Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightചെറുപ്പക്കാരുടെ മരണം:...

ചെറുപ്പക്കാരുടെ മരണം: വില്ലനാകുന്നത് ഹൃദയാഘാതമോ ഹൃദയ സ്തംഭനമോ?

text_fields
bookmark_border
ചെറുപ്പക്കാരുടെ മരണം: വില്ലനാകുന്നത് ഹൃദയാഘാതമോ ഹൃദയ സ്തംഭനമോ?
cancel

ആരോഗ്യലോകം സമീപ കാലത്ത് അവിശ്വസനീയതയോടെ കേൾക്കുന്ന വാർത്തകളാണ് യുവാക്കളിൽ പെട്ടന്നുണ്ടാവുന്ന ഹൃദയാഘാത മരണങ്ങളും മരണത്തെ അതിജീവിക്കുന്നതുമായ വാർത്തകൾ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി, ബോളിവുഡ് നടി സുസ്മിത സെൻ ഉൾപ്പെടെയുള്ള താരങ്ങൾ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടത് നമ്മൾ കേട്ടു. തമിഴ് സിനിമയിലെ പ്രമുഖ നടൻ ഡാനിയൽ ബാലാജി, ഓണം കഴിഞ്ഞ് തിരികെ സൗദി അറേബ്യയിലെത്തി ജോലിക്ക് പ്രവേശിച്ച നഴ്സ് തൃശ്ശൂർ നെല്ലായിലെ 26കാരി ഡെൽമ ദിലീപ് ഉൾപ്പെടെയുള്ള യുവാക്കളുടെ ആകസ്മിക മരണവും വാർത്തകളിൽ നിറഞ്ഞു. നിരവധി കായിക, സിനിമ, മറ്റു യുവ പ്രൊഫഷണൽ മേഖലകളിലെ താരങ്ങളും യുവാക്കളുമാണ് സമീപ കാലത്ത് ജോലിസ്ഥലത്തോ, കളിക്കളത്തിലോ, വ്യായാമ വേളയിലോ, ഹൃദയാഘാതം നേരിടുകയോ മരണപ്പെടുകയോ ചെയ്തിരിക്കുന്നത്.

നമ്മുടെ രാജ്യത്ത് റോഡപകടത്തിൽ മരിക്കുന്ന ആളുകളുടെ എണ്ണത്തിന്‍റെ 10 ഇരട്ടിയിലധികമാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുന്നത്. 2022ൽ ശരാശരി നമ്മുടെ രാജ്യത്ത് വാഹന അപകടത്തിലൂടെ 1.6 ലക്ഷം പേരാണ് മരണപ്പെട്ടത്. എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് 20 ലക്ഷത്തിന് മുകളിലാണ് മരണ നിരക്ക്. കഴിഞ്ഞ വർഷങ്ങളിലെ യുവാക്കളുടെ മരണകാരണം തേടുമ്പോഴും ഹൃദയസംബന്ധമായ അസുഖങ്ങൾ തന്നെയാണ് മുന്നിൽ.

ഇത്തരം വാര്‍ത്തകള്‍ വ്യാപകമാകുമ്പോൾ നിരവധി ആശങ്കകളും സംശയങ്ങളും ജനങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്. ഈ മരണങ്ങളെയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത് ഒട്ടു മിക്കവരും ചെറുപ്പക്കാരാണ് എന്നതാണ്. രണ്ടാമതായി ഈ മരണങ്ങളെയെല്ലാം ഹൃദയാഘാതം എന്ന ഒറ്റപ്പേരില്‍ വിധിയെഴുതിയിരിക്കുന്നു എന്നതാണ്.

യഥാര്‍ത്ഥത്തില്‍ ഹൃദയാഘാതമാണോ ഈ മരണങ്ങള്‍ക്കുള്ള കാരണങ്ങള്‍?

ഊര്‍ജ്ജസ്വലനായ വ്യക്തിയായിരുന്നു, കൊളസ്ട്രോളൊന്നും ഉണ്ടായിരുന്നില്ല, എന്നിട്ടും എങ്ങിനെ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു? -ചെറുപ്പക്കാരിലുണ്ടാകുന്ന മരണങ്ങളില്‍ പൊതുവെ എല്ലാവരിലുമുള്ള സംശയമാണിത്. കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായ ജീവിതശൈലീ രോഗങ്ങള്‍ ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ച് പോകുന്നതിനുള്ള കാരണങ്ങള്‍ ഇത് മാത്രമല്ല. ഈ കാര്യങ്ങളെകുറിച്ച് വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ ഏതൊക്കെ രീതികളിലാണ് ഹൃദയം നിശ്ചലമാകുന്നത് എന്ന് കൂടി മനസ്സിലാക്കണം.

പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് പോകുന്നതിന് പ്രധാനമായും ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റുമാണ് കാരണമാകുന്നത്. വ്യക്തമായ വേര്‍തിരിവുകളുള്ള രോഗാവസ്ഥകളാണ് ഇവ രണ്ടും. ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്‍ എന്ന നിലയിലുള്ള സമാനതകള്‍ക്കിടയിലും അസുഖത്തിന്റെ തീവ്രതയിലും, തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളിലുമെല്ലാം വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാഘാതത്തെയും ഹൃദയസ്തംഭനത്തെയും കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് യുവാക്കള്‍ക്ക് പൊതുവെയും പ്രവാസലോകത്തുള്ളവര്‍ക്ക് പ്രത്യേകിച്ചും ഗുണകരമാകും.

ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം)

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയാഘാതം തന്നെയാണ്. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്തിക്കുന്ന കൊറോണറി ആര്‍ട്ടറികളില്‍ തടസ്സം സംഭവിക്കുകയും അതുവഴി ഹൃദയത്തിലേക്ക് രക്തം എത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതുമാണ് ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ പുകവലി, വ്യായാമക്കുറവ് മുതലായവയെല്ലാം ഇതിന് വഴിയൊരുക്കും.

ഹൃദയാഘാതം സംഭവിച്ചവര്‍ എല്ലാവരും പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നില്ല. തടസ്സത്തിന്റെ അളവ് വര്‍ദ്ധിച്ച് നിശ്ചിത ശതമാനത്തിലും കൂടുതലാകുമ്പോള്‍ മാത്രമേ ലക്ഷണങ്ങള്‍ കാണപ്പെട്ട് തുടങ്ങൂ. കിതപ്പ്, നെഞ്ചിന്റെ മധ്യഭാഗത്തായി വേദന, ഭാരം അമര്‍ത്തുന്ന പോലെ തോന്നുക, കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന, വിയര്‍പ്പ് മുതലായ ലക്ഷണങ്ങള്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെടും സ്വാഭാവികമായും ചികിത്സ തേടുവാനും അസുഖമുക്തി നേടുവാനുമുള്ള സമയം നമുക്ക് ലഭിക്കും. എന്നാല്‍ അപൂര്‍വമായി ചിലരില്‍ ലക്ഷണങ്ങള്‍ കാണപ്പെടാതെ ഹൃദയാഘാതം സംഭവിക്കാം. പ്രമേഹമുള്ളവരിലോ, അല്ലെങ്കില്‍ രക്തക്കുഴലുകളില്‍ പെട്ടെന്ന് പൂര്‍ണ്ണമായ തടസ്സം നേരിടുന്നവരിലോ ആണ് ഇത് സംഭവിക്കുന്നത്.


കാര്‍ഡിയാക് അറസ്റ്റ് (ഹൃദയ സ്തംഭനം)

ഹാര്‍ട്ട് അറ്റാക്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസ്സപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയം നിലച്ച് പോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. അതായത് ഹാര്‍ട്ട് അറ്റാക്കിനേക്കാള്‍ ഗുരുതരമാണ് കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ സങ്കോചവികാസ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാക്കപ്പെടുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം, ജന്മനാലുള്ള ഹൃദ്രോഗങ്ങള്‍, ജനിതകപരമായ തകരാറുകള്‍ മുതലായവയാണ് കാര്‍ഡിയാക് അറസ്റ്റിന് കാരണമാകുന്നത്. ഹൃദയത്തിന്റെ താളം ക്രമീകരിക്കുന്നത് ഹൃദയത്തിലെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടാണ്. മേല്‍പറഞ്ഞ കാരണങ്ങള്‍ മൂലം ഈ സര്‍ക്യൂട്ട് നിലയ്ക്കുകയോ ഇതില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാവുകയും രോഗി മരണാസന്നനാവുകയും ചെയ്യും. കായിക മത്സരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ് മരിക്കുന്നതും മറ്റും ഇതിന് ഉദാഹരണമാണ്. ഹൃദയപേശികള്‍ക്ക് സ്വാഭാവികമായ ബലക്കുറവുണ്ടാവുകയും കായിക മത്സരങ്ങളിലും മറ്റും അമിതമായ പ്രവര്‍ത്തന ഭാരം ഹൃദയത്തിന് ലഭിക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യും. നിലവില്‍ ഹൃദയത്തിന് തകരാറുകള്‍ ഉള്ളത് അറിയാതെ പോകുന്നതാണ് കായികതാരങ്ങളെ ഇതുപോലെയുള്ള അവസ്ഥയിലേക്ക് നയിക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ് ആര്‍ക്കൊക്കെ സംഭവിക്കാം

നേരത്തെ ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. പുകവലി, രക്താതിസമ്മര്‍ദ്ദം, ഹൃദയസ്തംഭനത്തിന്റെയോ ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളുടെയോ കുടുംബപരമായ ചരിത്രമുള്ളവര്‍, ഹൃദയത്തിന് മറ്റ് തരത്തിലുള്ള തകരാറുകളുള്ളവര്‍, അമിത ഭാരമുള്ളവര്‍, പ്രമേഹമുള്ളവര്‍, ചില മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നവര്‍ മുതലായവര്‍ക്കും കാര്‍ഡിയാക് അറസ്റ്റിന് സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ളവര്‍ക്ക് കുറഞ്ഞ പ്രായമാണ് അതുകൊണ്ട് നിലവില്‍ ഭയപ്പെടാനൊന്നുമില്ല എന്ന നിലപാടെടുക്കുന്നത് തെറ്റാണ്. കൃത്യമായ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം.

നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഡോക്ടറെ സന്ദര്‍ശിക്കുകയും ജീവിതശൈലികളില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുകയും, നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്യുക നിര്‍ബന്ധമാണ്. ചില സന്ദര്‍ഭങ്ങളില്‍ ഭാവിയിലുണ്ടാകുവാനുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാനായി ചില പ്രൊസീജ്യറുകളോ ശസ്ത്രക്രിയകളോ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചേക്കാം. ഇവ നിര്‍ബന്ധമായും അനുസരിക്കുക.

പ്രവാസലോകത്തുള്ള യുവാക്കളെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് ഹൃദയം നിലച്ച് മരണത്തിന് കീഴടങ്ങുന്ന അവസ്ഥകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജീവിതസാഹചര്യങ്ങളിലെ പ്രത്യേകതകളും, അമിതമായ സമ്മര്‍ദ്ദവുമൊക്കെയായിരിക്കാം ഇതിന് കാരണം. ഇതില്‍ പ്രമേഹം പോലുള്ള രോഗാവസ്ഥകള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നവയാണ്. എന്നാല്‍ പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ സാധിക്കുന്ന ഒരേ ഒരു കാര്യം പുകവലിയാണ്. നാട്ടിലെത്തുമ്പോഴും, അല്ലെങ്കില്‍ അവിടെ വിദേശത്ത് നിന്ന് തന്നെയോ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വിശദമായ പരിശോധനകള്‍ നിര്‍വഹിക്കേണ്ടത് അനിവാര്യമാണ്. ഓരോ പ്രവാസിയുടേയും ആരോഗ്യം അവനവന്റെ വ്യക്തിപരമായ കാര്യം മാത്രമല്ല; നാട്ടില്‍ കാത്തിരിക്കുന്ന കുടുംബത്തെയും അവരുടെ പ്രതീക്ഷകളെയും അവനവന്റെ സ്വപ്‌നങ്ങളെയും ഓരോ തവണയും ഓര്‍മ്മിക്കുക, ആരോഗ്യകരമായ ജീവിതം നിലനിര്‍ത്തുക.

(കോഴിക്കോട് ആസ്റ്റര്‍ മിംസിൽ കണ്‍സല്‍ട്ടന്റ് & ഇന്‍റർവൻഷനൽ കാര്‍ഡിയോളജി വിഭാഗം മേധാവിയാണ് ലേഖകൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackCardiac ArrestWorld Heart Day
News Summary - defference of Heart Attack and Cardiac Arrest
Next Story