കരുതലോടെ പരിചരിക്കാം, കിടപ്പുരോഗിയെ
text_fieldsഒരു വ്യക്തി കിടപ്പിലാകുന്നതിെൻറ കാരണങ്ങൾ പലതാകാം. എന്നാൽ, ഇൗ അവസ്ഥയിലുള്ള രോഗിയെ പരിചരിക്കുന്നത് ഒരേ രീതിയിലാണ്. പരിചരണത്തിന് രോഗിയെ നോക്കുന്ന വ്യക്തി (Care Taker), ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോ തെറപ്പിസ്റ്റ്, ഡയറ്റീഷ്യൻ ഇവരുടെയൊക്കെ സേവനം ആവശ്യമാണ്.
ആശ്വാസം
രോഗിയെ കഴിയുംവിധം സുഖമായി കിടത്തുക. വൃത്തിയുള്ള ഷീറ്റുകൾ വേണം ഉപയോഗിക്കാൻ. കിടക്കുേമ്പാൾ തോളിനും സന്ധികൾക്കും വലിച്ചിലുണ്ടാകാൻ പാടില്ല. രണ്ടു വശത്തേക്കും തിരിച്ചുകിടത്താൻ ശ്രദ്ധിക്കണം. രോഗിക്കുതെന്ന തിരിയാൻ കഴിയുമെങ്കിൽ രോഗിയോട് പറഞ്ഞ് സ്വന്തമായി തിരിഞ്ഞുകിടക്കാൻ പ്രോത്സാഹിപ്പിക്കണം. രണ്ടു പേർ ചേർന്നുവേണം രോഗിയുടെ ഷീറ്റുകൾ മാറ്റുന്നത്. പല രീതിയിൽ പൊക്കിയും താഴ്ത്തിയും ഉപയോഗിക്കാൻ പറ്റുന്ന കട്ടിലുകളാണ് ഇപ്പോൾ മിക്ക ആശുപത്രികളിലുമുള്ളത്. ഇൗ തരത്തിലുള്ള കട്ടിലുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്.
ശുചിത്വപരിപാലനം
രോഗി, രോഗിയെ പരിപാലിക്കുന്ന വ്യക്തി, രോഗിയുടെ മുറിയും പരിസരവും എന്നിവ വൃത്തിയുള്ളതായിരിക്കണം. രോഗിയെ കഴിയുമെങ്കിൽ എന്നും കുളിപ്പിക്കണം. കുളിപ്പിക്കാൻ സാധിക്കുകയില്ലെങ്കിൽ ദേഹം തുടച്ചുവൃത്തിയാക്കണം. നേരിയ ഉപ്പുചേർത്ത ഇളംചൂടുവെള്ളം ഉപയോഗിക്കുക. ശരീരത്തിെൻറ ഇൗർപ്പം നിലനിർത്തുന്നതിന് കണ്ണുകൾ, ചെവികൾ, കക്ഷം, മാറിടങ്ങൾക്കു താഴെ, സ്വകാര്യഭാഗങ്ങൾ എന്നിവിടങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു തുടക്കണം. തുടച്ചുകഴിഞ്ഞാൽ ശരീരം ഉണങ്ങാനുള്ള സമയം നൽകണം. ക്രീമുകൾ ഉപയോഗിച്ച് (Moisturising Cream) തൊലിപ്പുറം നന്നായി മസാജ് ചെയ്യുക. പൗഡറിെൻറ ഉപയോഗം കുറക്കുക. മുടി വൃത്തിയായി ചീകി ഒതുക്കിവെക്കുക. ആഴ്ചയിലൊരു ദിവസം ഷാംപൂ ഉപയോഗിക്കാം. പുരുഷന്മാർക്ക് ഷേവു ചെയ്തു കൊടുക്കണം. കഴിയുമെങ്കിൽ ഇൗ പ്രവൃത്തികളെല്ലാം രോഗിയെക്കൊണ്ടുതന്നെ ചെയ്യിക്കുക. നഖങ്ങൾ വെട്ടി വൃത്തിയാക്കണം. വായയുടെ ശുചിത്വം മറക്കരുത്. ഒാരോ തവണ ഭക്ഷണം കഴിച്ചുകഴിയുേമ്പാഴും വായയും പല്ലുകളും വൃത്തിയാക്കണം. എന്നും രാവിലെ സ്പൂണിെൻറ പിടിയിൽ സലൈൻ ദ്രാവകത്തിൽ മുക്കിയ തുണി ചുറ്റി വായ വൃത്തിയാക്കാം.
കിടക്കവിരി മാറ്റുന്ന വിധം
എന്നും കിടക്കവിരികൾ മാറ്റുന്നതാണ് നല്ലത്. രോഗിയെ കിടത്തുന്നതിന് കട്ടി കുറഞ്ഞ കോട്ടൺഷീറ്റുകൾ ഉപയോഗിക്കുക. കിടക്കവിരിയുടെ നടുഭാഗത്ത് ഒരു കഷണം കോട്ടൺ തുണി വിരിക്കുക. മുഷിഞ്ഞാൽ ഇൗ തുണി മാറ്റിക്കൊടുക്കുക. രണ്ടു പേർ ചേർന്നുവേണം രോഗിയുടെ കിടക്കവിരി മാറ്റാൻ. രോഗിയെ ഒരു വശത്തേക്ക് ചരിച്ചതിനുശേഷം കിടക്കവിരികൾ (പഴയതും പുതിയതും) തെറുത്തു രോഗിയുടെ ശരീരത്തിനടുത്ത് ചുരുട്ടിവെക്കുക. രോഗിയെ എതിർവശത്തേക്ക് ചരിച്ചു കിടത്തുക. പുതിയ വിരി വിരിക്കുകയും പഴയ വിരി മാറ്റുകയും ചെയ്യുക. കിടക്കക്ക് നനവുപറ്റാത്ത വിധത്തിലുള്ള ഉറ വേണം.
ഭക്ഷണം കൊടുക്കുന്ന രീതി
വളരെയധികം ശ്രദ്ധയിൽ ചെയ്യേണ്ടതാണ് ഇത്. Aspiration Pneumonia തടയുക എന്നതാണ് ഉേദ്ദശ്യം. കഴിയുമെങ്കിൽ രോഗിയെ ഇരുത്തി സ്വയം ഭക്ഷണം കഴിക്കുന്നതിന് പ്രോത്സാഹിപ്പിക്കണം. ചെറിയ അളവിൽ പല തവണകളായി ഭക്ഷണം കഴിക്കാം. അല്ലെങ്കിൽ മൂന്നുനേരം കട്ടിയാഹാരം കഴിക്കുക. ഇട സമയങ്ങളിൽ കഞ്ഞിവെള്ളം, പഴച്ചാറുകൾ, പ്രോട്ടീൻ കലക്കിയ പാൽവെള്ളം എന്നിവയാകാം. ഒാരോ തവണയും ഭക്ഷണം കഴിച്ചതിനുശേഷം അരമണിക്കൂറെങ്കിലും ഇരിക്കുക. കട്ടിലിെൻറ തലഭാഗം ഉയർത്തി ഇരുത്തുകയും ആകാം. ഭക്ഷണശേഷം വായയും പല്ലുകളും വൃത്തിയാക്കാൻ മറക്കരുത്.
തൊലിയുടെ സംരക്ഷണം
കുളി, ദേഹം തുടക്കൽ എന്നീ പ്രവൃത്തികൾക്കുശേഷം moisturising cream ദേഹത്തു പുരട്ടുക. തൊലിയുടെ മൃദുലത കഴിയുന്നത്ര സംരക്ഷിക്കണം. തൊലി വരളുകയാണെങ്കിൽ ചൊറിഞ്ഞുപൊട്ടാൻ സാധ്യതയുണ്ട്. രോഗിയെ രണ്ടു മണിക്കൂർ കൂടുേമ്പാൾ ചരിച്ചു കിടത്തുക. മൂത്രത്തിൽ കിടക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊലി പൊട്ടാതെ പ്രത്യേകം ശ്രദ്ധിക്കണം. bed sore/ pressure sore വന്നുകഴിഞ്ഞാൽ ബുദ്ധിമുട്ടാണ്.
സഹതാപം
രോഗിയെ പരിചരിക്കുന്ന വ്യക്തികൾക്ക് മനസ്സിൽ സഹതാപം ഉണ്ടാകണം. രോഗിയോട് ഇൗ വികാരം പ്രകടിപ്പിക്കരുത്. സഹതപിക്കുന്നത് രോഗിയുടെ മനോവീര്യത്തെ കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. എപ്പോഴും രോഗിക്ക് പോസിറ്റിവ് ചിന്തകൾ പകർന്നുകൊടുക്കുക. രോഗിക്ക് ഒരു ദിനചര്യ ചിട്ടപ്പെടുത്തി എടുക്കണം. ശാരീരിക, മാനസികാരോഗ്യത്തിന് ഇൗ ചിട്ട ആവശ്യമാണ്.
രോഗിയെ പരിചരിക്കുന്ന വ്യക്തിയുടെ സംരക്ഷണം
രോഗിയെ പരിചരിക്കുന്ന വ്യക്തി നല്ല ശുചിത്വം പാലിക്കേണ്ടതാണ്. നിത്യവും കുളിച്ച് വൃത്തിയുള്ള വേഷം ധരിക്കണം. കൈയുറകൾ ഉപയോഗിച്ചു വേണം രോഗിയെ പരിചരിക്കാൻ. ചില രോഗികൾക്ക് കൈയുറകൾ ധരിക്കുന്നത് ഇഷ്ടമല്ല. അണുബാധ തടയുന്നതിനുവേണ്ടിയാണെന്ന് രോഗിയെ പറഞ്ഞു മനസ്സിലാക്കുക. ഉപയോഗം കഴിഞ്ഞാൽ കൈയുറകൾ നിർദിഷ്ട സ്ഥലത്ത് കളയുക. വലിച്ചെറിയരുത്. ഒാരോ തവണയും രോഗിയെ തൊടുന്നതിനുമുമ്പ് Hard rub ഉപയോഗിക്കണം. രാത്രിയിൽ ഇവർക്ക് ഉറങ്ങാൻ സമയം ലഭിക്കുന്നുെവന്ന് ഉറപ്പുവരുത്തുക. ഇത് രോഗിയുടെ വീട്ടുകാർ ശ്രദ്ധിക്കേണ്ടതാണ്.
വ്യായാമം
ഒാരോ രോഗിക്കും കഴിയുംവിധം വ്യായാമം ചെയ്യാം. ഡോക്ടറുടെ നിർദേശപ്രകാരം ഒരു ഫിസിയോ തെറപ്പിസ്റ്റിന് സഹായിക്കാൻ സാധിക്കും. കിടക്കുന്ന എല്ലാ രോഗികൾക്കും ഉണ്ടാകാൻ സാധ്യതയുള്ള പാർശ്വഫലമാണ് ഡീപ് വെയിൻ ത്രോംബോസിസ് (Deep vein thrombosis). പാസിവ് ഫിസിയോ തെറപ്പി ഇൗ അവസ്ഥയെ ഒരുപരിധിവരെ തടയും. ചെസ്റ്റ് ഫിസിയോ തെറപ്പി കഫക്കെട്ടിനെ പ്രതിരോധിക്കുന്നതിന് പ്രയോജനകരമാണ്.
വിവിധതരം ട്യൂബുകളുടെ പരിചരണം
Ryles tube or Nasogastric feeding tube: രോഗിക്ക് ഭക്ഷണം കൊടുക്കുന്നതിനാണ് ഇൗ ട്യൂബുകൾ ഉപയോഗിക്കുന്നത്. മൂക്കിൽകൂടി വയറിനുള്ളിലേക്ക് ഇൗ ട്യൂബുകൾ എത്തുന്നു. മൂന്നു മാസം മുതൽ ആറു മാസം വരെ രോഗിയുടെ ശരീരത്തിൽ വെക്കാം. ഒാരോ തവണ കട്ടിയാഹാരം െകാടുത്തു കഴിഞ്ഞാൽ കുറച്ച് വെള്ളമൊഴിച്ച് ട്യൂബ് വൃത്തിയാക്കണം. അമിതമായി ആഹാരപദാർഥങ്ങൾ കൊടുക്കരുത്. മൂന്നുനേരം കട്ടിയാഹാരം കൊടുക്കുക. ആഹാരത്തിെൻറ അളവും ട്യൂബ് കഴുകുവാൻ ഉപയോഗിക്കുന്ന െവള്ളവുംകൂടി 200 മില്ലി ലിറ്റർ ആകാം. ഇതിനിടയിൽ ദ്രാവകങ്ങൾ കൊടുക്കുക. ഇളനീർ, പഴച്ചാറുകൾ, പ്രോട്ടീൻ പൗഡർ കലക്കിയ െവള്ളം അഥവാ പാൽവെള്ളം ആകാം. ട്യൂബിെൻറ ദ്വാരം അടയാതെ ശ്രദ്ധിക്കണം. ഡയറ്റീഷ്യന് നിങ്ങൾക്കു വേണ്ട നിർദേശങ്ങൾ നൽകാൻ സാധിക്കും.
Tracheostomy tube
തൊണ്ടയിൽനിന്ന് ശ്വസനനാളത്തിലേക്ക് കടത്തിവെക്കുന്ന ട്യൂബാണിത്. എേപ്പാഴും നനഞ്ഞിരിക്കാൻ സാധ്യതയുണ്ട്. വൃത്തിയായി തുടച്ചുവെക്കണം. തുടർച്ചയായി സ്രവങ്ങൾ (secretion) വരുകയാണെങ്കിൽ ഒരു ചെറിയ ഹോസിെൻറ കഷണം ആ ഭാഗത്ത് വെക്കുക.
Foley urinary catheter
മൂത്രസഞ്ചിയിൽനിന്ന് മൂത്രം നിർമാർജനം ചെയ്യുന്നതിന് ഇൗ ട്യൂബ് ഉപയോഗിക്കുന്നു. അണുബാധയുണ്ടാകുന്നതിന് സാധ്യതകളുണ്ട്. മൂന്നാഴ്ച കൂടുേമ്പാൾ ഇൗ ട്യൂബ് മാറ്റണം.
മേൽപറഞ്ഞ ട്യൂബുകൾ സലൈൻ സ്വാബ് (Saline Swab) ഉപയോഗിച്ച് വൃത്തിയാക്കാം. സലൈൻ വീട്ടിൽതന്നെ ഉണ്ടാക്കിയെടുക്കാം. വെള്ളത്തിൽ ഉപ്പു ചേർക്കുക. ഇൗ ദ്രാവകത്തിൽ പഞ്ഞിക്കഷണങ്ങൾ ഇട്ട് തിളപ്പിക്കുക. ഇൗ പഞ്ഞിക്കഷണങ്ങൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. കക്ഷം, മാറിടങ്ങളുടെ താഴെയുള്ള ഭാഗം, സ്വകാര്യഭാഗങ്ങൾ ഇവിടെയെല്ലാം ഇൗ കഷണങ്ങൾകൊണ്ട് ശുചിയാക്കാം. കടകളിൽ ലഭിക്കുന്ന wet wipes ഇതിന് ഉപയോഗിക്കാം.
തയാറാക്കിയത്: ഡോ. പ്രിയ വിജയകുമാർ
പ്രഫസർ, ഡിപ്പാർട്മെൻറ് ഒാഫ് ജിറിയാട്രിക്സ്,
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, കൊച്ചി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.