Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രമേഹ രോഗികൾ വാഹനമോടിക്കുമ്പോൾ...
cancel

തിരക്കുപിടിച്ച ജീവിതത്തിൽ ഏറെയാളുകൾ ഇപ്പോൾ സ്വന്തമായി വാഹനം ഒാടിക്കുന്നവരാണ്. ഇൗ കോവിഡ് കാലത്ത്, ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

വാഹനമോടിക്കുന്നവരിൽ നല്ലൊരു ശതമാനം പ്രമേഹരോഗികൾ ആണെന്നത് ഒരു വസ്തുതയാണ്. വ്യായാമക്കുറവ്, വിശ്രമവും ഉറക്കവും ഇല്ലാതെ നീണ്ട യാത്രകൾ, അനാരോഗ്യകരമായ ആഹാരരീതികൾ, മാനസിക പിരിമുറുക്കം തുടങ്ങിയവയെല്ലാംതന്നെ പ്രമേഹരോഗ കാരണങ്ങളാണ്. പ്രമേഹവും രോഗചികിത്സക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും വാഹനമോടിക്കാനുള്ള നമ്മുടെ കഴിവിനെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്.

പ്രമേഹം കണ്ണിനെ ബാധിക്കും

ശരിയായ ചികിത്സ നൽകി നിയന്ത്രണത്തിലാക്കാതെ തുടരുന്ന പ്രമേഹം കാഴ്ചയെ ബാധിക്കാൻ സാധ്യത കൂടുതലാണ്. കാഴ്ചക്ക് മങ്ങലുണ്ടാകും. കൂടാതെ, കണ്ണിലെ ചെറിയ രക്തക്കുഴലുകളിൽ തടസ്സങ്ങളും രക്തസ്രാവവും ഉണ്ടാക്കുന്ന 'ഡയബറ്റിക് റെറ്റിനോപ്പതി' എന്ന രോഗവും ഉണ്ടാകും. റെറ്റിനോപ്പതി നന്നായി ചികിത്സിച്ചില്ലെങ്കിൽ ചിലപ്പോൾ അന്ധതക്കുപോലും കാരണമാകും. റെറ്റിനോപ്പതിക്ക് അവലംബിക്കുന്ന ലേസർ ചികിൽസ, ഉള്ള കാഴ്ച നിലനിർത്തുമെങ്കിലും കാഴ്ചയുടെ വ്യാപ്തി കുറക്കം. അതായത് വശങ്ങളിലേക്കുള്ള കാഴ്ച കുറയും. ഇത് ചിലപ്പോൾ വാഹനമോടിക്കുന്നവരിൽ പ്രയാസങ്ങൾ സൃഷ്​ടിക്കാം.

ഹൈപ്പോഗ്ലൈസീമിയ

വാഹനമോടിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഹൈപ്പോഗ്ലൈസീമിയ അഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞുപോകുന്ന അവസ്ഥ. ഇൻസുലിൻ എടുക്കുന്നവരിലും ചിലതരം മരുന്നുകൾ കഴിക്കുന്നവരിലും ഹൈപ്പോഗ്ലൈസീമിയ വരാനുള്ള സാധ്യത കൂടുതലാണ്. ക്ഷീണം, കാഴ്ച മങ്ങൽ, വിയർപ്പ്, വിറയൽ, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക. രോഗിക്ക് ക്രമേണ ബോധക്ഷയം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. സൂചനകൾ അവഗണിച്ച് മുന്നോട്ടുപോയാൽ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാനോ ചിലപ്പോൾ ബ്രേക്ക് ചവിട്ടാനോ മറ്റൊരു വാഹനത്തെ മറികടക്കാനോ യഥാസമയം സാധിക്കാതെ വന്നേക്കാം.

സ്പർശനശക്തിയും ചൂടും

പ്രമേഹം കാലുകളുടെ ഞരമ്പുകളെ ബാധിക്കുന്നതിനാൽ സ്പർശന ശക്തി കുറയുകയും ഇത് ആക്സിലേറ്റർ, ബ്രേക്ക് എന്നിവ ഉപയോഗിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യാം. കൂടാതെ ചൂടറിയാനുള്ള കഴിവ് കുറയുന്നതിനാൽ ഉഷ്ണരാജ്യങ്ങളിൽ വാഹനമോടിക്കുന്നവർക്ക് എൻജിെൻറ ചൂടുകാരണം കാലിൽ പൊള്ളലേൽക്കാനും സാധ്യതയുണ്ട്.

ഷുഗർ ലെവൽ അറിയുക, നിയന്ത്രിക്കുക

പ്രമേഹമുള്ളവർ ഡ്രൈവ് ചെയ്യും മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. 80ൽ താഴെയാണെങ്കിൽ എന്തെങ്കിലും സ്നാക്സ് കഴിച്ച് 15 മിനിറ്റ് കഴിഞ്ഞു മാത്രമേ യാത്ര ആരംഭിക്കാവൂ. ഫ്രൂട്ട് ജ്യൂസുകളോ സ്നാക്സോ ചോക്ലറ്റുകളോ ഗ്ലൂക്കോസ് ഗുളികകളോ വണ്ടിയിൽ കരുതണം. യഥാസമയം ആഹാരം കഴിക്കാതിരുന്നാലും രക്തത്തിൽ പഞ്ചസാരയുടെ അളവിൽ കുറവുണ്ടാകും. പ്രമേഹരോഗം ബാധിച്ചവർ മദ്യം കഴിക്കുകകൂടി ചെയ്താൽ ഹൈപ്പൊഗ്ലൈസീമിയ സാധ്യത കൂടും.

ദീർഘനാളായി പ്രമേഹം ബാധിച്ചവർക്ക് ഷുഗർ കുറയുന്നത് അറിയാതിരിക്കുന്ന അവസ്ഥ (Hypoglycemia unawareness) ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരക്കാരിൽ രക്തത്തിൽ പഞ്ചസാര വളരെ കുറഞ്ഞാലും അതിെൻറ ലക്ഷണങ്ങൾ ചിലപ്പോൾ പ്രകടമാകാതിരിക്കാം. ഷുഗർ പെട്ടെന്ന് കുറഞ്ഞാൽ വാഹനം അരികു ചേർത്തുനിർത്തി എൻജിൻ ഓഫാക്കി താക്കോൽ ഊരിയെടുക്കുക. ഇതാണ് സുരക്ഷാ മാർഗം. ഭക്ഷണം/മധുരം കഴിച്ച് 45 മിനിറ്റിനുശേഷം മാത്രമേ യാത്ര തുടരാവൂ.

ലൈസൻസിനുവേണ്ടി ആരോഗ്യ പരിശോധനകൾ നടത്തുമ്പോൾ ഒരിക്കലും കള്ളം പറയാനോ കബളിപ്പിക്കാനോ ശ്രമിക്കരുത്. തെറ്റായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയുമരുത്. അതെല്ലാം സ്വയം അപകടം വരുത്തിവെക്കലാണ്.

പ്രമേഹമുള്ളവർ ശാസ്ത്രീയമായ ചികിത്സയിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഷുഗർ ലെവൽ നിയന്ത്രിച്ചുനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം. വാഹനമോടിക്കാൻ തുടങ്ങുംമുമ്പ് രക്തപരിശോധന നടത്തി ഷുഗർ ലെവൽ അറിഞ്ഞിരിക്കണം. എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടാൽ സ്ഥിതി മെച്ചപ്പെടുംവരെ വാഹനമോടിക്കുന്നത് തുടരാതിരിക്കുന്നതാണ് ഉചിതം, സുരക്ഷിതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diabetes
News Summary - driving issues for diabetes patients
Next Story