കോവിഡ് ബാധിച്ചവർക്കും വാക്സിൻ എടുത്തവർക്കും രക്തദാനം ചെയ്യാമോ? അറിഞ്ഞിരിക്കണം ഇക്കാര്യം
text_fieldsകോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കടുത്ത ക്ഷാമമാണ് സംസ്ഥാനത്തെ രക്തബാങ്കുകളിൽ അനുഭവപ്പെടുന്നത്. സന്നദ്ധ രക്തദാനത്തിന്‍റെ തോത് ഇക്കാലയളവിൽ വളരെ കുറഞ്ഞിട്ടുണ്ട്. യുവജന സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും കാമ്പയിൻ നടത്തി രക്തം നൽകിയത് ഒരളവുവരെ ആശ്വാസകരമാണ്.
കോവിഡ് പശ്ചാത്തലത്തിൽ ആശുപത്രിയിലേക്ക് വരാൻ ആളുകൾക്കുള്ള താൽപര്യക്കുറവാണ് പ്രധാനമായും രക്തബാങ്കുകളിൽ ക്ഷാമം അനുഭവപ്പെടാൻ കാരണം. അപൂർവമായ രക്തഗ്രൂപ്പുകൾക്ക് വേണ്ടി പലരും നെട്ടോട്ടമോടുകയാണ്. രക്തദാനത്തിന് തയാറായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഒട്ടേറെ പേർക്ക് കോവിഡ് ബാധിക്കുകയും കോവിഡ് വാക്സിനേഷൻ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതർക്കും വാക്സിനെടുത്തവർക്കും രക്തം ദാനം ചെയ്യാനാകുമോയെന്നത് എല്ലാവർക്കുമുള്ള സംശയമാണ്. ഇവർക്ക് രക്തം ദാനം ചെയ്യുന്നതിന് തടസമൊന്നുമില്ല. എന്നാൽ, കോവിഡ് വാക്സിൻ എടുത്തവർക്ക് 14 ദിവസത്തിനു ശേഷവും, രോഗബാധിതരായവർക്ക് നെഗറ്റീവ് ആയി 28 ദിവസത്തിനു ശേഷവുമാണ് രക്തം ദാനം ചെയ്യാവുന്നത്.
പ്രതിവർഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. ഇതിൽ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാതാക്കളിൽ നിന്നു ലഭ്യമാകുന്നത്. നിരവധി യുവജനസംഘടനകളും സന്നദ്ധ സംഘങ്ങളും പല വ്യക്തികളും സജീവമായി ഇടപെടുന്നുണ്ടെങ്കിലും ഈ രംഗത്ത് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്.
കോവിഡ് വ്യാപനം കുറയുന്നതോടെ നിലവിൽ മാറ്റി വച്ചിരിക്കുന്ന ശസ്ത്രക്രിയകളെല്ലാം നടത്തേണ്ടി വരും. ആ പ്രതിസന്ധി മുൻകൂട്ടി കണ്ട് രക്തദാനത്തിനായി യുവജനങ്ങളും സംഘടനകളും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.