കോവിഡ്: അവൻ മോശക്കാരനായിരുന്നില്ല...!!
text_fieldsരണ്ടായിരാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം – എന്ന ലോകാരോഗ്യ സംഘടനയുടെ ആകർഷകമായ ലക്ഷ്യത്തിന് ദീർഘായുസ്സുണ്ടായില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നല്ലോ കോവിഡ്–19, കൊറോണ എന്നീ വൈറസുകൾ താണ്ഡവ നൃത്തമാടിയത്. 14–ാം നൂറ്റാണ്ടിലെ പ്ലേഗ് എന്ന ബ്ലാക്ക് ഫീവർ, ഏയ്ഡ്സ് വൈറസ്, സാർസ് (SARS), പക്ഷിപ്പനി എന്നിവ തട്ടിയെടുത്തത് ലക്ഷങ്ങളുടേയും ദശലക്ഷങ്ങളുടേയും ജീവനാണെന്ന് നാം നെടുവീർപ്പോടെ ഓർക്കുന്നു.
കൊറോണ ബാധിച്ച് അതിന്‍റെ തിക്ത ഫലങ്ങളനുഭവിക്കുന്ന ലക്ഷങ്ങൾ ഇന്നും ദുരിതമനുഭവിക്കുന്നു. കൊറോണ ജനിപ്പിച്ച പരിഭ്രമം പലർക്കും ഇന്നും വിട്ടുമാറിയിട്ടില്ല. ലോകം അവസാനിക്കുയാണെന്ന് പലരും ന്യായമായി ഭയപ്പെട്ടു. മരിച്ചവരെ സംസ്കരിക്കാനാളില്ലാത്ത അവസ്ഥ വരെ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ടായി. കോവിഡ് മനുഷ്യന്‍റെ ആയുർദൈർഘ്യം 1 – 6 വർഷം കവർന്നെടുത്തു എന്ന ഏറ്റവും ഒടുവിലത്തെ വാർത്ത വളരെ ഗൗരവമായി മാത്രമേ കാണാനാവൂ. രാജ്യാന്തരമായി ആരോഗ്യജാഗ്രത പുലർത്തേണ്ടത് തുടരണമെന്ന് ഈ സൂചിക മനുഷ്യവംശത്തെ ഓർമ്മിപ്പിക്കുന്നു.
ചില രോഗങ്ങളുടെ കാരണങ്ങൾ ബാക്റ്റീരിയ, വൈറസുകൾ, ഫംഗസ് എന്നിവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവസരപരമായ ചില രോഗഹേതുക്കൾ ശരീരത്തിനകത്തേക്ക് (OPPORTUNISTIC INFECTIONS) കടന്നുകൂടാനും ഇടയുണ്ട്. വ്യകതിശുചിത്വം, സാമൂഹിക–പാരിസ്ഥിതിക–ലൈംഗീക ശുചിത്വം എന്നിവയുടെ അഭാവം പുതിയ രോഗങ്ങൾ സൃഷ്ടിക്കുകയും മുൻകാല രോഗങ്ങൾ തിരിച്ചു കൊണ്ടുവരികയും ചെയ്യുന്നു. വസൂരി, മലേറിയ, കുഷ്ഠരോഗം, ഏയ്ഡ്സ് എന്നിവ ഒരു പരിധിവരെ നിർമാർജനം ചെയ്തു എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചെങ്കിൽ, ചിലതെല്ലാം തിരിച്ചുവരവിന്‍റെ പാതയിലാണ്. ജീവിതശൈലിയും അത്രയും അലംഭാവവുമാണ് ഈ തിരിച്ചുവരവിന്‍റെ മുഖ്യകാരണങ്ങൾ.
1948ൽ ഐക്യരാഷ്ട്രസംഘടനയുടെ കീഴ്ഘടകമായി ലോകാരോഗ്യസംഘടന പ്രവർത്തനമാരംഭിച്ചു. 1950ൽ ഏപ്രിൽ 7–ാം തീയതി ലോകാരോഗ്യദിനാചരണം ആരംഭിച്ചു. ഓരോ വർഷത്തിലും കാലോചിതമായ ഓരോ പ്രമേയവും പ്രഖ്യാപിച്ചു കൊണ്ടാണ് ദിനാചരണം നടത്തുന്നത്. 2023ലെ പ്രമേയം 'എല്ലാവർക്കും ആരോഗ്യം' (HEALTH FOR ALL) എന്നതായിരുന്നു. ഈ വർഷത്തെ പ്രമേയം 'എന്‍റെ ആരോഗ്യം എന്‍റെ അവകാശം'എന്നതാണ് (MY HEALTH MY RIGHT). 2023ലെ മുദ്രാവാക്യവുമായി ബന്ധപ്പെട്ട പ്രമേയമാണെങ്കിലും ആരോഗ്യം എന്‍റെ അവകാശം എന്ന ആപ്തവാക്യത്തിന് കുറേകൂടി കരുത്തുണ്ട്. അവകാശം നിയമവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സർക്കാരിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ലഭിക്കേണ്ട അവകാശം. അത് ബന്ധപെട്ടവരിൽ നിന്ന് ലഭിച്ചില്ലെങ്കിൽ അവകാശലംഘനമാണ്. ഉദാ: പ്രായമുള്ള മാതാപിതാക്കൾക്ക് മരുന്നും മറ്റ് സംരക്ഷണങ്ങളും നൽകുന്നില്ലെങ്കിൽ ശിക്ഷാർഹമായ കുറ്റമാണ്. ധാർമിക നിയമത്തേക്കാൾ ഐ.പി.സി പ്രകാരമുള്ള ശിക്ഷ സ്വീകരിക്കേണ്ടിവരും.
അവകാശം എന്ന പദത്തിന് നിരവധി വ്യാഖ്യാനങ്ങളുണ്ട് – ആരോഗ്യസംലഭ്യത, സ്വീകാര്യത, ഉയർന്ന ഗുണനിലവാരം, മനുഷ്യാവകാശം, തുല്യത ഇതെല്ലാം അവകാശം എന്ന വാക്കിൽ ഉൾച്ചേർന്നിരിക്കുന്നു. ഈ ഘടകങ്ങളിലെ നിഷേധം ആരോഗ്യവിതരണത്തിന്‍റെ ഗൗരവമായ നിഷേധമാണെന്ന് കൊറോണ പോലുള്ള രോഗങ്ങൾക്കുശേഷം ആഗതമാകുന്ന ഈ വർഷത്തെ ലോകാരോഗ്യദിനം മനുഷ്യവർഗത്തെ ഓർമപ്പെടുത്തുന്നു. ഈ വർഷം ലോകാരോഗ്യ ദിനാചരണത്തിന്‍റെ സുവർണ്ണജൂബിലി വർഷം കൂടിയാണ് എന്നത് ശ്രദ്ധേയമാണ്.
സാഹിത്യ കലാമാധ്യമങ്ങളിലൂടെ ആരോഗ്യസുരക്ഷിതത്വം പ്രചരിപ്പിക്കാനാണ് 2024 ഏപ്രിൽ ഏഴ് പ്രയോജനപ്പെടുത്തുക. പ്രസംഗങ്ങളേക്കാൾ ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും ഇനിയൊരു മഹാമാരി നേരിടാനുള്ള കരുത്ത് മനുഷ്യരാശിക്കില്ലെന്ന സത്യം മറക്കാതെ ആരോഗ്യ–അച്ചടക്കത്തോടെ സഹജീവിതം നയിക്കാൻ നമുക്കാകട്ടെ. അപകടമാണെന്നറിഞ്ഞിട്ടും മദ്യപാനം മനുഷ്യന്‍റെ ഉറ്റമിത്രമായി തുടരുന്നു!!
അനുബന്ധം: കോവിഡ്കാലത്ത് ലോകത്തിൽ 13 കോടി മരണങ്ങളുണ്ടായി. ഇതിൽ 1.6 കോടി കോവിഡ് മൂലമുള്ള മരണങ്ങൾ. ഇത് ഒരു പ്രത്യേക ചിന്ത ക്ഷണിച്ചു വരുത്തുന്നു. 15 വയസ്സിന് മുകളിലുള്ള സ്ത്രീകളുടേയും പുരുഷന്മാരുടേയും മരണനിരക്ക് യഥാക്രമം 17ഉം 22 ശതമാനവും വർധിച്ചിരിക്കുന്നു. എന്നാൽ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണം 2019നേക്കാൾ അഞ്ചു ലക്ഷത്തോളം കുറഞ്ഞു. രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾ രക്ഷപ്പെട്ടത് ഈ പ്രതിരോധ കുത്തിവെപ്പ് ദോഷകരമായിരുന്നു എന്ന ചിന്തക്ക് ആക്കം കൂട്ടുന്നുണ്ടോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.