കൊറോണക്കെതിരെ അതിജാഗ്രതയോടെ മുന്നോട്ട്
text_fieldsലോകജനത കോവിഡ്–19 എന്ന കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ്. 2019 ഡിസംബർ അവസാനത്തോടെ വുഹാൻ എ ന്ന ചൈനീസ് പ്രവിശ്യയിൽ ഒരു മത്സ്യമാർക്കറ്റിൽ പൊട്ടിപുറപ്പെട്ട കോവിഡ്–19 മാർച്ച് 2020ഓടെ കേരളത്തിൽ നമ്മുടെ വീ ട്ടുമുറ്റത്ത് എത്തിനിൽക്കുന്നു. ലോകാരോഗ്യ സംഘടന, വിവിധ രാഷ്ട്രങ്ങൾ, നമ്മുടെ കേന്ദ്ര–സംസ്ഥാന സർക്കാറുകൾ, ആ രോഗ്യ വകുപ്പുകൾ എന്നിവയുടെ ധീരമായ തീരുമാനങ്ങളും സമയോചിത ഇടപെടലുകളും നമുക്ക് കരുത്തും ധൈര്യവും തരുന്നുണ്ട െങ്കിലും ഒരു സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി, ഒരുകുടുംബത്തിലെ അംഗം എന്ന നിലയിൽ കൊറോണയെ പ്രതിരോധിക്കാൻ നാമോരോരുത്തരും ചില കാര്യങ്ങൾ അറിഞ്ഞുവെക്കേണ്ടത് ഈ വൈറസിനെ പടിക്കുപുറത്ത് നിർത്താനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകരും.
മൃഗങ്ങളിൽ നിന്ന് ആകസ്മികമായി മനുഷ്യരിലേക്ക് പടർന്നുപിടിച്ച കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട ഒരു വൈറസ് ആണ് കോവിഡ്-19. എന്നാൽ ഏത് മൃഗത്തിൽ നിന്നുമാണ് ഇത് മനുഷ്യരിലേക്ക് പടർന്നത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊറോണ വൈറസ് ഇൻഡിറ്റേർമിനേറ്റ്് എന്നാണ് ഈ വൈറസിന്‍റെ യഥാർഥ പേര്. രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങൾ, തുപ്പൽ എന്നിവയിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പടരുന്നത്. ഈ സ്രവങ്ങൾ പറ്റിയ വസ്തുക്കൾ ഏകദേശം അഞ്ച് മുതൽ എട്ട് മണിക്കൂർവരെ വൈറസ് രോഗ സംക്രമണത്തിന് തയാറായി നിൽക്കുന്നു. ചുമ, പനി, തുമ്മൽ, ശ്വാസംമുട്ട് എന്നിവയാണ് കോവിഡ്-19ന്‍റെ ലക്ഷണങ്ങൾ. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുകൊണ്ട് തന്നെ മറ്റു ശ്വാസകോശ രോഗങ്ങളിൽ നിന്നും ആദ്യഘട്ടത്തിൽ കോവിഡ് 19നെ വേർതിരിച്ചു നിർത്തുക ബുദ്ധിമുട്ടാണ്. ഇതിൽ ശ്വാസം മുട്ടാണ് ഏറ്റവും ശ്രദ്ധിക്കേണ്ട ഗുരുതരമായ പ്രശ്നം.
കോവിഡ്–19 ബാധിച്ച രോഗിയുടെ ശ്വാസകോശത്തിൽ ന്യൂമോണിയ മൂർച്ഛിച്ച് എ.ആർ.ഡി.എസ് (Accute Respiratory Distress Syndrome) എന്ന അവസ്ഥയിലേക്ക് മാറുമ്പോൾ കോവിഡ്–19 വൈറസ് ബാധ ജീവന് ഭീഷണിയായി മാറുന്നു. വയോധികർ, പ്രമേഹം, ശ്വാസകോശരോഗം, അർബുദം തുടങ്ങിയ അസുഖങ്ങളാൽ ആരോഗ്യം കുറഞ്ഞ വ്യക്തികൾ, കൈക്കുഞ്ഞുങ്ങൾ, എച്ച്.ഐ.വി ബാധിതർ, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ, ഗർഭിണികൾ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ വൈറസ് ബാധയെ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. കൊറോണ വൈറസ് ബാധിതരിൽ 20–30 ശതമാനം പേരിലും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ കാണാറുണ്ട്. ഈ 20–30 ശതമാനം പേരിൽ 2–3 ശതമാനം പേർ മരണത്തിന് കീഴ്പ്പെടുന്നു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ കൊറോണ വൈറസ് ബാധിതരും വിദേശയാത്ര നടത്തുകയോ അല്ലെങ്കിൽ വിദേശത്ത് നിന്ന് വന്നവരുമായി ഇടപഴകിയവരോ ആണ്. ഇത് കൂടാതെ വൈറസ് ബാധിതരെ ചികിത്സിച്ചവരിലുമാണ് അസുഖം കൂടുതലായി കാണുന്നത്.
വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവയിലൂടെ രോഗാണു സംക്രമണം ഒരു പരിധിവരെ തടയാൻ സാധിക്കും. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ഇതിന് ശേഷം കൈ ഹാൻഡ് സാനിറ്റൈസറോ അല്ലെങ്കിൽ സോപ്പോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. രോഗബാധിതർ ഉപയോഗിച്ച പ്രതലങ്ങൾ ഇടയ്ക്കിടെ സോപ്പ് സൊലൂഷൻസ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇവർ പയോഗിച്ച തുണികൾ, വിരികൾ എന്നിവ നശിപ്പിക്കുകയോ അല്ലെങ്കിൽ സ്റ്റെറിലൈസ് ചെയ്യുകയോ വേണം. ആളുകൾ തിങ്ങിനിറഞ്ഞ തിയേറ്റർ, ഷോപ്പിങ് മാൾ, ബീച്ച്, കാർണിവലുകൾ, ഉത്സവങ്ങൾ മുതലായ സ്ഥലങ്ങൾ ഈ സമയത്ത് ഉചിതമെങ്കിൽ ഒഴിവാക്കുക. ഇടയ്ക്കിടെ കൈകൾ ഉപയോഗിച്ച് മുഖം തൊടാതിരിക്കുക. സിഗരറ്റ്, ഇൻഹേലർ എന്നിവയുടെ കൂട്ടായ ഉപയോഗം ഒഴിവാക്കുക.
പനി, ചുമ, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങൾ വിദേശയാത്ര കഴിഞ്ഞവർ, അല്ലെങ്കിൽ അവരുമായി അടുത്ത് ഇടപഴകിയിട്ടുള്ളവർക്ക് വന്നാൽ കോവിഡ്-19 വൈറസ് ബാധ സംശയിക്കേണ്ടതാണ്. ഇങ്ങനെയെങ്കിൽ സർക്കാർ നിർദേശിച്ച അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ (അതാത് ജില്ല ജനറൽ ഹോസ്പിറ്റൽ, മെഡിക്കൽ കോളജ്) ബന്ധപ്പെടുകയും, അവർ അനുശാസിക്കുന്ന സെൽഫ് ക്വാറന്‍റൈൻ (പകർച്ചവ്യാധി തടയാനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവ്യാസം) അല്ലെങ്കിൽ കൊറോണ വൈറസ് ഇൻഫക്ഷൻ ഐസൊലേഷൻ വാർഡിൽ നിരീക്ഷിക്കപ്പെടേണ്ടതോ ആണ്. ഇതുകൂടാതെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുകയും, തങ്ങൾ അടുത്തിടപഴകുവാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ ആരോഗ്യപ്രവർത്തകരുമായി പങ്കുവെക്കുകയും ചെയ്യേണ്ടതാണ്. ഈ ഏകാന്തവാസം ഏകദേശം 28 ദിവസം നീളും. കോവിഡ് 19 വൈറസിന് എതിരെയുള്ള പ്രത്യേക മരുന്നുകളോ പ്രതിരോധ കുത്തിവെപ്പുകളോ നിലവിൽ ലഭ്യമല്ല. എന്നാൽ ഇവ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങളിൽ വ്യാപൃതരാണ് ഗവേഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.