Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightവീട്ടമ്മമാരുടെ...

വീട്ടമ്മമാരുടെ ആരോഗ്യം തകരുന്ന വഴികള്‍

text_fields
bookmark_border
വീട്ടമ്മമാരുടെ ആരോഗ്യം തകരുന്ന വഴികള്‍
cancel

ഭര്‍ത്താവിനോ മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ ഒരസുഖം വന്നാല്‍ ചികിത്സ തേടാനും പരിചരിക്കാനും ഒരു വീട്ടമ്മ കാണിക്കുന്ന താല്‍പര്യം അവര്‍ സ്വന്തം കാര്യത്തില്‍ കാണിക്കാറില്ല. ആരോടും പറയാതെ തന്‍െറ ആരോഗ്യപ്രശ്നങ്ങള്‍ സഹിച്ചും ചികിത്സ നീട്ടിവെച്ചും അവര്‍ വീട്ടിലെ കാര്യങ്ങള്‍ മുടങ്ങാതെ നോക്കുന്നു. ഒടുവില്‍ സഹിക്കവയ്യതാവുമ്പോഴാണ് മിക്കപ്പോഴും ഡോക്ടറുടെ അടുത്തത്തെുന്നത്.

തവിടും ഇലക്കറികളും ചക്കയും മാങ്ങയും കാച്ചിലും ചേമ്പും പോലുള്ള ഭക്ഷണവസ്തുക്കള്‍ ധാരാളം കഴിച്ചിരുന്ന അര്‍ധ പട്ടിണിയുടെ പഴയകാലങ്ങളെ അപേക്ഷിച്ച് സമൃദ്ധമായ തീന്‍മേശകള്‍ക്ക് മുന്നിലിരിക്കുന്ന വീട്ടമ്മമാരിലാണ് ആരോഗ്യപ്രശ്നങ്ങള്‍ കൂടുതല്‍ കാണുന്നത്. അതിന് ഒന്നിലധികം കാരണങ്ങളുണ്ട്. മുമ്പ് അളവില്‍ കുറവായിരുന്നുവെങ്കിലും കഴിച്ചിരുന്ന ഭക്ഷണം പോഷകങ്ങളടങ്ങിയവയായിരുന്നു. കൂടാതെ വീട്ടുജോലികളിലൂടെയും ചെറിയ കൃഷിപ്പണികളിലൂടെയും നടത്തത്തിലൂടെയും ആവശ്യത്തിന് ശാരീരിക വ്യായാമവും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ പോഷകങ്ങളേക്കാള്‍ രുചിക്ക് മുന്‍ഗണന നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് നാം കഴിക്കുന്നത്. വറുത്തതും പൊരിച്ചതും മൈദയും പഞ്ചസാരയും ക്രിത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവ്സും കൊഴുപ്പും അടങ്ങിയ ബേക്കറി പലഹാരങ്ങള്‍ നമ്മുടെ ഭക്ഷണസംസ്കാരത്തെ കീഴടക്കിക്കഴിഞ്ഞു.

ഫ്രിഡ്ജുകള്‍ വ്യാപകമായതോടെ പഴകിയ ഭക്ഷണങ്ങളും നമ്മുടെ മെനുവില്‍ ഉള്‍പ്പെട്ടുതുടങ്ങി. വലിയൊരു വിഭാഗം അടുക്കളകളും ഭക്ഷണം പാചകം ചെയ്യുന്നതിന് പകരം പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ ചൂടാക്കി വിളമ്പുന്ന കേന്ദ്രങ്ങളായി മാറുകയാണ്. വ്യായാമത്തിന്‍െറ കാര്യത്തിലും തികഞ്ഞ അലസതയാണ് നമ്മുടെ സമൂഹം പുലര്‍ത്തുന്നത്. വീട്-വാഹനം-ഓഫീസ്-വീണ്ടും വീട് എന്നിങ്ങനെയാണ് പൊതുവെ ദൈനംദിന ജീവിതത്തിന്‍െറ ശൈലി. ശരീരത്തിന് അത്യന്താപേക്ഷിതമായ നടത്തമെന്ന ശീലം നാം എന്നേ ഉപേക്ഷിച്ചുകഴിഞ്ഞു. മിക്സിയും ഗ്രൈന്‍ററും കറി പൗഡറുകളും ഗ്യാസ് അടുപ്പും പാചകം എളുപ്പമാക്കുകയും വാഷിംഗ്മെഷീനും വാക്വം ക്ളീനറും മറ്റും അലക്കും വീട്ടുജോലികളും ഏറ്റെടുക്കുകയും ചെയ്തതോടെ വീട്ടമ്മമാര്‍ക്ക് ചെറിയ തോതിലെങ്കിലും ലഭിച്ചിരുന്ന വ്യായാമവും ഇല്ലാതായി. ചുരുക്കത്തില്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍ ആരോഗ്യം താഴേക്ക് പോകുകയാണ് ചെയ്തത്. സ്ത്രീകളില്‍ ജീവിതശൈലീരോഗങ്ങളും ഈ അടുത്തകാലത്തായി കൂടുതലാണ്്. ഇവയില്‍ കൂടുതലായി കണ്ടുവരുന്ന മൂന്ന് രോഗങ്ങളെറിച്ചറിയുന്നത് നല്ലതാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍

ഒരുകാലത്ത് പുരുഷനെ മാത്രം ബാധിക്കുന്ന രോഗമായി കണക്കാക്കിയിരുന്ന ഹൃദ്രോഗം ഇന്ന് ഏറ്റവും അപകടകരമാവുന്നത് സ്ത്രീകളിലാണ്.പുരുഷന്മാരില്‍ കാണുന്ന ലക്ഷണങ്ങളൊന്നും പലപ്പോഴും സ്ക്രള്‍ക്കുണ്ടാവാറില്ല എന്നതാണ് ഇതിന് കാരണം. നെഞ്ചുവേദന പോലുമില്ലാതെയാണ് സ്ത്രീകളില്‍ ഹൃദയാഘാതം സംഭവിക്കുന്നത്.  ക്ഷീണം, വിയര്‍പ്പ്, മനംപിരട്ടല്‍ എന്നിങ്ങനെ  നിസ്സാരമായി നാം തള്ളിക്കളയുന്ന ലക്ഷണങ്ങള്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങളാവാനും മതി.
പ്രമേഹം, രക്തത്തില്‍ കൊളസ്ട്രാള്‍, അമിതവണ്ണം, അമിതമായ മാനസിക സമ്മര്‍ദ്ദം എന്നിവയും ഹൃദ്രോഗത്തിന് കാരണമാവുന്നു. ഈസ്ട്രജന്‍ ഹോര്‍മോണാണ് സ്ത്രീകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നത്. ഇത് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാല്‍ പുതിയ ജീവിതശൈലിയുടെയും ഭക്ഷണശീലങ്ങളുടെയും ഭാഗമായി സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്‍െറ അളവില്‍ പെട്ടെന്ന് മാറ്റമുണ്ടാവുന്നു. ഇതാണ് ഹൃദ്രോഗത്തിന് സാധ്യതയേറാന്‍ കാരണം.
ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലി ശീലിക്കുകയും രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ വൈദ്യസഹായം തേടുകയുമാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍.

സ്തനാര്‍ബുദം

ഇന്ന് സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് സ്തനാര്‍ബുദം. സ്തനത്തിലുണ്ടാകുന്ന മുഴകള്‍, ആകൃതിയിലും തൊലിപ്പുറത്തുണ്ടാകുന്ന മാറ്റങ്ങള്‍, മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കല്‍, മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍, മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം, കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം എന്നിവയാണ് രോഗത്തിന്‍െറ പ്രധാനലക്ഷണങ്ങള്‍. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ രോഗസാധ്യത ഏറെയാണെങ്കിലും അടുത്ത കാലത്തായി പ്രായവ്യത്യാസമില്ലാതെ ഈ രോഗം കണ്ടുവരുന്നുണ്ട്.

നേരത്തെ ആര്‍ത്തവം ആരംഭിച്ചവര്‍, വൈകി ആര്‍ത്തവ വിരാമം ഉണ്ടായവര്‍, ഒരിക്കലും പാലൂട്ടാത്തവര്‍, കുറഞ്ഞകാലം പാലൂട്ടിയവര്‍, 30 വയസ്സിനുശേഷം ആദ്യമായി ഗര്‍ഭിണികളായവര്‍, ഗര്‍ഭിണികളാവാത്തവര്‍, തുടര്‍ച്ചയായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍, ആര്‍ത്ത വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവര്‍ എന്നിവക്ക് പുറമെ അടുത്തബന്ധുക്കളില്‍ ഈ രോഗം വന്നവരിലും സ്തനാര്‍ബുദം പിടിപെടാനുള്ള സധ്യത കൂടുതലാണ്. രോഗ സാധ്യതയുള്ളവര്‍ സ്ഥിരമായി സ്വയം പരിശോധനനടത്തി പ്രശ്നം തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സയും പുര്‍ണ രോഗശാന്തിയും എളുപ്പമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പലപ്പോഴും രണ്ടോ മൂന്നോ ഘട്ടത്തിന് ശേഷമാണ് രോഗം കണ്ടത്തെുന്നത്. ഇത് ചികിത്സ സങ്കിര്‍ണമാക്കുകയും സ്തനം നീക്കം ചേയ്യേണ്ട അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

സ്ത്രീകളിലെ അസ്ഥിക്ഷയം

സ്ത്രീകളില്‍ സ്ത്രൈണഹോര്‍മോണായ ഈസ്ട്രജന്‍െറ അഭാവമാണ് അസ്ഥിക്ഷയം അഥവാ  ഓസ്റ്റിയോപൊറാസിസിന് കാരണം. ഈസ്ട്രജന്‍െറ അഭാവത്തില്‍ അസ്ഥികോശങ്ങളെ ആഗിരണംചെയ്യുന്ന ഓസ്റ്റിയോ ക്ളാസ്റ്റുകള്‍ സജീവമാകുന്നതുകൊണ്ടാണിത്. അണ്ഡാശയം നീക്കംചെയ്തവരിലും ആര്‍ത്തവവിരാമമത്തെിയ സ്ത്രീകളിലും കൂടുതലായി അസ്ഥിക്ഷയമുണ്ടാകുന്നതിന്‍െറ കാരണവും ഇതുതന്നെ.

അസ്ഥികളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യത്തിന്‍െറ ആഗിരണത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജീവകം ഡി. സൂര്യപ്രകാശത്തിന്‍െറ സഹായത്താല്‍ ചര്‍മം ഉല്‍പ്പാദിപ്പിക്കുന്ന ജീവകം ഡി ലഭിക്കണമെങ്കില്‍ നന്നായി വെയിലേല്‍ക്കണം. എന്നാല്‍, വീട്ടില്‍നിന്ന് ഓഫീസിലേക്കും ഓഫീസില്‍നിന്നു വീട്ടിലേക്കും പായുന്ന ഉദ്യോഗസ്ഥകള്‍ക്ക് ഇതിന് കഴിയാറില്ല. ഫ്ളാറ്റുകളിലും വീടുകളിലും നിന്ന് പുറത്തിറങ്ങാതെ  കഴിയേണ്ടിവരുന്ന പ്രായമേറിയ സ്ത്രീകള്‍ക്കും വെയില്‍കൊള്ളാത്തതുമൂലമുള്ള വൈറ്റമിന്‍ ഡിയുടെ കുറവുണ്ടാകാം.

പൊതുവെ ലക്ഷണങ്ങള്‍ കുറവായതു കൊണ്ട് ഈ രോഗം വളരെ വൈകിയാണ് പലരും കണ്ടത്തെുന്നത്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പു തന്നെ അസ്ഥിക്ഷയം നിര്‍ണയിക്കുന്ന പരിശോധനകള്‍ നടത്തി ആവശ്യമെങ്കില്‍ ചികിത്സതേടേണ്ടതാണ്. അതിനായി അസ്ഥിസാന്ദ്രത (Bone muniral Denstiy) അളക്കുന്ന പരിശോധനയായ ഡെക്സാ സ്കാന്‍ (DEXA Scan) അടക്കമുള്ള ടെസ്റ്റുകള്‍ നടത്തേണ്ടതാണ്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കാത്സ്യവും വിറ്റമിന്‍ ഡിയും പ്രോട്ടീനുമടങ്ങിയ സന്തുലിതാഹാരം കഴിക്കുകയാണ് രോഗം വരാതിരിക്കാനുള്ള പ്രധാനമാര്‍ഗം. ഇതിനായി പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട, മീന്‍, ബീന്‍സ്, അണ്ടിവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women health
Next Story