വിളര്ച്ചയില് വാടാതിരിക്കാൻ
text_fieldsകോണിയിറങ്ങുേമ്പാഴും കയറുേമ്പാഴുമെല്ലാം കിതച്ചിട്ട് വയ്യ. കൈകാലുകൾക്ക് കഴപ്പ്. ഇടക്കിടക്ക് വന്നുപോകുന്ന തലകറക്കം. വേഗത്തിൽ സംസാരിക്കേണ്ടി വരുമ്പോൾ ശ്വാസംമുട്ടുംപോലെ, ക്ഷീണം, അവശത. ഒറ്റശ്വാസത്തിൽ തെൻറ വയ്യായ്കളോരോന്നായി പറഞ്ഞുതീർക്കുേമ്പാഴൊക്കെയും നജൈലക്ക് കിതച്ചിട്ട് വയ്യായിരുന്നു.
അഞ്ചാം ക്ലാസുകാരി ഷൈജയുടെ ഉമ്മക്ക് പറയാനുണ്ടായിരുന്നത് മകളുടെ വിചിത്രമായ ഭക്ഷണരീതികളെക്കുറിച്ചായിരുന്നു. തെൻറ പത്തുവയസ്സുകാരി, കുഞ്ഞുങ്ങളെപ്പോലെ മണ്ണു തിന്നുന്നു, സ്റ്റോർ റൂമിൽ ഒളിച്ചുകടന്ന് അരി പച്ചയോടെ അകത്താക്കുന്നു. രണ്ടുവശത്തും മുടി നീല റിബൺകൊണ്ട് അടക്കിക്കെട്ടിയ അശ്വതിക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു. മാസത്തിൽ രണ്ടും മൂന്നും തവണ വരുന്ന ആർത്തവം. ആർത്തവ മുറയുടെ ദൈർഘ്യം കുറഞ്ഞുവരുന്തോറും അനുഭവപ്പെടുന്ന ക്ഷീണം, തലകറക്കം. ശരിയാണ് അശ്വതി വിളറി വെളുത്തിരിക്കുന്നു.
സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന വിളർച്ച ബാധിച്ചവരായിരുന്നു ഇൗ മൂന്നു പേരും. വിളർച്ചയുടെ ലക്ഷണങ്ങൾ അങ്ങനെ പലതാവാം. ക്ഷീണം, കിതപ്പ്, ഉന്മേഷക്കുറവ്, ശ്വാസംമുട്ടൽ, തലകറക്കം, രോഗപ്രതിരോധശേഷിക്കുറവ്, ആർത്തവത്തിലെ ക്രമക്കേടുകൾ എന്നിങ്ങനെ പലവിധം ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.
എന്താണ് വിളർച്ച?
രക്തത്തിൽ ശരിയായ അളവിൽ ചുവന്ന രക്താണുക്കളോ ഹീമോേഗ്ലാബിനോ ഇല്ലാതിരിക്കുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ. ആളുകൾ ഇൗ അസുഖത്തെ രക്ത കുറവെന്നും വിളിച്ചുവരുന്നു. രക്തത്തിെൻറ പ്രധാന ഘടകങ്ങളാണ് ചുവന്ന രക്താണുക്കൾ (RBC), ശ്വേതരക്താണുക്കൾ (WBC), പ്ലേറ്റ്ലറ്റ് എന്നിവ. ഇവയെല്ലാം അസ്ഥികൾക്കുള്ളിൽ കാണപ്പെടുന്ന മജ്ജയിലാണ് നിർമിക്കപ്പെടുന്നത്.
ചുവന്ന രക്താണുക്കൾ
ഹീമോഗ്ലോബിൻ നിറച്ച കുഞ്ഞുസഞ്ചികളെന്ന് നമുക്ക് ചുവന്ന രക്താണുക്കളെ വിശേഷിപ്പിക്കാം. ഇരുമ്പും (അയൺ) ഗ്ലോബിനുകളും (പ്രോട്ടീൻ) ചേർന്ന ഒരു മെറ്റലോപ്രോട്ടീൻ (ലോഹവും പ്രോട്ടീനും ചേർന്നത്) ആണ് ഹീമോഗ്ലോബിൻ. ഇരുെമ്പന്ന് കേൾക്കുേമ്പാൾ കറുത്തിരുണ്ട ആ ലോഹമാണ് ഏവരുടെയും മനസ്സിലേക്കെത്തുക. എന്നാൽ, നാം കഴിക്കുന്ന ആഹാരങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ഇരുമ്പിെൻറ സത്ത് അടങ്ങിയിട്ടുണ്ട്. ഇൗ ഇരുമ്പിെൻറ അംശം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടിട്ടാണ് മജ്ജയിൽവെച്ച് ഹീമോഗ്ലോബിൻ നിർമിച്ചെടുക്കുന്നത്. പിന്നീടത് ചുവന്ന രക്താണുക്കളിൽ നിറച്ച്, രക്തത്തിലേക്കെത്തിപ്പെടുന്നു.
ഇരുമ്പു സംഭരണം
ഹീമോഗ്ലോബിൻ നിർമിക്കാനാവശ്യമായ ഇരുമ്പ് നമ്മുടെ ശരീരം സംഭരിച്ചുവെക്കുന്നു. കരൾ (liver) ആണ് പ്രധാനമായും അത് ചെയ്യുന്നത്.
ഹീമോഗ്ലോബിെൻറ ജോലി
ശരീരേകാശങ്ങൾക്കാവശ്യമായ ഒാക്സിജൻ വഹിക്കുക, അത് അവക്ക് എത്തിച്ചുകൊടുക്കുക. അപ്പോൾ വിളർച്ച ബാധിച്ച ഒരാളുടെ രക്തത്തിന് ശരീരകോശങ്ങൾക്കാവശ്യമായ ഒാക്സിജൻ ശരിയായ അളവിൽ എത്തിച്ചുകൊടുക്കാൻ പറ്റാതെ വരുന്നു. ഇതുകാരണം രോഗിക്ക് തളർച്ച, ക്ഷീണം, കിതപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങുന്നു.
എന്തുകൊണ്ട് സ്ത്രീകളിലെ വിളർച്ച?
കണക്കുകൾ പറയുന്നത് ഇന്ത്യൻ സ്ത്രീകളിൽ 50 ശതമാനംപേരും വിളർച്ച ബാധിച്ചവരാണെന്നാണ്. സാധാരണ ഗതിയിൽ ആർത്തവരൂപത്തിൽ മാസംതോറും സ്ത്രീശരീരത്തിൽനിന്ന് 40 മില്ലി മുതൽ 80 മില്ലി വരെ രക്തനഷ്ടം ഉണ്ടാവുന്നു. ഇൗ രക്തനഷ്ടം, അയൺ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചും മറ്റും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിൽ ആ സ്ത്രീ പതിയെ വിളർച്ച ബാധിച്ചവളായി മാറുന്നു. വിളർച്ച കാരണം പിന്നീട് വരുന്ന മാസമുറകളിൽ രക്തനഷ്ടം കൂടിക്കൂടി വരുന്നു. അത് വീണ്ടും വിളർച്ച കൂടാൻ കാരണമാകുന്നു. അങ്ങനെ ചികിത്സിക്കപ്പെടാത്ത വിളർച്ചയും മാസമുറയിലെ കൂടുതൽ രക്തനഷ്ടവും അന്യോന്യമന്യോന്യം രണ്ടും കൂടാൻ കാരണമായിത്തീരുന്നു.
കൗമാരം, അതിവേഗ വളർച്ചയുടെയും ആദ്യ ആർത്തവത്തിെൻറയും പിന്നീടങ്ങോട്ടുണ്ടാകുന്ന മാസമുറകളുടെയും കാലമാണ്. തീർച്ചയായും ഇൗ കാലയളവിൽ പെൺകുട്ടി കഴിച്ചിരിക്കേണ്ട ഇരുമ്പിെൻറ അംശം കൂടുതലാവണം. ശരിയായ രീതിയല്ലാത്ത ഭക്ഷണക്രമങ്ങൾ അവളെ വിളർച്ച ബാധിച്ചവളാക്കിത്തീർക്കുന്നു.
ഗർഭാവസ്ഥയിൽ തെൻറ മാത്രമല്ല, കുഞ്ഞിെൻറ വളർച്ചക്കാവശ്യമായ ഇരുമ്പുസത്ത് കൂടി പ്രദാനം ചെയ്യേണ്ടവളാണ് സ്ത്രീ. അങ്ങനെ വരുേമ്പാൾ ഗർഭിണി ഭക്ഷണത്തിൽ ഉൾെപ്പടുത്തേണ്ട ഇരുമ്പിെൻറ അംശം സാധാരണ അളവിെൻറ ഇരട്ടിയോളം എത്തുന്നു. കൂടാതെ പ്രസവസമയത്തും സ്ത്രീയുടെ ശരീരത്തിൽനിന്ന് രക്തനഷ്ടം ഉണ്ടാവുന്നു. ഇതും സ്ത്രീകളിലെ വിളർച്ചക്ക് കാരണമായിത്തീരുന്നു.
നിങ്ങൾക്ക് വിളർച്ചയുണ്ടോ?
വിളർച്ചയുള്ളവരിൽ മേൽപറഞ്ഞ ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നു. വിളർച്ചയുണ്ടോ എന്നറിയാനുള്ള ആദ്യപടി രക്തത്തിലെ ഹീമോഗ്ലോബിെൻറ (Hb) അളവ് നിർണയിക്കലാണ്.
സ്ത്രീകൾ | ഗർഭിണികൾ | |
Hb cutoff | value 12g/dl | 11 g/dl |
സ്ത്രീകളിൽ 12g/dlനും ഗർഭിണികളിൽ 11g/dlനും താഴെയാണ് Hb അളവെങ്കിൽ വിളർച്ചയുണ്ടെന്ന് പറയാമെങ്കിലും വിളർച്ചനിർണയം പൂർണമാവണമെങ്കിൽ ഹീമോഗ്ലോബിെൻറ കൂട്ടിരിപ്പുകാരെക്കൂടി അളക്കേണ്ടതാണ് (ഉദാ: RBC കൗണ്ട്, MCV, Serum ferritin, perispheral smear).
വിളർച്ചയെ എങ്ങനെ തടയാം?
ഇരുമ്പുസത്ത് കൂടുതലുള്ള ആഹാരം കഴിക്കുന്നത് ശീലമാക്കൂ. പുട്ടും ചോറും പത്തിരിയും തുടങ്ങി അരിഭക്ഷണങ്ങളാൽ സമൃദ്ധമായ നമ്മുടെ തീൻമേശകളാണ് നമ്മെ വിളർച്ച ബാധിച്ചവരാക്കുന്നത്. എന്തെന്നാൽ കേരളീയരുടെ പ്രധാന ഭക്ഷണമായ അരിയിൽ ഇരുമ്പിെൻറ അംശം തുച്ഛമാണ്. ആരോഗ്യം വരാനായി നാം കഴിക്കുന്ന പാലിലോ? ഇരുമ്പുസത്ത് തീരെ ഇല്ലതന്നെ! ഇരുമ്പുസത്ത് ധാരാളമായി അടങ്ങിയ ചില ഭക്ഷണങ്ങളിതാ.
- ശർക്കര, പനംചക്കര
- ആട്ടിറച്ചി, മാട്ടിറച്ചി, കരൾ
- എള്ള്
- ഇലക്കറികളായ ചീര, മുരിങ്ങ,
- പയർ/പരിപ്പ് വർഗത്തിൽപെട്ട വൻപയർ,
- സോയാബീൻ, ചെറുപയർ
- മത്സ്യം
- അണ്ടിപ്പരിപ്പ്, നിലക്കടല, ആപ്രിക്കോട്ട്
- പുറത്തെ കറുത്ത തൊലികളയാത്ത ഉഴുന്ന്
- ഗോതമ്പ്, മുത്താറി, റാഗി
ഒന്ന് വിശകലനം ചെയ്തുനോക്കൂ. ഇന്ന് ഞാൻ കഴിച്ച ഭക്ഷണത്തിൽ എത്രമാത്രം ഇരുമ്പുസത്ത് ഉൾപ്പെട്ടിട്ടുണ്ടെന്ന്? നമ്മുടെ ഭക്ഷണരീതികളിൽ മാറ്റംവരുത്തേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ നേരമെങ്കിലും അരി ഒഴിവാക്കി ഗോതമ്പിനെ തിരികെ കൊണ്ടുവരാം. ശർക്കരയും എള്ളും ചേർത്തുണ്ടാക്കുന്ന എള്ളുണ്ട അത്രമാത്രം അയൺറിച്ച് ആണ്. വൈകുന്നേരങ്ങളിൽ ബേക്കറികളോട് വിടപറഞ്ഞ് പകരം പയർ, പരിപ്പ് വർഗങ്ങൾ വേവിച്ച് കഴിക്കാമല്ലോ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇറച്ചി, കരൾ വരട്ടിയത് കഴിക്കാം. ദിവസേന മത്സ്യം കഴിക്കാനും മറക്കണ്ട. അണ്ടിപ്പരിപ്പും നിലക്കടലയും കുറച്ചുകുറച്ചായി കൊറിച്ചുകൊണ്ടിരിക്കാം.
ചീരകൊണ്ടും മുരിങ്ങകൊണ്ടും ഉണ്ടാക്കിയ ഉപ്പേരികൾ എന്തുമാത്രം സ്വാദിഷ്ടമാണ്. പയറും പരിപ്പും ശർക്കരയിട്ട പായസങ്ങളെ നാം എന്നുമുതലാണ് മറന്നുതുടങ്ങിയത്? നമ്മുടെ അടുക്കളകളിൽ ഇരുമ്പുപാത്രങ്ങളെ തിരികെ കൊണ്ടുവരണം. എന്നിട്ടതിൽ പാകംചെയ്തുകഴിക്കാം. കുഞ്ഞിന് മുത്താറി ശർക്കരയിട്ട് കുറുക്കിക്കൊടുക്കുേമ്പാൾ, നിങ്ങളും കഴിച്ചോളൂ.
ഒാർക്കുക
ചായ, പ്രത്യേകിച്ച് കട്ടൻചായ ഇരുമ്പിെൻറ ആഗിരണം കുറക്കുന്നു. മാംസാഹാരങ്ങളിലടങ്ങിയ ഇരുമ്പാണ് സസ്യാഹാരങ്ങളിൽ അടങ്ങിയ ഇരുമ്പിനെക്കാൾ ശരീരത്തിന് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നത്. ഇരുമ്പിെൻറ ആഗിരണത്തെയും നിർമാണത്തെയും സഹായിക്കുന്ന വിറ്റാമിനുകളായ C, B9, B12 തുടങ്ങിയവ കൂടുതലുള്ള ഭക്ഷണങ്ങൾ മറക്കാതെ നമുക്ക് കഴിച്ചുകൊണ്ടിരിക്കാം.
ഉദാ: നെല്ലിക്ക ഒാറഞ്ച് പേരക്ക തുടങ്ങിയ പഴവർഗ്ഗങ്ങൾ.
വിളർച്ച എങ്ങനെ ചികിത്സിക്കാം?
വിളർച്ചയുടെ കാരണം കണ്ടുപിടിച്ച് ചികിത്സിക്കേണ്ടതുണ്ട്. ആർത്തവ ക്രമക്കേടുകൾ ഗൈനക്കോളജിസ്റ്റിെൻറ സഹായംതേടി ചികിത്സിച്ച് ഭേദമാക്കൂ. വിരശല്യം, മൂലക്കുരു തുടങ്ങിയവയും ചികിത്സിച്ചുമാറ്റണം.
Hb കുറവാണെങ്കിൽ അയൺ ഗുളികകൾ നൽകും. വിളർച്ചയുള്ളവർ 3-5 മാസം ഗുളികകൾ കഴിക്കണം. കാരണം ഇരുമ്പിെൻറ ആഗിരണം നിയതമായ തോതിൽ മാത്രമേ നടക്കുന്നുള്ളൂ. ചുവന്ന രക്താണുക്കളുടെ നിർമാണസമയം 120 ദിവസമാണ്. മാത്രവുമല്ല, അയൺ ഗുളികകൾ ഇത്രയുംകാലം കഴിച്ചെങ്കിൽ മാത്രേമ ശരീരത്തിലെ ഇരുമ്പിെൻറ സംഭരണത്തിെൻറ അളവ് ശരിയായ രീതിയിൽ പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. കൂടാതെ അയൺ ഇൻജക്ഷൻ രൂപത്തിലും അവശ്യസന്ദർഭങ്ങളിൽ നൽകാറുണ്ട്. ചില അപൂർവം സന്ദർഭങ്ങളിൽ Hb അളവ് അപകടകരമാംവിധം താഴുേമ്പാൾ രോഗിക്ക് രക്തം കയറ്റേണ്ടിയും വരുന്നു.
സാമൂഹികം
വിളർച്ച തടയാനുള്ള ആദ്യപടി വിളർച്ചയെപ്പറ്റി നാം ബോധവതികളായിരിക്കുക എന്നതാണ്. ഇരുമ്പുസത്ത് കൂടിയ ഭക്ഷണങ്ങൾ കഴിച്ചും വിളർച്ചയുടെ കാരണങ്ങൾ ചികിത്സിച്ചും നമുക്ക് മുന്നേറാം. നമ്മുടെ കൗമാരങ്ങളിലെ വിളർച്ചയെ നിയന്ത്രിക്കാൻ ഇനിയും മുന്നോട്ടു പോവാനിരിക്കുന്നു. വിളർച്ചയിൽ വാടാതെ നമുക്ക് മുന്നോട്ടു കുതിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.