കരുതിയിരിക്കുക കോളറയെ
text_fieldsസംസ്ഥാനത്ത് പലയിടത്തും കോളറ പടർന്നു പിടിക്കുകയാണ്. വിവിധ ജില്ലകളിൽ ആളുകൾ കോളറ ബാധിച്ച് ആശുപരതികളിൽ ചികിത്സ തേടിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് കോളറ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ജലജന്യ രോഗമായ കോളറ മലിന ജലത്തിലൂടെയാണ് പകരുന്നത്. പരിസര ശുചീകരണമാണ് രോഗം തടയാൻ പ്രധാനമായും വേണ്ടത്.
എന്താണ് കോളറ?
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറെ (Vibrio Cholerae) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗണുക്കൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ ‘കോളറാ ടോക്സിൻ’ എന്ന വിഷവസ്തു ഉൽപാദിപ്പിക്കുന്നു.
ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഇത്തരം ബാക്ടീരിയകൾക്ക് വെള്ളത്തിൽ ഏറെ നേരം ജീവിക്കാൻ കഴിയും. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. വേഗത്തിൽ നിർജലീകരണം നടക്കുന്നതിനാൽ ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശരാക്കുന്നതിനും മരണത്തിനും വരെ കോളറ കാരണമാകുന്നു.
എങ്ങനെ പ്രതിരോധിക്കാം
- ചുറ്റുപാടുകൾ മലിനമാകാതെ സൂക്ഷിക്കുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- ജലാശയങ്ങൾ മലിനീകരിക്കരുത്.
- കോളറബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം.
- ഭക്ഷണശുചിത്വം ഉറപ്പുവരുത്തുക.
- ഈച്ചകൾ പെരുകുന്നത് തടയുക.
- പഴങ്ങൾ–പച്ചക്കറികൾ തുടങ്ങിയവ നന്നായി കഴുകുക.
- ശൗചാലയത്തിൽ പോയ ശേഷം കൈകൾ വൃത്തിയാക്കുക.
- കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും മറ്റും അണുവിമുക്തമാണെന്ന് ഉറപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.