കഴുത്തിലെ മുഴകള്‍ നിസ്സാരമാക്കേണ്ട
text_fieldsശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്ന വിവിധ ഹോര്‍മോണ്‍ ഗ്രന്ഥികളില്‍ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥിയെ ബാധിക്കുന്ന ഏതുതരം രോഗാവസ്ഥയും ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകാറുണ്ട്, ഇതില്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതാണ് തൈറോയ്ഡ് അർബുദം.
സ്ത്രീകളിലാണ് തൈറോയ്ഡ് അർബുദം കൂടുതല്‍ കണ്ടുവരുന്നത്. കേരളത്തിലെ സാഹചര്യത്തില്‍ സ്ത്രീകളെ പ്രധാനമായും ബാധിക്കുന്ന അർബുദ വിഭാഗങ്ങളില്‍ നാലാം സ്ഥാനത്താണ് തൈറോയ്ഡ് അർബുദം. സാധാരണ 20നും 50നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍, തൈറോയ്ഡ് അർബുദ വിഭാഗങ്ങളില്‍ ഏറ്റവും ഗുരുതരമായ അനാപ്ലാസ്റ്റിക് തൈറോയ്ഡ് അർബുദം കണ്ടുവരുന്നത് 60 വയസ്സിന് മുകളിലുള്ളവരിലാണ്. ആദ്യഘട്ടത്തില്‍ കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ കുറഞ്ഞ കാലയളവില്‍തന്നെ മരണം സംഭവിക്കാവുന്ന അർബുദ വിഭാഗംകൂടിയാണിത്.
കഴുത്തില്‍ കണ്ടുവരുന്ന മുഴകള്‍ പരിശോധിക്കുന്ന ഘട്ടത്തിലാണ് തൈറോയ്ഡ് അർബുദം കണ്ടെത്തുന്നത്. എന്നാല്‍, ഇത്തരത്തില്‍ കണ്ടുവരുന്ന മുഴകളെല്ലാം അർബുദം ആവണമെന്നില്ല. എങ്കിലും തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്ത് അസ്വാഭാവികമായ തരത്തില്‍ തടിപ്പ്, മുഴകള്‍ തുടങ്ങിയ മാറ്റങ്ങള്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ ഉടന്‍തന്നെ പരിശോധന നടത്തേണ്ടതുണ്ട്.
ലക്ഷണങ്ങള്‍
ശബ്ദപേടകത്തിന്റെ തൊട്ടുതാഴെയായാണ് തൈറോയ്ഡ് ഗ്രന്ഥി കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ശബ്ദത്തിലെ വ്യത്യാസം, തൊണ്ടയുടെ മുന്‍ഭാഗത്ത് കാണുന്ന തടിപ്പ്, തൈറോയ്ഡിന്റെ പെട്ടെന്നുള്ള വളര്‍ച്ച, അസാധാരണമായ ചുമ, ശ്വസന പ്രക്രിയയിലെ തടസ്സം, ഭക്ഷണം ഇറക്കുന്നതിനുള്ള പ്രയാസം തുടങ്ങിയവ അനുഭവപ്പെട്ടേക്കാം. എന്നാല്‍, എല്ലാ രോഗികളിലും ഈ ലക്ഷണങ്ങള്‍ ഒരുപോലെ അനുഭവപ്പെടണമെന്നില്ല. കഴുത്തിന്റെ മുന്‍വശത്താണ് സാധാരണ അസ്വാഭാവികമായ രീതിയില്‍ മുഴകള്‍ കണ്ടുവരുന്നത്. എന്നാല്‍, ലിംഫ് നോഡ് ഭാഗങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ കഴുത്തിന്റെ വശങ്ങളിലും മുഴകള്‍ രൂപപ്പെടാം.
രോഗനിര്‍ണയം പ്രധാനം
അള്‍ട്രാ സൗണ്ട് സ്കാന്‍ വഴി രോഗനിര്‍ണയം നടത്തുകയെന്നതാണ് ഏറ്റവും പ്രധാനം. മറ്റേത് പരിശോധന രീതിയേക്കാളും കാര്യക്ഷമമായി രോഗനിര്‍ണയം നടത്താന്‍ അള്‍ട്രാ സൗണ്ട് സ്കാനിങ് പ്രയോജനം ചെയ്യും. സ്കാനിങ് പ്രകാരം മുഴയുടെ സ്വഭാവം, കൃത്യമായ വലുപ്പം തുടങ്ങിയവ വിലയിരുത്താന്‍ സാധിക്കും. ഈ മുഴകള്‍ അർബുദ സാധ്യതയുള്ളതോ അർബുദം ബാധിച്ചതോ ആണെങ്കില്‍ (അനാപ്ലാസ്റ്റിക് തൈറോയ്ഡ് അർബുദം ഒഴികെ) ഉടന്‍ തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ് വേണ്ടത്. ശസ്ത്രക്രിയയാണ് ആദ്യഘട്ട ചികിത്സ. ചില വിഭാഗം ആളുകളില്‍ ഇതിനു ശേഷം റേഡിയോ ആക്ടിവ് അയഡിന്‍ ചികിത്സകൂടി നല്കുന്നു. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് തൈറോയ്ഡ് കാൻസർ ബാധിച്ചിട്ടുണ്ടെങ്കിൽ ഇവ നീക്കം ചെയ്യാന്‍ ഇതുവഴി സാധിക്കും.
നിലവില്‍ അർബുദ സാധ്യതയില്ലാത്ത മുഴകള്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുകയും അവയുടെ മാറ്റം നിരീക്ഷിക്കുകയും വേണം. മുഴകള്‍ വളരുകയോ അർബുദ സാധ്യതാ സ്വഭാവം പ്രകടമാക്കുകയോ ചെയ്താല്‍ ഇവ നീക്കേണ്ടതും അനിവാര്യമാണ്.പാപ്പില്ലറി തൈറോയ്ഡ് അർബുദം, ഫോളിക്യൂലര് തൈറോയ്ഡ് അർബുദം വിഭാഗങ്ങളാണ് കൂടുതല്‍ രോഗികളിലും കണ്ടുവരുന്നത്. കൃത്യമായ ചികിത്സകൊണ്ട് ഇത് പൂര്‍ണമായും ഭേദപ്പെടുത്താന്‍ സാധിക്കുമെന്നത് ആശ്വാസകരമാണ്. എന്നാല്‍, പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയേണ്ടതും കൃത്യമായ പരിചരണം നല്‍കേണ്ടതും പ്രധാനമാണ്.
പല മുഴകളും ആദ്യഘട്ട പരിശോധനയില്‍ അർബുദ സാധ്യതയില്ലെന്ന നിഗമനത്തിലെത്തുന്നതിനാല് പിന്നീട് ഒരുവിധ നിരീക്ഷണവും നടത്താതിരിക്കുന്ന രീതി പലരും പിന്തുടരുന്നുണ്ട്. ക്രമേണ മുഴയുടെ അപകടസ്വഭാവം വര്‍ധിച്ചുവരുന്നത് തിരിച്ചറിയാതെ പോവുകയും രോഗാവസ്ഥ ഗുരുതരമാവുകയും ചെയ്യും. അതിനാല്‍ മുഴകളുണ്ടെങ്കില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധനക്ക് വിധേയമാകുന്നത് ഗുണം ചെയ്യും. അനാപ്ലാസ്റ്റിക് തൈറോയ്ഡ് അർബുദം മാത്രമാണ് വലിയ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നത്. തൈറോയ്ഡ് ഗ്രന്ധിയുടെ വശങ്ങളിലും കഴുത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് ബാധിക്കുന്നതിനാൽ ശാസ്ത്രക്രിയ വഴി അനാപ്ലാസ്റ്റിക് തൈറോയ്ഡ് ക്യാന്‍സര്‍ ഭേദപ്പെടുത്തുകയെന്നത് പ്രയാസകരമാണ്. എന്നാൽ രോഗാവസ്ഥയുടെ ആദ്യഘട്ടത്തിൽ തന്നെ ചികിത്സ ഉറപ്പാക്കിയാൽ രോഗം ഭേദമാക്കാൻ സാധിക്കും. ചികിത്സ കൊണ്ട് പൂര്‍ണമായും മാറ്റിയെടുക്കാവുന്ന വിഭാഗങ്ങൾ ചികിത്സിക്കാതെ അവഗണിക്കുകയാണെങ്കില്‍ അനാപ്ലാസ്റ്റിക് ക്യാന്‍സര്‍ ആയി രൂപപ്പെടാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.