പ്രോസ്റ്റേറ്റ് കാന്‍സര്‍ പ്രതിരോധിക്കാം
text_fieldsചെറുഗ്രന്ഥികളുടെ ഒരു കൂട്ടമാണ് പ്രോസ്റ്റേറ്റ് അഥവാ പൗരുഷ ഗ്രന്ഥി. ഇരുപത് മുതല്‍ അറുപതോളം ചെറുഗ്രന്ഥികള്‍ ഒരു മുന്തിരിക്കുലപോലെ പ്രോസ്റ്റേറ്റിലുണ്ടാകും. കൊഴുപ്പ് പാളിക്കുള്ളില്‍ കട്ടിയുള്ള പുറന്തോടുമായി മൂത്രസഞ്ചിക്ക് തൊട്ടുതാഴെ മൂത്രനാളിക്ക് ചുറ്റുമായാണ് പ്രോസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. പുരുഷന്‍െറ മൂത്രപ്രവൃത്തികളിലും ലൈംഗിക പ്രവൃത്തികളിലും പ്രോസ്റ്റേറ്റ് നിര്‍ണായക പങ്കുവഹിക്കുന്നു.
പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന രോഗങ്ങള്‍ പ്രധാനമായും അണുബാധ കൊണ്ടുള്ള വീക്കമായ പ്രോസ്റ്റൈറ്റിസ്, നിരുപദ്രവമായ പ്രോസ്റ്റേറ്റ് വീക്കം (BPH), പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയാണ്. പുരുഷന്മാരെ ബാധിക്കുന്ന പ്രധാന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജനിതക ഘടകങ്ങളിലെ മാറ്റങ്ങള്‍, ജീവകം ‘ഡി’യുടെ കുറവ്, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങള്‍, മാനസിക സമ്മര്‍ദം തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും പ്രോസ്റ്റേറ്റ് കാന്‍സറിന് വഴിയൊരുക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രന്ഥിക്കുള്ളില്‍തന്നെ പതുക്കെ വളരുന്ന അര്‍ബുദം ഗ്രന്ഥിക്ക് പുറത്തുവന്നാല്‍ കോശസമൂഹത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കും.
പാരമ്പര്യം പ്രധാന ഘടകം
പ്രോസ്റ്റേറ്റ് കാന്‍സറിന് പാരമ്പര്യവുമായി അടുത്ത ബന്ധമുണ്ട്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച ഒരടുത്ത ബന്ധുവുണ്ടെങ്കില്‍ അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാണ്. രണ്ടോ മൂന്നോ ബന്ധുക്കള്‍ക്ക് കാന്‍സര്‍ ഉണ്ടെങ്കില്‍ അര്‍ബുദ സാധ്യത 5-10 വരെ ഇരട്ടിയാകാം.
ഹോര്‍മോണുകളിലെ സ്വാധീനം
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ പ്രോസ്റ്റേറ്റ് കാന്‍സറിന്‍െറ ഉല്‍പത്തിയെയും വളര്‍ച്ചയെയും സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്.
കൊഴുപ്പും പ്രോസ്റ്റേറ്റും
സുഷുപ്തിയിലാണ്ടിരിക്കുന്ന അര്‍ബുദ കോശങ്ങളെ ഉത്തേജിപ്പിച്ച് പ്രോസ്റ്റേറ്റ് കാന്‍സറിന്‍െറ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ കഴിവുള്ളവയാണ് ഭക്ഷണത്തിലെ കൊഴുപ്പുകള്‍. അധികമായുള്ള കൊഴുപ്പ് പുരുഷ ഹോര്‍മോണിന്‍െറ അളവിനെ കൂട്ടിയാണ് അര്‍ബുദത്തിനിടയാക്കുന്നത്. കൂടാതെ കൊഴുപ്പിലെ അരക്കിഡോണിക് ആസിഡ്, ലിനോലെനിക് ആസിഡ് എന്നീ ഘടകങ്ങളും പ്രോസ്റ്റേറ്റ് കാന്‍സറിന്‍െറ വളര്‍ച്ചയെ കൂട്ടാറുണ്ട്.
രോഗലക്ഷണങ്ങള്‍
മിക്ക രോഗികളിലും പ്രോസ്റ്റേറ്റ് കാന്‍സറിന്‍െറ ആരംഭദശയില്‍ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ കാണാറില്ല. അമിതമായി മൂത്രമൊഴിക്കാനുള്ള തോന്നല്‍, മൂത്രതടസ്സം തുടങ്ങിയ നിരുപദ്രവമായ പ്രോസ്റ്റേറ്റ് വീക്കത്തിന്‍െറ ലക്ഷണങ്ങള്‍ തന്നെ പ്രോസ്റ്റേറ്റ് കാന്‍സറിന്‍െറയും ലക്ഷണങ്ങളായി എത്തുന്നത് രോഗനിര്‍ണയം പലപ്പോഴും വൈകിക്കാറുണ്ട്. രക്തം കലര്‍ന്ന മൂത്രവിസര്‍ജനം, രക്തം കലര്‍ന്ന ബീജവിസര്‍ജനം, ലൈംഗികശേഷിക്കുറവ് എന്നിവ ശ്രദ്ധയോടെ കാണണം. ഇടുപ്പ്, നട്ടെല്ല്, അരക്കെട്ട്, വാരിയെല്ലുകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ശക്തിയായ വേദനയും അവഗണിക്കരുത്. പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂര്‍ച്ഛിക്കുമ്പോള്‍ മറ്റ് അവയവങ്ങളെ അപേക്ഷിച്ച് എല്ലുകളെയാണ് കൂടുതല്‍ ബാധിക്കുക. അതിനാല്‍ ശക്തമായ വേദനയും അനുഭവപ്പെടാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കടുത്തായി സ്ഥിതിചെയ്യുന്ന വന്‍കുടലിലേക്ക് അര്‍ബുദം ബാധിക്കുമ്പോള്‍ കടുത്ത മലബന്ധവും അനുഭവപ്പെടാറുണ്ട്. ഡിജിറ്റല്‍ റെക്ടല്‍ എക്സാമിനേഷന്‍ (DRE), ടി.ആര്‍.യു.എസ്, പി.എസ്.എ, വിവിധ സ്കാനിങ്ങുകള്‍ എന്നിവയിലൂടെ പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടെത്താനാകും.
പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയുന്നതെങ്ങനെ?
പാരമ്പര്യസ്വഭാവം കാട്ടുന്ന രോഗമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. അതുകൊണ്ടുതന്നെ രക്തബന്ധമുള്ള ആര്‍ക്കെങ്കിലും പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. 45 വയസ്സ് മുതല്‍ കൃത്യമായി ഇടക്ക് പരിശോധിപ്പിക്കുന്നതും ജീവിതശൈലി മെച്ചപ്പെടുത്തുന്നതും അര്‍ബുദത്തിന്‍െറ കടന്നുവരവ് തടയും. ഒപ്പം വ്യായാമം ദിവസത്തിന്‍െറ ഭാഗമാക്കുകയും വേണം. പ്രകടമാകുന്ന രോഗലക്ഷണങ്ങളെ അവഗണിക്കാതെ ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തേണ്ടതാണ്.
ഭക്ഷണച്ചിട്ട പരമപ്രധാനം
ചിലയിനം ഭക്ഷ്യവിഭവങ്ങളുടെ ഉപയോഗം പ്രോസ്റ്റേറ്റ് കാന്‍സറിന്‍െറ കടന്നുവരവിനെ ചെറുത്തുതോല്‍പിക്കാറുണ്ട്. ഉമി നീക്കാതെ പൊടിക്കുന്ന ഗോതമ്പ്, കൂവരക്, പയര്‍വര്‍ഗങ്ങള്‍, മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ പ്രോസ്റ്റേറ്റിന്‍െറ ആരോഗ്യത്തിന് അനുയോജ്യമാണ്. പച്ചക്കറികളില്‍ തന്നെ ബീമാ കരോട്ടിനുകള്‍ കൂടുതലായി അടങ്ങിയ കാരറ്റ്, മത്തങ്ങ, ഓമക്കായ് എന്നിവ നല്ല ഫലം തരുന്നു. പ്രോസ്റ്റേറ്റ് കാന്‍സറിന്‍െറ വരവിനെ തടയുന്നതോടൊപ്പം വളര്‍ച്ചയെയും പുരോഗതിയെയും ഇത് കുറക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സറിനെ തടയുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ലെക്കോപിന്‍ ധാരാളമടങ്ങിയ തക്കാളി, തണ്ണിമത്തന്‍, അകം ചുവന്ന പേരക്ക എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സോയാബീനില്‍ അടങ്ങിയിട്ടുള്ള പ്രോട്ടിയസ് ഇന്‍ഹിബിറ്റര്‍, ഐസോഫ്ലോവന്‍സ് ഫൈറ്റേറ്റ്സ് തുടങ്ങിയ ഘടകങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സറിനെ തടയുന്നതില്‍ പ്രധാനികളാണ്. അതിനാല്‍ സോയ അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തേണ്ടതാണ്.
മത്തങ്ങയും കുരുവും ഉത്തമം
മത്തങ്ങയിലും കുരുവിലുമുള്ള കരോട്ടിനോയ്ഡുകള്‍ക്കും ഒമേഗ 3നും പ്രോസ്റ്റേറ്റിന്‍െറ ആരോഗ്യത്തെ സംരക്ഷിക്കാനാകും. കൂടാതെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഡീ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ആകുന്നത് തടയാനുള്ള രാസപദാര്‍ഥങ്ങളും മത്തങ്ങക്കുരുവിലുണ്ട്. ഡീ ഹൈഡ്രോടെസ്റ്റോസ്റ്റിറോണ്‍ പ്രോസ്റ്റേറ്റിന്‍െറ വലുപ്പം കൂട്ടാറുണ്ട്. മത്തങ്ങക്കുരുവില്‍ നാകത്തിന്‍െറ അംശവും കൂടുതലാണ്. ഇതും പ്രോസ്റ്റേറ്റിന് ഗുണകരമാണ്. മത്തങ്ങയും കുരുവും ചേര്‍ന്ന് ചതച്ച നീര് ആഴ്ചയില്‍ രണ്ടുതവണ കഴിക്കുന്നത് നല്ല ഫലം തരും.
ചേന, ചേമ്പ്, കാച്ചില്‍
റഫെറ്റോ ഈസ്ട്രജന്‍ കൂടുതലായി അടങ്ങിയിട്ടുള്ള ചേന, ചേമ്പ്, കാച്ചില്‍ ഇവയിലെ രാസവസ്തുക്കള്‍ക്ക് (SERM) പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. അതിനാല്‍ ഇവയും ഭക്ഷണത്തില്‍ മാറിമാറി ഉള്‍പ്പെടുത്തേണ്ടതാണ്. കൂടാതെ മാതളനാരങ്ങയുടെ നീര്, മഞ്ഞള്‍, മുന്തിരിക്കുരുവിന്‍െറ നീര്, ബ്രോക്കോളി, കോളിഫ്ലവര്‍, ഇഞ്ചി ഇവക്കെല്ലാം പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. എന്നാല്‍, വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം, വെണ്ണ, ഫാസ്റ്റ്ഫുഡുകള്‍, സാക്രിന്‍ കൃത്രിമ മധുരം, ചുവന്ന മാംസം ഇവയൊക്കെ പ്രോസ്റ്റേറ്റിന്‍െറ ആരോഗ്യത്തിന് ഗുണകരമല്ല.
വ്യായാമം
- പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് വ്യായാമം മികച്ച പ്രതിരോധമാണ്. കൂടാതെ ദിവസം മുഴുവനും പ്രവര്‍ത്തനനിരതമായിരിക്കുന്നതും പ്രോസ്റ്റേറ്റിന് ഗുണം ചെയ്യും. കാന്‍സറിനിടയാക്കുന്ന ഘടകങ്ങളിലൊന്നായ മാനസിക സമ്മര്‍ദത്തെ കുറക്കാനും വ്യായാമത്തിനാകും. ശലഭാസനം, ധനുരാസനം, പെല്‍വിക് ഫ്ലോര്‍ (ഭഗപേശി) വ്യായാമങ്ങള്‍ എന്നിവയും ശീലമാക്കണം.
- ശതാവരി, ഗുഗ്ഗുലം, വേപ്പിന്‍തൊലി, കണിക്കൊന്ന വേര്, മൂവില, ഓരില, കൂവളം, ആടലോടകം, ചിറ്റമൃത്, ശംഖുപുഷ്പത്തിന്‍ വേര്, ചെറൂള, മുതിര, ചെറുതിപ്പലി, ചെറുതേക്കിന്‍വേര്, തേറ്റാമ്പരല്‍ എന്നിവ പ്രോസ്റ്റേറ്റിന് ഗുണകരമായ ഒൗഷധങ്ങളില്‍ ചിലതാണ്. അവഗാഹം, സ്നേഹവസ്തി, കഷായവസ്തി, ഉത്തരവസ്തി എന്നിവയും നല്ല ഫലം തരും.
- ഭക്ഷണച്ചിട്ടക്കും വ്യായാമത്തിനുമൊപ്പം പരിശോധനകളും പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ അനിവാര്യമാണ്. പാരമ്പര്യസാധ്യതകളുള്ളവര്‍ 45 വയസ്സ് മുതലും അല്ലാത്തവര്‍ 50-55കളിലും കൃത്യമായ ഇടവേളകളില്‍ പ്രോസ്റ്റേറ്റ് പരിശോധന നടത്തേണ്ടതുണ്ട്.
-drpriyamannar@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.