Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightക്ഷയരോഗം: ചികില്‍സയും...

ക്ഷയരോഗം: ചികില്‍സയും പ്രതിരോധവും

text_fields
bookmark_border
ക്ഷയരോഗം: ചികില്‍സയും പ്രതിരോധവും
cancel

ഒരു കാലത്ത് സമൂഹം ഏറെ ഭയപ്പെടുകയും പിന്നീട് വൈദ്യശാസ്ത്രത്തിന് കീഴടങ്ങുകയും ഒരു ഇടവേളക്ക് ശേഷം വീണ്ടും വെല്ലുവിളി ഉയര്‍ത്തുകയും ചെയ്ത ഒരു രോഗമാണ് ക്ഷയം. മൈക്കോ ബാക്ടീരിയം ട്യൂബെര്‍ക്കുലോസിസ് എന്ന ബാക്ടീരിയ  മൂലം ഉണ്ടാവുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടി.ബി എന്ന പേരില്‍ അറിയപ്പെടുന്ന ക്ഷയരോഗം അഥവാ ട്യൂബെര്‍ക്കുലോസിസ് (Tuberculosis). 
അപൂര്‍വമായി മൈക്കോബാകടീരിയ വിഭാഗത്തില്‍ പെടുന്ന മറ്റു ബാക്ടീരിയകളായ മൈക്കോബാക്ടീരിയം ബോവിസ് (Mycobacterium bovis), മൈക്കോബാക്ടീരിയം ആഫ്രിക്കാനം (Mycobacterium africanum), മൈക്കോബാക്ടീരിയം കാനെറ്റി (Mycobacterium canetti), മൈക്കോബാക്ടീരിയം മൈക്രോറ്റി (Mycobacterium microti) എന്നിവയും ക്ഷയരോഗം ഉണ്ടാക്കാം.
ഈ അടുത്തകാലത്ത് മരുന്നുകളോട് പ്രതിരോധിക്കുന്ന ക്ഷയരോഗാണുക്കളെ കണ്ടത്തെിയിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയാവുന്ന ഇത്തരം രോഗികളെ വിദഗ്ദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ദീര്‍ഘകാലം ചികിത്സിക്കേണ്ടതാണ്.
വായുവിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ഉള്ളയാള്‍ ചുമയ്ക്കുകയോ,തുമ്മുകയോ,സംസാരിക്കുകയോ  ചെയ്യുമ്പോള്‍ രോഗാണുക്കള്‍ വായുവിലൂടെ അടുത്തുനില്‍ക്കുന്നയാളുടെ ശ്വാസകോശത്തില്‍ എത്തുന്നു.
എന്നാല്‍ രോഗാണുക്കളുടെ സാന്നിധ്യം മാത്രം ഒരാളില്‍  രോഗമുണ്ടാക്കില്ല. ചില സന്ദര്‍ഭങ്ങളില്‍ രോഗാണുബാധയേല്‍ക്കുന്ന ആളുടെ ശരീരത്തിന്‍െറ രോഗപ്രതിരോധ സംവിധാനം ദുര്‍ബലമാകുകയും രോഗാണുക്കളെ  ചെറുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് അയാള്‍ രോഗബാധിതനാവുന്നത്. എച്ച് ഐ വി രോഗബാധ, അനിയന്ത്രിതമായ പ്രമേഹം എന്നിവയുള്ളവരുടെ രോഗപ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കാതിരിക്കുകയും ഇത്തരക്കാര്‍ എളുപ്പത്തില്‍ രോഗത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. 
 


ലക്ഷണങ്ങള്‍ 
പ്രധാനമായും രണ്ടു തരത്തിലുള്ള ക്ഷയരോഗങ്ങളാണ് കണ്ടുവരുന്നത്.
1. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം (Pulmonary TB): 
മൊത്തം രോഗികളില്‍ 80 ശതമാനത്തോളം രോഗികള്‍ ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗികളാണ്. മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്തുന്നത് കൂടുതലും ഇത്തരം രോഗികളാണ്. 
രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയണ് പ്രധാന ലക്ഷണം. ചിലരില്‍ ചുമച്ച് തുപ്പുമ്പോള്‍ രക്തവും കണ്ടേക്കാം. രാത്രികാലങ്ങളില്‍ വിട്ടുമാറാത്ത പനി, ശരീരം മെലിച്ചില്‍, ഭാരം കുറയല്‍, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ എന്നിവയും രോഗലക്ഷണങ്ങളാണ്.

2.ശരീരത്തിന്‍െറ മറ്റ് ഭാഗങ്ങളെ ബാധിക്കുന്ന  ക്ഷയരോഗം (Etxra Pulmonary TB): 
പൊതുവെ, നഖം, മുടി എന്നിവയൊഴികെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ഈ രോഗം ബാധിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്.
ഇത്തരം ടി. ബി യില്‍ വളരെ സാധാരണം കഴുത്തിന്‍െ ഭാഗമായ ലസികാ ഗ്രന്ഥികളില്‍ ഉണ്ടാവുന്ന ടി ബിയാണ്. കഴുത്തിന്‍െറ ഒരു ഭാഗത്ത് കാണപ്പെടുന്ന മുഴകളാണ് പ്രധാന ലക്ഷണം.
തലച്ചോറ്, അസ്ഥി, കുടല്‍ തുടങ്ങി ശരീരത്തിന്‍െറ ഏത് ഭാഗത്തെയും രോഗം പിടികൂടാം. എന്നാല്‍ ഇത് താരതമ്യേന അപൂര്‍വമാണ്. 

രോഗനിര്‍ണയം​
ചികിത്സയുടെ ആദ്യപടി രോഗ നിര്‍ണയമാണ്. ശ്വാസകോശ രോഗത്തിന്‍െറ കാര്യത്തില്‍  കഫ പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. രണ്ടാഴ്ചയില്‍ കൂടുതല്‍ കഫത്തോട് കൂടിയ ചുമ കാണുന്ന പക്ഷം ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് കഫ പരിശോധന നടത്തണം.
മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ഇതിന് സംവിധാനമുണ്ട്. 
ചിലരില്‍  എക്സ്റേ പരിശോധനയിലൂടെയും രോഗനിര്‍ണയം നടത്താം. 
തൊലിക്കുള്ളിലേക്ക് ട്യൂബര്‍ക്കുലിന്‍ കുത്തിവച്ചുള്ള പരിശോധനയിലൂടെയും രോഗനിര്‍ണയം നടത്താം. ഇതിനെ മാന്‍േറാ പരിശോധന (Mantoux Test)എന്നാണു പറയുന്നത്. കുത്തിവച്ച സ്ഥലത്ത് 48 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാണ് രോഗബാധയുണ്ടൊ എന്ന് കണ്ടത്തെുന്നത്. 
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സാധാരണഗതിയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി നിശ്ചിത കാലയളവില്‍ കഴിക്കുകയാണെങ്കില്‍ രോഗം പൂര്‍ണമായി മറ്റിയെടുക്കാവുന്നതാണ്. ചികിത്സ ആരംഭിക്കുന്നതോടെ തന്നെ രോഗം മറ്റുള്ളവരിലേക്ക് പകരനാനുള്ള സാധ്യത കുറയുന്നു. രോഗം പിടിപെട്ടയാള്‍ ചുമക്കുമ്പോള്‍ എപ്പോഴും വൃത്തിയുള്ള തുണിയേ ടവ്വലോ ഉപയോഗിച്ച് വായഭാഗം പൊത്തിപ്പിടിച്ചു വേണം ചുമക്കാന്‍. ചുമക്കുമ്പോള്‍ പുറത്തുവരുന്ന കഫം മറ്റുള്ളവര്‍ക്ക് പകരാത്തരീതിയില്‍ കുഴിച്ചു മൂടുകയോ കത്തിച്ചുകളയുയോ ചെയ്യണം.
ആരോഗ്യം കുറഞ്ഞവരുമായും കുട്ടികളുമായുമുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണം. വൃത്തിയുള്ളയും ധാരാളം വായുകടക്കുന്നതുമായ സ്ഥലങ്ങളാണ് രോഗിക്ക് അനുയോജ്യം. വീട്ടിലുള്ള മറ്റംഗങ്ങള്‍ സംശയം തോന്നിയാല്‍ കഫ പരിശോധന നടത്തി ആവശ്യമെങ്കില്‍ ചികിത്സ തേടണം. രോഗിക്ക് പ്രമേഹം ഉണ്ടെങ്കില്‍ പ്രമേഹ നിയന്ത്രണവും ചികിത്സയും ഗൗരവത്തോടെ കാണണം.

രോഗ ചികില്‍സ 
ക്ഷയരോഗാണുവിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് രോഗിയെ ചികിത്സിക്കുന്നത്. ക്ഷയരോഗത്തിനെതിരെ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ആന്‍റിബയോട്ടിക്കുകള്‍ റിഫാംപിസിന്‍, ഐസോനിയാസിഡ് എന്നിവയാണ്. പുതിയ തരം ഫലപ്രദമായ ആന്‍റിബയോട്ടികളും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായ അളവില്‍ ആവശ്യമായ കാലം കഴിച്ചാല്‍ ഈ രോഗം പൂര്‍ണ്ണമായും ചികില്‍സിച്ചു ഭേദമാക്കാവുന്നതാണ്.
മുന്‍കാലങ്ങളില്‍ 18 മാസം വരെ മരുന്ന് കഴിക്കേണ്ടി വന്നിരുന്നുവെങ്കിലും ആധുനിക മരുന്നുകള്‍ ആറു മാസമോ എട്ടു മാസമോ തുടര്‍ച്ചയായി കഴിക്കുമ്പോള്‍ തന്നെ രോഗം ഭേദമാകാറുണ്ട്. 
ഉയര്‍ന്ന ഗുണ നിലവാരമുള്ള ഒന്നിലധികം മരുന്നുകള്‍ ഒരോ സമയം രോഗിക്ക് നല്‍കിക്കൊണ്ടുള്ള ‘ഡോട്ട്സ്’ (DOTS അഥവാ Directly Observed Treatment) എന്ന ചികില്‍സാ പദ്ധതി വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നേരിട്ടുള്ള നിരീക്ഷണത്തിന് വിധേയമായുള്ള ചികിത്സാരീതിയാണിത്. ഇതുവഴി രോഗി കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഡോക്ടറോ രോഗിയുടെ ബന്ധുവോ ഉറപ്പുവരുത്തുന്നുണ്ട്. 
 കഫപരിശോധനയിലൂടെ രോഗനിര്‍ണയം, മരുന്നുവിതരണം,  ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടം,  വിലയിരുത്തല്‍,  രോഗശമന പുരോഗതി ഉറപ്പുവരുത്തല്‍ എന്നീ അഞ്ചു ഘട്ടങ്ങളുള്ള ചികിത്സാ രീതിയാണ് ഡോട്സ്.
സൗജന്യ മരുന്ന് ലഭ്യത ഇല്ലാത്തപക്ഷം ചികിത്സാ ചെലവ് കൂടുതലായതിനാല്‍ ദീര്‍ഘകാല ചികിത്സക്ക് മുതിരാതെ പലരും ഇടക്കുവെച്ച് മരുന്ന് ഉപേക്ഷിക്കുന്നതായി കാണുന്നുണ്ട്. പാതിവഴിയില്‍ ചികിത്സ അവസാനിപ്പിക്കുന്നവരില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ നിലനില്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഇതുകൊണ്ടാണ് സര്‍ക്കാര്‍ ക്ഷയരോഗ ചികിത്സ സൗജന്യമാക്കിയിരിക്കുന്നത്.
1882 മാര്‍ച്ച് 24 നാണ് രോഗത്തിന് കാരണമായ മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയകളെ പ്രമുഖ ജര്‍മന്‍ ശാസ്ത്രജ്ഞനായ സര്‍ റോബര്‍ട്ട് കോക്കിന്‍െറ നേതൃത്വത്തി കണ്ടത്തെുന്നത്. അതിന്‍െറ ഓര്‍മക്കാണ് മാര്‍ച്ച് 24 ലോകാരോഗ്യ സംഘടന ക്ഷയരോഗ ദിനമായി ആചരിക്കുന്നത്.
പുകവലി, മദ്യപാനം തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്‍ ഉപേക്ഷിക്കുകയും സമീകൃതാഹാരം, ശുചിത്വം, വ്യായാമം തുടങ്ങിയവയിലൂടെ രോഗപ്രതിരോധ ശേഷി നേടുകയാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മാര്‍ഗം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tb
Next Story