കോവിഡിനൊപ്പം കാലവർഷവും; പകർച്ചപനി ആശങ്കയിൽ കേരളം
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കാലവർഷം എത്തിയത് സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ആശങ്ക ഉയർത്തുന്നു. കുറച്ചു വർഷങ്ങളായി മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന മറ്റു പകർച്ചവ്യാധികൾ ഇൗ വർഷവും കേരളത്തിലുണ്ടാകുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.
പ്രവാസികളുടെ വരവോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതും കണ്ടെയ്ൻമെൻറ് സോണുകളിൽ ഒഴികെ ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചതും കോവിഡ് രോഗികളുടെ എണ്ണം ഉയർത്തുമെന്ന ആശങ്ക നിലനിൽക്കെയാണ് പകർച്ചവ്യാധികളുമായി കാലവർഷത്തിെൻറ വരവ്. ഇതോടെ കോവിഡ് പ്രതിേരാധ പ്രവർത്തനങ്ങളും താളം തെറ്റാനിടയാകും.
കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്തിക്കഴിഞ്ഞു. കാലവർഷം ആരംഭിക്കുന്നതോടെ മുൻ വർഷങ്ങളിലെ പോലെ മഴ ശക്തമാകും. വീണ്ടുമൊരു പ്രളയ സാധ്യതയും തള്ളാനാകില്ല. മുൻ വർഷങ്ങളേക്കാൾ കാര്യക്ഷമമായി മഴക്കാലപൂർവ ശുചീകരണങ്ങളിൽ കടുത്ത ഉൗന്നൽ നൽകണമെന്നും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ നൽകണമെന്നും ലോകെമമ്പാടും പടർന്നുപിടിച്ച കോവിഡ് 19 ഒാർമിപ്പിച്ചുെകാണ്ടിരിക്കുന്നു.
മുൻ വർഷങ്ങളിൽ കാലവർഷത്തിൽ കേരളം നേരിട്ട പകർച്ചവ്യാധികൾ ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപനി എന്നിവയായിരുന്നു. 2017ൽ മാത്രം പനി മൂലം 454 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 165 പേരുടെ ജീവനെടുത്തത് ഡെങ്കിപ്പനിയായിരുന്നെങ്കിൽ 80 പേർക്ക് മഞ്ഞപ്പിത്തമായിരുന്നു. എച്ച് വൺ എൻ വണ്ണും സാധാരണ പനിയും മൂലം 76 പേരാണ് മരിച്ചത്. 2018ൽ 276 പേർക്കാണ് വിവിധ പനികൾ മൂലം ജീവൻ നഷ്ടമായത്. 2019ൽ 234 പേരുടെയും ജീവനെടുത്തു. 2017ൽ 21,993 േപർക്കായിരുന്നു സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത്. ഡെങ്കിപ്പനി പടർന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതിെൻറ ഫലമായി 2019ൽ രോഗബാധിതരുടെ എണ്ണം 4651 ആയി കുറഞ്ഞു. 14 മരണമാണ് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തത്.
‘കേരളത്തിൽ എല്ലാവർഷവും പനിമൂലം കുറച്ചുപേർ മരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇവയുടെ എണ്ണം വളരെ കൂടുതലാണ്. കോവിഡിെൻറ പശ്ചാത്തലത്തിൽ ഡെങ്കിപ്പനി കൂടി വ്യാപകമാകുന്നതോടെ സംസ്ഥാനത്തെ മരണനിരക്ക് ഉയരും. ഡെങ്കിപ്പനി മൂലം രോഗപ്രതിേരാധശേഷി കുറയുന്നതും രക്തസമ്മർദ്ദം കൂടുന്നതും പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്നതും കോവിഡ് മൂർച്ഛിക്കുന്നതിനും മരണത്തിനും ഇടയാക്കും. ഇത്തരത്തിൽ ഡെങ്കിപ്പനിക്കൊപ്പം കോവിഡ് കൂടി ബാധിച്ചാൽ സ്ഥിതി ഗുരുതരമാകുമെന്ന ആശങ്കയുണ്ട്’- കൊച്ചി െഎ.എം.എയിലെ കോവിഡ് കൺട്രോൾ റൂം അസിസ്റ്റൻറ് നോഡൽ ഒാഫിസർ ഡോ. സജിത് ജോൺ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.