യാത്രകൾ അതിജീവനത്തിന് മാത്രമാകട്ടെ
text_fieldsകോവിഡ് മഹാമാരിയെ തുടർന്ന് നമ്മുടെ രാജ്യം ലോക്ഡൗണിലേക്കു പോയ മാർച്ച് 25ന് ഇന്ത്യയിലാകെ 519 കോവിഡ് രോഗികളും കോവിഡ് ബാധിച്ച് 10 മരണവുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്നത് മൂന്നു ലക്ഷം കവിഞ്ഞിരിക്കുന്നു. മരണം പതിനായിരത്തിനടുത്തെത്തി. രോഗികളുടെ എണ്ണത്തിൽ ലോ
കത്ത് നാലാം സ്ഥാനത്തും മരണത്തിൽ പന്ത്രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യ. രോഗവ്യാപനം നിയന്ത്രണ വിധേയമായില്ലെങ്കിൽ ഇൗ ഗ്രാഫ് ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ രാജ്യവ്യാപക ലോക്ഡൗൺ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ഇപ്പോഴേക്ക് 14-29 ലക്ഷം വരെ അധിക രോഗികളും 37,000 മുതൽ 78,000 വരെ അധിക മരണങ്ങളും ഉണ്ടാകുമായിരുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, ലോക് ഡൗൺ ഇനിയും നീട്ടിയാൽ 40 കോടിയിയലധികം ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴും എന്ന് ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ (ILO) മുന്നറിയിപ്പുനൽകുന്നു.
സമ്പൂർണ ലോക്ഡൗൺ എന്നാൽ ഒരു മഹാമാരിക്കുള്ള ചികിത്സയായിരുന്നില്ല; അതിനെ അതിജീവിക്കാനുള്ള പടയൊരുക്കമാണ്. ആശുപത്രികളും മറ്റ് അടിസ്ഥാന ചികിത്സ സൗകര്യങ്ങളും വർധിപ്പിക്കാനും സുരക്ഷ സാമഗ്രികൾ സജ്ജമാക്കാനും ജനങ്ങളിൽ രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് അവബോധം വളർത്താനും സമ്പദ്വ്യവസ്ഥയെ പിടിച്ചുനിർത്താനുമുള്ള മാർഗങ്ങൾ അവലംബിക്കുന്നതിനുള്ള അവസരം മാത്രമായേ ലോക്ഡൗണിനെ പരിഗണിക്കാവൂ. കോവിഡുമൊത്തു ജീവിക്കുക എന്ന അടവുനയമാണ് ഇനി വേണ്ടത്.
യാത്രകൾ സജീവമാകുന്നു
ലോക്ഡൗൺ ഘട്ടംഘട്ടമായി നീക്കുന്നതിെൻറ ഭാഗമായി പ്രാദേശിക വിപണികളും ചെറുകിട ബിസിനസുകളും തുറന്നുകഴിഞ്ഞു. നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. വിദ്യാലയങ്ങളും കലാലയങ്ങളുമൊഴികെ മറ്റു സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിൽ പലതും പ്രവർത്തിച്ചുതുടങ്ങി. ബസുകൾ, ട്രെയിനുകൾ, ടാക്സികൾ, ഓട്ടോറിക്ഷ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളും പല സംസ്ഥാനങ്ങളിലും പുനരാരംഭിച്ചു. അന്തർദേശീയ വിമാന സർവിസുകൾ വൈകാതെ സജീവമാകും. അതോടെ ലോകത്തിെൻറ പല ഭാഗങ്ങളിലായി ഒറ്റപ്പെട്ടവർക്ക് കൂടണയാൻ വഴിയൊരുങ്ങും. എന്നാൽ, ഈ പുതിയ സാഹചര്യത്തിൽ യാത്രസംവിധാനങ്ങളിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാം. യാത്രകൾ കൂടുതൽ സുരക്ഷിതവും സ്വീകാര്യതയുമുള്ളതുമായി മാറേണ്ടിയിരിക്കുന്നു.
വൈറസ്വ്യാപനം കുറക്കുന്നതിനായി പുതിയ ആരോഗ്യ സുരക്ഷ സംവിധാനങ്ങളൊരുങ്ങും. 'ടച്ച്ലസ്' (സ്പർശനരഹിത) യാത്രക്കായി ഡിജിറ്റൽ ഐഡൻറിറ്റി സംവിധാനങ്ങൾ താമസിയാതെ നിലവിൽവരും. കർശന ശുചിത്വ പ്രോട്ടോകോളുകൾ നിർബന്ധമാകും. ചെക്ക് ഇൻ, സുരക്ഷപരിശോധന, ബോഡിങ് എന്നിവിടങ്ങളിൽ വൈറസ്വ്യാപനം തടയുന്നതിനായി ഓട്ടോമേഷൻ പുതിയ മാനദണ്ഡമാകും. എന്തൊക്കെ സംവിധാനങ്ങൾ വന്നാലും വ്യക്തിസുരക്ഷ തന്നെയാവും പരമപ്രധാനം. നമ്മൾ നമ്മളെ സംരക്ഷിക്കുക. അതിനായി യാത്ര ചെയ്യുേമ്പാൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. യാത്രയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാം.
വ്യാപനം കുറയുമെന്നോ കൊറോണ വൈറസ് വിട്ടുപോകുമെന്നോ ഒരു പ്രതീക്ഷയുമില്ല. ഈ സാഹചര്യത്തിൽ, അദൃശ്യനായ ഒരു ശത്രുവായി കോവിഡ് നമുക്കിടയിലുണ്ട് എന്ന ജാഗ്രതയിൽ പുതിയൊരു ജീവിതശൈലി രൂപപ്പെടുത്തുകയാണ് ഉചിതം. രോഗവ്യാപനം തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യാനുപകരിക്കുന്ന സുരക്ഷിത മാർഗങ്ങളാകണം എപ്പോഴും സ്വീകരിക്കേണ്ടത്. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് യാത്രകൾ. ആളുകൾ കൂടുന്ന സ്ഥലങ്ങളിലേക്കും ചടങ്ങുകളിലേക്കും പോകുന്നതും കൂട്ടംകൂടുന്നതും അപരിചിതരുമായുള്ള സമ്പർക്കവും ഒഴിവാക്കാൻ ശ്രദ്ധിക്കണം. യാത്രകൾ പരമാവധി ഒഴിവാക്കുക. അത്യാവശ്യ യാത്രകൾ ചെയ്യേണ്ടിവരുേമ്പാൾ ആൾത്തിരക്കില്ലാത്ത സമയവും സംവിധാനവും ഉപയോഗിക്കണം.
മാറ്റിവെക്കാവുന്ന യാത്രകൾ
ലോക്ഡൗൺ ഇളവുവന്നതോടെ നാട്ടിലും മറുനാട്ടിലും റോഡുകൾ വീണ്ടും നിറഞ്ഞു. വാഹനങ്ങളിൽ യാത്രക്കാരും ഒട്ടും കുറവല്ല. യാത്രകൾ മാറ്റിവെക്കുക അത്ര എളുപ്പമല്ല. രണ്ടു മാസത്തിലേറെ പരമാവധി യാത്രകൾ ഒഴിവാക്കി വീട്ടിലിരുന്ന് മിക്ക കുടുംബങ്ങളുടെയും സാമ്പത്തികനില താളംതെറ്റിയിട്ടുണ്ടാവും. 'വർക്ക് ഫ്രം ഹോം' പദ്ധതിയും പല സ്ഥാപനങ്ങളും പിൻവലിച്ചുകഴിഞ്ഞു. ഇനി യാത്രചെയ്യാതെ വയ്യെന്നായിരിക്കുന്നു മിക്ക ആളുകളുടെയും സ്ഥിതി. എന്നാൽ, ഒഴിവാക്കാവുന്ന യാത്രകൾ തൽക്കാലം മാറ്റിവെക്കുക തന്നെ വേണം.
കുട്ടികളും 65 വയസ്സു പിന്നിട്ടവരും യാത്രകൾ പൂർണമായും ഒഴിവാക്കുക. രോഗങ്ങളുള്ളവർ പൊതുഗതാഗത സൗകര്യം ഉപയോഗിക്കരുത്. രോഗികളെ സന്ദർശിക്കുന്നതും തൽക്കാലം ഒഴിവാക്കണം. പുറത്തുപോകുേമ്പാൾ പോക്കറ്റ് സാനിറ്റൈസർ കരുതുക. യാത്ര കഴിഞ്ഞ് തിരിച്ചെത്തി വീടിനകത്തു കയറും മുേമ്പ കൈകൾ നന്നായി സോപ്പിട്ടു കഴുകണം.
കോവിഡ് പ്രതിരോധം സർക്കാറിെൻറയോ ഡോക്ടർമാരുടെയോ ആരോഗ്യപ്രവർത്തകരുടെയോ പൊലീസിെൻറയോ മാത്രം ഉത്തരവാദിത്തമല്ല. ഭൂമുഖത്തെ ഓരോ മനുഷ്യെൻറയും കടമയാണത്. അനാവശ്യ യാത്രകളും ഉല്ലാസയാത്രകളും മാറ്റിവെക്കാൻ നമ്മൾ തയാറാകണം. യാത്രകൾ അതിജീവനത്തിന് മാത്രമായി ചുരുക്കേണ്ടിയിരിക്കുന്നു.
വിമാനയാത്രികർ ശ്രദ്ധിക്കുക
കോവിഡ് കാലത്തെ വിമാനയാത്രയിലെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കെത്തന്നെ ലോകത്തിെൻറ പല കോണിലകപ്പെട്ടവർ സ്വന്തം നാട്ടിലെത്താൻ നീണ്ട കാത്തിരിപ്പിലാണ്. പല വിമാനക്കമ്പനികളും കുറേശ്ശെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചുതുടങ്ങി. വിമാനയാത്രയിൽ ഒരുപാട് മുൻകരുതലുകൾ ആവശ്യമാണ്. അതിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.
- യാത്രയിൽ ലഗേജ് വളരെ കുറക്കുക. ഒരു ഹാൻഡ് ലഗേജ്, ഒരു ചെക്കിൻ ലഗേജ്. അത്യാവശ്യമെങ്കിൽ ലാപ്ടോപ്. അതിൽ കൂടരുത്.
- ലഗേജിൽ മാസ്ക്കുകൾ, സാനിറ്റൈസർ, സോപ്പ്, മരുന്നുകൾ, വെള്ളം, ഇടക്ക് കഴിക്കാൻ ആവശ്യമെങ്കിൽ ഉണങ്ങിയ ഫലങ്ങൾ (Dried fruits) ഇവ കരുതുക.
- ഹ്രസ്വദൂര യാത്രകളിൽ കുെറക്കാലത്തേക്ക് ഇനി ഭക്ഷണസാധനങ്ങൾ കിട്ടാൻ സാധ്യതയില്ല.
- എല്ലായ്പോഴും മാസ്ക് ഉപയോഗിക്കുക. ഉപയോഗിച്ച മാസ്ക് വലിച്ചെറിയരുത്. വിമാനത്തിലും ഉപേക്ഷിക്കരുത്.
- വെബ് ചെക്കിൻ, മൊബൈൽ ബോഡിങ് പാസ് എന്നിവ ഉപയോഗപ്പെടുത്തി സ്പർശനസാധ്യത കുറക്കാം.
- എയർപോർട്ട് ജീവനക്കാരുമായി അകലം പാലിക്കുക.
- ബോഡിങ് പാസ്, ലഗേജ് ടാഗുകൾ മുൻകൂർ പ്രിൻറ് ചെയ്തുവെക്കുക.
- കാത്തിരിപ്പുകേന്ദ്രങ്ങളിൽ മറ്റുള്ളവരുമായി അകലം പാലിക്കുക
- സഹയാത്രികരുമായി കുശലംപറച്ചിൽ ഒഴിവാക്കുക
- മലിനമായ പ്രതലങ്ങളിൽ സ്പർശിക്കരുത്.
- മൊബൈൽ ഫോണിൽ ആരോഗ്യസേതു ഡൗൺലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങൾ കൈമാറുക
- യാത്ര പുറപ്പെടുന്നതിനുമുമ്പും ശേഷവും ശരീരോഷ്മാവ് പരിശോധിക്കുക. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക
- വിമാനത്തിനകത്ത് ടോയ്ലറ്റ് ഉപയോഗം പരമാവധി ഒഴിവാക്കുക
- ബോഡിങ് സമയത്തും വിമാനം ഇറങ്ങിയശേഷവും വിമാനം ഇറങ്ങിയ ശേഷവും തിരക്കുകൂട്ടാതെ അകലം പാലിച്ച് തെൻറ ഊഴത്തിനായി ക്ഷമയോടെ കാത്തുനിൽക്കുക. മറ്റുള്ളവരുടെ ദേഹത്ത് മുട്ടിയുരുമ്മി തിരക്കുകൂട്ടരുത്.
- വിമാനത്തിനുള്ളിൽ സംഘംചേർന്നുള്ള സംസാരം, ഉറക്കെയുള്ള സംസാരം ഇവ ഒഴിവാക്കുക.
- വിമാനമിറങ്ങിയ ശേഷം അതത് സ്ഥലങ്ങളിലെ നിയമങ്ങളും നിർദേശങ്ങളും അനുസരിക്കുക
മറ്റു യാത്രികരുടെ ശ്രദ്ധക്ക്
- യാത്രതിരിക്കുന്നതിനു മുമ്പ് കുറഞ്ഞത് 20 സെക്കൻഡ് സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
- ലക്ഷ്യസ്ഥാനത്തെത്തുേമ്പാഴും ഇത് ആവർത്തിക്കുക.
- മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. ഒരു മാസ്ക് ആറു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഉപയോഗിക്കരുത്. മാറ്റണം.
- വീണ്ടും ഉപയോഗിക്കാവുന്ന മാസ്കുകൾ ഉപയോഗം കഴിഞ്ഞ് ഓരോ ദിവസവും ചൂടുവെള്ളത്തിൽ കഴുകി വെയിലിൽ ഉണക്കിയെടുക്കുക.
- ഉപയോഗിച്ച മാസ്ക് വഴിയിൽ വലിച്ചെറിയരുത്.
- സംസാരിക്കുേമ്പാൾ ഒരു കാരണവശാലും മാസ്ക് മുഖത്തുനിന്നു മാറ്റരുത്.
- മാസ്ക്കിെൻറ മുൻഭാഗത്ത് തൊടരുത്.
- യാത്രക്കിടെ മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക.
- രോഗബാധിതനോ രോഗിയെ പരിചരിക്കുന്ന ആളോ ആണെങ്കിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കരുത്.
- യാത്രയിൽ ആവശ്യമായ ഹാൻഡ് സാനിറ്റൈസർ കൈയിൽ കരുതുക.
- പ്രയാസക്കൂടുതലുള്ളവർ, മറ്റു രോഗബാധിതർ, ശാരീരിക വൈകല്യങ്ങളുള്ളവർ, കുട്ടികൾ മുതലായവർ യാത്ര പരിമിതപ്പെടുത്തണം.
പൊതുഗതാഗതം
- പൊതുവായി സ്പർശിക്കുന്ന പ്രതലങ്ങൾ, ടച്ച് സ്ക്രീനുകൾ, ടിക്കറ്റ് മെഷീൻ, കൈവരികൾ, വിശ്രമമുറിയിലെ പ്രതലങ്ങൾ, ലിഫ്റ്റ് ബട്ടനുകൾ, െബഞ്ചുകൾ മുതലായ തൊടാതിരിക്കുക. തൊട്ടാൽ ഉടൻ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
- ശാരീരിക അകലം ഉറപ്പുവരുത്തുക.
- കഴിവതും ഇ-പെയ്മെൻറുകൾ ഉപയോഗിക്കുക.
- പണമടയ്ക്കാൻ QR കോഡ് സംവിധാനം പ്രയോജനപ്പെടുത്തുക.
- സംഘം ചേർന്നും ഗ്രൂപ്പുകളായുമുള്ള യാത്ര ഒഴിവാക്കുക.
- സാധ്യമെങ്കിൽ നിങ്ങൾക്കും മറ്റു യാത്രികർക്കുമിടയിൽ ഒരു സീറ്റ് ഒഴിവാക്കിയിടുക.
- ടാക്സിയിൽ യാത്രചെയ്യുേമ്പാൾ അപരിചിതർ ഉപയോഗിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കേണ്ടി വരുേമ്പാൾ നല്ല കരുതൽ വേണം.
- വാഹനങ്ങളിലെ വാതിൽ പിടി, ഹാൻഡിലുകൾ, വിൻഡോകൾ മുതലായ ഭാഗങ്ങളിൽ പലരും സ്പർശിക്കുന്നതിനാൽ അവയിൽ തൊടാതിരിക്കുക. തൊട്ടാൽ ഉടൻ സാനിറ്റൈസർ ഉപയോഗിക്കുക.
- കുടിവെള്ളവും ആഹാരവും കഴിവതും കൈയിൽ കരുതുക.
- കൂടെ യാത്രചെയ്യുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക.
- അപരിചിതരുമായി വാഹനം പങ്കിടരുത്.
- വാഹനമോടിക്കുന്നവരിൽനിന്ന് അകലം പാലിക്കുക.
- വാഹനത്തിനുള്ളിൽ വായുസഞ്ചാരം മെച്ചപ്പെടുത്തണം. വിൻഡോകൾ തുറന്നിടുക. അല്ലെങ്കിൽ A/c 'റീസർക്കുലേഷൻ' മോഡിൽ ക്രമീകരിക്കുക.
- സ്വന്തം ലഗേജുകൾ സ്വയം കൈകാര്യംചെയ്യുക.
- വാഹനത്തിൽ നിന്നിറങ്ങിയാൽ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
- പിൻസീറ്റിലിരുന്ന് യാത്രചെയ്യുക. മുൻസീറ്റിൽ ഇരിക്കരുത്.
- ഓരോ ട്രിപ്പിന് ശേഷവും വണ്ടി അനുയോജ്യമായ അണുനാശിനി ഉപേയാഗിച്ച് വൃത്തിയാക്കുക.
- പനിയോ ചുമയോ ഉള്ള ഡ്രൈവർമാർ പൊതുഗതാഗത വാഹനങ്ങൾ ഡ്രൈവ് ചെയ്യരുത്.
വണ്ടി ഓടിക്കുന്നയാൾ
- പതിവായി സ്പർശിക്കുന്ന ഹാൻഡിൽ ബാർ, ഗിയറുകൾ, ലോക്കുകൾ മുതലായവ അണുവിമുക്തമാക്കുക.
- കഴിവതും ഒറ്റക്ക് യാത്രചെയ്യുക.
- യാത്രക്ക് മുമ്പും പിമ്പും കൈകൾ സോപ്പിട്ട് കഴുകുക.
സ്വന്തം കാറിൽ
- പതിവായി സ്പർശിക്കുന്ന പ്രതലങ്ങൾ (സ്റ്റിയറിംങ്വീൽ, ഗിയർ, ഡോർ ഹാൻഡിലുകൾ, റേഡിയോ, സീറ്റ് ബെൽറ്റ്, ബക്കിൾ മുതലായവ) വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്യുക.
- കാറിനുള്ളിലെ വായുസഞ്ചാരം മെച്ചപ്പെടുത്തുക.
- യാത്രക്കാർക്ക് രോഗമുള്ളതായി കണ്ടാൽ വേണ്ട പരിരക്ഷകൾ അവലംബിക്കേണ്ടതാണ്.
- പെട്രോൾ അടിക്കുന്നതിനോ മറ്റോ സ്വൈപിങ് മെഷീൻ ഉപയോഗിക്കുേമ്പാൾ കാർഡ് കൈമാറാതിരിക്കുക. പാസ്വേഡ് അടിച്ച ശേഷം സാനിറ്റൈസർ ഉപയോഗിക്കുക.
- ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മാത്രമല്ല, എല്ലാ കാലത്തും മേൽ പറഞ്ഞ കാര്യങ്ങൾ പ്രസക്തമാണ് എന്നുകൂടി ഒാർക്കണം.
(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ കൺസൽട്ടൻറ് ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റ് ആണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.