പ്രമേഹമരുന്നും അർബുദവും; സത്യമിതാണ്
text_fieldsഈയടുത്ത കാലത്ത് പ്രമേഹചികിത്സക്കുപയോഗിക്കുന്ന ‘മെറ്റ്ഫോമിൻ’ മരുന്ന് അർബുദം ഉണ്ടാക്കുന്ന ഒന്നാണ് എന്ന തെറ്റായ പ്രചാരണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടു. മെറ്റ്ഫോമിൻ ഗുളിക കഴിക്കുന്ന ലക്ഷക്കണക്കിന് രോഗികൾക്കിടയിൽ ഇത് പരിഭ്രാന്തി പരത്തി. ചിലർ മരുന്നുകൾ നിർത്തി. മറ്റു ചിലർ ചികിത്സകരെ ഫോണിൽ ബന്ധപ്പെടാൻ തുടങ്ങി. സത്യത്തിൽ മെറ്റ്ഫോമിൻ അർബുദം ഉണ്ടാക്കില്ല എന്നു മാത്രമല്ല ചില അർബുദങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുകൂടിയുണ്ട്.
എന്താണ് വസ്തുത?
സിംഗപ്പൂരിൽ വിപണിയിലുള്ള 46 ഇനം വിവിധ മെറ്റ്ഫോമിൻ (Metformin) ബ്രാൻഡുകളിൽ മൂന്ന് ബ്രാൻഡുകളിൽ NDMA N-Nitrosodimethylamine) എന്ന രാസവസ്തു അനുവദനീയമായ അളവിലും കൂടുതൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. അത് വളരെക്കാലം കഴിച്ചാൽ അർബുദസാധ്യത കൂടുതലായതിനാൽ ആ മൂന്നു ബ്രാൻഡുകളും വിൽക്കുന്നത് വിലക്കി. ഇതിന് തൊട്ടുപിന്നാലെ അമേരിക്കയിൽ വിൽക്കപ്പെടുന്ന എല്ലാ മെറ്റ്ഫോമിൻ ബ്രാൻറുകളിലും എൻ.ഡി.എം.എ-മലിനീകരണം ഉണ്ടോ എന്ന് കണ്ടെത്താൻ എഫ്.ഡി.എ നടപടികൾ തുടങ്ങി. ഈമാസം അവർ പുറത്തുവിട്ട റിപ്പോർട്ടിൽ അവിടെ വിപണിയിലുള്ള ഒരു മെറ്റ്ഫോമിൻ ബ്രാൻഡിലും എൻ.ഡി.എം.എയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ ഇെല്ലന്നു കണ്ടെത്തി.
എന്താണ് മെറ്റ്ഫോമിൻ
1922ൽ ഒരു പാഴ്ചെടിയിൽനിന്ന് വേർതിരിച്ചെടുത്തതാണ് ഈ മരുന്ന്. പിന്നീട് 1929ൽ ഇതിന് മൃഗങ്ങളിൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ കഴിയും എന്ന് കണ്ടെത്തി. പിന്നീട് 1954-57 കാലയളവിൽ മനുഷ്യരിൽ നടത്തിയ പഠനങ്ങളിൽ മെറ്റ്ഫോമിന് പഞ്ചസാരയുടെ അളവ് സാധാരണ നിലയിലെത്തിക്കാൻ കഴിയും എന്ന് കണ്ടെത്തി.
എന്നിരുന്നാലും 1994ൽ ആണ് അമേരിക്കൻ ഗവൺമെൻറിെൻറ ഉപഭോക്തൃ സംരക്ഷണ ഏജൻസിയായ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പ്രമേഹരോഗ ചികിത്സക്ക് മെറ്റ്ഫോമിന് അനുമതി കൊടുത്തത്. എന്നാൽ, ലോകത്ത് പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മരുന്നായി ഇത് മാറിക്കഴിഞ്ഞു.
മെറ്റ്ഫോമിൻെറ സവിശേഷതകൾ
ടൈപ്പ് 2 പ്രമേഹരോഗികളിൽ, പ്രത്യേകിച്ചും വണ്ണക്കൂടുതലുള്ളവരിൽ ആദ്യം കൊടുക്കേണ്ട മരുന്നാണ് മെറ്റ്ഫോമിൻ. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നോർമലിൽ എത്തിക്കുേമ്പാഴും ആവശ്യത്തിൽ കൂടുതൽ കുറച്ചുകളയില്ല എന്ന സവിശേഷതയും ഇതിനുണ്ട്. ഒരാളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കോസിെൻറ അളവ് കുറച്ചും ശരീരത്തിലെ ഇൻസുലിെൻറ പ്രവർത്തനക്ഷമത കൂട്ടിയുമാണ് രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് സാധാരണ നിലയിലെത്തിക്കുന്നത്. ഇതുകൂടാതെ വിശപ്പ് അൽപം കുറയുന്നതിനും ചില അർബുദരോഗികളെ പ്രതിരോധിക്കുന്നതിനും ഇതിന് കഴിയും.
മെറ്റ്ഫോമിൻ കഴിക്കുന്നവരിൽ ഹൃദയത്തിന് ഒരു സംരക്ഷണം കൂടി കിട്ടുന്നതായി ചില പഠനങ്ങളുണ്ട്. സ്ഥിരം മെറ്റ്ഫോമിൻ കഴിക്കുന്നവർക്ക് ജീവിത ദൈർഘ്യം പോലും കൂടുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രമേഹം കൂടാതെ സ്ത്രീകളിൽ കാണപ്പെടുന്ന PCOD എന്ന രോഗാവസ്ഥ ചികിത്സിക്കുന്നതിനും മെറ്റ്ഫോമിൻ ഉപയോഗിക്കാറുണ്ട്.
എന്താണ് എൻ.ഡി.എം.എ
ക്ലോറിനേഷൻ നടത്തിയ കുടിവെള്ളത്തിലും സംസ്കരിച്ചു സൂക്ഷിക്കുന്ന ഇറച്ചികളിലുമൊക്കെ അടങ്ങിയിരിക്കുന്ന ഒരു വിഷപദാർഥമാണ് എൻ.ഡി.എം.എ. കുടിവെള്ളത്തിൽ ഇതിെൻറ അളവ് ഒരു ലിറ്ററിൽ ഒമ്പതു നാനോ ഗ്രാമിന് മുകളിൽ ആകരുത് എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. കണ്ടെത്താൻ പ്രയാസവും നീക്കംചെയ്യാൻ അതിലേറെ ബുദ്ധിമുട്ടുമുള്ള ഒരു മാലിന്യമാണിത്.
റിവേഴ്സ് ഓസ്മോസിസ് പോലും 50 ശതമാനം എൻ.ഡി.എം.എ മാത്രമേ നീക്കംചെയ്യൂ. എന്നാൽ, ഉയർന്ന അളവിലുള്ള അൾട്രാവയലറ്റ് വികിരണം ഇതിനെ നീക്കംചെയ്യാൻ സഹായിക്കും. അമിതമായ അളവിൽ ശരീരത്തിൽ ചെന്നാൽ മരണംപോലും സംഭവിക്കാം. സയനൈഡ് പോലെ കൊലപാതകത്തിന് പോലും ഉപയോഗിക്കുന്ന ഒരു മാരക വിഷമാണിത്.
സാധാരണ കുടിവെള്ളത്തിലൂടെയും ഭക്ഷണ പദാർഥങ്ങളിലൂടെയും പ്രതിദിനം 96 നാനോഗ്രാം വരെ ഈ വിഷാംശം ശരീരത്തിനുള്ളിൽ പോയാൽ കുഴപ്പമൊന്നുമില്ല. എന്നാൽ, ഈ പരിധിയിലധികമായാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
എന്തുകൊണ്ട് മരുന്നുകളിൽ മാലിന്യം കലരുന്നു?
ഗുണനിലവാര മാനദണ്ഡങ്ങൾക്കനുസൃതമായി മരുന്നുകൾ ഉൽപാദിപ്പിക്കേണ്ടതുണ്ട്. അതിന് മരുന്നിനുവേണ്ട ചേരുവകൾ, അത് നിർമിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ, അവ ഉൽപാദിപ്പിക്കുന്ന ജീവനക്കാരുടെ പരിശീലനം, അവരുടെ വ്യക്തിഗത ശുചിത്വം തുടങ്ങി ഉൽപാദനത്തിെൻറ എല്ലാ വശങ്ങളും അതിസൂക്ഷ്മതയോടെയും കൃത്യതയോടെയും നിരീക്ഷിക്കപ്പെടേണ്ടതുണ്ട്.
മരുന്നുകൾ നിർമിക്കുന്ന കമ്പനികൾ, എഫ് ഡി.എ, ലോകാരോഗ്യ സംഘടന മുതലായവയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അത്തരം കമ്പനികളുടെ മരുന്നുകൾ വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ വിതരണം ചെയ്യാനാകൂ. എന്നാൽ, നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിലെങ്കിലും മരുന്നുൽപാദനം ഇപ്പോഴും കുടിൽ വ്യവസായമാണ്. അങ്ങനെ വരുേമ്പാൾ കർശനമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കാനും ഇത്തരം മാലിന്യങ്ങൾ കലരാനും സാധ്യതയുണ്ട്.
നമ്മൾ ചെയ്യേണ്ടത്
മരുന്നുകൾ തെരഞ്ഞെടുക്കുേമ്പാൾ അവ ഉൽപാദിപ്പിക്കുന്ന കമ്പനികൾ എഫ്.ഡി.എ, ഡബ്ല്യൂ.എച്ച്.ഒ -ജി.എം.പി എന്നിവയുെട അംഗീകാരമുള്ളവയാണോ എന്ന് പരിശോധിക്കണം. നമ്മുടെ നാട്ടിൽ വിറ്റഴിക്കപ്പെടുന്ന മരുന്നുകൾ ഗുണനിലവാരമുള്ളതാണെന്നും അവ മറ്റു മാലിന്യങ്ങളിൽനിന്ന് മുക്തമാണെന്നും അധികാരികൾ ഉറപ്പാക്കണം.
- ഡോ. എസ്.കെ. സുരേഷ് കുമാർ (കൺസൽട്ടൻറ് ഫിസിഷ്യൻ ആൻഡ് ഡയബറ്റോളജിസ്റ്റ്, ഇഖ്റ ഹോസ്പിറ്റൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.