിയിട്ടുള്ളത്. ബേക്കറിയുല്‍പന്നങ്ങളും ഹൃദയത്തിന് കേടാണ്. ക്ഷേത്രങ്ങളില്‍നിന്ന് കിട്ടുന്ന പ്രസാദംപോലും ശരീരത്തിനു ഗുണകരമല്ല. കാലാകാലങ്ങള്‍ പേപ്പര്‍ ടിന്നില്‍ അടച്ചുവെച്ചു വരുന്ന പ്രസാദമോ പായസമോ വളരെയേറെ ദോഷകരമായി പ്രവര്‍ത്തിക്കുന്നു. തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ശരീരത്തിനു ദോഷം സൃഷ്ടിക്കുന്ന പ്രസാദവിതരണം നടത്തുന്നത് സര്‍ക്കാര്‍ സഹായത്തോടെ എന്നത് ഖേദകരം തന്നെ!
ജീവിതശൈലീ രോഗങ്ങള്‍ വളരെ സാവധാനമാണ് ഒരാളെ പിടികൂടുക. ബാധിച്ചുകഴിഞ്ഞാല്‍ വിട്ടുപോവുകയുമില്ല. പ്രധാനമായും മദ്യപാനവും പുകവലിയുമാണ് ഹൃദയാരോഗ്യത്തെ തകര്‍ക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് പുകവലിയിലൂടെയാണ്. റിച്ചാര്‍ഡ് ഡോള്‍ എന്ന ശാസ്ത്രജ്ഞനാണ് പുകവലി ഹൃദ്രോഗത്തിനു കാരണമാകുന്നു എന്ന് കണ്ടത്തെിയത്. മുപ്പതില്‍പരം രോഗങ്ങള്‍ക്ക് പുകവലി കാരണമാകുന്നുവെന്ന് അദ്ദേഹം കണ്ടത്തെിയിരുന്നു. ചെറിയ പ്രായത്തിന്‍െറ കൗതുകത്തില്‍ സിഗരറ്റുപോലെ സാദാ കടലാസ് ചുരുട്ടി പുകവലിക്കുന്ന ശീലം ഭൂരിഭാഗം കുട്ടികളും പരീക്ഷിക്കാറുണ്ട്. എന്നാല്‍, സിഗരറ്റിനേക്കാളും ഗുരുതരമാണ് ഇത്. ഓരോ വലിയിലും വളരെയധികം കാര്‍ബണ്‍ മോണോക്സൈഡ് ശരീരത്തിനകത്ത് പ്രവേശിക്കുന്നു. ബോധവത്കരണങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കിടയിലെ പുകവലി ശീലത്തിനു കുറവുണ്ട്. എന്നാല്‍, പാന്‍പരാഗിന്‍െറ ഉപയോഗം കൂടിവരുന്നുണ്ട്. ഇതും എതിര്‍ക്കപ്പെടേണ്ടതാണ്.
അധികമായാല്‍ അമൃതും വിഷമാണ്. നാം വളരെയധികം ഉപയോഗിക്കുന്ന പഞ്ചസാര, ഉപ്പ്, മുട്ട, വെണ്ണ എന്നിവ ‘വെളുത്ത വിഷം’ എന്നാണ് അറിയപ്പെടുന്നത്. ഇവ ആഹാരത്തില്‍ അധികമായാല്‍ ഹൃദയാഘാതം, അധിക രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുണ്ടാകും. ഏറ്റവും കൂടുതല്‍ പാലുല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമായ ഇന്ത്യയില്‍ മേല്‍പറഞ്ഞ അസുഖങ്ങള്‍ ക്രമാതീതമായി കൂടുന്നതിന്‍െറ കാരണവും മറ്റൊന്നല്ല. സസ്തനികള്‍ക്ക് മുലപ്പാല്‍ മാത്രമാണ് ജീവിതത്തുടക്കകാലത്ത് അത്യാവശ്യമായിട്ടുള്ളത്. എന്നിട്ടും ബാല്യകാലത്തിനു ശേഷവും മനുഷ്യര്‍ വളരെയധികം പാല്‍ ഉപയോഗിക്കുന്നു. സമീകൃതാഹാരമായ പാലും അധികമായാല്‍ വിഷം തന്നെ!
ഉപ്പിന്‍െറ ഉപയോഗവും ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. ആഹാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നതും മനുഷ്യനാണ്. അമിതമായ ഉപ്പിന്‍െറ ഉപയോഗം രക്തമര്‍ദത്തിന് കാരണമാകും. രക്തമര്‍ദം കുറച്ചു നിര്‍ത്തേണ്ടത് ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. സസ്യഭുക്ക് ആയാണ് പ്രകൃതി മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. സസ്യഭുക്കിന് ദിവസം രണ്ടോ മൂന്നോ ടീസ്പൂണ്‍ എണ്ണ മാത്രമേ ആവശ്യമുള്ളൂ. കേരളീയ ഭക്ഷണങ്ങളില്‍ കടുക് അല്ളെങ്കില്‍ ഉള്ളി കാച്ചിയിടുന്നതിനു മാത്രം എണ്ണ ഉപയോഗിക്കുന്ന രീതിയാണ് പിന്തുടര്‍ന്നുപോന്നിരുന്നത്. എന്നാലിപ്പോള്‍ എണ്ണയില്‍ വറുത്തു കോരുന്ന ഭക്ഷണപദാര്‍ഥങ്ങളും ബേക്കറി പലഹാരങ്ങളും ആണ് മലയാളിയുടെ ഇഷ്ട ഭക്ഷണം. ഇതിലൂടെ കൊളസ്ട്രോള്‍ ലെവല്‍ കൂടിക്കൊണ്ടിരിക്കുന്നു. കേരളീയന്‍െറ കൊളസ്ട്രോള്‍ 200ന് മുകളിലാണ്. സാധാരണ നില 150 mg ആണ്.
വളരുംതോറും തടിക്കണമെന്ന് മനസ്സുകൊണ്ടാഗ്രഹിക്കുകയും അത്തരമൊരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ആഹാരം കഴിക്കുകയും ചെയ്യുന്ന ജനതയാണ് കേരളത്തിലുള്ളത്. മെലിഞ്ഞിരിക്കുന്ന കുട്ടികളോട് ‘നീയെന്തേ ഭക്ഷണം കഴിക്കുന്നില്ളേ?’ എന്ന് ആവലാതിയോടെ ചോദിക്കുന്ന നിരവധി മാതാപിതാക്കളുണ്ടിവിടെ. തടിവെക്കാന്‍ പരസ്യങ്ങളില്‍ കാണുന്ന പലതരം പൊടികളും നാം വാങ്ങി നല്‍കുകയും ചെയ്യുന്നു. സാധാരണയായി പ്രായം ചെന്നവര്‍ക്കും പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്കും ബലംകിട്ടാന്‍ ഇത്തരം പൊടികള്‍ നല്ലതാണ്. അവര്‍ക്കു മാത്രമാണ് ഇത്തരം പൊടികള്‍ നല്ലത്. 18-20 വയസ്സില്‍ മനുഷ്യന് ഉണ്ടാകുന്ന ഭാരംതന്നെ ഭാവിയിലും മതി. പിന്നീട് വണ്ണം കൂടുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനാലാണ് എന്ന് മനസ്സിലാക്കുക. കൊഴുപ്പിന്‍െറ ആധിക്യം ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ഓര്‍ക്കുക.
തടിയുള്ളതാണ് ഭംഗി എന്നതാണ് മലയാളിയുടെ തത്ത്വം. ബി.എം.എ (ബോഡി മാസ് ഇന്‍ഡക്സ് )19നു താഴെ പരിപാലിക്കുകയാണ് അഭികാമ്യം. 20നു മുകളില്‍ വരുമ്പോള്‍തന്നെ ജീവിതശൈലീ രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഇത് 30ന് മുകളിലേക്കുയര്‍ന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. 100 ഗ്രാം അരിയില്‍ 350 കലോറിയുണ്ട്. 550 കലോറി ശരീരത്തില്‍നിന്നു പുറത്തുകളയാന്‍ രണ്ടു മണിക്കൂറെങ്കിലും സൈക്കിള്‍ ചവിട്ടേണ്ടി വരും. ആഹാര ക്രമീകരണത്തോടൊപ്പം വ്യായാമം എന്നതാണ് മികച്ച ആരോഗ്യത്തിന്‍െറ അടിസ്ഥാനമാകേണ്ടത്. ഒന്നെടുത്താല്‍ ഒന്ന് സൗജന്യമെന്ന് കേട്ടാലുടനെ അവ ചെന്നു വാങ്ങരുത്, പ്രത്യേകിച്ചും ഭക്ഷണ പദാര്‍ഥങ്ങള്‍. മലയാളിയുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാച്ചിയ പപ്പടം ശരീരത്തിന് വളരെ ദോഷമാണ്. പരമാവധി ഇത് ഒഴിവാക്കാന്‍ ശ്രമിക്കണം. പഴയ കാലത്തെ അപേക്ഷിച്ച് സാധാരണ വീട്ടുപണികള്‍പോലും നാം യന്ത്രങ്ങള്‍ക്ക് വിട്ടുകൊടുത്തു. ഇതുമൂലം ശരീരത്തിനു ലഭിച്ചിരുന്ന വ്യായാമം ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. മനുഷ്യര്‍ തന്നെ അരി ഇടിക്കുകയും അരക്കുകയും ചെയ്തിരുന്നത് ഇപ്പോള്‍ യന്ത്രങ്ങള്‍ ഏറ്റെടുത്തു. നിലം തുടക്കുന്നതും തുണിയലക്കുന്നതും യന്ത്രങ്ങളുടെ പണിയായി. സൈക്കിളുകള്‍ മോട്ടോര്‍ ബൈക്കുകള്‍ക്ക് വഴിമാറി. ടി.വിയുടെ കനം ചെറുതായപ്പോള്‍ കേരളീയന്‍ തടിച്ചു വീര്‍ത്തു. വറവു പലഹാരങ്ങള്‍ കൊറിച്ച് ടി.വിക്കു മുന്നിലിരുന്നാണ് മലയാളി ഈ ‘നേട്ടം’ സ്വന്തമാക്കിയത്. പഴയകാലങ്ങളില്‍ ഓടിക്കളിച്ചും ഊഞ്ഞാലാടിയും അവധിക്കാലം ആഘോഷിച്ചിരുന്ന കുട്ടികള്‍ ഇന്ന് മുഴുവന്‍സമയവും ടി.വിക്കും കമ്പ്യൂട്ടറിനും മുന്നിലാണ്. കളിക്കേണ്ട സമയങ്ങളിലും പഠനം മാത്രമാക്കി സ്കൂളുകളും കുട്ടികളെ തടിയന്മാരും തടിച്ചികളുമാക്കുന്നു. ദിവസവും ഒരു മണിക്കൂറെങ്കിലും കളിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ അനുവദിക്കണം.
ജന്മദിനത്തിന് കേക്ക് ഒഴിവാക്കുക, വീടുകളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ചോക്ളറ്റ് ഒഴിവാക്കി പഴവര്‍ഗങ്ങള്‍ സമ്മാനിക്കുക, ബേക്കറി പലഹാരങ്ങള്‍ കഴിപ്പിക്കുന്നത് ഭാവിയില്‍ പ്രമേഹത്തിനു വഴിവെക്കും. പഴയകാലത്തിലെന്ന പോലെ തവിടുകളയാത്ത ആഹാരങ്ങളും ആവിയില്‍ പുഴുങ്ങിയ ആഹാരപദാര്‍ഥങ്ങളും ശീലിക്കുക. നേര്‍പ്പിച്ച ആഹാരപദാര്‍ഥങ്ങള്‍ (refined) ഒഴിവാക്കണം. ധാന്യ ഭക്ഷണങ്ങളില്‍ നാരുകള്‍ കൂടുതലുള്ളതിനാല്‍ പതിവാക്കുക. ഫ്രിഡ്ജിലും ഷെല്‍ഫിലും ടിന്നുകളിലും കുറെക്കാലം അടച്ചുവെച്ച പദാര്‍ഥങ്ങള്‍ ആഹാരമാക്കാതിരിക്കുക. ശബ്ദശല്യം കുറക്കാന്‍ ശ്രമിക്കുക. ഉച്ചത്തില്‍ ശബ്ദം കേള്‍ക്കുന്നത് ഒഴിവാക്കുക.
വായുമലിനീകരണമുള്ളിടത്ത് അധിക സമയം തുടരാതിരിക്കുക, പ്ളാസ്റ്റിക് കത്തിക്കരുത്. കത്തിച്ചാല്‍ ശരീരത്തിനും അന്തരീക്ഷത്തിനും ദോഷകരമായ മെര്‍ക്കുറി ഡയോക്സിന്‍ ധാരാളമായി വമിക്കും. തുണിസഞ്ചികള്‍ ഉപയോഗിക്കുന്നത് പ്ളാസ്റ്റിക്കിനെ ഒഴിവാക്കാന്‍ ഉത്തമ മാര്‍ഗമാണ്. മുറിവുണ്ടായാല്‍ രക്തം പെട്ടെന്ന് കട്ടപിടിക്കുന്ന സംവിധാനം സവിശേഷമായ രീതിയില്‍ ശരീരത്തിലുള്ള ജീവിയാണ് മനുഷ്യന്‍. എന്നാല്‍, പുകവലിമൂലം രക്തം കട്ടപിടിക്കുന്ന തോത് വര്‍ധിക്കും. ഇത് ദോഷകരമാണ്. പുകവലിയും മദ്യപാനവും തീര്‍ത്തും വര്‍ജിച്ചാല്‍ ഒരു പരിധിവരെ ആരോഗ്യം നിലനിര്‍ത്താം.
(ലേഖകൻ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കാര്‍ഡിയോളജി വിഭാഗം പ്രഫസറാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.