Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകുഞ്ഞുങ്ങള്‍ക്ക്...

കുഞ്ഞുങ്ങള്‍ക്ക് പനിവരുമ്പോള്‍

text_fields
bookmark_border
കുഞ്ഞുങ്ങള്‍ക്ക് പനിവരുമ്പോള്‍
cancel

മഴ തുടങ്ങിയതോടെ കുട്ടികളില്‍ ചെറിയതോതില്‍ പനി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. ജലദോഷത്തോടെയുള്ള പനിയും അല്ലാതെയുള്ള പനിയും മഴക്കാലത്ത് സാധാരണമാണ്. പനി കുട്ടികള്‍ക്കും വലയവര്‍ക്കും ഒരുപോലെ  വരുന്ന ഒരു സാധാരണ രോഗമാണെങ്കിലും കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന പനിക്ക് പിറകില്‍ ശരീരത്തിന്‍െറ പ്രതിരോധവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ട്.  ചെറിയ കുഞ്ഞുങ്ങള്‍ക്ക് വരുന്ന ഓരോ പനിയും വൈറസ്, ബാക്ടിരിയ തുടങ്ങിയ രോഗാണുക്കളോട് പ്രതിരോധശേഷി കൈവരിക്കാനുള്ള അവസരങ്ങളാണ്. ഇത്തരം പനികളിലൂടെ പ്രതിരോധശേഷി നേടിയാണ് ഓരോ കുഞ്ഞും വളരേണ്ടത്. അതുകൊണ്ടുതന്നെ ആവശ്യത്തില്‍ കൂടുതല്‍ ശ്രദ്ധയോ ഒരു ഗുരുതര രോഗത്തോടെന്നപോലുള്ള സമീപനമോ പനിയോട് വേണ്ടതില്ല.
മുമ്പ് നിസാര ഗൃഹവൈദ്യം കൊണ്ട് നാം നേരിട്ടിരുന്ന പനി ഇന്ന് പല പേരുകളിലായത്തെി സമൂഹത്തെ ഭയപ്പെടുത്തുകയാണ്്. സാധാരണയായി ശരീരത്തിന്‍െറ ഏതെങ്കിലും ഭാഗത്ത് രോഗാണുബാധ ഉണ്ടാവുമ്പോള്‍ മാത്രമാണ് പനി പ്രത്യക്ഷപ്പെടുക. അപൂര്‍വമായി ഭക്ഷ്യവിഷബാധയുണ്ടാകുമ്പോഴും ശരീരം പനിയിലൂടെ പ്രതികരിക്കാറുണ്ട്.
കുഞ്ഞുങ്ങള്‍ക്ക് വല്ലപ്പോഴും വരുന്ന പനി  എല്ലായിപ്പോഴും ഭയപ്പെടേണ്ട ഒന്നല്ല. മിക്കവാറും ഒന്നോ രണ്ടോ നേരം  സാധരണ നല്‍കാറുള്ള പാരസെറ്റമോള്‍ എന്ന മരുന്ന് കൃത്യമായ അളവില്‍ നല്‍കിയാല്‍ ഇത്തരം പനികള്‍ മാറിയേക്കും. എന്നാല്‍ രോഗം നീണ്ടുനില്‍ക്കുന്ന പക്ഷം നിര്‍ബന്ധമായും വൈദ്യസഹായം തേടേണ്ടതാണ്. ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള വീടുകളില്‍ പനിക്കുള്ള മരുന്ന് എപ്പോഴും കരുതേണ്ടതാണ്. രാത്രികാലങ്ങളിലോ പെട്ടെന്ന് ചികില്‍സ ലഭ്യമാക്കാന്‍ പ്രയാസമുള്ള ഘട്ടങ്ങളിലോ പനിവരുന്ന പക്ഷം നല്‍കാനാണിത്. എന്നാല്‍ ഇങ്ങിനെ മരുന്ന് നല്‍കുമ്പോള്‍ അളവ് കൂടിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗിയുടെ പ്രായത്തിനും തൂക്കത്തിനും അനുസൃതമായി നിര്‍ദ്ദേശിച്ച അളവില്‍ മാത്രമേ  മരുന്നു നല്‍കാവു. അല്ലാത്തപക്ഷം അത് മാരകമായി തീരാനിടയുണ്ട്. അതുപോലത്തെന്നെ ഇത്തരം മരുന്നുകള്‍ക്ക് റിയാക്ഷന്‍ ഉള്ള കുട്ടികള്‍ക്കും ഇവ നല്‍കരുത്. പുതിയതായി കാണിക്കുന്ന ഡോക്ടറോടും മരുന്നിന്‍െറ റിയാക്ഷനെ കുറിച്ച് പറയേണ്ടതാണ്.
കുഞ്ഞുങ്ങള്‍ക്കുള്ള പാസെറ്റമോള്‍ സിറപ്പുകളും മറ്റും അവര്‍ക്കിഷ്ടമുള്ള സ്വാദിലാണ് മരുന്നു കമ്പനികള്‍ പുറത്തിറക്കുന്നത്. ചോക്കലൈറ്റ്, ഐസ്ക്രീം, ഓറഞ്ച് തുടങ്ങിയ രുചികളില്‍ ഇറക്കുന്ന ഇവ കുഞ്ഞുങ്ങള്‍ സ്വയം കഴിക്കാതിരിക്കാന്‍ അവര്‍ക്ക് ലഭിക്കാത്തിടങ്ങളില്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.
അഞ്ചുവയസുവരെയുള്ള പ്രായത്തിനിടെ പനിയോടൊപ്പം ചില കുട്ടികള്‍ക്ക് അപസ്മാരവും കണ്ടുവരാറുണ്ട് . അതുകൊണ്ടാണ് ഡോക്ടറെ കാണാന്‍ താമസമുള്ള പക്ഷം പനികൂടും മുമ്പ് കുഞ്ഞുങ്ങള്‍ക്ക് വീട്ടില്‍വെച്ചുതന്നെ മരുന്ന് നല്‍കാന്‍ പറയുന്നത്.
യഥാര്‍ഥത്തില്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ രോഗണുബാധയുണ്ടായ ഉടന്‍ പനി പ്രത്യക്ഷപ്പെടുകയില്ല. വൈദ്യശാസ്ത്രം ‘ഇന്‍കുബേഷന്‍ പിരിയഡ്’ എന്നുവിളിക്കുന്ന ചെറിയ കാലയളവിന് ശേഷം മത്രമായിരിക്കും പനിയുടെ വരവ്. രോഗണുക്കള്‍ ശരീരത്തിനകത്ത് പെറ്റുപെരുകി ശക്തിയാര്‍ജിക്കാന്‍ എടുക്കുന്ന സമയമാണിത്. പല രോഗങ്ങള്‍ക്കും ഈ കാലയളവ് വ്യത്യസ്തമായിരിക്കും. മലേരിയ, ചികുന്‍ഗുനിയ തുടങ്ങിയവക്ക് രണ്ടാഴ്ചയാണ് ഇന്‍കുബേഷന്‍ പിരിയഡെങ്കില്‍ മുണ്ടിനീരിനിത് മൂന്നാഴ്ചയാണ്. പക്ഷെ ഭക്ഷ്യവിഷബാധയുണ്ടാകുമ്പോള്‍ ആറുമണിക്കൂര്‍ കഴിയും മുമ്പുതന്നെ പനി ഉണ്ടായേക്കാം.
വൃത്തിഹീനമായ ചുറ്റുപാടുകളും സമ്പര്‍ക്കങ്ങളും ഭക്ഷണവും  വെള്ളവുമാണ് പലപ്പോഴും രോഗാണുബാധക്കും തുടര്‍ന്ന് പനിക്കും കാരണമാകുന്നത്. കുഞ്ഞുങ്ങളെ ശുചിത്വമുള്ള ചുറ്റുപാടുകളില്‍ മാത്രം കളിക്കാന്‍ അനുവദിക്കുക, ഭക്ഷണത്തിന് മുമ്പ് കൈകള്‍ ശരിയായ രീതിയില്‍ വൃത്തിയക്കാന്‍ പരിശിലിപ്പിക്കുക, മലമൂത്ര വിസര്‍ജനത്തിനു ശേഷം ശരീരഭാഗങ്ങള്‍ വേണ്ടത്ര ശുചിയായി സൂക്ഷിക്കാന്‍ ബോധവത്കരിക്കുക, രോഗബാധയുള്ള ഇടങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രതിരോധത്തിന്‍െറ ഭാഗമായി മാതാപിതാക്കള്‍ ചെയ്യേണ്ടത്.
ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് നമ്മുടെ നാട്ടില്‍ മാത്രം കണ്ടുവരുന്ന തെറ്റായ ഒരു പ്രവണതയാണ്. ഈ പ്രവണത നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. പലപ്പോഴും രോഗികളും രോഗാണുക്കളും നിറഞ്ഞയിടങ്ങളിലേക്കുള്ള ഇത്തരം സന്ദര്‍ശനങ്ങളിലൂടെയാണ് കുഞ്ഞുങ്ങള്‍ രോഗികളായി മാറുന്നത്.
ഉല്‍സവപറമ്പുകള്‍, തിരക്കേറിയ നഗരഭാഗങ്ങള്‍, തിരക്കുള്ള വാഹനങ്ങള്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളെ കഴിവതും കൊണ്ടുപോകാതിരിക്കുക തുടങ്ങിയവക്കു പുറമെ ബൈക്കില്‍ കുട്ടികളെ മുന്നിലിരുത്തി യാത്ര ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്.
പനി വന്നുകഴിഞ്ഞാല്‍ അസുഖം മാറുന്നതുവരെ കുട്ടികളെ സ്കൂളില്‍ വിടരുത്. ഇത് രോഗം വര്‍ധിക്കാനിടയാക്കും എന്നതിന് പുറമെ രോഗം മറ്റുകുട്ടികളിലേക്ക് പകരുവാനും ഇടയാവും.
വൈറല്‍പനി സാധാരണ നിലക്ക് അപകടകാരിയല്ല.  കൂടെ ചര്‍ദ്ദിയും ചിലരില്‍ വയറിക്കവും കണ്ടുവരുന്നതാണ് ചില വൈറല്‍പനിപനിയുടെ പ്രത്യേകത. ശരിയായ വിശ്രമവും ചികില്‍സയും കൊണ്ടുതന്നെ ഒരാഴ്ചക്കിടെ നിയന്ത്രിക്കാനാവുമിത്. വയറിളക്കവും ചര്‍ദ്ദിയും ഉള്ളപക്ഷം ഉടന്‍ ആശുപത്രിയില്‍ ചികില്‍സ തേടണം. അല്ലാത്ത പക്ഷം ശരീരത്തിലെ ജലാംശം നഷ്ടമായി സ്ഥിതി ഗുരുതരമായേക്കാം.

(ലേഖകന്‍ കോഴിക്കോട് ‘മിംസ്’ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്​ധനാണ്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverchildrens fever
Next Story