വുഹാനിൽ കോവിഡ് മുക്തരായ 90 ശതമാനം പേർക്കും ശ്വാസകോശ രോഗം; ചിലർക്ക് വീണ്ടും കോവിഡ്
text_fieldsബെയ്ജിങ്: ചൈനയിൽ കോവിഡ് 19 പ്രഭവകേന്ദ്രമായ വുഹാനിൽനിന്നും ആശങ്കയുയർത്തുന്ന വാർത്ത. വുഹാനിൽ കോവിഡ് മുക്തി നേടിയവരിൽ 90 ശതമാനം പേരെയും ശ്വാസകോശ രോഗങ്ങൾ അലട്ടുന്നതായി പഠനത്തിൽ കണ്ടെത്തി. ഇവരിൽ അഞ്ച് ശതമാനം പേർ വീണ്ടും കോവിഡ് പോസിറ്റീവ് ഫലം കാണിച്ചതിനെ തുടർന്ന് ക്വാറന്‍റീനിൽ കഴിയുകയാണെന്നും ചൈനീസ് മാധ്യമം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. രോഗമുക്തി നേടിയ 100 പേരിൽ നടത്തിയ പഠനത്തിലാണ് ആശങ്കയുയർത്തുന്ന കണ്ടെത്തലുകൾ.
വുഹാൻ യൂനിവേഴ്സിറ്റിക്ക് കീഴിലെ യോങ്നാൻ ആശുപത്രി ഡയറക്ടർ സെങ് സിയോങ്ങിന്‍റെ നേതൃത്വത്തിൽ കോവിഡ് മുക്തരായവരെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി വരുന്നുണ്ട്. ആദ്യഘട്ട പഠനത്തിൽ ഇവർ നിരീക്ഷിച്ചവരിൽ 90 ശതമാനം കോവിഡ് മുക്തർക്കും ശ്വാസകോശത്തിന് തകരാർ സംഭവിച്ചിട്ടുണ്ട്. ശ്വാസകോശ വായുസഞ്ചാരവും ശ്വസനവായു കൈമാറ്റവും കൃത്യമായി നടക്കുന്നില്ല. ഇവരുടെ ശ്വാസകോശം പൂർണ ആരോഗ്യാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്ന് ഗ്ലോബൽ ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് മുക്തി നേടിയവരോടൊപ്പം ആറ് മിനിറ്റ് നടന്നുകൊണ്ടുള്ള പരിശോധനയാണ് ആദ്യഘട്ടത്തിൽ. ആറ് മിനിറ്റിൽ ആരോഗ്യമുള്ള ഒരാൾക്ക് 500 മീറ്റർ നടക്കാൻ കഴിയുമ്പോൾ ഇവർക്ക് 400 മീറ്റർ മാത്രമേ നടക്കാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ.
രോഗമുക്തരിൽ ചിലർക്ക് ആശുപത്രി വിട്ട ശേഷം മൂന്ന് മാസം വരെ ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കേണ്ടിവന്നുവെന്ന് ഡോ. ലിയാങ് ടെൻസിയാവോയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. 65 വയസിന് മുകളിലുള്ള കോവിഡ് മുക്തരെയാണ് ഇദ്ദേഹം നിരീക്ഷിക്കുന്നത്.
100 കോവിഡ് മുക്തരിൽ 10 പേരിലും കൊറോണ വൈറസിനെതിരെ ശരീരം ഉൽപ്പാദിപ്പിച്ച ആന്‍റിബോഡി അപ്രത്യക്ഷമായിട്ടുണ്ട്. ഇവരിൽ അഞ്ചുപേർ ഇമ്മ്യൂണോ ഗ്ലോബുലിൻ ടെസ്റ്റിൽ പോസിറ്റീവ് കാണിച്ചതിനെ തുടർന്ന് ക്വാറന്‍റീനിലാണ്. ഇവരിൽ വൈറസ് തിരികെയെത്തിയതായാണ് കണക്കാക്കുന്നത്. രോഗമുക്തി നേടിയെങ്കിലും ഇവരുടെ രോഗപ്രതിരോധ ശേഷി പഴയനില കൈവരിച്ചിട്ടില്ലെന്ന് ഡോ. ലിയാങ് ചൂണ്ടിക്കാട്ടുന്നു.
ചിലരിൽ വിഷാദവും നിരാശയും കാണപ്പെടുന്നുണ്ട്. പലരും വീടുകളിൽ ഒറ്റപ്പെടൽ അനുഭവപ്പെടുന്നതായും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ മറ്റുള്ളവർ വിമുഖത കാട്ടുന്നതായും മെഡിക്കൽ സംഘത്തോട് വെളിപ്പെടുത്തി. രോഗമുക്തി നേടിയ പകുതിയോളം പേർക്ക് മാത്രമേ ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിച്ചിട്ടുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പ്രഭവകേന്ദ്രമെന്ന നിലയിൽ വുഹാനിലെ കോവിഡ് മുക്തി നേടിയവർക്കിടയിലെ പഠനത്തിന് പ്രാധാന്യമുണ്ട്.
വുഹാനിൽ 68,138 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4512 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിൽ ആകെ 84,491 പേർക്കാണ് കോവിഡ് ബാധിച്ചത്. 4,634 പേർ മരിച്ചു. ചൊവ്വാഴ്ച പുതിയ 27 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.