ആസ്ത്മ രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍....
text_fieldsകോവിഡ് മഹാമാരി അതിന്റെ എല്ലാ ഭീകരതയോടും രണ്ടാം വരവ് അറിയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു ആസ്ത്മദിനം എന്നത് ശ്രദ്ധേയമാണ്. ആസ്ത്മ രോഗികളില്‍ കോവിഡ് എങ്ങനെ എന്ന ചോദ്യം ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ്.
ലോകമെമ്പാടും പ്രായഭേദമന്യേ 262 മില്ല്യണ്‍ ജനങ്ങളെ ബാധിച്ചിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗമാണ് ആസ്ത്മ. ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ലോകമൊട്ടുക്കുമുള്ള ആസ്ത്മ രോഗികളില്‍ പത്തില്‍ ഒരു രോഗി ഇന്ത്യയില്‍ നിന്നാണ്. രോഗനിര്‍ണയത്തിന് വിധേയരായ രോഗികളുടെ കണക്കുകള്‍ മാത്രമാണിത്. ഇതിലും എത്രയോ മടങ്ങാണ് നമ്മുടെ രാജ്യത്തെ ആസ്ത്മ രോഗികളുടെ എണ്ണം. ആസ്ത്മരോഗികളില്‍ കോവിഡ് വരാനുള്ള സാധ്യതകളെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചും കോവിഡിന്റെ ആരംഭംഘട്ടം മുതലേ പഠനങ്ങള്‍ നടക്കുന്നുണ്ട്.
പഠനങ്ങള്‍ പ്രകാരം കോവിഡും ആസ്ത്മയും
ഇതുവരെയുള്ള പഠനങ്ങള്‍ പ്രകാരം ആസ്ത്മ രോഗം എന്നത് കോവിഡ് വരാനുള്ള ഒരു ഘടകമായി തെളിയിക്കപ്പെട്ടിട്ടില്ല. ആസ്ത്മ രോഗിയ്ക്ക് കോവിഡ് വരാനുള്ള സാധ്യത ആരോഗ്യമുള്ള ഒരു മനുഷ്യന്റേത് പോലെ തന്നെയാണ്. എന്നാല്‍ മോഡറേറ്റ് ടു സിവിയര്‍ ആസ്ത്മയുള്ള രോഗികളില്‍ കോവിഡ് രോഗം വന്നാല്‍ സങ്കീര്‍ണമാകാനുള്ള സാധ്യത തള്ളികളയാന്‍ സാധ്യമല്ല.
ചികിത്സ തുടരണോ?
സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ കോവിഡ് അണുബാധയ്ക്കു കാരണമാകുമോ എന്ന സംശയം സാധാരണയായി രോഗികളില്‍ നിന്നും കേള്‍ക്കാറുണ്ട്. ഉത്തരം വളരെ ലളിതമാണ്. ഒരു കാരണവശാലും നിങ്ങളുടെ മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്. ആസ്ത്മ രോഗം നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. കൃത്യമായി നിങ്ങളുടെ ഡോക്ടറെ കണ്ട് മരുന്നുകള്‍ ക്രമീകരിച്ച് ഉപയോഗിക്കേണ്ടതാണ്.
ആസ്ത്മാ രോഗികള്‍ കോവിഡ് വാക്സിന്‍ എടുക്കാമോ?
തീര്‍ച്ചയായും എടുക്കണം. കോവിഡ് വാക്സിന്‍ എടുത്ത ശേഷം അലര്‍ജിയുണ്ടാവാനുള്ള സാധ്യത ഏതൊരു ആളെപ്പോലെ മാത്രമാണ് ഒരു ആസ്ത്മാ രോഗിയിലും ഉള്ളത്. വാക്സിന്‍ എടുത്തുന്നതിന് ശേഷം പനി, തലവേദന, ശരീരവേദന എന്നിവയൊക്കെ മൂന്നുദിവസം വരെ പ്രതീക്ഷിക്കാം.
ആസ്ത്മരോഗികള്‍ കോവിഡിനെതിരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഭയത്തെ മാറ്റിനിര്‍ത്തണം, ജാഗ്രത പാലിക്കണം.
- മാസ്‌ക് ധരിക്കാന്‍ മറക്കരുത്.
- കൈ എപ്പോഴും കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുക.
- കൈയ്യുറകള്‍ ധരിക്കുന്നത് നന്നായിരിക്കും.
- സാമൂഹിക അകലം പാലിക്കണം
- പൊതുവായ നെബൈലുസര്‍ പോലുള്ള മെഷീനുകള്‍ ഉപയോഗപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ സ്വന്തമായി നെബുലൈസര്‍ വാങ്ങി ഉപയോഗപ്പെടുത്തണം.
- പനി, തൊണ്ടവേദന, ശ്വസമുട്ടല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ മടിക്കരുത്.
- ആസ്ത്മാ രോഗത്തെ കൃത്യമായ മരുന്നുകള്‍ ഉപയോഗപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തുക.
ആസ്ത്മാ രോഗിക്ക് കോവിഡ് ബാധിച്ചാല്‍
- സംശയം തോന്നിയാല്‍ വേഗം ടെസ്റ്റ് ചെയ്ത് രോഗം അറിയുക.
- ശ്വാസതടസം അനുഭപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യസംവിധാനത്തില്‍ വിവരം അറിയിക്കുക
- നിങ്ങളുടെ സ്ഥിരം ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് ആസ്ത്മയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ക്രമീകരിക്കുക.
- പള്‍സോക്സി മീറ്റര്‍ വീട്ടില്‍ വാങ്ങി നിങ്ങളുടെ സാച്യുറേഷന്‍ 94 ശതമാനത്തിന് മുകളില്‍ ഉണ്ടെന്ന് രണ്ട് മുതല്‍ നാല് മണിക്കൂര്‍ കൂടുമ്പോള്‍ ഉറപ്പുവരുത്തുക. 94 ശതമാനത്തിന് താഴെയാകുകയോ ശ്വാസതടസമനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ ശ്രദ്ധിക്കുക.
കൊച്ചി രാജഗിരി ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ഫിസിഷ്യനാണ് ലേഖിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.