ഹെപ്പറ്റൈറ്റിസ് കാരണങ്ങൾ, പരിഹാരം
text_fieldsരക്തത്തിലെ ബിൽറൂബിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. കരൾ വീക്കം, അമിത മദ്യപാനം, പിത്തക്കുഴലിലെ കല്ല്, കരളിലെയും പാൻക്രിയാസിലെയും അർബുദം എന്നിവയും മഞ്ഞപ്പിത്തത്തിന് കാരണമാകാറുണ്ട്. എന്നാൽ, സാധാരണ കാണുന്ന വൈറൽ ഹെപ്പറ്റൈറ്റിസിന് യഥാസമയം ചികിത്സ തേടുന്നത് രോഗം മൂർച്ഛിക്കാതെ ഭേദമാക്കും. ഒരു വർഷം ലോകത്താകമാനം ഒമ്പത് ലക്ഷത്തോളം പേർ ഈ രോഗം കാരണം മരിക്കുന്നുവെന്നാണ് കണക്ക്.
ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ
പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്ന് അവയ്ക്ക് പേര് നൽകിയിരിക്കുന്നു. ഈ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും.
ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ മലിനമായ ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. രോഗിയുടെ മലവിസർജ്യത്തിൽ ഈ വൈറസുകളുടെ സാന്നിധ്യം ഉണ്ടാവും.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകൾ കുട്ടികളിൽ ഗുരുതരമായ ലിവർ സിറോസിസിനും കാൻസറിനും കാരണമാകുന്നു. ഗർഭിണികളായ അമ്മമാർ രോഗികളാണെങ്കിൽ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരും. പ്രസവ സമയത്ത് വൈറസ് സാന്നിധ്യമുള്ള അമ്മയുടെ രക്തമോ ശരീരസ്രവങ്ങളോ സ്പർശിച്ചാലും കുഞ്ഞിന് രോഗമുണ്ടാകും.
ടാറ്റൂ കുത്തൽ, സൂചികൊണ്ടുള്ള മുറിവുകൾ, അണുബാധയുള്ള രക്തം സ്വീകരിക്കൽ എന്നിവയിലൂടെയും ഹെപ്പറ്റൈറ്റിസ് പകരും. ഹെപ്പറ്റൈറ്റിസ് സി വൈറസ് ശരീരത്തിൽ കടന്നു കഴിഞ്ഞാൽ വർഷങ്ങളോളം ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല. കരൾ ഗുരുതരാവസ്ഥയിലാകുമ്പോഴായിരിക്കും ഹെപ്പറ്റൈറ്റിസ് ആണെന്ന് തിരിച്ചറിയുന്നത്.
ഹെപ്പറ്റൈറ്റിസ് ബി ഉണ്ടായവരിൽ കാണുന്ന ഒരു ഉപരോഗമാണ് ഹെപ്പറ്റൈറ്റിസ് ഡി. ഹെപ്പറ്റൈറ്റിസ് ഡി മാത്രമായി ആരിലും ഉണ്ടാകാറില്ല. പക്ഷെ ഇവ രണ്ടും ഒരുമിച്ച് വന്നുകഴിഞ്ഞാൽ ഹെപ്പറ്റൈറ്റിസ് അതീവ ഗുരുതരമാകും. കുട്ടികളുടെ കരളിന്റെ പ്രവർത്തനത്തെ അത് ബാധിക്കുകയും ചിലപ്പോൾ മരണത്തിന് കാരണമാവുകയും ചെയ്തേക്കാം.
ഹെപ്പറ്റൈറ്റിസ് ബി കാരണങ്ങൾ
മാരകമായ വൈറസായ ‘ബി’ നമ്മുടെ നാട്ടിൽ കൂടുതലായി കാണപ്പെടുന്നുണ്ട്്. അതേസമയം, ഹെപ്പറ്റൈറ്റിസ്-ബി ബാധിച്ച ആളുകൾ തികച്ചും ആരോഗ്യവാന്മാരും രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാത്തവരുമാണ്. ഇവർ ഹെപ്പറ്റൈറ്റിസ്-ബി കാരിയർ എന്നറിയപ്പെടുന്നു. മറ്റുള്ളവർക്ക്് ഇവരിൽനിന്നും രോഗം പകരാൻ സാധ്യതയുണ്ട്. സാധാരണ പ്രത്യേകതരം രക്തപരിശോധന, മെഡിക്കൽ ചെക്കപ്, ഓപറേഷന് മുമ്പുള്ള രക്തപരിശോധന, ഗർഭിണികൾക്ക് നടത്തുന്ന പരിേശാധന എന്നിവയിലൂടെയാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്.
വൈറസ് ബിയും സിയും സാധാരണയായി രക്തദാനം, ലൈംഗികവേഴ്ച, സ്വവർഗരതി, പച്ചകുത്തൽ, മയക്കുമരുന്ന് കുത്തിവെക്കൽ എന്നിവയിലൂടെയാണ് പകരുന്നത്. അണുബാധയുണ്ടായാൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, േക്രാണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവർ കാൻസർ എന്നീ രോഗങ്ങളുണ്ടാവാം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് വന്നുകഴിഞ്ഞാൽ ഭൂരിഭാഗം പേരും ഒന്നരമാസംകൊണ്ട് സുഖം പ്രാപിക്കുന്നു. ആറു മാസത്തിനുള്ളിൽ 90 ശതമാനം ആളുകളിലും വൈറസ് ശരീരത്തിൽനിന്ന് അപ്രത്യക്ഷമാവുന്നു.
എന്നാൽ, 10 ശതമാനം ആളുകളിൽ വൈറസ് ശരീരത്തിൽതന്നെ നിലനിൽക്കുകയും പിന്നീട് േക്രാണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവർ കാൻസർ എന്നീ ഗുരുതരമായ കരൾരോഗങ്ങളായി പരിണമിക്കുകയും ചെയ്യാം. വികസിത രാജ്യങ്ങളിൽ ‘ബി’യും ‘സി’യുമാണ് ലിവർ കാൻസറിെൻറ മുഖ്യ കാരണം. ഈ രണ്ടു വൈറസിനുമെതിരെ ഫലപ്രദമായ ചികിത്സരീതികൾ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ്-എക്കും ബിക്കുമെതിരെ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്.
ലക്ഷണങ്ങൾ
പലപ്പോഴും രോഗം വന്നുപോയത് നമ്മൾ അറിയില്ല. എന്നാൽ, രോഗത്തിന്‍റെ പ്രകടമായ ലക്ഷണം ചർമ്മവും കണ്ണും മൂത്രവുമെല്ലാം മഞ്ഞ നിറത്തിലാകുന്നതാണ്. ഗുരുതരാവസ്ഥയിൽ നഖത്തിനടിയും നിറം കാണാം. കരളിന്‍റെ ഭാഗത്ത് വേദനയും അനുഭവപ്പെടാം. വിട്ടുമാറാത്ത പനിയും ഛർദിയും ഉണ്ടാകുന്നത് രോഗം മൂർച്ഛിച്ചതിന്‍റെ ലക്ഷണമാണ്. ഗർഭിണികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചാൽ വളരെ സൂക്ഷിക്കേണ്ടതുണ്ട്.
രോഗാവസ്ഥയിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും
വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, കൃത്രിമ നിറങ്ങൾ ചേർത്തവ എന്നിവ രോഗം മൂർച്ഛിക്കാൻ കാരണമാകും. റെഡ് മീറ്റും ഈ സമയങ്ങളിൽ ഒഴിവാക്കണം. ഉപ്പ് കുറക്കുക.
ദിവസും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. നാരങ്ങ ജ്യൂസ് നല്ലതാണ്. ഓട്സ്, നട്സ്, പയറുവർഗങ്ങൾ എന്നിവ കഴിക്കാം. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്താം. പപ്പായ, കാരറ്റ്, തക്കാളി തുടങ്ങിയവ ഉൾപ്പെടുത്തുക.
പ്രതിരോധ കുത്തിവെപ്പുകൾ
ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവക്ക് വാക്സിൻ നിലവിലുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി ബാധിച്ച സ്ത്രീ പ്രവവാക്സിൻ ആദ്യ ഡോസ് കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനകം നൽകണം. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ കൂടുതൽ ഡോസുകൾ ആവശ്യമായി വരാറുണ്ട് എങ്കിലും ഭൂരിഭാഗം ആളുകൾക്കും സാധാരണ ഡോസ് തന്നെ മതിയാകും.
95 ശതമാനം ആളുകളും ഈ കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ പ്രതിരോധശേഷി നേടുന്നു. എച്.ഐ.വി/എയ്ഡ്സ് രോഗികൾക്കും വളർച്ചയെത്താതെ ജനിച്ച നവജാതശിശുക്കൾക്കും ഈ കുത്തിവെയ്പ് എടുക്കാം.
ദേശീയ വൈറൽ ഹെപ്പറ്റൈറ്റിസ് കൺട്രോൾ പ്രോഗ്രാം
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2018ൽ ആരംഭിച്ചതാണ് ദേശീയ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി. ഇത് രാജ്യത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് തടയുന്നതിനും നിയന്ത്രിക്കുന്നതും ലക്ഷ്യമിടുന്നു. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ മുതൽ ചികിത്സാ ഫലങ്ങളുടെ മാപ്പിങ് വരെ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 2030-ഓടെ രാജ്യവ്യാപകമായി ഹെപ്പറ്റൈറ്റിസ് സി ഇല്ലാതാക്കുക; ഹെപ്പറ്റൈറ്റിസ് ബി, സി രോഗ ബാധിക്കുന്നവരുടെ എണ്ണത്തിലും മരണനിരക്കിലും ഗണ്യമായ കുറവ് കൈവരിക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.