Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകരുതിയിരിക്കാം നോറോ...

കരുതിയിരിക്കാം നോറോ വൈറസിനെ

text_fields
bookmark_border
Norovirus
cancel

തിരുവനന്തപുരത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചത് മുതൽ ആശങ്കയിലാണ് കേരളം. രോഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതിഗതികളെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയത്. എങ്കിലും രോഗത്തെക്കുറിച്ച് കരുതിയിരിക്കേണ്ടതും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും വേഗത്തില്‍ ഭേദമാകുന്ന രോഗമാണ് നോറോ വൈറസ്.


എന്താണ് നോറോ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. സാധാരണയായി ശൈത്യകാലങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടെന്ന് രോഗം പകരുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


രോഗ ലക്ഷണങ്ങള്‍

നോറോവൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 12 മുതൽ 48 മണിക്കൂറിനുള്ളിൽ തന്നെ ഇതിന്‍റെ അണുബാധകൾ പ്രകടമായി തുടങ്ങും. വയറിളക്കം, വയറുവേദന, ഛര്‍ദി, മനം പുരട്ടല്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. ഇത് ജീവന് വരെ ഭീഷണിയാകാറുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവർ, ചെറിയ കുട്ടികൾ, പ്രായമായവർ, അവയവ സ്വീകർത്താക്കൾ എന്നിവരിൽ നിർജ്ജലീകരണം നടക്കാനുള്ള സാധ്യത കൂടുതലാണ്.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

രോഗ ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. മിക്കവാറും പേരില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറും. പക്ഷേ, രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ മൂന്നുദിവസം വരെ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഇതിന് ശേഷവും രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പരിസരശുചിത്വവും വ്യക്തിശുചിത്വവും ഏറെ പ്രധാനമാണ്
  • ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക
  • മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം
  • കുടിവെള്ള സ്രോതസ്സുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക
  • ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക
  • കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക
  • ഇവ കൈകാര്യം ചെയ്തതിന് ശേഷം സോപ്പുപയോഗിച്ച് കൈയും പാത്രവും കഴുകുക
  • പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക
  • ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവുമാണ് നോറോ വൈറസ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norovirus
News Summary - Everything You Need to Know About Norovirus
Next Story