വൈറസിനെ മാത്രമല്ല, മറ്റൊരു രോഗകാരിയെ കൂടി ലോക്ഡൗൺ പൂട്ടിയിട്ടു; രക്ഷിച്ചത് ലക്ഷക്കണക്കിന് ജീവനുകൾ
text_fieldsകോവിഡ് 19ന്‍റെ രോഗകാരികളായ സാർസ് കോവ്-2 വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാനാണ് ലോകരാജ്യങ്ങളെല്ലാം പലഘട്ടങ്ങളിലായി ലോക്ഡൗൺ നടപ്പാക്കിയത്. 2019ൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ചൈനയാണ് ആദ്യം രാജ്യം അടച്ചിട്ടത്. വൈറസ് ചൈനക്ക് പുറത്തേക്ക് വ്യാപിച്ചതോടെ മറ്റു രാജ്യങ്ങളും ലോക്ഡൗണിലേക്ക് നീങ്ങി.
ഒരുവിധം വൈറസ് നിയന്ത്രണവിധേയമായെന്ന് കരുതിയിരിക്കുമ്പോഴാണ് രണ്ടാംതരംഗത്തിൽ പൂർവാധികം ശക്തിയോടെ വൈറസിന്‍റെ രണ്ടാംവരവ്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ രണ്ടാംതരംഗത്തിലും ലോക്ഡൗണിലായി. ഇനിയൊരു മൂന്നാം തരംഗം കൂടി വരാനുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
എന്നാൽ, ലോക്ഡൗൺ തടഞ്ഞുനിർത്തിയത് വൈറസുകളെ മാത്രമാണോ. അല്ലെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. വൈറസുകളെ പോലെ മറ്റൊരു അതിസൂക്ഷ്മ രോഗകാരികളാണ് ബാക്ടീരിയ. ബാക്ടീരിയ വഴിയുണ്ടാകുന്ന രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ലോകവ്യാപകമായി വൻ കുറവുണ്ടായതായി ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പറയുന്നു. ബാക്ടീരിയൽ ന്യൂമോണിയ, മെനിൻജൈറ്റിസ്, സെപ്സിസ് തുടങ്ങിയ നിരവധി രോഗങ്ങൾ കുറഞ്ഞതായി ഇവർ പറയുന്നു. ലക്ഷക്കണക്കിന് മരണങ്ങളാണ് ഇതുവഴി തടയപ്പെട്ടതെന്നും ഇവർ വ്യക്തമാക്കുന്നു.
ബാക്ടീരിയൽ ന്യൂമോണിയ, മെനിൻജൈറ്റിസ്, സെപ്സിസ് എന്നീ രോഗങ്ങൾ വർഷാവർഷം ലക്ഷക്കണക്കിന് ജീവനുകളാണെടുക്കുന്നത്. കുട്ടികളിലും മുതിർന്നവരിലുമാണ് ഈ രോഗങ്ങൾ കാര്യമായി ബാധിച്ചിരുന്നത്. കൊറോണ വൈറസിനെ പോലെ തന്നെ ശ്വസനനാളിയിലൂടെയാണ് ഈ രോഗകാരികളും അകത്തുകടന്നിരുന്നത്. ലോക്ഡൗണിൽ ആളുകൾ തമ്മിലുള്ള സമ്പർക്കം കുറഞ്ഞതോടെ ഇവയുടെ വ്യാപനത്തിലും കുറവുവന്നു.
ലഭ്യമായ കണക്ക് പ്രകാരം 2016ൽ 33.6 കോടി പേർക്കാണ് ലോകത്താകെ ശ്വാസകോശ അസുഖങ്ങളുണ്ടായത്. 24 ലക്ഷം പേർ മരിച്ചുവെന്നുമാണ് കണക്ക്. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആളുകളിൽ മറ്റ് ശ്വാസകോശ രോഗങ്ങൾ കാര്യമായി കുറഞ്ഞു. ബാക്ടീരിയൽ ന്യൂമോണിയക്ക് കാരണമാകുന്ന സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയെ എന്ന ബാക്ടീരിയ ബാധിച്ച കേസുകൾ ലോക്ഡൗണിന്‍റെ എട്ട് ആഴ്ചയിൽ 82 ശതമാനത്തോളം കുറഞ്ഞതായാണ് പഠനത്തിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.