രക്തസമ്മർദം നിയന്ത്രിച്ചുനിർത്തുക; ഇന്ന് ലോക രക്തസമ്മർദ ദിനം
text_fieldsമേയ് 17 ലോക രക്തസമ്മർദ ദിനമായി ആചരിച്ചുവരുന്നു. ഈ വർഷത്തെ ദിനാചരണ പ്രമേയം ‘രക്തസമ്മർദം അറിഞ്ഞു നിയന്ത്രിച്ച് ആയുസ്സ് നീട്ടുക’ എന്നതാണ്. രക്തസമ്മർദത്തിെൻറ അളവ് 140/90 ന് മുകളിൽ രണ്ട് വ്യത്യസ്ത ദിവസങ്ങളിൽ നടത്തുന്ന പരിശോധനയിൽ കണ്ടാൽ അതാണ് അമിത രക്തസമ്മർദം അഥവാ ഹൈപർടെൻഷൻ. ലോകത്ത് 100 പേരിൽ 25 പേർക്ക് രക്തസമ്മർദമുണ്ടെന്നാണ് കണക്ക്. പുരുഷന്മാരിൽ നാലിൽ ഒരാൾക്കും സ്ത്രീകളിൽ അഞ്ചിൽ ഒരാൾക്കും രോഗമുണ്ട്. ഉപ്പ് കൂടുതൽ കഴിക്കുന്നവർ, അമിതവണ്ണമുള്ളവർ, മദ്യപാനികൾ, പുകവലിക്കാർ, പച്ചക്കറികളും പഴവർഗങ്ങളും കുറച്ചു കഴിക്കുന്നവർ, വ്യായാമം ഇല്ലാത്തവർ, കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നവർ എന്നിവർക്ക് അമിത രക്തസമ്മർദം വരാൻ കൂടുതൽ സാധ്യതയുണ്ട്. ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കത്തകരാർ, കാഴ്ചക്കുറവ് എന്നിവക്ക് കാരണമാകുന്നു.
പ്രൈമറി ഹൈപർടെൻഷൻ, സെക്കൻഡറി ഹൈപർടെൻഷൻ എന്നിങ്ങനെ രണ്ടുവിധമുണ്ട്. 90 മുതൽ 95 ശതമാനം രോഗികളിലും പ്രൈമറി ഹൈപർ ടെൻഷനാണ് കണ്ടുവരുന്നത്. അലസമായ ജീവിതരീതി, അമിതവണ്ണം, മാനസിക പിരിമുറുക്കം, പുകവലി എന്നിങ്ങനെയുള്ളവരിലാണ് പ്രൈമറി ഹൈപർടെൻഷൻ കാണപ്പെടുന്നത്. സെക്കൻഡറി ഹൈപർടെൻഷൻ ഉണ്ടാകുന്നത് മറ്റ് അസുഖങ്ങളാലാണ്. വൃക്കരോഗങ്ങളാണ് പ്രധാനമായും ഇതിന് കാരണം.
ചെറിയ തോതിലുള്ള ഹൈപർടെൻഷന് സാധാരണ രോഗലക്ഷണങ്ങൾ കാണാറില്ല. എന്നാൽ, കുറെക്കാലം രക്തസമ്മർദം നിയന്ത്രണവിധേയമാകാതിരുന്നാൽ അത് വൃക്ക, ഹൃദയം തുടങ്ങി മറ്റ് അവയവങ്ങളെ ബാധിക്കും. ത്വരിത രക്തസമ്മർദത്തിൽ തലവേദന, കാഴ്ചക്ക് ബുദ്ധിമുട്ട്, ഉറക്കക്കുറവ്, ഓക്കാനം, ഛർദി എന്നിവയൊക്കെയുണ്ടാകാം. നവജാതശിശുക്കളിലും കുട്ടികളിലും ഇത് അപസ്മാരം, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളുണ്ടാക്കാം. തലവേദന, തളർച്ച, മൂക്കിൽനിന്ന് രക്തസ്രാവം എന്നിവ അമിതരക്തസമ്മർദ ലക്ഷണങ്ങളാണ്. ദ്വിതീയ അമിതരക്തസമ്മർദത്തിെൻറ ഏറ്റവും പ്രധാനകാരണം വൃക്കരോഗങ്ങളാണ്. വൃക്കരോഗത്തിെൻറ പ്രധാന ലക്ഷണങ്ങൾ മൂത്രം പതഞ്ഞുപോകുക, മൂത്രത്തിൽ ചുവന്ന രക്താണുവിെൻറ അംശം കാണുക, കാൽപാദത്തിലും മുഖത്തും നീര്, വിശപ്പില്ലായ്മ, വിളർച്ച, ഓക്കാനം, ഛർദി എന്നിവയാണ്.
ശരിയായി ചികിത്സിച്ചില്ലെങ്കിൽ രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുകയും ഹൃദയസംബന്ധമായ അസുഖങ്ങളും പക്ഷാഘാതവും ഉണ്ടാവാനുള്ള സാധ്യത കൂടും. കൂടാതെ സ്ഥായിയായ വൃക്കസ്തംഭനത്തിന് ഇത് കാരണമാകും. അമിതരക്തസമ്മർദം തലച്ചോറിനെ ബാധിക്കുന്ന ഹൈപർടെൻസിവ് എൻസിഫിലോപ്പതി എന്ന അസുഖത്തിന് കാരണമാകുന്നു. രക്തസമ്മർദം നിയന്ത്രിക്കാൻ ജീവിതരീതിയിൽ വ്യത്യാസം വരുത്തുകയും മരുന്ന് ഉപയോഗിക്കുകയും വേണം. ചികിത്സയിൽ ഏറ്റവും പ്രധാനം ഭക്ഷണക്രമമാണ്. ഉപ്പിെൻറ ഉപയോഗം കുറക്കുകയാണ് മുഖ്യം. പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തുക. ദിവസവും വ്യായാമം ചെയ്യുക. കൊഴുപ്പടങ്ങിയ ഭക്ഷണം, പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ കൃത്യമായി പരിശോധന നടത്തേണ്ടതും ആവശ്യമാണ്.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ നെഫ്രോളജി കൺസൾട്ടൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.