സ്‌തനാർബുദത്തെ കരുതിയിരിക്കാം...
text_fieldsഇന്ന് ഏറ്റവുമധികം കാണുപ്പെടുന്നതും അപകടകാരിയുമായ കാൻസറുകളിലൊന്നാണ് സ‌്തനാർബുദം. വികസിത രാജ്യങ്ങളിൽ സ‌്തനാർബുദ രോഗികളുടെ നിരക്ക് നമ്മുടെ രാജ്യത്തേക്കാളും മൂന്നിരട്ടിയാണ്. പക്ഷേ നമ്മുടെ രാജ്യത്തെ മരണ നിരക്ക് വികസിത രാജ്യത്തെക്കാളും പത്തിരട്ടിയാണ്. സ്തനാർബുദം നേരത്തെ കണ്ടെത്താതെ പോകുന്നതാണ് ഇത്തരം മരണത്തിന്റെ പ്രധാന കാരണമായി പറയുന്നത്. രോഗമറിയാതെ മരണത്തിലേക്ക് പോകുന്നവരെ സുരക്ഷിതരാക്കാൻ ഈ സ‌്തനാർബുദ അവബോധ മാസത്തിൽ നമുക്ക് കഴിയട്ടെ. എല്ലാ വർഷവും ഒക്ടോബർ മാസമാണ് സ‌്തനാർബുദ അവബോധ മാസമായി ആചരിക്കുന്നത്.
ശ്രദ്ധിക്കേണ്ടവർ
- 50 വയസിൽ കൂടുതലുള്ളവർ. പ്രായം കൂടുന്നതിനനുസരിച്ചു സ‌്തനാർബുദ സാധ്യത കൂടുതലാണ്. 50 വയസ്സിനു ശേഷമാണ് മിക്ക സ്തനാർബുദങ്ങളും കണ്ടുപിടിക്കപ്പെടുന്നത്.
- ഒരിക്കൽ ബാധിച്ച സ്ത്രീകൾക്ക് രണ്ടാമതും സ‌്തനാർബുദം വരാൻ സാധ്യത കൂടുതലാണ്.
- അർബുദമല്ലാത്ത ചില സ‌്തനരോഗങ്ങളായ എടിപിക്കൽ ഡക്‌ടൽ ഹൈപ്പർപ്ലാസിയ അല്ലെങ്കിൽ ലോബുലാർ കാർസിനോമ ഇൻ സിറ്റു എന്നിവയുള്ളവർക്ക് സ്‌തനാർബുദം വരാൻ സാധ്യത കൂടുതലാണ്.
- അമ്മയോ സഹോദരിയോ മകളോ (ഫസ്റ്റ്-ഡിഗ്രി ബന്ധു) അല്ലെങ്കിൽ സ‌്തനാർബുദമോ അണ്ഡാശയ അർബുദമോ ഉള്ള കുടുംബത്തിലെ അമ്മയുടെയോ അച്ഛന്റെയോ ഭാഗത്തുള്ള ഒന്നിലധികം കുടുംബാംഗങ്ങളോ സ‌്തനാർബുദം ഉള്ളവരെങ്കിൽ സാധ്യത കൂടുതലാണ്.
- 12 വയസ്സിന് മുമ്പ് ആർത്തവം ആരംഭിച്ചവർക്കും 55 വയസ്സിന് ശേഷം ആർത്തവ വിരാമം സംഭവിക്കുന്നവർക്കും സാധ്യത കൂടുതലാണ്.
- ജനിതകമാറ്റങ്ങൾ - BRCA1, BRCA2 എന്നിങ്ങനെയുള്ള ചില ജീനുകളിൽ പാരമ്പര്യമായി മാറ്റങ്ങൾ വന്നിട്ടുള്ള സ്ത്രീകൾക്ക് സ്തന, അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്.
- കൂടുതൽ ഡെൻസിറ്റിയുള്ള സ്തനങ്ങൾ ഉള്ളവർ. ഇത്തരം സ്തനങ്ങൾക്ക് ഫാറ്റി ടിഷ്യുവിനേക്കാൾ കൂടുതൽ കണക്ടിവ് ടിഷ്യു ഉണ്ട്. ഇത് ചിലപ്പോൾ മാമോഗ്രാമിൽ മുഴകൾ കാണുന്നത് ബുദ്ധിമുട്ടാക്കും. അതിനാൽ തന്നെ ഡെൻസിറ്റി കൂടുതലുള്ള സ്തനങ്ങളുള്ള സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്.
- 30 വയസ്സിന് മുമ്പ് നെഞ്ചിലോ സ്തനങ്ങളിലോ റേഡിയേഷൻ തെറാപ്പി നടത്തിയ സ്ത്രീകൾക്ക് (ഉദാഹരണത്തിന്, ഹോഡ്ജ്കിൻസ് ലിംഫോമയുടെ ചികിത്സയുമായി ബന്ധപ്പെട്ട്) സ്തനാർബുദം വരാൻ സാധ്യത കൂടുതലാണ്.
- ഡൈതൈൽസ്റ്റിൽബെസ്ട്രോൾ (DES) എന്ന മരുന്നിന്റെ എക്സ്പോഷർ. ഗർഭം അലസുന്നത് തടയാൻ DES എടുത്ത സ്ത്രീകളിൽ സാധ്യത കൂടുതലാണ്.
സ്തനാർബുദ ലക്ഷണങ്ങൾ മിക്ക ആളുകൾക്കും വ്യത്യസ്തമായിരിക്കും. ചില ആളുകളിൽ ലക്ഷണങ്ങൾ ഒന്നും കണ്ടില്ലെന്നും വരാം. പ്രധാന ലക്ഷണങ്ങൾ ഇവ:
- സ്തനത്തിലോ കക്ഷത്തിലോ മുഴ.
- സ്തനത്തിന്റെ ഒരു ഭാഗം കട്ടിയാകുകയോ വീർക്കുകയോ ചെയ്യുക.
- സ്തനങ്ങളുടെ ചർമത്തിൽ ഏതെങ്കിലും രീതിയിലെ മാറ്റം.
- മുലക്കണ്ണിൻറെ ഭാഗത്തോ സ്തനത്തിലോ ചുമപ്പ് നിറമോ അടർന്നു പോവുന്ന രീതിയിലുള്ള ചർമം.
- മുലക്കണ്ണ് വലിയുക അല്ലെങ്കിൽ മുലക്കണ്ണിൻറെ ഭാഗത്തുള്ള വേദന
- മുലപ്പാൽ ഒഴികെയുള്ള മുലക്കണ്ണിൽ നിന്ന് രക്തം ഉൾപ്പെടെ ഡിസ്ചാർജ്.
- സ്തനത്തിന്റെ വലിപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലും മാറ്റം.
- സ്തനത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന.
ഇതെല്ലാം കാൻസറിന്റെ ലക്ഷണങ്ങൾ ആവണമെന്ന് നിർബന്ധമില്ല. കാൻസർ അല്ലാത്ത മറ്റ് പല അവസ്ഥകളിലും ഈ ലക്ഷണങ്ങൾ ഉണ്ടാവാം. എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
പുരുഷന്മാരിലും സ്തനാർബുദമോ ?
സ്തനാർബുദം മിക്കപ്പോഴും സ്ത്രീകളിലാണ് കാണപ്പെടുന്നത്. എന്നാൽ പുരുഷന്മാരിലും സ്തനാർബുദം വരാറുണ്ട്. 100 സ്തനാർബുദങ്ങളിൽ ഒരെണ്ണം പുരുഷനിൽ കാണപ്പെടുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
- പുരുഷന്മാരിലെ രോഗലക്ഷണങ്ങൾ:
- സ്തനത്തിൽ ഒരു മുഴ അല്ലെങ്കിൽ വീക്കം.
- സ്തനത്തിൽ ചുവപ്പ് അല്ലെങ്കിൽ അടരുന്ന ചർമ്മം.
- മുലക്കണ്ണിൽ നിന്നുള്ള ഡിസ്ചാർജ്
- മുലക്കണ്ണ് വലിയുക
- മുലക്കണ്ണ് ഭാഗത്ത് വേദന.
കാൻസർ അല്ലാത്ത മറ്റ് അവസ്ഥകളിലും ഈ ലക്ഷണങ്ങൾ ഉണ്ടാകാം. നിങ്ങൾക്ക് ഇങ്ങനെയുള്ള എന്തെങ്കിലും ലക്ഷണങ്ങളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.
ആരൊക്കെ ശ്രദ്ധിക്കണം?
- പ്രായത്തിനനുസരിച്ച് സ്തനാർബുദ സാധ്യത വർദ്ധിക്കാം. 50 വയസ്സിനു ശേഷമാണ് പുരുഷന്മാരിൽ മിക്ക സ്തനാർബുദങ്ങളും കണ്ടുവരുന്നത്
- ജനിതകമാറ്റങ്ങൾ. BRCA1, BRCA2 പോലുള്ള ചില ജീനുകളിലെ പാരമ്പര്യ മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു.
- സ്തനാർബുദത്തിന്റെ കുടുംബ ചരിത്രം. അടുത്ത കുടുംബാംഗങ്ങൾക്ക് സ്തനാർബുദമുണ്ടെങ്കിൽ പുരുഷന്മാരിൽ സാധ്യത കൂടുതലാണ്.
- റേഡിയേഷൻ തെറാപ്പി ചികിത്സ. നെഞ്ചിൽ റേഡിയേഷൻ തെറാപ്പി നടത്തിയ പുരുഷന്മാർക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്.
- ഹോർമോൺ തെറാപ്പി ചികിത്സ.
- പ്രോസ്റ്റേറ്റ് കാൻസർ ചികിത്സിക്കുള്ള ഈസ്ട്രജൻ അടങ്ങിയ മരുന്നുകൾ ഉപയോഗിച്ച പുരുഷന്മാരിൽ സ്തനാർബുദ സാധ്യത വർദ്ധിക്കുന്നു.
- ക്ലൈൻഫെൽറ്റർ സിൻഡ്രോം. ക്ലൈൻഫെൽറ്റർ സിൻഡ്രോം എന്നത് ഒരു പുരുഷന് എക്സ് ക്രോമസോം കൂടുതലുള്ള അപൂർവ ജനിതക അവസ്ഥയാണ്. ഇത് ശരീരത്തിൽ ഈസ്ട്രജന്റെ ഉയർന്ന അളവിലും ആൻഡ്രോജന്റെ താഴ്ന്ന നിലയിലേക്ക് നയിക്കും. ഇത്തരം അവസ്ഥ ഉള്ളവർക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്.
- വൃഷണങ്ങളെ ബാധിക്കുന്ന ചില രോഗാവസ്ഥകൾ സ്തനാർബുദ സാധ്യത വർധിപ്പിക്കും.
- കരളിലെ സിറോസിസ് പുരുഷന്മാരിൽ ആൻഡ്രോജന്റെ അളവ് കുറയ്ക്കുകയും ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും, ഇത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.
- അമിതഭാരവും പൊണ്ണത്തടിയും.
ഓർക്കുക ഇവയിൽ ഏതെങ്കിലുമുണ്ടെങ്കിൽ സ്തനാർബുദം ഉണ്ടെന്നു അർഥമാകുന്നില്ല. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്വയം പരിശോധനയും ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കലും ചെയ്യുകയാണെങ്കിൽ ഒരു പരിധി വരെ ഈ രോഗത്തിൽ നിന്ന് രക്ഷ നേടാം.
40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമ്മോഗ്രാം ടെസ്റ്റ് നിർബന്ധമായും ചെയ്യേണ്ടതാണ്. സ്തനാർബുദ അവബോധ ക്ലാസ്സുകളിലും ക്യാമ്പുകളിലുമെത്തി കൂടുതൽ കാര്യങ്ങൾ മനസിലാക്കുകയും പരിശോധന നടത്തുകയും ചെയ്താൽ ഒരു പരിധി വരെ രോഗനിർണയത്തിനുള്ള കാലതാമസം കുറക്കാം. 18 വയസ്സിനുമുകളിൽ പ്രായമുളളവർ സ്വയം പരിശോധന ചെയ്യുന്നത് രോഗലക്ഷണങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനു സഹായകമാവും. മുൻകൂട്ടി നിർണയിച്ചാൽ ഏതു കാൻസറിനും രോഗവിമുക്തി സാധ്യമാണെന്ന് ഓർക്കുക. കാൻസർ ഇല്ലാത്ത കണ്ണൂരിന് വേണ്ടി നമുക്കൊരുമിക്കാം.
(കണ്ണൂരിലെ ഓൺ ക്യുയർ ബയോ സൊല്യൂഷൻസിൽ സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ ആണ് ലേഖിക.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.