ഇത് ചെറിയ കളിയല്ല… ഇനി ആരോഗ്യ ബോധവത്കരണത്തിന് ട്രോളൻമാർ നേരിട്ടിറങ്ങും
text_fieldsസമൂഹ മാധ്യമങ്ങളിലൂടെ ശരിരായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്തി കേരള മീം കോണ്ടസ്റ്റുമായി ദേശീയ ആരോഗ്യ ദൗത്യം. ജനപ്രിയ ട്രോൾ കൂട്ടായ്മകളായ ഐ.സി.യു, ട്രോൾ മലയാളം, ട്രോൾ റിപ്പബ്ലിക്ക്, എസ്.സി.ടി എന്നിവർക്കൊപ്പം ചേർന്നാണ് ദേശീയ ആരോഗ്യ ദൗത്യം മീം കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നത്.
പൊതുജന പങ്കാളിത്തത്തോടെയുള്ള പരിപാടികളിലൂടെ ശരിയായ ആരോഗ്യ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആർദ്രം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്നതാണ് ക്യാമ്പയിന്‍റെ മുദ്രാവാക്യം. ഡിസംബർ എട്ടുമുതൽ ജനുവരി എട്ടു വരെയാണ് ഹെൽത്തി കേരള മീം കോണ്ടസ്റ്റ് നടക്കുന്നത്. ഈ കാലയളവിൽ ആരോഗ്യസംബന്ധിയായ വിഷയങ്ങളിൽ മത്സരാർത്ഥികൾക്ക് പോസ്റ്റുകൾ തയ്യാറാക്കി ക്യാമ്പയിൻ നടക്കുന്ന പേജുകളിലേക്ക് അയക്കാം.
ലഹരിക്കെതിരായ ബോധവത്കരണം, ജങ്ക്ഫുഡ് സംസ്കാരത്തിൽ നിന്നുള്ള മോചനം, മാനസികാരോഗ്യം, വ്യായാമത്തിന്‍റെ പ്രാധാന്യം, ശരിയായ ആഹാരശീലം, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരാർത്ഥികൾ പോസ്റ്റുകൾ തയ്യാറാക്കേണ്ടത്. ഇതേക്കൂടാതെ ആരോഗ്യസംബന്ധിയായ പൊതുവിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പോസ്റ്റുകളും തയ്യാറാക്കാം.
ഓരോ പേജിലും ഏറ്റവും മികച്ച പോസ്റ്റുകൾ തയ്യാറാക്കുന്ന മൂന്നുപേർക്ക് ആരോഗ്യ വകുപ്പിന്‍റെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ഓരോ പേജിലും ഒന്നാമതെത്തുന്ന ആൾക്ക് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ആൾക്ക് 2000 രൂപയുമാണ് ക്യാഷ് പ്രൈസ് ലഭിക്കുക.
ജനുവരി 12ന് ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.