കമ്പ്യൂട്ടർ ഉപയോഗം കൂടുതലാണോ? ഇതൊന്ന് നോക്കിവെച്ചോളൂ
text_fieldsനിങ്ങൾ ദിവസവും കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ ഒരുപാട് സമയം ചെലവഴിക്കുന്നവരാണോ? തലവേദന, കാഴ്ചമങ്ങൽ, കണ്ണിന് അസ്വസ്ഥത, കണ്ണിൽ ഈർപ്പമില്ലായ്മ തുടങ്ങി വിവിധ പ്രശ്നങ്ങൾക്ക് സാധ്യതയേറെയാണ്. എന്നുവെച്ച് ഇക്കാലത്ത് കമ്പ്യൂട്ടറിൽ നോക്കാതിരിക്കാൻ കഴിയുമോ! പലരുടെയും ജോലിതന്നെ അത്തരത്തിലാണ്. കണ്ണിന് കേടുപറ്റാതിരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ നോക്കിവെച്ചോളൂ.
20-20-20 നിയമം പാലിക്കുക
ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിലും 20 സെക്കൻഡ് ഇടവേള എടുത്ത് 20 അടി അകലെയുള്ള എന്തെങ്കിലും നോക്കുക. ഇത് കണ്ണുകളുടെ ആയാസം കുറച്ച് ഉന്മേഷം പകരും. ടൈമർ വെച്ചോ ഇടവേള എടുക്കാൻ ഓർമിപ്പിക്കുന്ന ആപ്പുകൾ ഉപയോഗിച്ചോ ഇത് ചെയ്യാം.
തെളിച്ചം ക്രമീകരിക്കുക
സ്ക്രീനിലെ തെളിച്ചം (ബ്രൈറ്റ്നെസ്) അമിതവും തീരെ കുറഞ്ഞതുമാകാതെ ചുറ്റുപാടുമായി പൊരുത്തപ്പെടുന്ന വിധത്തിൽ ക്രമീകരിക്കുക. നീലവെളിച്ചം കണ്ണിലേക്കടിക്കാതിരിക്കാൻ വൈകുന്നേരവും രാത്രിയും ‘നൈറ്റ് മോഡ്’ ഓണാക്കുക.
ഇമവെട്ടുക
ഇടക്കിടെ കണ്ണിമവെട്ടുന്നത് കണ്ണിലെ ഈർപ്പം നിലനിർത്താൻ അത്യാവശ്യമാണ്. ഇത് സ്വാഭാവികമായി സംഭവിക്കാറുണ്ട്. ഇല്ലെങ്കിൽ ഇടക്കിടെ വെറുതെ കണ്ണൊന്ന് അടച്ച് തുറക്കുക. ഇമവെട്ടാതെ ദീർഘനേരം സ്ക്രീനിൽ സൂക്ഷ്മമായി നോക്കുന്നത് കണ്ണിൽ ഈർപ്പം കുറയാൻ കാരണമാകും.
സ്ക്രീൻ ഗുണനിലവാരം
ആന്റിഗ്ലെയർ സാങ്കേതികവിദ്യയുള്ള സ്ക്രീനുകൾ ഉപയോഗിക്കുക. നിലവിലെ സ്ക്രീനിൽ ആന്റിഗ്ലെയർ ഫിൽട്ടർ സ്ഥാപിക്കാവുന്നതാണ്. രാത്രി നന്നായി ഉറങ്ങുക, സംരക്ഷണ ഗ്ലാസുകൾ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, കണ്ണിന്റെ ശുചിത്വം പാലിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എന്തെങ്കിലും കാഴ്ചപ്രശ്നങ്ങളോ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാൽ നേത്രപരിശോധന വൈകിപ്പിക്കേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.