വേനല്‍കാലത്തും വേണം ആരോഗ്യത്തിന് കരുതലും രോഗങ്ങളില്‍ നിന്ന് മോചനവും
text_fieldsവേനല്‍ക്കാലമാണ്. ചുട്ടുപൊള്ളുന്ന പകലും രാത്രിയും. ചൂടുള്ള കാലാവസ്ഥയില്‍ രോഗാണുക്കള്‍ ശക്തരാകും. വളരെ വേഗം രോഗങ്ങള്‍ പരക്കും. ചെറുതും വലുതുമായ നിരവധി രോഗങ്ങള്‍ വേനല്‍ക്കാലത്ത് ശക്തിപ്രാപിക്കാറുണ്ട്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന് പറയുന്നത് പോലെ വേനല്‍കാല ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധവേണം. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെ വലിയ അപകടം നമുക്ക് ഒഴിവാക്കാം. ഭക്ഷണക്രമീകരണത്തിലും ശ്രദ്ധപുലര്‍ത്താം.
ചിക്കന്‍പോക്സ്
ഹെര്‍ലിസ് വൈറസ് കുടുംബത്തില്‍പ്പെട്ട വാരിസെല്ലാ സോസ്റ്റര്‍ വൈറസുകളാണ് ചിക്കന്‍പോക്സിന് കാരണം. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 10 മുതല്‍ 21 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ജലദോഷം, പനി, കഠിനമായ ശരീരവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി മൂന്നു ദിവസത്തിനകം ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ കുരുക്കള്‍ കുത്തിപ്പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് അണുബാധയ്ക്കു കാരണമാകും. മരുന്നുകള്‍ക്കൊപ്പം വിശ്രമവും ആവശ്യമാണ്. ഏകദേശം രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരും.
മഞ്ഞപ്പിത്തം
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനല്‍ക്കാലത്ത് കൂടുതലായി കാണപ്പെടുന്നത്. വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. മലിനജലം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതും രോഗം പകരാന്‍ കാരണമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത മേഖലകളില്‍ രോഗം വേഗത്തില്‍ പടരും. വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, പനി, മൂത്രത്തിന് നിറം മാറുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
ടൈഫോയിഡ്
തുറന്നുവച്ചിരിക്കുന്ന ഭക്ഷണത്തിലൂടെയും രോഗാണുക്കള്‍ കലര്‍ന്ന ജലത്തിലൂടെയുമാണ് ടൈഫോയിഡ് ബാക്ടീരിയ ശരീരത്തു പ്രവേശിക്കുന്നത്. മലിനജലത്തിലാണ് ടൈഫോയിഡിന്റെ അണുക്കള്‍ ഏറ്റവും കൂടുതല്‍ കാലം നിലനില്‍ക്കുന്നത്.
തുടര്‍ച്ചയായ പനി, പനിയുടെ ചൂട് കൂടിയും കുറഞ്ഞും നില്‍ക്കുക, വയറുവേദന, ചുമ, ഛര്‍ദി, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
രോഗം നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. രക്തപരിശോധന, കള്‍ച്ചര്‍ ടെസ്റ്റ് തുടങ്ങിയവയിലൂടെ രോഗം മനസിലാക്കാന്‍ സാധിക്കും.
വയറിളക്കം
ശുചിത്വക്കുറവാണ് വയറിളക്കത്തിന് പ്രധാന കാരണം. പഴകിയ ഭക്ഷണം കഴിക്കുന്നതും വയറിളക്കത്തിനു കാരണമാവും. വയറിളക്കരോഗം പിടിപെട്ടവര്‍ക്ക് ഉപ്പിട്ട നാരങ്ങാ വെള്ളമോ കഞ്ഞിവെള്ളമോ ഇടയ്ക്കിടെ കുടിക്കാന്‍ കൊടുക്കുക. ഒ.ആര്‍.എസ്. ലായനി നല്‍കുന്നത് വയറിളക്കരോഗം കുറയാന്‍ സഹായിക്കും.
ഡെങ്കിപ്പനി
ഈഡിസ് ഈജ്പ്തി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടാഴ്ചക്കകം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മധ്യവയ്സകരിലാണ് ഡെങ്കിപ്പനി അധികവും കണ്ടുവരുന്നത്.
പനിയാണ് മുഖ്യലക്ഷണം. രണ്ടാമത്തെ ഘട്ടത്തില്‍ പനിയോടൊപ്പം രക്തസ്രാവവും ഉണ്ടാകുന്നു. ഇത് ശരീരത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. ഡെങ്കിപ്പനി തിരിച്ചറിഞ്ഞാലുടന്‍ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങുക.
സൂര്യാഘാതം
അതിതാപംമൂലം ഉണ്ടാകുന്ന സൂര്യാഘാതം എന്ന സങ്കീര്‍ണാവസ്ഥ കേരളത്തിലുമുണ്ട്. കഠിനചൂടിനെ തുടര്‍ന്ന് താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നു.
ഇത് ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു മരണത്തിനു വരെ കാരണമായേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പകര്‍ച്ചവ്യാധി തടയാന്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
- തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്.
- ദിവസവും കുറഞ്ഞത് രണ്ടു ലിറ്റര്‍ വെള്ളം കുടിക്കുക.
- ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.
- ഭക്ഷണത്തിനു മുന്‍പും മലവിസര്‍ജനത്തിന്‌ശേഷവും സോപ്പിട്ട് കൈ കഴുകുക.
- രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുക.
ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- വെള്ളം നന്നായി കുടിക്കുക. ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
- ദിവസം 15 ഗ്ലാസ് വെള്ളം കുടിക്കുക. രാവിലെ ഉണര്‍ന്നാല്‍ 2 ഗ്ലാസ് വെള്ളം കുടിക്കുന്നത്, ഉറക്കസമയത്തുണ്ടാകുന്ന ജലനഷ്ടം വഴിയുള്ള ക്ഷീണം കുറയ്ക്കും.
- ധാതുലവണങ്ങളടങ്ങിയ കരിക്കിന്‍വെള്ളം, കഞ്ഞിവെള്ളം, സംഭാരം, നാരങ്ങാവെള്ളം, ജീരകവെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കാം.
- തൈര്, മോര് എന്നിവ ശീലമാക്കുക. ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുന്നതിനാല്‍ എരിവ്, പുളി, ഉപ്പ് എന്നിവ കഴിവതും കുറയ്ക്കുക.
- ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. മാംസാഹാരം പരമാവധി ഒഴിവാക്കുക.
- ദിവസം 2 നേരം കുളി നിര്‍ബന്ധമാക്കുക.
ലേഖിക കൊച്ചി രാജഗിരി ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ഫിസിഷ്യനാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.